23 ദിവസം നീണ്ട യാത്ര, ട്രക്കിൽ ലോഡുമായി ശ്രീനഗർ വരെ പോയ ജലജ രതീഷ്

lady-truck-driver
SHARE

കാറിലും ബൈക്കിലും കശ്മീരിലേയ്ക്ക് ട്രിപ്പടിക്കുന്നവരിൽനിന്നു വ്യത്യസ്തയായി ഇതാ ഒരു വനിത. കോട്ടയം ഏറ്റുമാനൂർ പുത്തേട്ട് വീട്ടിൽ ജലജയാണ് വേറിട്ട യാത്രനടത്തി ശ്രദ്ധേയ ആയത്. കോട്ടയത്തുനിന്നും ശ്രീനഗറിലേയ്ക്ക് ട്രക്കോടിച്ചാണ് കശ്മീർ കാണണമെന്ന മോഹം ഈ വീട്ടമ്മ പൂർത്തീകരിച്ചത്. ഭീകരരുടെ ആക്രമണം നിരന്തരമുണ്ടാകുന്ന ശ്രീനഗറിന്റെ ഹൃദയത്തിലൂടെയാണ് ജലജ നാഷണൽ പെർമിറ്റ് ലോറി പായിച്ചത്. 23 ദിവസം നീണ്ട യാത്രയായിരുന്നു ഇത്.

ലോറി ട്രാൻസ്പോർട്ട് ബിസിനസുകാരനായ ഭർത്താവ് പി.എസ്.രതീഷായിരുന്ന ഒപ്പം ഉണ്ടായിരുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. പെരുമ്പാവൂരിൽ നിന്നു പുണെ വരെ പ്ലൈവുഡ് കയറ്റിയായിരുന്നു ആദ്യ ട്രിപ്. പുണെയിൽനിന്നു സവാളയുമായി ശ്രീനഗറിലേക്കു പോയി. മിക്ക വഴികളിലും സുരക്ഷാ സേനയുടെ പരിശോധന ഉണ്ടായിരുന്നു. ശ്രീനഗറിനു തൊട്ടുമുൻപ് സേനയുടെ വലിയ പരിശോധനയും നടന്നു.

lady-truck-driver-1

ശ്രീനഗറിൽ ലോഡ് ഇറക്കിക്കിട്ടാൻ 2 ദിവസമെടുത്തു. അതിനിടെ കശ്മീർ ചുറ്റിക്കണ്ടു. തിരികെ കശ്മീരിൽനിന്നു ലോഡ് കിട്ടിയില്ല. പഞ്ചാബിൽ എത്തി സുവർണ ക്ഷേത്രവും ജാലിയൻവാലാബാഗ് സ്മാരകവുമൊക്കെ കണ്ടു. ആഗ്രയിലെത്തി താജ്മഹലും. ഹരിയാനയിൽനിന്നു ബെംഗളൂരുവിലേക്ക് ലോഡ് കിട്ടി. മൈസൂരുവിൽനിന്നു മറ്റൊരു ലോഡുമായി കേരളത്തിലേക്ക്.

ആദ്യമായല്ല ജലജ ലോഡുമായി ദീർഘദൂരം യാത്ര ചെയ്യുന്നത്. മുംബൈയിലേക്കായിരുന്നു ആദ്യ യാത്ര. അന്നും ഭർത്താവായിരുന്നു കൂട്ട്. യാത്രയിൽ ഇടയ്ക്ക് ഫ്രഷ് ആകാൻ പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുന്നത്. അവിടങ്ങളിൽ പുരുഷ ഡ്രൈവർമാരുടെ നടുവിൽ ലോറിയുമായി സ്ത്രീയെ കാണുമ്പോൾ അവർക്കു കൗതുകമാണ്. ഡ്രൈവിങ്ങിനിടയിൽ രാവിലെയും വൈകിട്ടും മാത്രമാണ് ഭക്ഷണം. അതും സ്വയം പാചകം ചെയ്യും. 

പാചകവാതക സിലിണ്ടറും പാത്രങ്ങളും കൊണ്ടുപോകും. പാചകം ചെയ്യാനുള്ളത് അതത് സ്ഥലത്തുനിന്നു വാങ്ങും. ക്ഷീണം തോന്നുമ്പോൾ സ്റ്റിയറിങ് ഭർത്താവിനു കൈമാറും. ലോറിയുടെ കാബിൻ ശീതീകരിച്ചതാണ്. അവിടെ കിടന്ന് അൽപം മയങ്ങും. ലോഡ് മിക്കതും കേടാകാതെ എത്തിക്കേണ്ടതിനാൽ കൂടുതൽ വിശ്രമത്തിനു വഴിയോരങ്ങളിൽ തങ്ങാൻ കഴിയില്ല.

ജലജ ഡ്രൈവിങ് പഠിച്ചിട്ട് 7 വർഷമായി. 21 –ാം വയസ്സിൽ വിവാഹം കഴിച്ച് ചെറുവാണ്ടൂരിൽ എത്തി. സ്കൂട്ടർ ഓടിക്കാൻ പഠിച്ചു തുടങ്ങി. പിന്നെ ഹെവി ലൈസൻസും എടുത്തു. മക്കളായ ദേവികയും (പ്ലസ് ടു), ഗോപികയും (പ്ലസ് വൺ) അവധിക്കാല ട്രിപ്പിൽ ഒപ്പം കൂടാറുണ്ട്.

സ്ത്രീ ശാക്തീകരണത്തിനു വേണ്ടി ഒരു വാഹന കമ്പനി പുറത്തിറക്കിയ ഹ്രസ്വ വിഡിയോയിലും ജലജ മുഖം കാണിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വൈവിധ്യമാർന്ന നേട്ടങ്ങൾ കൈ

വരിച്ച വനിതകളെയാണ് വിഡിയോയിൽ അവതരിപ്പിച്ചത്. ഇത് വൈറലായി. ഡ്രൈവിങ് അനുഭവങ്ങളുമായി ജലജ ചെയ്ത യുട്യൂബ് വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. 

English Summary: Woman drives cargo truck from Kerala to Kashmir 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS