ADVERTISEMENT

‘ആദ്യമായി അടുത്തറിഞ്ഞ സ്പോർട്സ് കാർ ടൊയോട്ട സെറയായിരുന്നു. അത് നാട്ടിലെത്തിയ നാളുകളിൽ ഉറക്കം പോലുമില്ലാതെ, എത്രയോ ദിവസങ്ങൾ ആ വാഹനത്തിനൊപ്പമായിരുന്നു. എന്നെ അത്രയധികം എക്‌സൈറ്റ് ചെയ്യിച്ച കാറുകൾ വേറെയില്ല. വാഹനങ്ങളായിരുന്നു എന്റെ പാഷൻ. ബാല്യത്തിൽ തുടങ്ങി ഇപ്പോഴും എന്നിൽ ആവേശം ജനിപ്പിക്കുന്ന, ഉത്തേജിപ്പിക്കുന്ന പാഷൻ. എങ്ങനെയാണ് വാഹനങ്ങളോട് ഇത്ര സ്നേഹം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല’ – പറയുന്നത് വേറെയാരുമല്ല, ജോസ് ആലുക്കാസിന്റെ മാനേജിങ് ഡയറക്ടർ ജോൺ ആലുക്ക. വാഹനങ്ങളെ അതിയായി സ്നേഹിക്കുന്ന, ജോൺ തന്റെ വാഹനപ്രേമത്തെക്കുറിച്ചും താൻ സ്വന്തമാക്കിയ വാഹനങ്ങളെക്കുറിച്ചും മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

John Alukkas
John Alukkas

കാറുകൾ കഴുകിയായിരുന്നു തുടക്കം

കാറുകൾ ഡ്രൈവ് ചെയ്യുക എന്നതായിരുന്നില്ല കാറുകൾ കഴുകുക എന്നതായിരുന്നു ആദ്യപാഠം. ഡ്രൈവർമാർ കാർ ഓടിക്കാൻ തരുമായിരുന്നില്ല. കാർ കഴുകിക്കഴിയുമ്പോൾ, വാഹനം എങ്ങനെയാണ് ഓടിക്കേണ്ടത് എന്നതിന്റെ ബാലപാഠങ്ങൾ അവർ പറഞ്ഞു തരുമായിരുന്നു. അവിടെനിന്നാണ് തുടക്കം. വീടും മുറികളും വൃത്തിയായി സൂക്ഷിക്കുന്നതു പോലെതന്നെ വാഹനങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന പക്ഷക്കാരനാണ് ഞാൻ. വാഹനങ്ങൾ ഓടിക്കാൻ പഠിച്ചപ്പോൾ അതേറെ ഹരം പകരുന്ന ഒന്നായി.

john-alukkas-7

സ്റ്റിയറിങ് പിടിക്കുന്നത് ഹൈസ്കൂൾ ക്ലാസിൽവച്ച്
 
സ്കൂട്ടറിലായിരുന്നു തുടക്കം. നാലു തവണ സ്കൂട്ടറിൽനിന്നു വീണെങ്കിലും ഡ്രൈവിങ് പഠിക്കാനുള്ള അതിയായ മോഹത്തെ അതൊന്നും തളർത്തിയില്ല. കാർ ഓടിക്കാനുള്ള ആദ്യ ശ്രമം എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാണ്. അക്കാലത്തൊന്നും കാറുകൾ ഓടിക്കാൻ കിട്ടുകയില്ല, ഡ്രൈവർമാരോട് ഒരുപാട് പ്രാവശ്യം ചോദിച്ചാലാണ് ഒന്നു സ്റ്റിയറിങ് പിടിക്കാൻ കിട്ടുക. കൂടാതെ, എന്റെ നിരന്തര ചോദ്യം കേട്ട് അവർ ഇടയ്ക്ക് ഗിയർ ഇങ്ങനെയാണ് ഇടുന്നതെന്നും ക്ലച്ചും ആക്സിലേറ്ററും എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നതെന്നുമെല്ലാം കാണിച്ചു തരും, പക്ഷേ ഓടിക്കാൻ മാത്രം തരില്ല. വാഹനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. വേഗം അന്നുമിന്നും എന്നെ ഹരം പിടിപ്പിച്ചിട്ടില്ല.

john-alukkas-2

ആദ്യ കാർ

പ്രീമിയർ പദ്മിനി ആയിരുന്നു ആദ്യമായി ഓടിച്ചു പഠിച്ച കാർ. അക്കാലത്ത് കാറുകളൊക്കെ കുറവാണ്. പ്രീമിയർ പദ്മിനി വീട്ടിൽ എത്തിയത് എനിക്കൊരു ആഘോഷം തന്നെയായിരുന്നു. ഓടിക്കാൻ പഠിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്കൂട്ടറുകാരൻ വന്ന് കാറിൽ തട്ടി. അതോടെ കാർ ഓടിക്കലിന് കുറച്ചു കാലത്തേക്ക് വിരാമമായി. വീണ്ടും കാർ കഴുകലും തുടയ്ക്കലും തന്നെ ശരണം.

john-alukkas-6

എന്റെ ആദ്യ കാർ മാരുതി എസ്റ്റീം

എനിക്ക് എന്നുപറഞ്ഞ് ആദ്യം ലഭിക്കുന്നത് ഒരു മാരുതി എസ്റ്റീമായിരുന്നു. ആ കാർ ആദ്യമായി കയ്യിൽ കിട്ടിയപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. അതില്‍ ഒരുപാട് മോഡിഫിക്കേഷനുകളൊക്കെ നടത്തിയിട്ടുണ്ട്. പോപ്പുലർ റാലിയിൽ പങ്കെടുത്തു. അങ്ങനെ ഒരു പാട് കഥകൾ പറയാനുണ്ടായിരുന്ന കാറായിരുന്നു അത്. പോപ്പുലർ റാലിയിൽ തന്നെയുണ്ടായൊരു അപകടത്തിൽ അത് ടോട്ടൽ ലോസായിപ്പോയി.

john-alukkas

ടൊയോട്ട സെറ

സ്പോർട്സ് കാറുകളോട് അക്കാലം മുതൽക്കേ വലിയ താല്‍പര്യമായിരുന്നു. പാഷൻ എന്നു തന്നെ പറയാം. പിതാവും സഹോദരന്മാരും ദുബായിൽനിന്നൊരു ടൊയോട്ട സെറ കൊണ്ടു വന്നു. അതായിരുന്നു ജീവിതത്തിലെ ആദ്യ സ്പോർട്സ് കാർ. അക്കാലത്ത് അതൊരു സംഭവം തന്നെയായിരുന്നു. ആ വാഹനം വീട്ടിൽ കൊണ്ടുവന്നിട്ട് അഞ്ചാറു ദിവസം ഉറങ്ങിയിട്ടുതന്നെയില്ല. പിന്നെ ഹോണ്ട സിആർ–എക്സ് എന്ന സ്പോർട്സ് കാർ കൊണ്ടു വന്നു. അക്കാലത്ത് സ്പോർട്സ് കാറുകളൊക്കെ കുറവാണ്, പ്രത്യേകിച്ചും ഇറക്കുമതി ചെയ്ത് കാർ റോഡിൽ ഇറക്കുമ്പോൾ ആളു കൂടും. പിന്നീട് നിരവധി കാറുകൾ പുറത്തുനിന്ന് കൊണ്ടു വന്നിട്ടുണ്ട്.

john-alukkas-3

പ്രിയ പ്രാഡോ

ഏറ്റവും അടുപ്പം തോന്നിയ കാർ ഒരു ടൊയോട്ട പ്രാഡോയായിരുന്നു. ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്ത കാർ 12 വർഷത്തോളം ഉപയോഗിച്ചു. ഏകദേശം മൂന്നര ലക്ഷം കിലോമീറ്റർ അത് ഓടിയിട്ടുണ്ട്. ഇന്ത്യയിൽ മുഴുവൻ ആ വാഹനത്തിൽ കറങ്ങിയിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിനു പുറത്തേക്കു പോകുമ്പോൾ അതിൽത്തന്നെയായിരുന്നു ചിലപ്പോഴൊക്കെ രാത്രി ഉറങ്ങിയിരുന്നതുവരെ. ഏറ്റവും പ്രിയപ്പെട്ട കാർ ഏതെന്നു ചോദിച്ചാൽ ആ പ്രാഡോയാണെന്ന് പറയാം. അപകടങ്ങളിൽനിന്നു പോലും ആ വാഹനം എന്റെ ജീവൻ രക്ഷിച്ചിട്ടുണ്ട്.

john-alukkas-11

രണ്ടാമത്തെ ലംബോർഗിനി

ആദ്യമായി സ്വന്തമാക്കിയ ലംബോർഗിനി ഒരു ഗലാർഡോയായിരുന്നു അതിന് ശേഷമാണ് ഇപ്പോഴുള്ള ഹുറാകാൻ വാങ്ങുന്നത്. എല്ലാ വാഹന പ്രേമികളുടെയും ഇഷ്ട ബ്രാൻഡാണ് ലംബോർഗിനി. ആദ്യ ലംബോർഗിനി സ്വന്തമാക്കിയപ്പോൾ വളരെ സന്തോഷമായിരുന്നു. ‘ലംബോർഗിനി ഇന്ത്യ’യിൽനിന്ന് ലഭിച്ച പിന്തുണയാണ് വീണ്ടും മറ്റൊരു ലംബോർഗിനി സ്വന്തമാക്കാൻ പ്രേരിപ്പിച്ചത്. ഇപ്പോൾ ഉപയോഗിക്കുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാറാണ് ഈ ഹുറാകാൻ. ഇത് ഓടിക്കുമ്പോൾ ലഭിക്കുന്നൊരു ഫീൽ വേറെതന്നെയാണ്. വേഗത്തിലല്ല, വാഹനത്തെ അറിഞ്ഞ് ഓടിക്കുന്നതിലാണ് കാര്യം. ലംബോർഗിനിയുടെ ഇവന്റുകൾക്കെല്ലാം പോകാറുണ്ട്. കഴിഞ്ഞ പ്രാവശ്യം രാജസ്ഥാനിലായിരുന്നു. ലംബോർഗിനി ഉടമകളെല്ലാം ഒത്തു ചേരുന്ന ആ കൂട്ടായ്മ വളരെ രസകരമാണ്.

john-alukkas-12

ദിനവും ഡ്രൈവ് ചെയ്യുന്ന സ്പോർട്സ് കാർ പോർഷെ 911

പല കാരണങ്ങൾ കൊണ്ടും ലംബോർഗിനി എന്നും ഉപയോഗിക്കാൻ പറ്റില്ല. പോർഷെ 911 ആണ് ദിവസവും ഉപയോഗിക്കുന്ന സ്പോർട്സ് കാർ. ലംബോർഗിനി മോശമായിട്ടല്ല, പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടും ആളുകളെ ആകർഷിക്കുന്നതുമെല്ലാമാണ് കാരണം.

john-alukkas-8

ഓഫ്റോഡിനോട് ഇഷ്ടം, മഹീന്ദ്ര ഥാര്‍

ഓഫ് റോഡ് യാത്രകളോട് ഇഷ്ടമാണ്. അതിനായൊരു മഹീന്ദ്ര ഥാറുണ്ട്. ഇടയ്ക്കൊക്കെ അത്തരം യാത്രകൾക്കു പോകാറുമുണ്ട്.

john-alukkas-10

സുസുക്കി സമുറായ് ആദ്യ ബൈക്ക്

ആദ്യമായി വാങ്ങിയ ബൈക്ക് സുസുക്കി സമുറായ് ആണ്. അതിൽ അന്ന് ഊട്ടിക്കു പോയത് ഇന്നും ഓർക്കുന്നു. തൃശൂരിൽനിന്ന് 4 ദിവസം കൊണ്ട് ഇടയ്ക്കിടയ്ക്ക് വഴിയരികിൽ വിശ്രമിച്ച്, കാഴ്ചകളൊക്കെ കണ്ടാണ് ഊട്ടി വരെ എത്തിയത്. സ്പോർട്സ് ബൈക്കുകളോട് പ്രിയമാണ്. ഇപ്പോൾ രണ്ടു ബൈക്കുകളുണ്ട് ഗാരിജിൽ.

john-alukkas-9

എല്ലാം വാഹനമയം

ആദ്യ ലോക്‌ഡൗൺ കാലത്താണ് വാഹനങ്ങൾക്കു ഗാരിജ് നിർമിക്കുന്നത്. വാഹനങ്ങളെ അടിസ്ഥാനമാക്കിയുള്ള തീമാണ്. ഗാരിജിനു മുന്നിലെ കോഫി ഷോപ്പിൽ ജീപ്പിന്റെ മുൻഭാഗമുണ്ട്, ലോറിയുടെ വീൽഹബ്ബാണ് വാഷ് ബെയ്സിനായി ഉപയോഗിച്ചിരിക്കുന്നത്. ഗാരിജിന് പിന്നിലായി ഒരു മിനി തിയറ്ററും ഒരുക്കിയിട്ടുണ്ട്. അതിൽ മാരുതി 800 ബോണറ്റും ജിപ്സിയുടെ ഗ്രില്ലുമെല്ലാമുണ്ട്, ലോറിയുടെ പിസ്റ്റൺ ഷാഫ്റ്റുകൊണ്ടാണ് ടേബിൾ നിർമിച്ചിരിക്കുന്നത്.

English Summary: John Alukkas Vehicle World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com