ടാറ്റ സിയറയിൽ തുടങ്ങി ബിഎംഡബ്ല്യു ജിടി വരെ: ജീത്തു ജോസഫിന്റെ വാഹനപ്രേമം

jeethu-joseph
Jeethu Joseph
SHARE

‘അമ്മച്ചി തിരിച്ചും മറിച്ചും ചോദിക്കും. ജിത്തുവിനൊപ്പം കാറിൽ കയറിയെന്നു പറയരുത്,  ഓട്ടോ പിടിച്ചെന്നേ പറയാവൂ’– കൗമാരക്കാനായ ജീത്തു ജോസഫിൽ അന്നൊരു  ‘ജോർജൂട്ടി’ കയറിയിരുന്നെങ്കിൽ വീട്ടിലെ പാചകക്കാരൻ ഗോപിച്ചേട്ടനോട് ഇങ്ങനെ ചട്ടം കെട്ടുമായിരുന്നു.  

‘ചേട്ടാ, നമുക്കു കാറിൽപോകാം.’ ജീത്തുവിന്റെ ഓഫറിലെ റിസ്ക് എലമെന്റ് ഗോപിക്കു മനസ്സിലായില്ല. മൂവാറ്റുപുഴ എംഎൽഎ വി.വി. ജോസഫിന്റെ പതിനെട്ടു തികയാത്ത മകൻ ജീത്തു, ഗോപിച്ചേട്ടനെ അംബാസഡർ കാറിൽ  കയറ്റി മൂന്നു കിലോമീറ്റർ അകലെയുള്ള മോനിപ്പള്ളി ചന്തയിലേക്ക് ഡ്രൈവ് ചെയ്തു. ചന്തയിലേക്കു നടന്നുപൊയ്ക്കൊണ്ടിരുന്ന ഗോപിച്ചേട്ടൻ സാധാരണയിലും വളരെ നേരത്തേ പച്ചക്കറി വാങ്ങി തിരികെ വീട്ടിലെത്തിയപ്പോൾ അമ്മച്ചിക്കു സംശയം: 

‘അല്ലാ, ഗോപി ചന്തയിൽ പോയില്ലേ?’ ‘ജീത്തു കാറിൽക്കൊണ്ടുപോയി’–നിഷ്കളങ്കമായ മറുപടി. 

ജീത്തുവോ !

സംഗതി കൈവിട്ടുപോയി. ലൈസൻസ് കിട്ടുംമുൻപേ കാറെടുത്തു വെളിയിൽ പോയതിന് കണക്കിനു കിട്ടി. അതായിരുന്നു ആദ്യ ഡ്രൈവ്. അങ്ങനെയങ്ങനെ സ്വന്തമായി ഡ്രൈവിങ് പഠിച്ചെടുത്തു.  ക്ഷമ വേണം എന്നു പലരോടും പറയാറുള്ള സ്റ്റിയറിങ് വീൽ ജീത്തുജോസഫിനു മുന്നിൽ എളുപ്പം കീഴടങ്ങി. ആ ചെറുദൂരത്തിൽ തുടങ്ങി ചൈനയിലെ വൻ ഹൈവേകളിൽ വരെയെത്തി നിൽക്കുന്നു, ഇന്ത്യൻ സംവിധായകരിലെ പ്രമുഖൻ ജീത്തു ജോസഫിന്റെ ഡ്രൈവിങ് വിശേഷം.

jeethu-joseph-1

ആദ്യമെത്തിയതു സിയറ 

ഞാൻ സ്വന്തമായി വാങ്ങിയ വാഹനം ടാറ്റ സിയറ ആണ്. അന്നത്തെ സുന്ദരമായ എസ്‌യുവി ആയിരുന്നു സിയറ. അതിന്റെ സ്റ്റിയറിങ് പൊസിഷനും മറ്റും ഗംഭീരമായിരുന്നു. രണ്ടാമത് ഹോണ്ട സിറ്റി.  പിന്നീട്  റേഞ്ച് റോവർ  ഇവോക്കിലേക്കു മാറി. ഇപ്പോൾ ബിഎംഡബ്ല്യു 6 ജിടിയും എംജി സിഎസ് ഇലക്ട്രിക് എസ്‌യുവിയുമുണ്ട്. 

യാത്രകൾ

ഞാനാർക്കും ഡ്രൈവിങ് സീറ്റ് വിട്ടുകൊടുക്കാറില്ല. അതിനു കാരണം ഡ്രൈവിങ് വളരെ ഇഷ്ടമാണ് എന്നതു തന്നെ. ഹൈദരാബാദ്,  ബെംഗളൂരു, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള ദീർഘയാത്രകളിൽപ്പോലും തനിയെ ഡ്രൈവ് ചെയ്യും.  

എന്നാൽ, കേരളത്തിലെ നഗരയാത്രകൾ അത്ര ആസ്വദിക്കാറില്ല.  ബിഎംഡബ്ല്യു 6 ജിടി എടുത്തശേഷമുള്ള ആദ്യയാത്രകളിലൊന്ന് ഗോവയിലേക്കായിരുന്നു. ക്യാമറാമാൻ സതീഷ് കുറുപ്പും കൂടെയുണ്ടായിരുന്നു. തിരികെ രാവിലെ കാസർകോട് എത്തി. പിന്നീട് കൊച്ചിയെത്തുന്നതുവരെ കഷ്ടമായിരുന്നു ഡ്രൈവ്. തിരക്കില്ലാത്ത ഹൈവേകളിലെ ക്രൂസിങ് ആണ് കൂടുതൽ  ഇഷ്ടം. കുടുംബസമേതം ഒരു പാൻ-ഇന്ത്യ ട്രിപ് ചെയ്യണം എന്നാഗ്രഹമുണ്ട്. പലയിടത്തു താമസിച്ച്, സംസ്കാരവൈവിധ്യവും രുചിപ്പെരുമയും ആസ്വദിച്ചൊരു ദീർഘയാത്ര.   തമിഴ്നാട്ടിലെ പാതയോരങ്ങളിലെ പുളിമരത്തണലിൽ ഇരുന്ന് ആഹാരം കഴിക്കാൻവേണ്ടി മാത്രമൊക്കെ സകുടുംബം സഞ്ചരിച്ചിട്ടുണ്ട്. ഇതിനായി  വീട്ടിൽനിന്ന് ഇലയിൽ ആഹാരം കരുതും.  

ഹിൽസ്റ്റേഷൻ ഡ്രൈവ് ഒരു ഹരമാണ്. വളഞ്ഞുപുളഞ്ഞ പാതകളും കാലാവസ്ഥയും ആസ്വദിക്കും. തൊടുപുഴ- ഇടുക്കി- കുട്ടിക്കാനം എന്നീ റൂട്ടുകൾ പ്രിയപ്പെട്ടവയാണ്. ഇപ്പോൾ സിനിമയെപ്പറ്റിയുള്ള ചിന്ത കൂടി. അന്നേരം ആബ്സന്റ് മൈൻഡഡ് ആകാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രൈവറുമായി പോകാൻ തുടങ്ങി. 

വിദേശ ഡ്രൈവ്

ന്യൂസീലൻഡിൽ വലതുവശത്താണു സ്റ്റിയറിങ്. അതുകൊണ്ടു സംഗതി എളുപ്പമാണെന്നു കരുതി. പക്ഷേ, നമ്മുടെയും അവരുടെയും ഗതാഗത സംസ്കാരം വ്യത്യസ്തമായത് ആദ്യമൊക്കെ ബുദ്ധിമുട്ടായി തോന്നി. 170 കിലോമീറ്റർ ദൂരം ഗ്രാമാന്തരങ്ങളിലൂടെ യാത്ര ചെയ്തു. എല്ലാവരും കൃത്യമായ വേഗം പാലിച്ച്,  ഹോണടിക്കാതെ, ഡ്രൈവ് ചെയ്യുന്ന നാടാണത്.  യുകെയിൽ പോയപ്പോൾ ഒരു സുഹൃത്തിന്റെ ഇവോക് ഡ്രൈവ് ചെയ്തപ്പോഴും പരിചയക്കുറവു തോന്നിയില്ല. വാഹനമല്ല, 

അവിടെയുള്ള ഗതാഗത സംസ്കാരമാണു നമുക്ക് അപരിചിതം. 

ചൈനയിൽ അതിഗംഭീര പാതകളാണ്. റോഡും ചുറ്റുപാടും യൂറോപ്യൻ ലെവലിൽ. പക്ഷേ, ഗതാഗത അച്ചടക്കം പാലിക്കാത്ത ഡ്രൈവർമാരാണ് കൂടുതൽ. പലപ്പോഴും  റെഡ് ലൈറ്റ് ക്രോസ് ചെയ്തു പോകുന്ന ഡ്രൈവർമാരെ കാണാമായിരുന്നു.

jeethu-joseph
Image Source: Social Media

ഇലക്ട്രിക് കാറിന്റെ ഫാൻ

എംജിയുടെ സിഎസ് ഇലക്ട്രിക് എസ്‌യുവിയുടെ  ഫാൻ ആണിപ്പോൾ ഞാൻ. സിറ്റി ഡ്രൈവ് മുഴുവൻ എംജിയിലാണ്. എസ്‌യുവി ഫീലുണ്ട്. പിക്കപ്പുണ്ട്. പിന്നെ പ്രകൃതി സൗഹൃദ വാഹനമാണെന്ന മെച്ചവുമുണ്ട്.  

ബിഎംഡബ്ല്യു 6 ജിടി

ഡ്രൈവർ ഉണ്ടെങ്കിൽ പിന്നിലിരുന്നാണു യാത്ര. അതിനാൽ,  നല്ല ലെഗ് റൂം വേണം. ആദ്യം പരിഗണിച്ച  ബിഎംഡബ്ല്യു സെവൻസീരീസിനു വിലകുറച്ചു കൂടുതലാണെന്നു തോന്നി. അന്നേരമാണ് അതേ ലെവലിൽ ലെഗ്റൂം തരുന്ന, ഒരേ പ്ലാറ്റ്ഫോം പങ്കിടുന്ന 6 ജിടി തിരഞ്ഞെടുത്തത്. മുൻപ് റേഞ്ച് റോവർ ഇവോക് ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്.   ആ വാഹനം വിറ്റുകളയേണ്ടതില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. മറയൂരിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കൊക്കെ ബുദ്ധിമുട്ടില്ലാതെ ഇവോക്കിൽ പോകാമായിരുന്നു. 

എനിക്കു കുറച്ചു സോഫ്റ്റ് സ്റ്റൈലിലുള്ള വാഹനങ്ങളാണ്  ഇഷ്ടം. മസിലൻ വണ്ടികളോട് അത്ര പ്രിയമില്ല. പണ്ടൊക്കെ ഇഷ്ടമായിരുന്നു. ഇന്ന് കോംപാക്ട് വാഹനമാണ് ഇഷ്ടം. എവിടെയും പോകാനുള്ള തരത്തിൽ ഒരു എസ് യുവി കൂടി വേണമെന്നുണ്ട്.  വാഹനവിശേഷം പറഞ്ഞുനിർത്തുമ്പോൾ കാരവനിന്റെ വാതിലിൽ മുട്ടുകേട്ടു. 

‘സർ ഷോട്ട് റെഡിയാണ്’.  മറയൂരിനു മുകളിലെ ശീതകാല വിളകളുടെ ഗ്രാമമായ കീഴാന്തൂരിൽ  ‘കൂമൻ’ എന്ന സസ്പെൻസ് ത്രില്ലറിന്റെ ചൂടുപിടിപ്പിക്കുന്ന രംഗങ്ങൾക്കുള്ളിലേക്ക് ജീത്തു ജോസഫ്  മെല്ലെ 

ഡ്രൈവ് ചെയ്തു കയറിപ്പോയി. 

English Summary: Director Jeethu Joseph Car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS