ADVERTISEMENT

ചില തിരുപ്പിറവികൾ അങ്ങനെയാണ്... കാലത്തിനു മുൻപേ അതു സംഭവിക്കും. അനുഭവിക്കേണ്ട ജനതയ്ക്ക് അതു മനസ്സിലാക്കാനുള്ള പക്വതയില്ലെങ്കിൽ വന്ന വേഗത്തിൽ തന്നെ അവ സ്വർഗത്തിലേക്കു തിരികെ പോകും. അങ്ങനെയൊരു തിരുപ്പിറവിയായിരുന്നു ടാറ്റ നാനോ. ‘ഒരു ലക്ഷം രൂപയ്ക്കൊരു കാർ’ എന്നതായിരുന്നു നാനോ വാർത്തകളിൽ നിറയാൻ കാരണമായ വാചകം. അതു തന്നെയാണ് അതിനു ‘പാര’ ആയതും. ഇറങ്ങിയപ്പോൾ ടോപ്പ് വേരിയന്റിന് ഒന്നര ലക്ഷത്തിനു തൊട്ടു മുകളിൽ വില വന്നു. പല കാരണങ്ങൾകൊണ്ട് അതു 2 ലക്ഷത്തിനു തൊട്ടടുത്തെത്താനും അധികകാലം വേണ്ടി വന്നില്ല.

wuling-nano-ev-9

രത്തൻ ടാറ്റ എന്ന ദീർഘദർശിയായ വ്യവസായി കണ്ട സ്വപ്നം ‘ഇരുചക്ര വാഹനങ്ങളിൽ വെയിലും മഴയുമേറ്റ് കുറഞ്ഞ സുരക്ഷയിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബത്തിനു (അച്ഛൻ, അമ്മ, രണ്ടു കുട്ടികൾ) താങ്ങാനാകുന്ന കാർ‌’ എന്നതാണെങ്കിലും അത് അങ്ങനെ തന്നെ മാർക്കറ്റിങ്ങിനായി ഉപയോഗിച്ചപ്പോൾ ‘പാവപ്പെട്ടവന്റെ നാലുചക്ര വാഹനം’ എന്ന നിലയിലേക്കു പ്രതിഛായയ്ക്കു രൂപമാറ്റം സംഭവിച്ചു. ‘സാധാരണക്കാരന്റെ കാർ’ എന്ന മാരുതി 800ന്റെ പ്രതിഛായ ‘പാവപ്പെട്ടവന്റെ നാലുചക്ര വാഹന’ത്തിനു കിട്ടിയില്ല. ഫലം ഒരുപാട് കഷ്ടപ്പെട്ട് കുറച്ചുകാലം പിടിച്ചു നിന്ന് നാനോ ഇഹലോകവാസം വെടിഞ്ഞു.

wuling-nano-ev-10

2 സിലിണ്ടർ പെട്രോൾ എൻജിനും അതുണ്ടാക്കിയ ശബ്ദ കോലാഹലവും ആദ്യത്തെ മോഡലിന് നേരേ ചൊവ്വേ ഒരു ബുട്ട് ഇല്ലാതെ പോയതും പെട്രോൾ ടാങ്ക് ബോണറ്റിനുള്ളിൽ ആയതും ഒക്കെ ആ തിരികെപ്പോക്കിന് ആക്കം കൂട്ടി. ആകെയുണ്ടായ ഒരു മുഖം മിനുക്കലിൽ എഎംടി ഗീയർബോക്സ്, പവർ സ്റ്റീയറിങ് എന്നിവയൊക്കെ വാഹനത്തിൽ ഇണക്കിച്ചേർത്തിട്ടും തുടക്കത്തിലുണ്ടായ പ്രതിഛായ നഷ്ടം നികത്താൻ അതുകൊണ്ടൊന്നും കഴിഞ്ഞില്ല.

wuling-nano-ev-11

എന്നാൽ, വാഹനങ്ങൾ വർധിച്ചു വരുന്ന രാജ്യത്തിനായി അവതരിപ്പിക്കപ്പെട്ട ‘സ്മാർട് അർബൻ മൊബിലിറ്റി’ എന്നോ മറ്റോ പറഞ്ഞ് ഇറക്കിവിട്ടിരുന്നു എങ്കിൽ ഇന്നും നാനോ നിലനിന്നേനെ... കാലക്രമേണ ഒരു 3 സിലിണ്ടർ എൻജിനും ഇലക്ട്രിക് പവർട്രെയിനുമൊക്കെ നൽകി ഇന്ത്യയുടെ ചെറുകാർ എന്ന ഉയരത്തിലേക്ക് നാനോയെയും എത്തിക്കാമായിരുന്നു. പോട്ടെ... ഭൂതകാലത്തെ അബദ്ധങ്ങൾ നൂറാവർത്തി ഉരുവിട്ടാലും അതിനു മാറ്റമൊന്നും സംഭവിക്കില്ലല്ലോ. അതുകൊണ്ട് വർത്തമാനകാലത്തെ ചില ‘നാനോ’ വാർത്തകളിലേക്ക് കടക്കാം.

wuling-nano-ev-8

ഷാങ്‌ഹായ് ഓട്ടോമോട്ടിവ് ഇൻഡസ്ട്രി കോർപറേഷൻ ലിമിറ്റഡ് എന്ന സായ്ക് ഇന്ത്യയിലേക്ക് ഒരു ‘നാനോ’ കൊണ്ടുവന്നേക്കും. ഏതെങ്കിലും ഒരു മൈക്രോ കാറിന്റെ എൻട്രിയെ ‘നാനോ’ എന്ന പേരു വിളിച്ചു വരവേറ്റതല്ല. ചൈനയിലെ ഒറിജിനൽ ‘നാനോ’ തന്നെയാണ് ഇന്ത്യയിലേക്ക് എത്തുക, ഇന്ത്യൻ നിരത്തുകൾക്കു യോഗമുണ്ടെങ്കിൽ. ഷാങ്‌ഹായ് ഓട്ടോമോട്ടിവ് ഇൻഡസ്ട്രി കോർപറേഷൻ ലിമിറ്റഡ് എന്നു പറഞ്ഞിട്ടു മനസ്സിലാകാത്തവർക്കായി പറയാം, ഇന്ത്യയിലെ മോറിസ് ഗാര്യേജസ് എന്ന എംജി മോട്ടർ ആയിരിക്കും ഈ പുത്തൻ ‘ഇലക്ട്രിക് നാനോ’ ഇറക്കുക. എംജിയുടെ മാതൃസ്ഥാപനമാണ് സായ്ക്.

wuling-nano-ev-3

ട്വിസ്റ്റ് എന്തെന്നു വച്ചാൽ ഇന്ത്യയിൽ ഇവൻ ‘നാനോ’ എന്ന പേരിലായിരിക്കില്ല ഇറങ്ങുക എന്നതാണ്. നിലവിൽ എംജി ഇ200 എന്നു വിളിക്കുന്ന വാഹനം ചിലപ്പോൾ മറ്റൊരു പേര് സ്വീകരിച്ചെന്നു വരാം. എന്തായാലും 5.50 ലക്ഷം രൂപയ്ക്കു 2 പേർക്ക് ഇരിക്കാവുന്ന മൈക്രോ കാർ വാങ്ങാൻ ഇന്ത്യൻ ജനത പാകപ്പെടുന്ന അന്ന് ലവൻ വരും, ഷുവർ. അതിനുള്ള തയാറെടുപ്പുകൾ കമ്പനി നടത്തുന്നുണ്ടെന്നു വിവിധ ദേശീയ മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

wuling-nano-ev-4

ചൈനയിലെ നാനോ

സായ്കും അമേരിക്കയിലെ ജനറൽ മോട്ടോഴ്സും ചൈനയുടെ തന്നെ വൂളിങ് മോട്ടോഴ്സും ചേർന്ന് ഉണ്ടാക്കിയ സംയുക്ത സംരംഭമായ എസ്ജിഎംഡബ്യു ആണ് എംജി ഇ200ന്റെ നിർമാതാക്കൾ. 3 ഡോർ ഹാച്ച്ബാക്ക് എന്ന വിഭാഗത്തിലാണ് ഈ വാഹനം ഉൾപ്പെടുന്നത്. എന്നാൽ‌, രണ്ടു ഡോറുകളും ഒരു കുഞ്ഞു ഹാച്ചും (പിന്നിലെ ചെറിയ വാതിൽ) ഉള്ള മൈക്രോ കാർ ആണിത്. സായ്ക് ‘ബാഒജിൻ ഇ200’ എന്നും വൂളിങ് മോട്ടോഴ്സ് ‘നാനോ ഇവി’ എന്നും വിളിക്കുന്നു. ജിഎം തൽക്കാലം മറ്റൊരു പേരിട്ട് ഇതു കൊണ്ടുപോയി അവരുടെ ശക്തികേന്ദ്രങ്ങളിൽ വിൽക്കുന്നില്ല.

wuling-nano-ev-2

ഇ100, ഇ300 എന്നീ കാറുകളും ഇവർ പുറത്തിറക്കിയിട്ടുണ്ട്. അവയും ചെറു ഇവികൾ തന്നെ. ഇ100 എന്ന കാറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇ200. ഈ വർഷം മുതലാണ് വൂളിങ് ഈ ‘ഇവി’ കുട്ടിയെ നാനോ എന്നു പേരു ചൊല്ലി വിളിച്ചു വിൽപന തുടങ്ങിയത്. സായ്ക് ഇതു 2018 മുതൽ വിൽക്കുന്നുണ്ട്. നിലവിൽ ചൈനയിലെ ല്യൂഷൊ, ഗ്വാങ്ചി എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ ഇതു നിർമിക്കപ്പെടുന്നു.

wuling-nano-ev-5

ഒരു ഫുൾ ചാർജിൽ 210 മുതൽ 270 കിലോമീറ്റർ വരെ ഓടുന്ന വേരിയന്റുകൾ ഉണ്ട് ഇ200ന്. 24, 29 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി പാക്കുകളായിരിക്കും വിവിധ വേരിയന്റുകളിൽ വരിക. 39 ബിഎച്ച്പി കരുത്തു പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടർ ആണ് ഇതിന്. 110 എൻഎം ആണു കുതിപ്പുശേഷി. കാറിന്റെ വലുപ്പം വച്ച് നോക്കുമ്പോൾ ‘കിടിലൻ നമ്പറുകൾ’ ആണിത്. ആഞ്ഞു പിടിച്ചാൽ ഇതിനെക്കാൾ അൽപം കൂടി വലിയ പെട്രോൾ കാറുകളുടെ ഒപ്പം എത്താൻ ഇത്രയും കരുത്തൊക്കെ തന്നെ ധാരാളം മതിയാകും ഈ കുഞ്ഞന്. പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ.

wuling-nano-ev-7

ടോൾബോയ് ഡിസൈൻ മാരുതി വാഗൺ ആറിന്റെ കുട്ടിയാണോ ഇതെന്നു തോന്നിപ്പിക്കും. മാരുതി 800നെക്കാളും ടാറ്റ നാനോയെക്കാളും നീളം കുറവാണ് ഇ200ന്. ഇലക്ട്രിക് വാഹനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിപ്പിക്കുന്ന ഡിസൈൻ ഇന്ത്യയിൽ പോരായ്മയാണ്. പക്ഷേ, അതിന് പരിഹാരം കാണാനുള്ള അറിവൊക്കെ എംജിയുടെ ഇന്ത്യൻ എൻജിനീയർമാർക്ക് ഇപ്പോൾ ആയിട്ടുണ്ടെന്നു തീർച്ചയാണ്.

wuling-nano-ev

ടാറ്റ നാനോയ്ക്ക് 700 കിലോഗ്രാമിൽ താഴെയായിരുന്നു ഭാരമെങ്കിൽ വൂളിങ് നാനോക്ക് 800 കിലോക്ക് അടുത്ത് ഭാരമുണ്ട്. 12 ഇഞ്ച് വീലുകളാണ് ഇതിന്. ടാറ്റ നാനോക്കും ഇതേ അളവുള്ള വീലുകൾ ആയിരുന്നു. 3.8 മീറ്റർ എന്ന ടേണിങ് റേഡിയസ് സിറ്റി റൈഡുകൾക്ക് ഏറ്റവും യോജിക്കുന്നതാണ്. 4 മീറ്റർ ആയിരുന്നു ടാറ്റ നാനോക്ക്. ഇതു നാനോക്ക് വലിയ പേരുണ്ടാക്കി നൽകിയ ഫീച്ചർ ആയിരുന്നു, കഷ്ടകാല സമയത്തു പോലും.

Wuling NANO EV
Wuling NANO EV

ഫീച്ചറുകളുടെ കാര്യത്തിൽ ചൈനീസ് കാറുകളുടെ മാനം കളഞ്ഞിട്ടില്ല ഈ ‘കൊച്ചൻ’. 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ‌, വാഹനത്തിലെ എല്ലാ ലൈറ്റുകളും എൽഇഡി, എബിഎസ്, ഇബിഡി, സ്റ്റെബിലിറ്റി കൺട്രോൾ, ഓപ്ഷനൽ എയർബാഗുകൾ എന്നിങ്ങനെ സമ്പന്നമാണു സൗകര്യങ്ങളുടെ പട്ടിക. ഇതിന്റെ മൂന്നിലൊന്ന് ഫീച്ചറുകൾ പോലും ഇന്ത്യയിൽ ഇറങ്ങുന്ന ഫോസിൽ ഇന്ധന ചെറുകാറുകൾക്കില്ല. അതുകൊണ്ടു കൂടിയാണു വാഹനത്തിന് 5 ലക്ഷത്തിനു മേൽ വില വരുന്നതും. ഫാസ്റ്റ് ചാർജിങ് പോർട്ടുകളുടെ എണ്ണം കൂടുന്നതിന്റെ തോത് വിലയിരുത്തിയശേഷമാകും എംജി ചൈനീസ് നാനോയെ ഇന്ത്യയിലേക്കു പരിഗണിക്കുക. ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കിയാൽ 2024ലേക്ക് അവതരണം പ്രതീക്ഷിക്കാം.

പിറ്റ്സ്റ്റോപ്പ് – എസ്ജിഎംഡബ്യുവിന്റെ വേറെയും വാഹനങ്ങൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. നിലവിൽ ഈ കൂട്ടുകുടുംബത്തിൽ നിന്ന് ഇന്ത്യയിൽ എത്തി വിജയിച്ചു മുന്നേറുന്ന സുപ്പർസ്റ്റാർ ആണ് എംജി ഹെക്ടർ‌. ഷെവർലെ ക്യാപ്റ്റീവ ആയി ജിഎമ്മിന്റെ പ്രധാന മാർക്കറ്റുകളിലും എംജി ഹെക്ടറായി ഇന്ത്യയിലും വിൽക്കപ്പെടുന്ന ഈ മീഡിയം ക്രോസോവർ ബ്രൂണെയ്‌‌യിലും ഇന്തോനേഷ്യയിലും വൂളിങ് അൽമാസ് ആയാണു നിരത്തിലെത്തുന്നത്. ജിഎം ഷെവർലെ ബ്രാൻഡിൽ ഇന്ത്യയിൽ വിറ്റ എൻജോയ് എംപിവി, സെയ്ൽ യുവ ഹാച്ച്ബാക്ക്, സെയ്ൽ കോംപാക്ട് സെഡാൻ എന്നിവയും ഈ കുടുംബത്തിലെ സഹോദരശകടങ്ങൾ തന്നെ.

English Summary: SAIC-GM Launches Another Electric Micromobile Nano

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com