ADVERTISEMENT

ജിത്തു സുകുമാരൻ നായരെന്ന തൃക്കാക്കര സ്വദേശിയായ യുവ മറൈൻ എൻജിനീയർ ഇലക്ട്രിക് ബൈക്ക് അഥവാ ഇലക്ട്രിക് സൈക്കിളുണ്ടാക്കുകയാണ്. ജിത്തുവിന്റെ ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ ‘വാൻ ഇലക്ട്രിക് മോട്ടോ’ ഇലക്ട്രിക് സൈക്കിൾ ഇന്ത്യൻ വിപണിയിലെത്തിച്ചു കഴിഞ്ഞു; കേരളത്തിൽ നിന്നൊരു ആഗോള ‘ഇലക്ട്രിക് വെഹിക്കിൾ (ഇ വി) ബ്രാൻഡ്’ സൃഷ്ടിക്കുകയെന്ന പരിസ്ഥിതി സൗഹൃദ – ഹരിത സ്വപ്നവുമായി.

vaan

 

ആദ്യം കേരളം, പിന്നാലെ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി ഇ സൈക്കിളോടിക്കും, ഈ മലയാളി സ്റ്റാർട്ടപ്. വരാപ്പുഴയിലാണു വാൻ മോട്ടോയുടെ അസംബ്ലിങ് യൂണിറ്റ്. പ്രതിമാസം 2,000 യൂണിറ്റുകൾ നിർമിക്കാൻ ശേഷിയുണ്ട്. 8,000 – 10,000 യൂണിറ്റുകളുടെ വാർഷിക വിൽപനയാണു പ്രതീക്ഷിക്കുന്നത്. ലോകോത്തര ഇറ്റാലിയൻ ബ്രാൻഡായ ബനേലി വഴി ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിച്ചാണു പ്രീമിയം ഇലക്ട്രിക് ബൈക്കുകളുടെ നിർമാണം. ബ്രാൻഡിങ്ങിൽ പങ്കാളിയായി വാൻ ഇലക്ട്രിക് കണ്ടെത്തിയതു വിഖ്യാത ഓസ്ട്രിയൻ ബ്രാൻഡായ കെടിഎമ്മിന്റെ ഉപകമ്പനിയായ കിസ്കയെ. ഇറ്റാലിയൻ മോട്ടർ ഷോയിൽ വാൻ ഉൽപന്നങ്ങൾ അവതരിപ്പിച്ചിരുന്നു. ആഗോള ഭീമൻമാരുമായി കൈ കോർത്തു കേരളത്തിൽ നിന്നൊരു ആഗോള ബ്രാൻഡിനാണു ജിത്തുവിന്റെ ശ്രമം. വാൻ സിഇഒയും സ്ഥാപകനുമായ അദ്ദേഹവുമായി സംസാരിക്കാം. 

 

vaan-urban

∙ ഇ മൊബിലിറ്റി മോഹങ്ങൾക്കു ചിറകു നൽകിയ ഷെൻജെൻ 

 

സിംഗപ്പൂർ ആസ്ഥാനമായ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിലാണു ഞാൻ ജോലി ചെയ്തിരുന്നത്. ഷിപ് ഡിസൈൻ സെക്‌ഷൻ മേധാവിയായിരുന്നു. വർഷങ്ങളോളം ചൈനയിലെ ഷെൻജെൻ നഗരത്തിൽ താമസിച്ചു. പൊതുഗതാഗതത്തിനു പൂർണമായും  ഇ മൊബിലിറ്റി ഉപയോഗിച്ച ആദ്യ നഗരം. ഒപ്പോ, ആപ്പിൾ, വിവോ തുടങ്ങിയ ഇലക്ട്രോണിക് ഉൽപന്ന ഭീമൻമാരുടെ കൂടി നഗരം. ഷെൻജെനിലെ താമസം എന്നെ ഇ മൊബിലിറ്റിയിലേക്ക് അടുപ്പിച്ചു. ഇവി ബ്രാൻഡുകളെക്കുറിച്ചു കൂടുതൽ അറിവുകൾ കിട്ടി. അങ്ങനെയാണു സ്വന്തം ഇ മൊബിലിറ്റി സ്റ്റാർട്ടപ് സംരംഭമെന്ന ആശയം പിറന്നത്! 2020 ജനുവരിയിൽ ഞാൻ രാജിവച്ചു. ഇന്ത്യയിലേക്കു മടങ്ങി. പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഹിന്ദുസ്ഥാൻ ഷിപ്‌യാഡിൽ ചീഫ് കൺസൾട്ടന്റ് അഡ്വൈസറായി. ‘വാൻ ഇലക്ട്രിക് ഓട്ടോ’യ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളായി പിന്നീട്. 

 

Vaan Urbansport Pro
Vaan Urbansport Pro

∙ ബനേലി – കിസ്ക പങ്കാളിത്തം

 

മറൈൻ എൻജിനീയറായ എന്നെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായ മേഖലയാണ് ഇലക്ട്രിക് മൊബിലിറ്റി. അങ്ങനെയാണു ബ്രാൻഡിങ്ങിനായി കിസ്കയുടെ സഹകരണം തേടിയത്. ടെക്നോളജി, എൻജിനീയറിങ്, സപ്ലൈ പാർട്നറായി ബനേലിയുമെത്തി. ആദ്യ ഘട്ടത്തിൽ നിർമിച്ചത് ഇ സൈക്കിളുകളാണ്. എന്റെ സ്റ്റാർട്ടപ്പിൽ 22 പേരുണ്ട്. എൻജിനീയർമാരും ഡിസൈനർമാരും ഉൾപ്പെടെ. ഞങ്ങളാണു ഡിസൈനും കാര്യങ്ങളുമെല്ലാം ചെയ്യുന്നത്. പ്രീമിയം ഇ സൈക്കിളിന് 72 ഘടകങ്ങളുണ്ട്. അവ ഇന്ത്യയിൽ ലഭിക്കുക പ്രയാസം. വമ്പൻ കമ്പനിയായ ബനേലി പ്രതിവർഷം ഒരു ലക്ഷത്തിലേറെ ഇ ബൈക്കുകൾ നിർമിക്കുന്നുണ്ട്. അവർക്കു കുറഞ്ഞ വിലയിൽ പാർട്സ് ലഭിക്കും. സ്വാഭാവികമായും എനിക്ക് അതേ വിലയ്ക്കു പാർട്സ് കിട്ടില്ല. അതുകൊണ്ട് അക്കാര്യത്തിലും ബനേലിയുടെ സഹകരണം തേടി. അവർ വഴിയാണ് എനിക്കു കംപോണന്റ്സ് കിട്ടുന്നത്. അവ എന്റെ ടീം വരാപ്പുഴയിലെ യൂണിറ്റിൽ അസംബിൾ ചെയ്താണു സൈക്കിൾ നിർമിക്കുന്നത്. ഡിസ്ട്രിബ്യൂട്ടർമാരുടെയും ഡീലർമാരുടെയും സഹകരണത്തോടെ വിതരണ ശൃംഖല വികസിപ്പിക്കാനാണു ശ്രമം. 

 

vaan-bike-6

∙ ഇ മൊപഡ് മെയ്ഡ് ഇൻ ഇന്ത്യ 

 

ഇ ബൈക്കിനു രണ്ടു വേരിയന്റുകൾ. അർബൻ സ്പോർട്ടിനു വില: 59,999 രൂപ. അർബൻ സ്പോർട്ട് പ്രോയുടെ വില: 69,999 രൂപ. 4 മണിക്കൂറിൽ ഫുൾ ചാർജ് ചെയ്യാം. നീക്കം ചെയ്യാവുന്ന ബാറ്ററി യൂണിറ്റിനു 2.5 കിലോഗ്രാം മാത്രമാണു ഭാരം. അടുത്ത ഘട്ടത്തിൽ ഇ മൊപഡുകളാണു നിർമിക്കുന്നത്. അതു പൂർണമായും ഇന്ത്യൻ നിർമിതമായിരിക്കും. മേക്ക് ഇൻ‍ ഇന്ത്യ പദ്ധതിയുടെ ഭാഗം. പക്ഷേ, പ്രീമിയം ഇ സൈക്കിളുകളുടെ കാര്യത്തിൽ വിദേശ പങ്കാളികളുടെ സഹായം കൂടിയേ തീരു. പ്രത്യേകിച്ചു നിർമാണ ഘടകങ്ങൾ കിട്ടുന്നതിന്. പക്ഷേ, മൊപഡിന്റെ കാര്യത്തിൽ ആ പ്രശ്നമില്ല. കിഡ്സ് ഇ സൂപ്പർ ബൈക്കും നിർമിക്കുന്നുണ്ട്. 70 കിലോമീറ്റർ വേഗമുള്ള ബൈക്കാണിവ. മോട്ടോ ജിപിക്കു വേണ്ടി പരിശീലിക്കാം. കുട്ടികൾക്കു റൈഡ് ചെയ്യാം. സർക്യൂട്ടിൽ മാത്രമേ ഓടിക്കാവൂ. റോഡിൽ അനുമതിയില്ല. അത്തരം കിഡ്സ് സൂപ്പർ ബൈക്ക് നിർമാണം മറ്റെവിടെയും ഉള്ളതായി അറിയില്ല. 

 

∙ എന്താകും ഇ മൊബിലിറ്റിയുടെ ഭാവി 

 

വാൻ ഇവി രംഗത്തു വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നു. സീരീസ് ഓഫ് പ്രോജക്ട്സ് വരും. ഇ ബൈക്ക്, ഇ മൊപഡ്, ഇ സ്കൂട്ടർ...  ഇ ബോട്ട് നിർമിക്കാനും പദ്ധതിയുണ്ട്. ഭാവിയിൽ, അതു പുതിയ സെഗ്‌മെന്റ് ആയി മാറുമെന്നാണു പ്രതീക്ഷ. അൽപം പോലും മലിനീകരണം സൃഷ്ടിക്കാത്ത ഗതാഗത മാർഗങ്ങൾ തേടുകയാണു ലോകം. പരിസ്ഥിതി – ഊർജ സംരക്ഷണത്തിനു സർക്കാരുകളുടെ പിന്തുണ അത്യാവശ്യം. സർക്കാർ പിന്തുണയില്ലാതെ ഇലക്ട്രിക് വാഹന നിർമാതാക്കൾക്കും ഉപയോക്താക്കൾക്കും പിടിച്ചു നിൽക്കാനാകില്ല. ബാറ്ററികൾക്കും പാർട്സിനുമെല്ലാം വില കൂടുതലാണ്. അതുകൊണ്ടു തന്നെ സബ്സിഡിയും ഇളവുകളും വളരെ പ്രധാനമാണ്. കേന്ദ്ര സർക്കാർ ഹരിതോർജ പദ്ധതികൾക്കായി വലിയ തോതിൽ പണം ചെലവിടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഗ്രീൻ എനർജി പദ്ധതികൾ നടപ്പാക്കണം. വളരെ വളരെ വലിയ സാധ്യതകളാണ് ഇ മൊബിലിറ്റി രംഗത്തുള്ളത്.  

 

∙ സബ്സിഡി നൽകാതെ കേരളം 

 

ഇലക്ട്രിക് വാഹനങ്ങൾക്കു കേന്ദ്രവും വിവിധ സംസ്ഥാന സർക്കാരുകളും ഇൻസെന്റീവ് നൽകുന്നുണ്ട്. ഒല ഇലക്ട്രിക് സ്കൂട്ടറിന് 1 ലക്ഷം രൂപയ്ക്കു മുകളിലാണു കൊച്ചിയിലെ വില. ഗുജറാത്തിൽ ഒരു ലക്ഷത്തിൽ താഴെ മാത്രമാണു വില. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം സബ്സിഡി നൽകുന്നു. തമിഴ്നാട്ടിൽ റോഡ് നികുതിയില്ല. മാത്രമല്ല, 15000 രൂപ സബ്സിഡിയും നൽകുന്നു. കേരളം സബ്സിഡി നൽകുന്നില്ല. റോഡ് നികുതിക്ക് 50 % ഇളവു നൽകുന്നുണ്ടെന്നു മാത്രം. പൂർണമായും റോഡ് നികുതി ഒഴിവാക്കാൻ പോലും കേരളം തയാറാകുന്നില്ല. ആന്ധ്ര സർക്കാർ 20,000 ത്തിലേറെ ഇ സ്കൂട്ടറുകൾ സർക്കാർ ജീവനക്കാർക്കായി വാങ്ങുന്നു. കേരളത്തിലെ സർക്കാരിന് എത്രത്തോളം ഫണ്ട് ചെലവഴിക്കാൻ കഴിയുമെന്ന് അറിയില്ല. പക്ഷേ, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുന്നോട്ടു വരണം. സർക്കാർ വകുപ്പുകള്‍ക്കും പൊലീസിനുമൊക്കെ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കണം. പൊതുഗതാഗതത്തിനും ഇലക്ട്രിക് മൊബിലിറ്റി നടപ്പാക്കണം. സർക്കാർ വലിയ തോതിൽ രംഗത്തിറങ്ങിയില്ലെങ്കിൽ വൈദ്യുത വാഹനങ്ങൾ വ്യാപകമാകില്ല. ചാർജിങ് സ്റ്റേഷനുകൾ എല്ലാ മേഖലകളിലും ആരംഭിക്കണം. ഇല്ലെങ്കിൽ വൈദ്യുത വാഹനം വാങ്ങിയാലും ദീർഘയാത്ര സാധ്യമാകില്ല.

 

∙ സ്റ്റാർട്ടപ് സംരംഭകനെന്ന നിലയിലെ അനുഭവം 

 

ഏറ്റവും പ്രധാനം ഫണ്ടിങ് തന്നെ! അതാണു പ്രധാന വെല്ലുവിളി. എനിക്ക് അത്യാവശ്യം സാങ്കേതിക അറിവുകളും ലോകോത്തര നിർമാണ പങ്കാളികളുമുണ്ടായിട്ടും പുറത്തു നിന്നു ഫണ്ട് ലഭിക്കാൻ ഒന്നര വർഷം സമയമെടുത്തു. എന്റെ സ്വന്തം സമ്പാദ്യമായ 15 കോടി രൂപ നിക്ഷേപിച്ചാണു സ്റ്റാർട്ടപ് ആരംഭിച്ചത്. പിന്നീടാണ് 6 കോടി രൂപ ഫണ്ടിങ് പുറത്തുനിന്നു ലഭിച്ചത്. ഏഷ്യൻ എനർജി സർവീസസാണു നിക്ഷേപം നടത്തിയത്. പുതിയ സംരംഭകർക്ക് ഒരുപാടു മികച്ച ആശയങ്ങളുണ്ടെങ്കിലും ഫണ്ട് ലഭിക്കുക എളുപ്പമല്ല. കേരള സ്റ്റാർട്ടപ് മിഷൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ, വൻ തുക ഫണ്ടിങ് വേണ്ടിവരുന്ന സംരംഭങ്ങൾക്കു കാര്യം അത്ര എളുപ്പമല്ല.

 

English Summary: Vaan Moto e-mobility Start Up Form Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com