ADVERTISEMENT

സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘ഹൈവേ’യുടെ രണ്ടാം ഭാഗം സംവിധായകൻ ജയരാജ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. 27 വർഷം മുൻപ് റിലീസ് ചെയ്ത ‘ഹൈവേ’യുടെ രണ്ടാം ഭാഗം എത്തുമ്പോൾ വാഹന പ്രേമികളുടെ ചോദ്യം, ആ മഞ്ഞ ജിപ്സി വീണ്ടുമെത്തുമോ എന്നാണ്. ചിത്രത്തിൽ സുരേഷ് ഗോപി ഉപയോഗിച്ച മാൾബറോ ലേബലുള്ള ജിപ്സി അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. വാഹനപ്രേമികൾക്കിടയിൽ ഹരമാകാൻ ആ ജിപ്സി വീണ്ടും എത്തുമോ? ജയരാജ് പറയുന്നു.

johny-walker

ജോണിവാക്കറിലെ വാഹനങ്ങൾ

‘‘എന്റെ സിനിമകളിലെല്ലാം പുതുമയുള്ള വാഹനങ്ങൾ ഉപയോഗിക്കാറുണ്ട്. ജോണി വാക്കർ എന്ന സിനിമയിൽ ഒരു കറുത്ത കാറുണ്ട്. ഇറക്കുമതി ചെയ്ത ഷെവർലെ ആയിരുന്നു അത്. അതിന്റെ ബോണറ്റിൽ ഒരു കുരിശുണ്ടായിരുന്നു. ഡ്രഗ് ഡീലേഴ്‌സ് വരുന്നതു കാണുമ്പോഴേ പേടി തോന്നണം. അത് ദൂരെനിന്നു വരുമ്പോൾ ചുറ്റും മരുഭൂമിയിൽ കാണുന്നതു പോലെ മിറാഷ് ഉണ്ടാകും അതിനൊപ്പം ഒരു എനിഗ്‌മ മ്യൂസിക്കും കാണും. ഭയങ്കര റസ്റ്റിക് ആയ യൂത്ത്ഫുൾ റപ്രസെന്റേഷൻ ആയിരുന്നു അത്. അതിൽത്തന്നെ, പിക്കപ്പ് വാൻ പോലെ വില്ലൻ കോളജിൽ കൊണ്ടുവരുന്ന മറ്റൊരു വണ്ടിയുമുണ്ട്. അതിന്റെ പുറകുവശം ഓപ്പൺ ആണ്. ജോണി വാക്കർ വരുന്നത് ഒരു ബൈക്കിലാണ്. അന്ന് അതിനു വേണ്ടി ഞാൻ ഹാർലി ഡേവിഡ്സൺ നോക്കിയിരുന്നു അത് കിട്ടാഞ്ഞിട്ട് അതുപോലെ മോഡിഫൈ ചെയ്തെടുത്ത ഒരു ബൈക്കിലാണ് ജോണി വരുന്നത്.  

ഹൈവേയിലെ ജിപ്സി

വളരെ സ്റ്റൈലൈസ്ഡ് ആയ കഥാപാത്രമാണ് ഹൈവേയിലെ ശ്രീധർ പ്രസാദ്. അതുകൊണ്ടുതന്നെ അയാൾ സിഗരറ്റ് വലിക്കുന്നതിലും ട്രാവൽ ചെയ്യുന്നതിലുമൊക്കെ ഒരു ഫ്രീക് ലുക്ക് വേണമായിരുന്നു. ഞങ്ങൾ ജിപ്സിയാണ് അന്ന് ഉപയോഗിച്ചത്. അക്കാലത്ത് ജിപ്സി ഒരു സെൻസേഷൻ ആയിരുന്നു. ടാസ്ക് ഫോഴ്‌സ്, മിലിട്ടറി ഒക്കെ ജിപ്സി ഉപയോഗിക്കാറുണ്ട്. അത്രയും പിക്കപ്പ് ഉള്ള വണ്ടികൾ അന്നു കുറവാണ്. ഒരു റാലി വെഹിക്കിളിന്റെ പാറ്റേണിലാണ് അത് മോഡിഫൈ ചെയ്തത്. അതിൽ മാൾബറോയുടെ എംബ്ലവും പതിച്ചു. ശ്രീധർ പ്രസാദ് വലിക്കുന്ന സിഗരറ്റും മാൾബറോ ആണ്.  

gypsy-1

ശ്രീധർ പ്രസാദ് എന്ന കഥാപാത്രം എല്ലാത്തരത്തിലും സ്റ്റൈലിഷാണ് എന്നു കാണിക്കാനാണ് അത്തരം പ്രോപ്പർട്ടികൾ ഉപയോഗിച്ചത്. സിനിമയിൽ നൈറ്റ് റൈഡേഴ്‌സ് വരുന്നത് ഹാർലി ഡേവിഡ്സൺ പോലെ മൊഡിഫൈ ചെയ്ത ബൈക്കുകളിലാണ്. പത്തൻപതോളം ബൈക്കുകളിൽ ഒരു ഗാങ് വരുന്നുണ്ട്.  അന്നത്തെ ഏറ്റവും ലേറ്റസ്റ്റ് ബൈക്കുകൾ ആണ് ഉപയോഗിച്ചത്. ഇതൊക്കെ സിനിമയുടെ സ്വഭാവവും കാലഘട്ടവും മാറുന്നതിനനുസരിച്ച് മാറുന്നതു കാണാം. കെജിഎഫ് ടൂ കണ്ടാൽ അതിലെ നായകൻ ഒരു പ്രത്യേക തരത്തിലുള്ള, ടഫ് ആയ വണ്ടി ഓടിക്കുന്നുണ്ട്. അത് അയാളുടെ സ്വഭാവത്തിന്റെ ഭാഗമാണ്. അതതു കാലത്തെ ലേറ്റസ്റ്റ് വണ്ടികൾ സിനിമകളിൽ ഉപയോഗിക്കുന്നതു നല്ലതാണ്.

ഹൈവേയുടെ രണ്ടാം ഭാഗത്തിലും ഉറപ്പായും ഒരു വണ്ടി ഉണ്ടാകും. അന്നത്തെ  ജിപ്സി ഇപ്പോൾ ഉപയോഗിക്കാൻ പറ്റില്ലല്ലോ. കാലവും സ്വഭാവവും മാറുന്നതിനനുസരിച്ചുള്ള മാറ്റം ഉണ്ടാകും. വണ്ടി ഏതാണെന്നുള്ളത് ഇപ്പോൾ ഒരു സർപ്രൈസ് ആയിരിക്കട്ടെ. സിനിമ ഇറങ്ങുന്നതുവരെ അത്തരം ചില സർപ്രൈസുകൾ കാത്തുവയ്ക്കുന്നത് നല്ലതാണ്. എന്തായാലും ഏറ്റവും പുതിയ വണ്ടികളും ബൈക്കുകളും ഉണ്ടാകും. അത് ഉറപ്പാണ്.

English Summary: Jayaraj About Yellow Gypsy Used In Highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com