ADVERTISEMENT

ഏതാനും ദിവസം മുൻപ്  വിപണിയിലെത്തിയ ഹോണ്ട സിറ്റി ഹൈബ്രിഡ് കാർ, രാജ്യത്തു വീണ്ടും സങ്കര ഇന്ധന (ഹൈബ്രിഡ്) സാങ്കേതിക വിദ്യ ചർച്ചാവിഷയമാക്കുന്നു. പെട്രോൾ എൻജിനും വൈദ്യുത മോട്ടറുകളുമുള്ളതാണു കാർ. പൂർണമായും വൈദ്യുതിയിലോടുന്ന വാഹനങ്ങളാണു ലോകം ലക്ഷ്യമിടുന്നതെങ്കിലും അതിലേക്കുള്ള ദൂരം വളരെ കൂടുതലാണെന്ന നിലപാടാണ് പല പ്രമുഖ വാഹന നിർമാതാക്കൾക്കും. വൈദ്യുത വാഹനങ്ങൾക്കാവശ്യമായ ബാറ്ററി, ചാർജിങ് സൗകര്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ ഇനിയും ഏറെ പുരോഗതി വരേണ്ടതുണ്ട്. വാഹന വില കുറയുകയും വേണം. 

honda-city-6

 

honda-city-1

ഉൽപാദനം വൻതോതിലാകാതെ വില കുറയുമെന്ന പ്രതീക്ഷ വേണ്ട. ഇങ്ങനെ ആശയക്കുഴപ്പങ്ങൾക്കു പഞ്ഞമില്ല. ഭീകര മലിനീകരണമുണ്ടാക്കുന്ന കൽക്കരി ഉപയോഗിക്കുന്ന താപനിലയങ്ങളിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് കാർ ഓടിച്ചാൽ പ്രകൃതിസൗഹൃദമാകുമോ എന്ന താത്വിക ചോദ്യം വേറെ. അന്തിമ ലക്ഷ്യം വൈദ്യുത വാഹനമാണെങ്കിൽ ഇടത്താവളമായി ഹൈബ്രിഡ് വേണമെന്ന വാദത്തിന്റെ അടിസ്ഥാനമാണിതൊക്കെ. ബാറ്ററി മാത്രമുപയോഗിച്ച് ഓടുന്ന വാഹനം വാങ്ങുന്നവരുടെ പ്രധാന ആശങ്ക, ഫുൾ ചാർജിൽ എത്ര കിലോമീറ്റർ ഓടുമെന്നതാണ് (Range Anxiety). വഴിയിൽ ചാർജ് ചെയ്യാമെന്നുവച്ചാൽ അത് പെട്രോളടിക്കുന്നതുപോലെ അതിവേഗം നടക്കുന്ന ഒന്നല്ലതാനും. 

 

ഹൈബ്രിഡ് ആകുമ്പോൾ ഈ തലവേദനയില്ല. ബാറ്ററി ചാർജ് ചെയ്യുന്ന പണി വാഹനം തന്നെ ചെയ്തോളും. പെട്രോൾ എൻജിന്റെ പ്രവർത്തനം വഴി ജനറേറ്റർ മോട്ടറിൽനിന്ന് വൈദ്യുതി ഉണ്ടാകും. അത് ലിഥിയം അയോൺ ബാറ്ററിയിൽ ശേഖരിക്കപ്പെടും. പുതിയ ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് രീതി എന്താണെന്നു നോക്കാം. സാധാരണ സിറ്റിയിലെപ്പോലെ 1498 സിസി പെട്രോൾ എൻജിനാണിതിനും. പക്ഷേ കരുത്ത് 121 എച്ച്പിയിൽനിന്ന് 98 എച്ച്പി ആയി കുറച്ച് ഇന്ധനക്ഷമത കൂടുതൽ കിട്ടുന്ന രീതിയിലാണ് എൻജിൻ പ്രവർത്തനം. പിന്നെ 2 ഇലക്ട്രിക് മോട്ടർ. ഒന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനായാണ്; ജനറേറ്റർ മോട്ടർ. പെട്രോൾ എൻജിൻ ഈ മോട്ടർ പ്രവർത്തിപ്പിക്കുമ്പോഴാണ് വൈദ്യുതി ഉണ്ടായി ബാറ്ററിയിലേക്കു പോകുക. രണ്ടാമത്തെ മോട്ടർ ട്രാക്‌ഷൻ മോട്ടറാണ് (109 എച്ച്പി). ബാറ്ററിയിൽനിന്നും ജനറേറ്റർ മോട്ടറിൽനിന്നും പവർ എടുത്ത് കാറിന്റെ മുൻ ചക്രങ്ങളിലേക്കു പകരുന്നതാണ് ഇതിന്റെ ജോലി. 

 

എൻജിനിൽനിന്നു നേരിട്ടും പവർ ചക്രങ്ങളിലേക്കു ചെല്ലും. മോട്ടറും എൻജിനും ഒന്നിച്ച് കരുത്തു പകരുന്ന സന്ദർഭങ്ങളുമുണ്ട്. പൂർണമായും ബാറ്ററിയിൽനിന്നുള്ള കരുത്തു വേണോ (ഇവി മോഡ്) മോട്ടറും എൻജിനും ഒന്നിച്ച് ഉപയോഗപ്പെടുത്തണോ (ഹൈബ്രിഡ് മോഡ്) എൻജിനെ മാത്രം ആശ്രയിക്കണോ (എൻജിൻ മോഡ്) എന്നത് സാഹചര്യം മനസ്സിലാക്കി കാറിലെ കംപ്യൂട്ടറാണു തീരുമാനിക്കുക. ഇത് സ്പീഡ്, ബാറ്ററിയിലെ ചാർജ് എന്നിവയൊക്കെ കണക്കിലെടുത്താണ്. എൻജിൻ നേരിട്ട് ചക്രങ്ങളിലേക്കു കരുത്തു പകരുന്നതിനു സൗകര്യമൊരുക്കാൻ ഒരു ലോക്അപ് ക്ലച്ചുണ്ട്. സാധാരണ പെട്രോൾ കാറുകളിലെപ്പോലെ പല പല സ്പീഡുള്ള ഗിയർബോക്സല്ല, സിംഗിൾ സ്പീഡ് ഗിയറാണിതിന്. പൂർണ ഇലക്ട്രിക് കാറുകളിലെ രീതി എന്നു പറയാം. 

 

ഇഗ്‌നിഷൻ ഓൺ ആക്കുമ്പോൾ പൂർണ ഇലക്ട്രിക് കാർ ആയാണ് പ്രവർത്തനത്തുടക്കം. നിശ്ശബ്ദം. പിന്നെ വേഗം ഉയരുന്നതനുസരിച്ച് ഹൈബ്രിഡ് മോഡ്, വേഗം മണിക്കൂറിൽ 80 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ ആകുമ്പോൾ എൻജിൻ മോഡ്, പിന്നെയും വേഗമുയർന്നാൽ ഹൈബ്രിഡ് മോഡ് മതി എന്നാണ് ഹോണ്ടയുടെ വിലയിരുത്തൽ. ബാറ്ററിയിൽ മാത്രമായി എത്ര ദൂരം ഓടാനാകും (റേഞ്ച്) എന്നു ഹോണ്ട പറയുന്നില്ല. ഒരു ലീറ്റർ പെട്രോളിന് 26.5 കിലോമീറ്റർ ഓടുമെന്ന ഇന്ധനക്ഷമതയാണു കമ്പനി പറയുന്നത്. സാധാരണ പെട്രോൾ സിറ്റിയെക്കാൾ 8 കിലോമീറ്ററും ഡീസൽ സിറ്റിയെക്കാൾ ഒരു കിലോമീറ്ററും കൂടുതലാണിത്. കാറിന്റെ വില (19.49 ലക്ഷം രൂപ) പെട്രോൾ, ഡീസൽ മോഡലുകളെക്കാൾ ഏതാണ്ട് 4 ലക്ഷം രൂപ കൂടുതലാണ്.

 

ഹൈബ്രിഡ് ടെക്നോളജി പ്രീമിയം കാറുകളിൽ നേരത്തേതന്നെ ടൊയോട്ടയും അവരുടെതന്നെ ബ്രാൻഡ് ആയ ലെക്സസും ഇന്ത്യയി‍ൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും മാസ് മാർക്കറ്റ് മോഡലുകളായിരുന്നില്ല. സിറ്റി ഹൈബ്രി‍ഡ് ജനപ്രീതി നേടിയാൽ മറ്റു ജാപ്പനീസ് കമ്പനികളും ഹൈബ്രിഡ് മാർഗത്തിലേക്കു തിരിയാനുള്ള സാധ്യത ഏറെയാണ്. 

 

English Summary: Know More About Honda Hybrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com