ADVERTISEMENT

ഇന്ത്യയിൽ ഏറ്റവുമധികം ടാറ്റ നെക്സോൺ ഇലക്ടിക് കാറുകൾ ഓടുന്നത് കേരളത്തിലാണ്. ഈ വാരം ഒരു നെക്സോൺ തീപിടിച്ചു പൂർണമായും നശിച്ചു. ഇവിടെയല്ല, അങ്ങ് മുംബൈയിൽ. ഒരുപക്ഷേ ഇന്ത്യയിൽ തീ പിടിച്ചു നശിച്ച ആദ്യ ഇലക്ട്രിക് നെക്സോണായിരിക്കാം ഇത്. ഇവിടെയും ഇതു സംഭവിക്കുമോ? സാധ്യത വിരളമാണ്, പക്ഷേ സംഭവിക്കാം. എങ്ങനെ?

 

ഷെവർലെ തീ...

electric-car-fire
Spyro the Dragon | Shutterstock

 

ഇന്ത്യയിൽ വന്നു പൊട്ടിത്തകർന്നു പോയ അമേരിക്കൻ കമ്പനികളിലൊന്നാണ് ഷെവർലെ. ഫോഡിനു മുന്നെ പാപ്പരായി അവർ ഇന്ത്യ വിട്ടു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഇലക്ട്രിക് കാർ തീപിടിത്തങ്ങളിലൊന്ന് ഷെവർലെക്ക് സ്വന്തം. വോൾട്ട്... ഇന്ത്യയിൽ ഇറക്കാൻ ആഗ്രഹിച്ചിരുന്ന വാഹനങ്ങളിലൊന്നാണത്. കാൾ സ്ലിം എന്ന സിഇഒ, അദ്ദേഹം ഇന്നില്ല, പറഞ്ഞിട്ടുണ്ട് അടുത്തതായി ഇന്ത്യയിൽ വരുന്ന ഷെവർലെ വോൾട്ടായിരിക്കുമെന്ന്. പക്ഷേ വാക്കു പാലിക്കാനായില്ല. കാൾ ഷെവർലെ വിട്ടു ടാറ്റയിൽചേർന്നു. വോൾട്ട് ഇക്കാലത്തുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളിൽ അന്യം നിന്നു.

 

തീ പിടിച്ചു

 

അമേരിക്കയിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ എന്ന സംഘടന 2011 ൽ മൂന്നു ടെസ്റ്റുകൾ വോൾട്ടിൽ നടത്തി. മൂന്നും കലാശിച്ചത് തീപിടിത്തത്തിൽ. ഒരു ടെസ്റ്റിങ്ങിൽ ബോൾട്ട് പൂർണമായും കത്തിയമർന്നു. ബാറ്ററി പാക്കാണ് വിഷയം. ക്രാഷ് ടെസ്റ്റിൽ ബാറ്ററി പാക്കിന് തീപിടിക്കും. 2012 ൽ പുതിയൊരു ബാറ്ററി കൂളന്റ് സംവിധാനം ഘടിപ്പിച്ച് ഷെവർലെ തലയൂരി. അധികാരികളുടെ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും പൊതുജനം അതത്ര അംഗീകരിച്ചില്ല. 

 

tesla-car-fire
Image Source: Twitter

50 മീറ്റർ മാറ്റി പാർക്ക് ചെയ്യണം

 

കഴിഞ്ഞ കൊല്ലം മാത്രം ഷെവർലെയുടെ തന്നെ ബോൾട്ട് എന്ന ഇലക്ട്രിക് കാർ 18 ബാറ്ററി തീപിടിത്ത സാധ്യതയുണ്ടാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം കാറുകൾ തിരിച്ചു വിളിച്ച് മാറ്റങ്ങൾ വരുത്തിക്കൊടുത്തു. എന്നിട്ടും പ്രശ്നങ്ങൾ കഴിഞ്ഞില്ല. രണ്ടു കാറുകൾക്ക് ഇക്കൊല്ലം തീ പിടിച്ചു. 50 തീപിടിത്ത സാധ്യതകൾ റിപ്പോർട്ടു ചെയ്തു. കമ്പനി കാറുകൾ ചിലതൊക്കെ തിരിച്ചുവാങ്ങി പരാതിയൊതുക്കി. ഏറ്റവും രസകരമായ സംഗതി മറ്റു കാറുകളിൽനിന്ന് 50 മീറ്റർ അകലത്തിലേ ബോൾട്ട് പാർക്ക് ചെയ്യാവൂ എന്ന കമ്പനി നിർദ്ദേശമാണ്. മാത്രമല്ല, അടച്ചിട്ട ഗാരിജുകളിൽ ബോൾട്ട് പാർക്ക് ചെയ്യരുതെന്നും കമ്പനി നിർദ്ദേശിച്ചു. ഈ നിർദ്ദേശം ലംഘിച്ച ഉടമകളുടെ ബോൾട്ടുകൾ തീപിടിച്ച സംഭവങ്ങളുണ്ട്. ഏറ്റവുമൊടുവിൽ 2021 സെപ്റ്റംബറിൽ ചെറോക്കി കൗണ്ടിയിൽ ഒരു വോൾട്ടിനു തീ പിടിച്ചതായി റിപ്പോർട്ടുണ്ട്.

 

അമിതമായ ചൂട്, അപകടം

 

Ola-Electric-Scooter

രണ്ടു സാധ്യതകളിലാണ് ഇലക്ട്രിക് കാറുകൾ തീ പിടിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് കൂടിയ അന്തരീക്ഷ ഊഷ്മാവ്. രണ്ട്. ആക്സിഡന്റ്. കൂട്ടിയിടികളിൽ 50 ശതമാനത്തിലധികം ഇലക്ട്രിക് വാഹനങ്ങൾക്കു തീപിടിച്ചിട്ടുണ്ട്.

 

കാൾ സ്ലിമ്മിലേക്കു മടങ്ങാം. ബീറ്റ് ഇന്ത്യയിൽ ഇറക്കുന്ന കാലത്ത് ജയ്പുരിലായിരുന്നു ടെസ്റ്റ് ഡ്രൈവ്. മരുഭൂമിയിൽ ബീറ്റ് പെട്രോളിലും ഡീസലിലും ഓടുമ്പോൾ കാൾ പറഞ്ഞു, വോൾട്ട് ഇതേ സാഹചര്യത്തിൽ പരീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് കാർ. കൊടും ചൂടിൽ തീ പിടിക്കുന്നുണ്ടോയെന്ന് പരീക്ഷിക്കണം. പരീക്ഷ വിജയിച്ചോ എന്നറിയില്ല, ഷെവർലെ വോൾട്ട് ഇന്ത്യയിൽ ഇറങ്ങിയില്ല.

 

‘തെർമൽ റൺ എവേ’

 

electric-bus-fire
SOR EBN 9.5 electric bus from Hranice na Morave which caught fire and was destroyed, Mino Surkala | Shutterstock

ചൂടു കൂടുമ്പോൾ വീണ്ടും അധിക ഊർജം ചൂടായി പുറന്തള്ളുന്ന പ്രക്രിയ. ലിതിയം അയൺ ബാറ്ററികൾ ചൂടാകുമ്പോഴോ, അധികമായി ചാർജാകുമ്പോഴോ കടുത്ത ആഘാതത്തിലോ അധിക ചൂട് പുറത്തേക്കു വിടുകയും കത്തുകയും ചെയ്യാം എന്നത് ശാസ്ത്രസത്യം.

 

അതാണ് പ്രശ്നം, ചൂട് താങ്ങില്ല

 

അപ്പോൾ ടെസ്‌ലയോ? അമേരിക്കയിലെ ഏറ്റവും ചൂടുള്ള സ്ഥലങ്ങളിലാണ് ടെസ്‌ല നിർമാണം. ഒരിക്കൽ സന്ദർശിച്ചിട്ടുണ്ട്. ലൊസാഞ്ചലസിൽ. അന്നവർ കൈക്കൊണ്ട മുൻകരുതലുകളും മനസ്സിലാക്കി. എന്നാൽ ഇതൊന്നും ഷെവർലെ ശ്രദ്ധിച്ചില്ല. കുറഞ്ഞ പണത്തിൽ ഇലക്ട്രിക് ഇറക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വോൾട്ട് 2011 ൽ തീ പിടിച്ചത് ചൂടു താങ്ങാനാവാതെയാണ്. ഈ ചൂട് ക്രമീകരിക്കാൻ പഠിച്ചതാണ് ടെസ്‌ലയുടെ വിജയം. 

 

വോൾട്ട് കത്തി, നെക്സോൺ പോലെ...

 

എങ്ങനെ കത്തി എന്നതാണ് ചോദ്യം. ലളിതഭാഷയിൽ പറഞ്ഞാൽ ബാറ്ററികൾ ചൂടു പിടിക്കും. ഊർജം വരുമ്പോൾ ഉപോത്പന്നമായി ചൂടും വെള്ളവും വായുവും ഒക്കെയുണ്ടാവും എന്നത് രസതന്ത്ര ക്ലാസുകളിൽ പഠിച്ച പാഠം. ടെസ്‌ലയുടെ ബാറ്ററി മാനേജ്മെന്റാണ് അവരുടെ വിജയം. എങ്ങനെ?

 

യഥാർഥ ഇലക്ട്രിക്

 

പ്ലാറ്റ്ഫോം ഇലക്ട്രിക്കാണ് എന്നതാണ് ടെസ്‌ലയുടെ നേട്ടം. ഷാസി മുഴുവൻ പരന്നിരിക്കുന്ന ബാറ്ററി പാക്ക്. ബാറ്ററി എന്നാൽ നമ്മുടെ ഡബിൾ എ അല്ലെങ്കിൽ ട്രിപ്പിൾ എ വലുപ്പമുള്ള ബാറ്ററികളുടെ സങ്കലനം. മുഴുവൻ സീറ്റിനടിയിൽ അടുക്കി വച്ചിരിക്കുന്നു. ആയിരക്കണക്കിനു ബാറ്ററികൾ. ഇനി, അറിയേണ്ടത് ഇതിനിടയിൽ കൂളിങ് സംവിധാനമുണ്ട്. ബാറ്ററികൾ ഊർജം തരുമ്പോൾ ചൂടാകും. അപ്പോൾ തണുപ്പിക്കണം. ടെസ്‌ലയിൽ ഈ സംവിധാനം നിലവിലുണ്ട്. ഇന്ത്യയിലുണ്ടോ? അറിയില്ല. ചെറിയ തോതിൽ ഉണ്ടാവാം, പക്ഷേ കാര്യമായില്ല. അങ്ങനെ നോക്കിയാൽ ഒരു ബോംബാണല്ലേ വീട്ടിൽ കിടക്കുന്നത്.

 

പരിശോധിക്കാം...

 

ഇടിയാണ് തീപിടിത്ത സാധ്യതയുണ്ടാക്കുന്ന മറ്റൊരു പ്രധാന ഘടകം. ഇടിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ കത്താറുണ്ട്. ചൈനയിൽനിന്ന് ഈയിടെ ഇന്ത്യയിലിറങ്ങിയ ബിവൈഡിയുടെ കാര്യം നോക്കാം. 2012 ൽ വേറൊരു ,വാഹനവുമായി കൂട്ടിയിടിച്ച ബിവൈഡി കത്തി. ചൈനയിലെ  ഷെൻചെന്നിലെ ഒരു ടാക്സിയാണ് കത്തിയത്. ചൈനയിൽത്തന്നെ മറ്റൊരു ബിവൈഡി മരത്തിലിടിച്ചു കത്തി 3 പേർ മരിച്ചതായി രേഖകളുണ്ട്.

 

ആരും മോശക്കാരല്ല

 

ഇലക്ട്രിക് കാറുകളുടെ രാജാവായ ടെസ്‌ലയുടെ അപകടങ്ങളിൽ 30 മരണങ്ങളുണ്ടായിട്ടുണ്ട്. കൂടുതലും കൂട്ടിയിടികളിലാണ് ബാറ്ററി കത്തിയത്. പെട്രോൾ വണ്ടിയായാലും സമാന അപകടത്തിൽ കത്തുമായിരുന്നു എന്നതാണ് കമ്പനി ഇത്തരം അപകടങ്ങളിൽ നൽകുന്ന വിശദീകരണം. എന്നാൽ നാഷനൽ ഫയർ പ്രൊട്ടക്‌ഷൻ അസോസിയേഷൻ എന്ന സംഘടനയുടെ സർട്ടിഫിക്കറ്റ് പ്രകാരം ടെസ്‌ല തീപിടിക്കാൻ പെട്രോൾ കാറുകളെക്കാൾ അഞ്ചിരട്ടി സാധ്യതയുണ്ടെന്നാണ്. എന്നാൽ ഇതൊക്കെ അതിജീവിച്ച് ടെസ്‌ല മുന്നേറുന്നു. ഏറ്റവുമൊടുവിൽ 2019 ൽ വന്ന നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി റിപ്പോർട്ടിൽ, 2012 മുതൽ 2019 വരെയുള്ള മോഡൽ എക്സ്, എസ് കാറുകൾ ഇടിച്ചാൽ തീ പിടിക്കും എന്നു വ്യക്തമായി പറയുന്നുണ്ട്. 

 

ടെസ്‌ല മാത്രമല്ല

 

ഡോഡ്ജ്, നിസ്സാൻ ലീഫ്, ഫോക്സ്‌വാഗൻ െഎഡി മോഡലുകൾ, ഇ ഗോൾഫ്,  പോർഷെയുടെ വിവിധ മോഡലുകൾ, ഹ്യുണ്ടേയ് ഐക്കോണിക്, കൊന, ഔഡിയുടെയും ബിഎംഡബ്ല്യുവിന്റെയും റെനോയുടെയും അസംഖ്യം മോഡലുകൾ എന്നിവയൊക്കെ വെറുതെനിന്നും അപകടത്തിൽപ്പെട്ടും കത്തിയിട്ടുണ്ട്. അതുകൊണ്ട് പെട്രോൾ കാറുകൾ പോലെയോ അതിലധികമോ ഇലക്ട്രിക് കാറുകൾക്ക് തീപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിരിക്കണം. സാങ്കേതികത വികസിക്കുന്നു, മാറ്റങ്ങൾ നിമിഷം പ്രതി വന്നു കൊണ്ടിരിക്കുന്നു എന്നതു മാത്രമാണ് പ്രതീക്ഷ...

 

English Summary: How Often Do Electric Cars Catch Fire?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com