ADVERTISEMENT

കോടഞ്ചേരി∙ ടൗണില്‍ വൈക്കോലുമായി എത്തിയ ലോറി വൈദ്യുതി ലൈനില്‍ തട്ടി വൈക്കോല്‍ കെട്ടുകള്‍ക്ക് തീപിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ പണയം വച്ച് അതിസാഹസികമായാണ് ഷാജി പാപ്പന്‍ എന്ന് വിളിക്കുന്ന ഷാജി വര്‍ഗ്ഗീസ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീപിടിച്ച ലോറിയെ സമീപത്തെ സ്കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റി വണ്ടി ഉലച്ച് വശങ്ങളിലേക്ക് വെട്ടിച്ച് ഓടിച്ച് കത്തിക്കൊണ്ടിരുന്ന വൈക്കോല്‍ക്കെട്ടുകള്‍ ലോറിയില്‍ നിന്നു താഴേക്ക് വീഴ്ത്തിയതോടെ ഷാജി കോടഞ്ചേരിക്കാരുടെ മാത്രമല്ല കേരളത്തിന്റെ ഷാജി പാപ്പനായി മാറി.

 

lorry-kodencherry

ബൈക്കില്‍ സുഹൃത്തിനെ കാണാന്‍ പോകുന്ന വഴിക്കാണ് കോടഞ്ചേരി ജുമാ മസ്ജിത് പള്ളിക്ക് സമീപത്ത് റോഡില്‍ വൈദ്യുതിലൈനില്‍ തട്ടി തീപിടിക്കുന്ന ലോറി ഷാജി കാണുന്നത്. വൈക്കോല്‍ ലോറിയുടെ ഡൈവറും ക്ളീനറും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും നട്ടുച്ച നേരമായതിനാല്‍ കൂടുതല്‍ വൈക്കോല്‍ കെട്ടുകളിലേക്ക് തീ പടരുകയാണ് ഉണ്ടായത്. സമീപത്തെ മുസ്‌ലിം പള്ളിയുടെ കോളജിലെ വിദ്യാര്‍ഥികളും കിട്ടാവുന്ന പാത്രങ്ങളില്‍ വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വൈക്കോല്‍ കെട്ടുകള്‍ കത്തിപ്പടരുന്നത് കൂടുകയായിരുന്നു. സമീപത്തെ വിശാലമായി കിടക്കുന്ന സ്കൂള്‍ ഗ്രൗണ്ടിലേക്ക് വണ്ടി മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പെട്ടെന്ന് കിട്ടിയ ധൈര്യത്തില്‍ വണ്ടിയില്‍ ചാടിക്കയറി തീ കത്തുന്ന വണ്ടിയുമായി റോഡിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയതെന്ന് ഷാജി പറഞ്ഞു. 

 

ലോറിയുടെ ക്യാബിന്റെ മുകളില്‍ തീ കത്തി പടരുമ്പോളാണ് സിനിമ സ്റ്റൈലില്‍ ഷാജി ഗ്രൗണ്ടിലേക്ക് ലോറി ഓടിച്ച് കയറ്റിയത്. ലോറി ഗ്രൗണ്ടിനു രണ്ട് റൗണ്ട് കറക്കി ഇരുവശങ്ങളിലേക്കും ചെരിച്ച് വണ്ടി ഉലച്ച് ഓടിച്ചപ്പോള്‍ തീ ഗോളങ്ങളായി മാറിയ വൈക്കോല്‍ക്കെട്ടുകള്‍ ലോറിയില്‍ നിന്നു താഴോട്ട് വീണുകൊണ്ടിരുന്നു. ഷാജിയുടെ വിദഗ്ധമായ ഡൈവിങ്ങിലൂടെ ഭൂരിപക്ഷം വൈക്കോല്‍ കെട്ടുകളും ലോറിയില്‍ നിന്നും ഗ്രൗണ്ടിലേക്ക് വീഴ്ത്താനായി.

 

ഈ സമയത്ത് ടൗണില്‍ റോഡ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ തൊഴിലാളികള്‍ മണ്ണുമാന്തി യന്ത്രവുമായി എത്തി ലോറിയില്‍ ബാക്കിയുണ്ടായിരുന്ന വൈക്കോല്‍ കെട്ടുകളും ലോറിയില്‍ നിന്ന് നീക്കം ചെയ്തു. തൊഴിലാളികള്‍ മറ്റു വാഹനങ്ങളില്‍ വെള്ളം കൊണ്ടുവന്ന് തീ  അണയ്ക്കുന്നുമുണ്ടായിരുന്നു. ഈ സമയത്ത് തന്നെ മുക്കം ഫയര്‍ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് വാഹനങ്ങളും സംഭവ സ്ഥലത്തെത്തി ഗ്രൗണ്ടിലും റോഡിലും വീണ് കത്തുന്ന വൈക്കോല്‍ കെട്ടുകളിലെ തീ അണച്ചു.

 

മുസ്ലീം കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും കോടഞ്ചേരി പൊലീസും മുക്കംഫയര്‍ ഫോഴ്സും, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ തൊഴിലാളികളുടെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമഫലമായാണ് തീ അണയ്ക്കാനായത്. ഷാജി വര്‍ഗീസ് അതിസാഹസികമായി തീ കത്തിക്കൊണ്ടിരുന്ന ലോറി ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയതുകൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. ഗ്രൗണ്ടിലൂടെ ജീവന്‍ പണയം വച്ച് വണ്ടി ഉലച്ച് ഓടിക്കുമ്പോള്‍ ഡ്രൈവറുടെ ക്യാബിനില്‍ പുക നിറയുകയും ഷാജിക്ക് ശ്വാസം കിട്ടാതെ വരികയും ശ്വാസം എടുക്കാന്‍ വേണ്ടി  ഡോര്‍ വഴി തല പുറത്തേയ്ക്ക് ഇട്ടപ്പോള്‍ വൈക്കോല്‍ പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് ഷീറ്റ് കത്തി ഉരുകി തലയില്‍ വീണ് ചെറിയ തോതില്‍ പൊള്ളലേറ്റതായി ഷാജി പറഞ്ഞു. 

 

ഇരുവശങ്ങളിലും കെട്ടിടങ്ങളും വീടുകളും ഒരുവശത്ത് മുസ്‌ലീം പള്ളിയുമുള്ള സ്ഥലത്ത് നടുറോഡില്‍ വണ്ടി കിടന്നു കത്തിയാല്‍ ഡീസല്‍ ടാങ്ക് പെട്ടിത്തെറിച്ച് ഉണ്ടാകുന്ന വന്‍ ദുരന്തം ഒഴിവാക്കാനാണ് മറ്റൊന്നും ആലോചിക്കാതെ വണ്ടിയില്‍ ചാടിക്കയറി ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയതെന്ന്  ഷാജി പറഞ്ഞു.  നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്ന ഷാജി വര്‍ഗീസിനു 2015 മുതലാണ് ഷാജിപാപ്പാന്‍ എന്ന പേര് വീണുകിട്ടിയത്.

 

കോടഞ്ചേരി ടൗണില്‍ ഓട്ടോ ഗാരേജില്‍ വെല്‍ഡിങ് വര്‍ക്കറായിട്ടാണ് ഇപ്പോള്‍ ജോലി നോക്കുന്നത്. ഓട്ടോറിക്ഷയും കാറും സ്കൂള്‍ ബസുകളും ഷാജിക്കുണ്ടായിരുന്നു. കൊറോണ മൂലം സ്കൂളുകള്‍ അടയ്ക്കുകയും സ്കൂള്‍ ബസ് ഓടാതാകുകയും ചെയ്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി ഷാജിയും കുടുംബവും. കടം കൂടികൂടി വന്നപ്പോള്‍ സ്കൂള്‍ ബസ് പൊളിച്ചു വില്‍ക്കേണ്ടി വന്നു. അതിനു ശേഷം  മത്സ്യ കച്ചവടം തുടങ്ങി. മത്സ്യ കച്ചവടം പരാജയപ്പെട്ടപ്പോള്‍ ടയര്‍ റീ സോളിങ് കമ്പനി വാടയ്ക്ക് ഏറ്റെടുത്ത് നടത്തി. അതിനും സാമ്പത്തിക നഷ്ടം നേരിട്ടപ്പോള്‍ അതും നിര്‍ത്തേണ്ടി വന്നു. അതിനു ശേഷം ഇറച്ചി കടയില്‍ ജോലി നോക്കി. ഇറച്ചി കടയില്‍ കൂലി കുറവായതിനാല്‍ കുടുംബം പോറ്റാനുള്ള വക കിട്ടാതായപ്പോള്‍ അതും ഉപേക്ഷിച്ചാണ് ഇപ്പോള്‍ ഓട്ടോ ഗാരേജില്‍ വെല്‍ഡിങ് വര്‍ക്കറായി ജോലി ചെയ്യുന്നത്. 

 

ഭാര്യയും മൂന്നു കുട്ടികളുമുള്ള ഷാജി വര്‍ഗീസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടത്തിലുമാണ്. ഷാജിയുടെ രണ്ടാമത്തെ മകന്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് ചേര്‍ന്നെങ്കിലും ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ ലോണ്‍ കിട്ടാത്തതിനാല്‍ ഫീസടയ്ക്കാന്‍ മാര്‍ഗമില്ലാതെ പെടാപ്പാട് പെടുകയാണ്. 2000-ല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോസ്റ്റില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേര് ഉണ്ടായിരുന്നെങ്കിലും നാളിതുവരെ ജോലി ലഭിച്ചില്ല എന്ന നിരാശയിലാണ് 45- കാരനായ കോടഞ്ചേരി കാഞ്ഞിരപ്പാറ തറപ്പില്‍ ഷാജി വര്‍ഗീസ്. ഭാര്യ: ക്വീന്‍. മക്കള്‍: ഗോഡ്സണ്‍, ഗോഡ്‌വിന്‍, അല്‍ഫോന്‍സ.

 

English Summary: Daring bid by Kerala man to avert lorry from getting gutted as rice-straw load catches fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com