ADVERTISEMENT

'ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വണ്ടിയോടിക്കാന്‍ പഠിച്ചത്. നിയമപരമായി തെറ്റാണെങ്കിലും ആഗ്രഹം മൂത്ത് പഠിച്ചതാണ്. പിന്നെ എട്ടാം ക്ലാസിലായപ്പോഴേക്കും അടുത്തൊക്കെ വണ്ടിയെടുത്ത് പോകും. ഇത്ര ചെറുപ്പത്തിലേ പഠിച്ചതുകൊണ്ടുതന്നെ വണ്ടിയോടിക്കുകയെന്നത് എന്നെ സംബന്ധിച്ച് ടെന്‍ഷനുളള കാര്യമല്ല'.

ഇതുപറയുന്നത് കലാമൂല്യമുളള ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം തീര്‍ത്ത നടി അനുമോളാണ്. അഭിനയത്തിനൊപ്പം നൃത്തം, യാത്രകള്‍, ഡ്രൈവിങ് ഒക്കെയാണ് അനു മോളെ പോസിറ്റീവാക്കി നിര്‍ത്തുന്നത്്. സിനിമയിലെ പ്രശസ്തിക്കും പണത്തിനുമപ്പുറം ഒരുപാട് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന അനുമോള്‍ ഡ്രൈവിങ് വിശേഷങ്ങളും യാത്രാ അനുഭവങ്ങളും പങ്കുവയ്ക്കുന്നു മനോരമ ഓണ്‍ലൈനുമായി.

aumol-3

സ്വപ്‌നം... യാത്ര മാത്രം

പതിനെട്ട് വയസ്സായപ്പോള്‍ അനുമോള്‍ ആദ്യം ചെയ്ത കാര്യം ലൈസന്‍സെടുക്കുകയായിരുന്നു. ഡ്രൈവിങ് വളരെ ഇഷ്ടമാണെങ്കിലും വണ്ടികളോട് ഒരുപാട് ക്രേസൊന്നുമില്ല. ഏത് വണ്ടിയായാലും കുഴപ്പമില്ല. നാലു ചക്രം ഉണ്ടായാല്‍ മതി. ആദ്യം ജീപ്പായിരുന്നു ഓടിച്ചിരുന്നത്. പിന്നെ കാറോടിക്കാന്‍ തുടങ്ങി. കാറുകളുടെ ബ്രാന്‍ഡിനെക്കുറിച്ചൊന്നും സാധാരണ നോക്കാറില്ല. ബന്ധുവിന്റെ നാല് വയസുള്ള മകനറിയുന്ന വണ്ടികള്‍ പോലും തനിയ്ക്കറിയില്ലെന്നും അനുമോള്‍ പറയുന്നു.

‘‘ഹ്യുണ്ടേയ് വണ്ടികള്‍ വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ വാഹനമായ ക്രേറ്റ തെരഞ്ഞെടുത്തത്. ഹ്യുണ്ടേയ് ഷോറൂമില്‍ പോയി ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ക്രേറ്റ നല്ല വണ്ടിയാണെന്ന്. ഫ്രണ്ട്‌സും നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ അത് വാങ്ങി. ഇത്ര സിംപിളാണ് എന്റെ സിലക്​ഷന്‍’’ അനുമോള്‍ ചിരിയോടെ പറയുന്നു.

അനുമോള്‍ ആദ്യമായി സ്വന്തമാക്കുന്ന വണ്ടിയും ക്രേറ്റയാണ്. അഞ്ചു വര്‍ഷത്തോളമായി ഈ വണ്ടി കയ്യിലെത്തിയിട്ട്. അതുവരെ വീട്ടുകാര്‍ വാങ്ങി തന്ന വണ്ടിയാണ് ഓടിച്ചിരുന്നത്. ഇതിനുമുന്‍പ് ഐ10 ആയിരുന്നു. തനിക്ക് ഓടിക്കാന്‍ കുഴപ്പമില്ലാത്ത കംഫര്‍ട്ടബിളായ ഒരു വണ്ടി വേണം. അതിനപ്പുറം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്‌ന വണ്ടിയൊന്നുമില്ല, യാത്രകള്‍ മാത്രമാണ് തന്റെ സ്വപ്‌നമെന്നും അനുമോള്‍ പറഞ്ഞു.

aumol-1

സോളോ ട്രിപ്പും നൈറ്റ് ഡ്രൈവും

ഫ്രണ്ട്‌സിന്റെയും ഫാമിലിയുടേയും കൂടെ യാത്ര പോകാന്‍ ഇഷ്ടമാണെങ്കിലും അനുമോള്‍ക്ക് സോളോ ട്രിപ്പുകളോടാണ് പ്രിയം. അധികവും സ്വയം ഡ്രൈവ് ചെയ്താണ് പോവാറ്. നൈറ്റ് ഡ്രൈവും വളരെയധികം ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി നൈറ്റ് ഡ്രൈവ് ഒഴിവാക്കാറാണ് പതിവ്. പ്രശ്‌നം ഡ്രൈവിനിടയില്‍ ഉറങ്ങിപ്പോവുന്നതാണ്. പിന്നെ കുറച്ച് ആരോഗ്യപ്രശ്‌നങ്ങളൊക്കെ ഉണ്ട്. 

2019ല്‍ ഹൈദരാബാദില്‍ ഒരു പ്രിയങ്ക എന്ന വെറ്റനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം അനുമോളെയും ബാധിച്ചിട്ടുണ്ട്. പ്രിയങ്ക ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു ടോള്‍പ്ലാസയ്ക്കരികില്‍ വച്ച് കേടായപ്പോൾ സഹായിക്കാനെന്ന് പറഞ്ഞെത്തിയ ചിലര്‍ അവരെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. ഈ സംഭവം അനുമോളുടെ യാത്രകളുടെ മോഡ് മാറ്റിച്ചു. 

aumol-4

ഡ്രൈവിങ്ങിനിഷ്ടം നാടു തന്നെ

കേരളത്തില്‍ എല്ലാ ജില്ലകളിലും അനുമോള്‍ വണ്ടിയോടിച്ചിട്ടുണ്ട്. വിദേശത്ത് വണ്ടിയോടിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. പ്രകൃതി സുന്ദരമായ കുമരകം പോലുള്ളിടത്തൊക്കെ വണ്ടിയോടിക്കാന്‍ ഇഷ്ടമാണ്. നാടായ പട്ടാമ്പിക്കടുത്തുള്ള അകമലവാരവും അനുമോള്‍ വണ്ടിയോടിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ്. ഇരുവശവും മരങ്ങളുള്ള വഴികളിലൂടെയും പുഴയും കായലുമൊക്കെയുള്ള കുട്ടനാട് പോലുള്ള പ്രദേശങ്ങളിലൂടെയുമൊക്കെ ഡ്രൈവ് ചെയ്യാന്‍ ഇഷ്ടമാണെന്നും അനുമോള്‍ പറയുന്നു.

ഡ്രൈവിങ്ങിനേക്കാള്‍ അനുമോള്‍ക്ക് വെല്ലുവിളിയാവുന്നത് വണ്ടിക്ക് സംഭവിക്കുന്ന അറ്റകുറ്റപ്പണികളാണ്. വണ്ടി പഞ്ചറാവുന്നതും ബ്രേക്ക് ഡൗണാവുന്നതുമൊക്കെയാണ് ടെന്‍ഷന്‍ പിടിച്ച കാര്യങ്ങള്‍. എന്നാല്‍ ഇതുവരെ വഴിയില്‍ കിടക്കുന്ന നിലയില്‍ വലിയ പ്രശ്‌നങ്ങളൊന്നും വണ്ടി ഓടിക്കുമ്പോള്‍ ഉണ്ടായിട്ടില്ലെന്നതാണ് ആശ്വാസം.

അനുയാത്രകള്‍

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന അനുമോള്‍ ഷൂട്ടിങ്ങിനു വേണ്ടിയും അല്ലാതെയും ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. ഒഴിവു സമയങ്ങളില്‍ അനുയാത്ര എന്ന വ്ലോഗിനുവേണ്ടിയും യാത്ര പോവാറുണ്ട്. ദൂരയാത്രകള്‍ മാത്രമല്ല വീടിനടുത്തുളള കാവുകളിലും അമ്പലങ്ങളിലുമൊക്കെ പോവുന്നതും അനുമോളുടെ ഇഷ്ട യാത്രകളില്‍ പെടുന്നു.

അടുത്തിടെ ഒരു ഷൂട്ടിങ് ആവശ്യത്തിന് അനുമോള്‍ പുതുക്കോട്ടയില്‍ പോയിരുന്നു. പുതുക്കോട്ടയില്‍ നിന്ന് കാരൈക്കുടി, രാമേശ്വരം, ധനുഷ്‌കോടി, മധുര ഒക്കെ ചുറ്റിയാണ് പട്ടാമ്പിയില്‍ തിരിച്ചെത്തിയത്. ‘‘ഓരോ സ്ഥലങ്ങള്‍ക്കും ഓരോ ഫീലാണ്. ഈ യാത്രയില്‍ പലതരം ആളുകളെ കണാനും ഇടപഴകാനും അവരുടെ ഭക്ഷണം കഴിക്കാനുമൊക്കെ സാധിച്ചു. കടലും കൊത്തുപണികളുളള അമ്പലങ്ങളും കുന്നും മലയുമൊക്കെയുളള വഴികളിലൂടെയുളള യാത്ര വല്ലാത്തൊരു അനുഭവമായിരുന്നു’’ അനുമോള്‍ പറയുന്നു.

aumol-5

ബാങ്കോക്കിലേക്ക് റോഡു മാര്‍ഗം വണ്ടിയോടിച്ചു പോവാനൊരു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പേടിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തപ്പോള്‍ ആ പ്ലാന്‍ മാറ്റി വച്ചിരിക്കുകയാണ് അനുമോള്‍. മിസോറം, മേഘാലയ പോലുള്ള നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. അവിടെയൊക്കെ വീണ്ടും പോകണമെന്നുണ്ട്. ഹിമാലയം യാത്രയും ഒരു സ്വപ്‌നമാണ്.

ഇരുതല മൂര്‍ച്ചയുള്ള സോഷ്യല്‍ മീഡിയ

'പബ്ലിക്കില്‍ പോസ്റ്റ് ചെയ്യുന്നത് നമ്മുടെ ജീവിതമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പലരുടേയും ചിന്ത. നമ്മുടെ ജീവിതത്തില്‍ ആളുകള്‍ കാണണം അറിയണമെന്ന് ആഗ്രഹിക്കുന്നത് മാത്രമാണ് നമ്മള്‍ പോസ്റ്റ് ചെയ്യുക. ഇത് ജീവിതത്തിന്റെ പത്തു ശതമാനമേ വരൂ. നെഗറ്റിവിറ്റി പരത്തുന്ന ഒരുപാട് ആളുകളുളള സ്ഥലമാണ് സോഷ്യല്‍ മീഡിയ. ഒരു മടിയുമില്ലാതെ വീട്ടിലിരുന്ന്, വെറുതെ ആളുകളെ വെറുപ്പിക്കാന്‍ വേണ്ടി മാത്രം സോഷ്യല്‍ മീഡിയയില്‍ കയറുന്ന കുറേ ആളുകള്‍. അവര്‍ ഓരോ മോശം കമന്റ്‌സ് പറയുന്നത് നമ്മുടെ കുഴപ്പമല്ല അവരുടെ മെന്റല്‍ സ്റ്റെബിലിറ്റിയുടെ കുഴപ്പമാണ്.

നമ്മളെ ചിലപ്പോള്‍ കുറച്ച് സമയം അത് വിഷമിപ്പിക്കും. എന്നാല്‍ അവരുടെ മാനസിക രോഗത്തിന് നമുക്ക് ഒന്നും ചെയ്യാനാവില്ല. അവരുടെ രോഗം മാറണമെന്ന് അവര്‍ തന്നെ തീരുമാനിക്കണം. എല്ലാവര്‍ക്കും അവരവരുടെതായ പല കാര്യങ്ങളുമുണ്ടായിരിക്കും. പല ബുദ്ധിമുട്ടുകളുമുണ്ടാവും. ഇത് മനസിലാക്കി എന്തിനാണ് കാര്യമില്ലാതെ നെഗറ്റിവിറ്റി പരത്തുന്നതെന്ന് അവര്‍ തന്നെ ആലോചിച്ചാല്‍ എത്ര നന്നായിരുന്നു'.

വയസ്സാവുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം?

സെലിബ്രിറ്റീസിന് വയസ്സാവുന്നത് പലര്‍ക്കും വലിയ പ്രശ്‌നമാണ്. ഒരു ഫോട്ടോ ഇട്ടാല്‍ വയസ്സായി... അമ്മച്ചിയായി... അമ്മായിയായി... എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരികയെന്ന് അനുമോള്‍ പറയുന്നു. ഓരോ ദിവസം കൂടുംതോറും എല്ലാവര്‍ക്കും വയസ്സാവുകയല്ലേ. അതൊരു മോശമായി കാണുന്നത് എന്തിനാണെന്ന് മനസ്സി‌ലാവുന്നില്ല. ഇങ്ങനെ മോശം പറയുന്നവര്‍ക്കും വയസ്സായികൊണ്ടിരിക്കുകയാണെന്ന് അവര്‍ ചിന്തിക്കുന്നേയില്ല. നമുക്കെല്ലാം ഒരുമിച്ചാണ് വയസ്സാവുന്നത്. അതില്‍ പ്രായം കുറഞ്ഞവര്‍, കൂടിയവര്‍ എന്ന വ്യത്യാസമേയുളളു. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും പറ്റില്ല. പിന്നെ എന്തിനാണ് നടീ നടന്‍മാരെ മാത്രം ഇങ്ങനെ ഏജ് ഷെയ്മിങ് ചെയ്യുന്നതെന്നും അനുമോള്‍ ചോദിക്കുന്നു.

ആദ്യ സിനിമ മുതല്‍ ആളുകള്‍ പറയുന്നതാണ് തടികുറയ്ക്കാന്‍. മുമ്പൊക്കെ അത് കേള്‍ക്കുമ്പോള്‍ സങ്കടം വരുമായിരുന്നു. ഇപ്പോള്‍ അത് കാര്യമാക്കാറില്ല. നമ്മുടെ ശരീരം നമ്മുടെ പാരമ്പര്യത്തിന്റെയും ചുറ്റുപാടിന്റെയും ആരോഗ്യസ്ഥിതിയുടേയും ഒക്കെ ഫലമല്ലേ. സിനിമയ്ക്കുവേണ്ടി ഡയറ്റ് ചെയ്ത് ഭാരം കുറച്ചിട്ടുണ്ട്. എന്നാല്‍ താനിങ്ങനെയാണെന്ന് മനസിലാക്കി മുന്നോട്ട് പോവാനാണ് അനുമോള്‍ക്കിഷ്ടം.

വരാനിരിക്കുന്ന സിനിമകള്‍

നമുക്ക് ബഹുമാനവും പ്രാധാന്യവുമുളള ഇടങ്ങളിലേ ഏതൊരാള്‍ക്കും നില്‍ക്കാന്‍ സാധിക്കൂ. സിനിമയിലും ജീവിതത്തിലും ഈയൊരു ഇടത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് അനുമോള്‍. അതുകൊണ്ടുതന്നെയാണ് കലാമൂല്യമുളള, പ്രാധാന്യമുളള ചിത്രങ്ങള്‍ കൂടുതലായി അവര്‍ തെരഞ്ഞെടുക്കുന്നതും. അത്തരം ചിത്രങ്ങള്‍ തേടിവരുന്നുണ്ടെന്നത് ഭാഗ്യമായി കാണുന്നുവെന്നും അനുമോള്‍ പറയുന്നു.

അനുമോള്‍ അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ടൂമെന്‍ എന്ന ചിത്രം അടുത്തിടെ റിലീസായിട്ടുണ്ട്. ജോജു ജോര്‍ജിന്റെ ഒപ്പമുളള ആരോ എന്ന ചിത്രം, വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന വൈറല്‍ സെബി, ടീച്ചര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വൈന്‍, പെന്‍ഡുലം എന്നീ മലയാള ചിത്രങ്ങളും കാസര്‍കോട് കേന്ദ്രീകരിച്ചുളള കുട്ടികളുടെ പടമായ ത തവളയുടെ ത എന്ന ചിത്രവും പിന്നെ തമിഴില്‍ രണ്ട് ചിത്രങ്ങളും വരാനിരിക്കുന്നു. ഈ വര്‍ഷം രണ്ടു മൂന്നു പടം റിലീസിനുണ്ടാവുമെന്ന സന്തോഷത്തിലാണ് അനുമോള്‍.  

വിമാനത്താവളത്തിലോ റെയില്‍വെ സ്‌റ്റേഷനിലോ ആരെങ്കിലും വിഷമത്തോടെ യാത്ര അയക്കാന്‍ നില്‍ക്കുന്നത് കണ്ടാല്‍ പോലും വിഷമമാവുന്നയാളാണ് താനെന്ന് അനുമോള്‍ പറയുന്നു. ഒരാളില്‍ നമുക്ക് ഒരു ചിരി പടര്‍ത്താനായാല്‍ അതുതന്നെ ജീവിതത്തിലെ വലിയ സന്തോഷമെന്ന് കരുതുന്ന ഒരു തനി വള്ളുവനാട്ടുകാരി. ഒരു ജീവിതമേയുളളു, ആ ജീവിതം സന്തോഷകരമായി ജീവിക്കണം. ഒപ്പം മറ്റുളളവര്‍ക്കും ആ സന്തോഷം പകരുകയും വേണം. യാത്രകളും ഡ്രൈവിങ്ങുമൊക്കെയാണ് തന്നെ എപ്പോഴും സന്തോഷത്തോടെയും പോസിറ്റീവായും നിര്‍ത്തുന്നതെന്നു പറഞ്ഞാണ് അനുമോള്‍ തന്റെ വിശേഷങ്ങള്‍ അവസാനിപ്പിച്ചത്.

English Summary: Anumol Driving Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com