ADVERTISEMENT

കുത്തുകയറ്റത്തിൽ പോലും കുതിച്ചുപായുന്ന ഈ ചുള്ളൻ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്കു പറയാൻ ഒരു കഥയുണ്ട്. പെട്രോൾ പമ്പുകളോടു വിടപറഞ്ഞ് ചാർജിങ് സോക്കറ്റുമായി പ്രണയത്തിലായ കഥ. 15 വർഷത്തെ ഓട്ടം പൂർത്തിയാക്കി, ആക്രിക്കടയിലേക്കു പോകും വഴിയിലാണ് വെണ്ണിക്കുളം  പോളിടെക്നിക്കിലെ കുട്ടികൾ ഈ ഓട്ടോറിക്ഷ സ്വന്തമാക്കിയത്. അവിടെനിന്നങ്ങോട്ട് പുതിയൊരു ചരിത്രയാത്രയ്ക്ക് തുടക്കംകുറിക്കുകയായിരുന്നു. 

 

പെട്രോൾ ടു ഇലക്ട്രിക് കോളജിലെ 2018– 2021 ബാച്ച് 

electric-auto-1

 

ഓട്ടമൊബീൽ വിദ്യാർഥികളുടെ പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഇലക്ട്രിക് ഓട്ടോറിക്ഷ പിറവിയെടുത്തത്. റിക്ഷയെ പെട്രോൾ എൻജിൻ സംവിധാനത്തിൽനിന്ന് ഇലക്ട്രിക് സംവിധാനത്തിലേക്കു മാറ്റുക എന്നതായിരുന്നു പ്രോജക്ട്. ഇതിനായി ആദ്യം റിക്ഷയുടെ റിയർ സസ്പെൻഷൻ, പിക്ക് അപ് വാഹനങ്ങൾക്കു സമാനമായ രീതിയിൽ ലീഫ് സ്പ്രിങ് സംവിധാനത്തിലേക്കു മാറ്റി. അതോടൊപ്പം 3 കിലോ വാട്ട് ശേഷിയുള്ള മോട്ടറും ഘടിപ്പിച്ചു. സാധാരണ ഉപയോഗിക്കാറുള്ള ലെഡ് ആസിഡ് ബാറ്ററിക്കു പകരം ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും തയാറാക്കി. ഐഐടി ഗവേഷണ വിദ്യാർഥികളുടെ സഹായത്തോടെയാണ് 50 കിലോവാട്ട്  ശേഷിയുള്ള ബാറ്ററി യൂണിറ്റ് തയാറാക്കിയത്. ലിഥിയം അയൺ ബാറ്ററിയുടെ മൂന്നിലൊന്ന് ഭാരത്തിൽ മൂന്നിരട്ടി ശേഷി എന്നതാണ് ഈ ബാറ്ററിയുടെ സവിശേഷത. 

 

വേഗം 35 കിലോമീറ്റർ

electric-auto-3

 

3 മണിക്കൂറിൽ പൂർണമായും ചാർജാകുന്ന ഈ റിക്ഷ 3 യാത്രക്കാരുമായി ശരാശരി 35 കിലോമീറ്റർ വേഗത്തിൽ 2 മണിക്കൂറിലേറെ നിർത്താതെ പായും. സാധാരണ പവർ സോക്കറ്റിലും ചാർജിങ് സ്റ്റേഷനിലും ഈ ഒാട്ടോ ചാർജ് ചെയ്യാം. ചുരുക്കത്തിൽ, ഇന്നു കാണുന്ന പ്രസരിപ്പുള്ള ഈ ഇലക്ട്രിക് റിക്ഷയിൽ, പഴയ പെട്രോൾ ഓട്ടോറിക്ഷയുടെ അസ്ഥികൂടവും മുൻവശത്തെ സസ്പെൻഷനും മാത്രമേ അവശേഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം വിദ്യാർഥികൾ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. 

 

അണിയറയിൽ

 

ഓട്ടമൊബീൽ വിഭാഗം മേധാവിയും കോളജ് പ്രിൻസിപ്പലുമായ ബിജു ജോർജ്, ഫിലിപ് ജെ. നടയ്ക്കൽ, വി.പി. പ്രസാദ് എന്നിവർ ഉൾപ്പെടുന്ന അധ്യാപക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഡാനി തോമസ്, ജോയൽ വർഗീസ്, ഡിനോ എം. ജോൺ, എ.എസ്. അമൽ, അഭിജിത്ത് ലാൽ, ജെറിൻ അനിയൻ, വിഷ്ണു ദയാനന്ദൻ, റെനി ഫിലിപ്, ബി. വിഘ്നേശ്, അജീഷ് രാമകൃഷ്ണൻ, അമൽ ഷാജി എന്നീ വിദ്യാർഥികളാണ് പ്രവർത്തനങ്ങൾക്കു മുൻനിരയിൽ ഉണ്ടായിരുന്നത്.

 

സോളർ പവർ 

 

നിലവിലെ റെക്സിൻ മേൽക്കൂരയ്ക്കു പകരം സോളർ പാനൽ സ്ഥാപിച്ച്, ഓട്ടത്തിനിടയിൽ തന്നെ റിക്ഷ ചാർജാകുന്ന തരത്തിലേക്കു മാറ്റിയെടുക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ഇതുകൂടി പൂർത്തിയാകുന്നതോടെ ബാറ്ററി ചാർജിങ്ങിനായി പ്രത്യേകം സമയം കണ്ടെത്തേണ്ടി വരില്ലെന്നതും മെച്ചമാകും. 

 

ചെലവ്

 

തീർത്തും ഉപയോഗശൂന്യമായ പെട്രോൾ ഓട്ടോറിക്ഷ റണ്ണിങ് കണ്ടിഷനിലുള്ള ഇലക്ട്രിക് റിക്ഷയാക്കി മാറ്റാൻ വേണ്ടിവന്നത് 2 ലക്ഷം രൂപയാണ്. 50,000 രൂപ കൂടി മുടക്കിയാൽ സോളർ പാനലും സജ്ജീകരിക്കാം. പൊളിച്ചടുക്കാനിരുന്ന ഒരു ഓട്ടോറിക്ഷ 2 ലക്ഷം രൂപ മുതൽമുടക്കിൽ ഇലക്ട്രിക് റിക്ഷയാക്കി മാറ്റിയതിന്റെ ആവേശത്തിലാണ് ഈ ടെക്നിഷ്യൻമാർ. 

 

English Summary: Petrol To Electric Auto Convertation By GPTC Vennikulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com