ADVERTISEMENT

ലാളിത്യത്തിനും ആഡംബരത്തിനുമിടയിലെ എഴുതാ വാക്കാണു ബോചെ. ബോബി ചെമ്മണൂരിന്റെ ജീവിതവും വാഹനജീവിതവും ഇക്കാര്യം അടിയിട്ടുറപ്പിക്കുന്നു. തൃശൂരിൽ ശോഭാ സിറ്റിയിലെ വില്ലയുടെ പൂമുഖത്തിരിക്കുമ്പോൾ മുന്നിലെ റോൾസ് റോയ്സ് ഫാന്റത്തിന്റെ സ്വർണവർണവും വർണരഹിതമായ വെളുത്ത വസ്ത്രവും തമ്മിലുള്ള മത്സരവും  ഇതേ സൂചന തന്നെയാണു നൽകുന്നത്. 

ഊട്ടിയിലേക്കൊരു ബിഎംഡബ്ല്യു

കുറച്ചുകാലം മുൻപ്.  മേട്ടുപാളയത്തുനിന്ന് രാത്രിയിലാണ് ആ ബിഎംഡബ്ല്യു ഊട്ടിയിലേക്കുള്ള കയറ്റങ്ങൾ കയറുന്നത്. നേരിയ മഞ്ഞുണ്ട്. വഴി വിജനം. നീലഗിരിയിലെ റിസോർട്ടിലെ ന്യൂ ഇയർ വിരുന്നിന് സമയത്തെത്താനുള്ള ധൃതിയുണ്ട്  യാത്രികർക്ക്. അതുകൊണ്ടുതന്നെ ആക്സിലറേറ്ററിൽ നിന്നു കാലെടുക്കാതെയാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. ബ്രേക്ക് പിടിക്കാതെ, വളവുകൾ ഡ്രിഫ്റ്റ് ചെയ്താണു തിരിയുന്നത്. വിജനവീഥിയായതിനാൽ തടസ്സമില്ലാതെ  പറപറന്ന് കൃത്യസമയത്ത് വിരുന്നിനെത്തി. ഡ്രൈവിങ് സീറ്റിൽനിന്നു ആ റാഷ് ഡ്രൈവർ– ബോബി ചെമ്മണൂർ പുറത്തിറങ്ങി. ‘‘ ഡൂ ഓർ ഡൈ എന്നതാണ് എന്റെ നയം. സമയത്തിനെത്തുക എന്നതു പ്രധാനം’’

‘‘ഈ നയത്തിനു വിലകൊടുത്തതു ഞങ്ങളായിരുന്നു. രണ്ടു പേർ വണ്ടിയിലിരുന്നു കരഞ്ഞു. വാളു വെച്ചു. വാഷിങ് മെഷീനിലിട്ട വസ്ത്രങ്ങളെപ്പോലെ ഉലഞ്ഞുതളർന്നാണു ഞങ്ങൾ ഇറങ്ങിയത്.’’– സഹയാത്രികനും സുഹൃത്തുമായ ബിനോയ് ആ ഡ്രൈവിങ് കഥയെ എടുത്ത് വിരിച്ചിട്ടു.  അതു ബോചെയുടെ ഒരു മുഖം. തന്റെ ആഡംബര എസ്‌യുവിയുമായി പോകുമ്പോൾ എറണാകുളം ചമ്പക്കരയിൽ സൈക്ലിസ്റ്റിനു വേണ്ടി വഴിയൊതുക്കി കൊടുക്കുന്നത് മറ്റൊരു ബൊചെ. ഇതിനിടയിൽ ഏതാണു റിയൽ ബോചെ? 

eqc

ആദ്യവാഹനം

ചെറുപ്പത്തിൽ ബെംഗളൂരു വരെ വണ്ടിയോടിച്ചു പോയ കൊച്ചുബോബിയുടെ കഥ നാട്ടിൽ പാട്ടാണല്ലോ. ബോബി ആദ്യമായി സ്വന്തമാക്കിയതു  മാരുതി 800 ആണ്. പിന്നീടിങ്ങോട്ട് ബോചെയുടെ കയ്യിൽ റോൾസ് റോയ്സ് ഗോസ്റ്റിന്റെ വരെ സ്റ്റിയറിങ് വന്നുചേർന്നു. നിലമ്പൂർ തേക്കിന്റെ ആഡംബരമുള്ള റോൾസ് റോയ്സ് ഗോസ്റ്റിൽ ഇരിക്കുമ്പോഴാണ് ബോബി ചെമ്മണൂർ ട്രാൻസ്പോർട്ട് ബസ് കയറി പോകുന്ന കാര്യം പറഞ്ഞത്. 

‘‘സൗഭാഗ്യങ്ങൾ ആസ്വദിക്കുമ്പോഴും അവ പങ്കിടാനും സഹജീവികളോടു അനുകമ്പ കാണിക്കാനും സമയം കണ്ടെത്തണം. ഇനി, ഈ സൗകര്യങ്ങളൊക്കെ ഇല്ലെങ്കിലോ? നടന്നുചെന്ന് ട്രാൻസ്പോർട്ട് ബസ്സിനു കൈകാണിച്ചു കയറിപ്പോകും. ഭയമില്ലാതെ ജീവിക്കുന്നതാണ് തന്റെ ശൈലി.’’.

ഇപ്പോഴുള്ള  വാഹനങ്ങൾ

ബെൻസിന്റെ  ഇക്യുസി എന്ന ഇലക്ട്രിക് എസ്‌യുവി കേരളത്തിലിറങ്ങിയപ്പോൾ ആദ്യ യൂണിറ്റുകളിലൊന്ന് ബോബി ചെമ്മണൂരിന്റെ ഗാരിജിലാണ് എത്തിയത്. ‘‘ഇക്യുസി കിടിലൻ വാഹനമാണ്. എന്നാൽ ലഗേജ് സ്പെയ്സ് കുറവ് ഒരു പോരായ്മയാണ്.’’ ജിഎൽസി എന്ന എസ്‌യുവിയുടെ  ഇലക്ട്രിക് വകഭേദമാണ് ഇക്യുസി.  

റോൾസ് റോയ്സ് ഫാന്റം  മോഡലിന് സ്വർണവർണമുള്ള സ്റ്റിക്കർ പതിപ്പിച്ചു ടാക്സി ആക്കിയതു വാർത്തയായിരുന്നല്ലോ. ലോകോത്തര വാഹനത്തിൽ എല്ലാവർക്കും സഞ്ചരിക്കാനൊരു അവസരമാണ് അതിലൂടെ ലക്ഷ്യമിട്ടത്. റേഞ്ച് റോവറും സന്തത സഹചാരിയാണ്. ഇതുവരെ ഓടിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം ടൊയോട്ട വെൽഫയർ ആണ്. റോൾസ് റോയ്സിനെക്കാൾ രസകരമായി വെൽഫയർ ഡ്രൈവ് ചെയ്യാമെന്ന് ബോബി. 

shaman

സ്വപ്നവാഹനം 

ഷാമൻ എന്ന റഷ്യൻ കമ്പനിയുടെ ഓൾ ടെറയിൻ വാഹനമാണ് (എടിവി) ബോചെയുടെ ലിസ്റ്റിലെ അടുത്ത വാഹനം. ഏതു പ്രതലത്തിലും സഞ്ചരിക്കാവുന്ന ഷാമൻ വാഹനത്തിന്  16 വീലുകളുണ്ട്. എല്ലാ ചക്രങ്ങളും തിരിക്കാം. 8x8 എന്നാണ് വിശേഷണം. എല്ലാവീലിലും എൻജിൻ കരുത്ത് എത്തുമെന്ന് അർഥം. എല്ലാ വീലുകൾക്കും ഇൻഡിപെൻഡന്റ് സസ്പെൻഷനുമുണ്ട്.  ‘‘ഇന്ത്യയിൽ ഇല്ലാത്ത വാഹനമാണത്– റഷ്യയിൽവച്ച് ഓടിച്ചുനോക്കി. ഏതോ അന്യഗ്രഹ ജീവിയെപ്പോലെയാണൂ രൂപം. 

8 മുതൽ 12 േപർക്കുവരെ സഞ്ചരിക്കാം. വിമാനത്തിന്റെ കോക്പിറ്റിലേതു പോലെയുള്ള കൺട്രോൾസ്. വാഹനത്തിന്റെ നടുവിലാണു സ്റ്റിയറിങ്.’’ വെള്ളത്തിലൂടെ സഞ്ചരിക്കാൻ ഷാമൻ എടിവിയ്ക്കു കഴിയും. ഇതിനായി പ്രൊപ്പല്ലർ ഉപയോഗിച്ചാൽ 7 കീമീ/മണിക്കൂർ വേഗത്തിൽ ബോട്ടുപോലെ പോകാം. ചക്രങ്ങൾ  മാത്രം കറക്കിയാൽ 2കിമീ വേഗത്തിൽ നീന്തും. റോഡിലെ പരമാവധി വേഗം 70 കീമീ/മണിക്കൂർ.  450 മിമീ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 4800 കിലോഗ്രാം ഭാരം, 3.0 ലീറ്റർ ഡീസൽ എൻജിൻ. ഷാമൻ എടിവി ഇന്ത്യയിൽ ഇറക്കാൻ ഇതുവരെ അനുമതി ആയിട്ടില്ല. 

shaman-Interior

കാരവാൻ ടൂറിസം

വേറിട്ടൊരു വിനോദസഞ്ചാര രംഗമായ കാരവാൻ ടൂറിസം പുതുവർഷത്തിൽ ആരംഭിക്കും. വെള്ളച്ചാട്ടത്തിനടുത്തോ, ബീച്ചിലോ, കാടിനോ പൊല്യൂഷൻ ഇല്ലാത്ത ഇടത്തു കാരവാൻ പാർക്ക് ചെയ്തു താമസിക്കാം. ഇവിടെയൊന്നും നമുക്കു വീടു വയ്ക്കാനാകില്ലല്ലോ. അതുകൊണ്ടുതന്നെ സ്വപ്നതുല്യ താമസമായിരിക്കും കാരവാൻ സഞ്ചാരികൾക്കു നൽകുക. വിദേശങ്ങളിൽ കാരവാൻ മാസങ്ങളോളം വാടകയ്ക്കെടുത്തു നമുക്കു തന്നെ ഓടിച്ചുപോകാം. ഇവിടെ കാരവനിൽ ഡ്രൈവർ കൂടിയുണ്ടാകും. 

ആസ്വദിച്ച ഡ്രൈവുകൾ ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഡ്രൈവ് ചെയ്തിട്ടുണ്ട്. അതിൽ പ്രത്യേകമായി തോന്നിയത്  അർമേനിയയിലെ ഉയരമേറിയ ഗ്രാമപാതയിലൂടെയുള്ള യാത്രയായിരുന്നു. ഹിമാലയത്തിലെ കർദുംഗ്‌ലാ മുതൽ ചെറുപ്പത്തിൽ മത്സരിക്കാനിറങ്ങിയ കോഴിക്കോട് ജിപ്സി– റേസ് സർക്യൂട്ട് റേസ് വരെ ഈ പ്രിയ ലിസ്റ്റിലുണ്ട്.

caravan

ജിപ്സി റേസിങ്ങിൽ  സമ്മാനം കിട്ടിയിട്ടുണ്ട്. രണ്ടുവീലിൽ വണ്ടി സ്കിഡ് ചെയ്തു പോകുന്നതിന്റെ യൊക്കെ ചിത്രങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നു. ഒറ്റ വീലിലേക്ക് ഭാരം മുഴുവൻ കേന്ദ്രീകരിച്ചപ്പോൾ ടയർ പൊട്ടിയതും വേറിട്ട അനുഭവമായിരുന്നു.ഇങ്ങനെയുള്ള ബോബി ചെമ്മണൂർ തന്നെയാണ് രക്തദാനക്യാംപയിന്റെ ഭാഗമായി മാരത്തൺ നടത്തിയതും ഗിന്നസ് ബുക്കിലേക്ക് ഓടിക്കയറിയതും. ഇതിലേതാണു ശരിക്കുള്ള ബോചെ എന്ന ചോദ്യം ആവർത്തിച്ചാൽ ഒരു കൈ ഹൃദയത്തിലേക്കും മറുകൈ  വിജയത്തിലേക്കും വച്ച് ഒരു ചിരി തരും ബോചെ. സ്നേഹം കൊണ്ടു ലോകം കീഴടക്കുക എന്ന വാചകത്തിന്റെ മുദ്രയാണത്. 

English Summary: Boby Chemmanur About His Vehicles and Dream Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com