ഫ്രഷാണ്, ക്ലീനാണ്, സിഎൻജി; ലാഭകരം എന്നതിലുപരി പരിസ്ഥിതിസൗഹൃദം

cng-auto-bus
SHARE

ഫോസിൽ ഫ്യൂവൽ ഉപഭോഗം ഈ ദശകത്തിൽ നിലവിലുള്ളതിന്റെ 6 ശതമാനമെങ്കിലും കുറയ്ക്കണം എന്നാണ് പാരിസ് ഉടമ്പടിയിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാൽചുവട്ടിൽ എത്തിയിരിക്കുന്നു എന്ന് കേരളത്തിലിരുന്നാൽ നമുക്കറിയാം. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുന്നതിനു കാലതാമസമുണ്ട്. ഈ അവസ്ഥയിൽ ബദൽ ഏതെന്ന ചോദ്യത്തിന് സിഎൻജി എന്നാണ് ഉത്തരം. 

ഡീസൽ വാഹനങ്ങളെക്കാൾ 50 % മലിനീകരണം കുറവാണു സിഎൻജിക്ക്. ദുർഗന്ധവുമില്ല, നിറവുമില്ല. 

എന്താണു സിഎൻജി

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് എന്നാണ് സിഎൻജിയുടെ മുഴുരൂപം. പേരുപോലെതന്നെ പ്രകൃതിവാതകമാണ് സിഎൻജി. ചാണകത്തിൽനിന്നൊക്കെ ലഭിക്കുന്ന മീഥേൻ തന്നെയാണ് സിഎൻജിയുടെ 80– 90 % വാതകം അതിന്റെ അളവിന്റെ ഒരു ശതമാനത്തിലേക്ക് കംപ്രസ് ചെയ്താണു സിഎൻജി ഇന്ധനമാക്കുന്നത്. 

സുരക്ഷിതം

cng-1

വായുവിനെക്കാൾ സാന്ദ്രത കുറവായതിനാൽ സിലിണ്ടറിൽ ലീക്ക് ഉണ്ടായാലും കത്തിപ്പിടിക്കാൻ സമയം കിട്ടുന്നതിനു മുൻപുതന്നെ അന്തരീക്ഷത്തിനു മുകളിലേക്കു പോകും സിഎൻജി. 

ലാഭകരം

ഏതാണ്ട് ഒന്നര ലീറ്റർ പെട്രോളിന്റെ ദൂരം ഒരു കിലോ സിഎൻജി കൊണ്ട് ഓടും. അറുപതു ശതമാനത്തിനടുത്ത് ഇന്ധനച്ചെലവിൽ ലാഭം നേടാം. കോവിഡാനന്തര കാലത്ത് ഇതൊരു ചെറിയ കാര്യമല്ലെന്നോർക്കുക. നിലവിലുള്ള പെട്രോൾ കാറുകൾ സിഎൻജിയിലേക്കു മാറ്റിയാലും മതി ഈ ലാഭം നേടാൻ. ടാക്സി വാഹനങ്ങൾക്ക് സിഎൻജി എന്തുകൊണ്ടും ലാഭകരമാകുന്നത് ഇങ്ങനെയാണ്. കിറ്റ് കൺവേർഷനു വേണ്ടിവരുന്ന തുക നല്ല ഓട്ടമുള്ള ടാക്സിക്കാർക്ക് ആറു മാസത്തിനകം ലാഭമായി കിട്ടുമെന്നു സുരഭി ഗ്യാസ് ട്രാക്ക് ഉടമ ഡി. അയ്യപ്പൻ പറയുന്നു. പിന്നെയുള്ളതു ബോണസ്. 

പരിസ്ഥിതി സൗഹാർദം

cng-bus

ഫോസിൽ ഫ്യൂവലിനെക്കാളും കാർബൺ മോണോക്സൈഡ് തുടങ്ങിയ വാതകബഹിർഗമനം കുറവാണ്. പൊതുവാഹനങ്ങൾ സിഎൻജിയിലേക്കു മാറുമ്പോൾ പുകമലിനീകരണം കുറയുമെന്നതിനു നമ്മുടെ തലസ്ഥാനനഗരി തന്നെ സാക്ഷ്യം പറയും. 

ലഭ്യത 

ആന്ധ്രയിലെ ഗോദാവരി തടത്തിൽനിന്നു പ്രകൃതിവാതകം ലഭ്യമാകുന്നുണ്ട്. ആഭ്യന്തരമായ ഉൽപാദനമുണ്ടെന്നർഥം. 

അനുഭവം പറയട്ടെ

cng-cars-2

മാസംതോറും 15,000 രൂപയെങ്കിലും പെട്രോൾ ചെലവു വരുമായിരുന്നു. സിഎൻജിയിലേക്കു മാറിയപ്പോൾ വെറും ആറായിരം രൂപയിലേക്കതു മാറി. പ്രമുഖ ഫാർമ കമ്പനിയിലെ മാനേജർ വിമൽ കുമാറിന്റെ അനുഭവം ഇതാണ്. ദീർഘദൂര ഓട്ടങ്ങളിൽ സിഎൻജി നൽകുന്ന ലാഭം വലുതാണ്. സിഎൻജി ഇന്ധനമായി ഉപയോഗിക്കുന്ന മിക്കവരും ഇന്ധനച്ചെലവിലെ ഈ കുറവു ചൂണ്ടിക്കാണിക്കുന്നു. ഒന്നര ലീറ്റർ പെട്രോൾ ഉപയോഗിച്ച് വാഹനം ഓടുന്ന ദൂരം വെറും ഒരു കിലോഗ്രാം സിഎൻജി കൊണ്ടോടും. ഏതാണ്ട് 60 ശതമാനത്തോളം തുക നമുക്കു ലാഭിക്കാം– പറയുന്നത് സുരഭി ഗ്യാസ് ട്രാക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടമ ഡി. അയ്യപ്പൻ. സിഎൻജി ഘടിപ്പിച്ചു നിരത്തിലിറക്കിയ വാഹനങ്ങളൊന്നും ഒരു തകരാറും കാണിച്ച് തിരികെ വന്നിട്ടില്ല– അതിനർഥം അവർ ഹാപ്പിയാണെന്നാണ്. 

English Summary: Know More About CNG Fuel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA