ADVERTISEMENT

‘ഇനിയൊരു കാർ വാങ്ങണം’ എന്നാഗ്രഹം തോന്നുന്ന കാലം മാറിപ്പോയി. ‘...ഇനിയൊരു എസ്‌യുവി വാങ്ങണം’ എന്നേ ഇപ്പോൾ ആഗ്രഹിക്കൂ. അത് ബജറ്റിൽ ഒതുങ്ങുന്നില്ല; ഹാച്ബാക്, സെഡാൻ വിഭാഗങ്ങളിലെ ചില മോഡലുകൾ പോക്കറ്റിന് യോജിക്കുന്നുമുണ്ട് എന്നു ബോധ്യപ്പെട്ടാൽ മാത്രം ആഗ്രഹം എസ്‌യുവിയിൽനിന്നു മാറും.

 

റോഡിൽനിന്നുള്ള ഉയരം (ശരാശരി 20 സെന്റിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്), ഉയർന്ന ഇരിപ്പിടം, ഉയരം താരതമ്യേന കുറഞ്ഞ ഡ്രൈവറാണെങ്കിൽപ്പോലും മുന്നിലെ റോഡും ചുറ്റുപാടും വ്യക്തമായി കാണാനുള്ള സൗകര്യം എന്നിവയൊക്കെയാണ് എസ്‌യുവി എന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളെ ജനപ്രിയമാക്കിയത്. കുഴിയേത്, റോഡേത് എന്നറിയാത്ത നാടുകളിൽ എസ്‌യുവി തികച്ചും പ്രായോഗിക വാഹനമായി മാറി. അടി തട്ടും എന്നു പേടിക്കാതെ ഓടിക്കാം.

Toyota Hyryder
Toyota Hyryder

 

ഓഫ് റോഡിങ് പോലുള്ള സ്പോർട് ഉപയോഗവും കാറിന്റെ യൂട്ടിലിറ്റിയും നടക്കുമെന്നൊക്കെയാണ് എസ്‌യുവി കൊണ്ട് ഉദ്ദേശിച്ചിരുന്നെതങ്കിലും, അത് ‘മാസ്’ വാഹനമായി മാറിയതോടെ എസ്‌യുവി ബോഡി സ്റ്റൈൽ എന്നായി അർഥം. ഉയരം കൊണ്ടുള്ള ഗുണങ്ങൾ. സെഡാൻ പോലെ പതുങ്ങിയ, പരന്ന, സൗകര്യപ്രദമായ കാർ ബോഡി രൂപത്തിനു പകരം, ഉയർന്ന ബോഡി എന്നു മനസ്സിലാക്കാം.

 

kushaq-monte-carlo-1

ഒപ്പം, യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന ‘വൈബ്രന്റ്’ ഡിസൈനുകൾ എസ്‌യുവികളിൽ കൂടുതലായി വരുകയും ചെയ്തു. കണക്ടിവിറ്റിയും മറ്റ് സാങ്കേതികവിദ്യകളും സൗകര്യങ്ങളും നിറച്ചതോടെ ‘യൂത്ഫുൾ’ ഇമേജ് എസ്‌യുവിക്ക് ആയി. ആരുമൊന്നു നോക്കിപ്പോകുന്ന ‘റോഡ് പ്രസൻസ്’ ആണ് ഇപ്പോൾ എസ്‌യുവികളെപ്പറ്റി പറയുമ്പോൾ ഏറ്റവും ആദ്യം വരുന്ന വിശേഷണം.

 

∙ കാർ വിൽപനയിലെ ‘വിഐപി’

 

ഇപ്പോൾ ഇന്ത്യയിലെ കാർ വിൽപനയിൽ 40% വിഹിതം പിന്നിട്ടു കുതിക്കുകയാണ് എസ്‌യുവികൾ. മാത്രമല്ല, ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗവും അതുതന്നെ. 10 ശതമാനത്തിനടുത്തായിരുന്ന വിപണിവിഹിതം വളരെ ചെറിയ കാലം കൊണ്ടാണ് ഇങ്ങനെ വളർന്നത്. 13 ലക്ഷത്തോളം എസ്‌യുവികൾ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിഞ്ഞു.

 

ഇക്കൊല്ലം ഇത് ഇതിലുമേറെയാകുമെന്ന് കാർ നിർമാതാക്കൾക്ക് ഉറപ്പാണ്. ഒട്ടേറെ പുതിയ മോഡലുകൾ രംഗത്തെത്തിയതാണ് ഈ പ്രതീക്ഷയ്ക്കു മുഖ്യകാരണം. സെമികണ്ടക്ടർ ചിപ് ക്ഷാമം കാരണം ഉൽപാദനം കുറഞ്ഞുപോയ മുൻകൊല്ലങ്ങളിലെ സ്ഥിതി ഇക്കൊല്ലം മാറുമെന്നും പ്രതീക്ഷിക്കുന്നു. ഘടകലഭ്യത കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്.

 

∙ അടിതെറ്റിയത് സെഡാനുകൾക്ക്

 

എസ്‌യുവി വിപ്ലവത്തിൽ അടി തെറ്റിയത്, ഹംപിലും ഗട്ടറിലുമൊക്കെ അടി തട്ടാൻ സാധ്യത കൂടുതലുള്ള ഇനം കാറുകൾക്കാണ്. അതായത് സെഡാനുകൾക്ക്. യാത്രാസുഖത്തിന്റെ കാര്യത്തിൽ എസ്‌യുവിയെക്കാൾ മുകളിലാണ് സെഡാന്റെ സ്ഥാനമെങ്കിലും പൊക്കമല്ലോ സുഖപ്രദം എന്ന ചിന്ത മാർക്കറ്റിൽ പടർന്നതോടെ സെഡാനെ വിട്ട് ജനം എസ്‌യുവിയെ പിടിച്ചു. 

 

വിലക്കുറവും ചെറിയ സ്ഥലത്തു പാർക്കിങ്ങിനുമൊക്കെ സൗകര്യമുള്ള ഹാച്ബാക്കുകൾക്ക് വലിയ അടി കിട്ടിയിട്ടില്ല. 38 ശതമാനമാണ് ഇപ്പോൾ ഇന്ത്യൻ മാർക്കറ്റിലെ ഹാച്ബാക്ക് വിൽപന.

ആഡംബരത്തിന്റെ അവസാന വാക്കായ സെഡാനുകളെപ്പോലും ഒഴിവാക്കി അതേ പ്ലാറ്റ്ഫോമിലുള്ള എസ്‌യുവി വാങ്ങുന്നതാണ് ഇപ്പോൾ ബിസിനസ് ക്ലാസിനും പഥ്യം.

 

ജനപ്രിയ നായകർ (ജനപ്രിയ എസ്‌യുവി വിഭാഗങ്ങൾ നമുക്കൊന്നു നോക്കാം

 

4–മീറ്റർ എസ്‌യുവികൾ

 

4 മീറ്ററിന് ഏതാനും മില്ലിമീറ്റർ മാത്രം കുറവ് നീളമുള്ള എസ്‌യുവികൾ കഴിഞ്ഞ വർഷം നേടിയ വിൽപന 6.6 ലക്ഷമാണ്. മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായ് വെന്യൂ, കിയ സോണറ്റ്, മഹീന്ദ്ര എക്സ്‌യുവി 300, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ താരങ്ങൾ. ഇവയ്ക്കെല്ലാം ആകർഷകമായ വിൽപനയുണ്ട്.

Hisashi Takeuchi (L), MD & CEO of Maruti Suzuki India Limited, and Shashank Srivastava, Senior Executive Director, Marketing & Sales of Maruti Suzuki India Limited, during the global unveil of the Maruti Suzuki 'Grand Vitara' SUV, in Gurugram, Wednesday, July 20, 2022. Photo: PTI
Hisashi Takeuchi (L), MD & CEO of Maruti Suzuki India Limited, and Shashank Srivastava, Senior Executive Director, Marketing & Sales of Maruti Suzuki India Limited, during the global unveil of the Maruti Suzuki 'Grand Vitara' SUV, in Gurugram, Wednesday, July 20, 2022. Photo: PTI

 

നീളം ഇവയെക്കാൾ അൽപം കുറവുള്ള ടാറ്റ പഞ്ചും എസ്‌യുവി ലുക് കൊണ്ടുതന്നെയാണ് വിജയം നേടിയത്.

നീളം നാലുമീറ്ററിൽ താഴെയും എൻജിൻ കപ്പാസിറ്റി പെട്രോളിന് 1200 സിസിയും ഡീസലിന് 1500 സിസിയും വരെയും ആണെങ്കിൽ നികുതിയിളവുണ്ട് (ജിഎസ്ടി 28 ശതമാനത്തിൽ ഒതുങ്ങും). അതാണ് ഈ വിഭാഗം ഏറ്റവും പോപ്പുലർ ആകാൻ കാരണം. അടുത്ത ജിഎസ്ടി സ്ലാബിൽ പതിനഞ്ചു ശതമാനം നികുതി കൂടുതൽ നൽകണം.

 

മാരുതി ബ്രെസയ്ക്ക് നാലുമീറ്ററിൽത്താഴെയാണു നീളമെങ്കിലും പെട്രോൾ എൻജിൻ കപ്പാസിറ്റി കൂടുതലാകയാൽ നികുതി ഉയർന്ന സ്ലാബിലാണ്.

Volkswagen Tiguan: Manorama Online
Volkswagen Tiguan: Manorama Online

 

മിഡ് സൈസ് ‌എസ്‍യുവികൾ

 

4 മീറ്ററിനെക്കാൾ ഏതാണ്ട് 30–35 സെന്റിമീറ്റർ നീളം കൂടുതലുള്ളവയാണ് ഇവ. 2 നിരകളിലായി 5 പേർക്കിരിക്കാം. വിശാലമായ ബൂട്ട് സ്പെയ്സ്. ഹ്യുണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും ഫോക്സ്‌വാഗൻ ടൈഗുണും സ്കോഡ കുഷാക്കും നേടുന്ന വിജയം ചില്ലറയല്ല. എംജിയുടെ ആസ്റ്ററും ഇതിൽത്തന്നെ.

Hyundai N Line, Image Source: Hyundai
Hyundai N Line, Image Source: Hyundai

ജീപ്പ് കോംപസും ടാറ്റ ഹാരിയറും എംജി ഹെക്ടറും പോലെ അൽപം കൂടി വലുപ്പവും വിലയുമുള്ള മോഡലുകളെയും ഈ വിഭാഗത്തിൽ പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷം 5.5 ലക്ഷം മിഡ്‌ എസ്‌യുവികൾ വിറ്റഴിഞ്ഞു. മാരുതി ഗ്രാന്റ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും കൂടി വരുന്നതോടെ ഈ മാർക്കറ്റ് കൂടുതൽ വളരും. ഹോണ്ട അടുത്ത വർഷം എത്തിക്കുന്ന എസ്‌യുവിയും ഇതേ വിഭാഗത്തിലാകും. 

 

3–നിര എസ്‌യുവികൾ

 

nissan-magnite-1

3 നിരകളിലായി 6, 7 സീറ്റുള്ള എസ്‌യുവികൾക്കും ആരാധകർ കൂടി വരുകയാണ്. മഹീന്ദ്ര സ്കോർപിയോ എൻ ഈയിടെ അവതരിപ്പിച്ചപ്പോൾ നിമിഷങ്ങൾക്കകമാണ് ബുക്കിങ് ആയിരങ്ങൾ കടന്നത്. നേരത്തേയുള്ള സ്കോർപിയോയെ സ്കോർപിയോ ക്ലാസിക് എന്ന പേരിൽ പുനരവതരിപ്പിക്കുകയും ചെയ്തു.

 

പ്രീമിയം എസ്‌യുവികളിൽ മഹീന്ദ്ര എക്സ്‌യുവി 700യും ജീപ്പ് മെറിഡിയനും ഹ്യുണ്ടായ് ട്യൂസോണും  ഈയിടെ വിപണിയിൽ വലിയ ചലനം സൃഷ്ടിച്ചവയാണ്. ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയും വലിയ, ഫാമിലി എസ്‌യുവികൾ വേണ്ടവരെ ആകർഷിച്ചു.

പല കമ്പനികളിൽനിന്നും പുതിയ മോഡലുകളും നിലവിലുള്ളവയുടെ പരിഷ്കരിച്ച പതിപ്പുകളും വരും. എംജി മോട്ടർ പുതിയ ഹെക്ടർ എസ്‌യുവി വൈകാതെ വിപണിയിലെത്തിക്കും. ഹോണ്ടയുടെ മിഡ്എസ്‌യുവി അടുത്ത വർഷം പ്രതീക്ഷിക്കുന്നു. ഈയിടെ തരംഗം സൃഷ്ടിച്ചതും ഏതാനും ആഴ്ചകൾക്കുള്ളിൽ വിപണിയിലെത്താൻ പോകുന്നതുമായ ചില എസ്‌യുവികൾ ഒറ്റ നോട്ടത്തിൽ:

 

മാരുതി സുസുകി ഗ്രാന്റ് വിറ്റാര

 

എസ്‌യുവി വിഭാഗത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന വിഭാഗമായ മിഡ്‌സൈസ് എസ്‌യുവികളുടെ ( 4 മീറ്ററിലേറെ നീളം, 2 നിരകളിലായി 5 സീറ്റ്) കൂട്ടത്തിലേക്കാണ് ഗ്രാന്റ് വിറ്റാര വരുന്നത്. ഈ മാസം അവസാനം വില പ്രഖ്യാപിക്കുന്നതോടെ വിപണനം തുടങ്ങുന്ന ഇത്, പെട്രോൾ എൻജിൻ പതിപ്പിലും പെട്രോൾ– ഇലക്ട്രിക് ഹൈബ്രിഡ് എൻജിൻ പതിപ്പിലും എത്തുന്നു.

 

ടൊയോട്ടയുമായുള്ള സഹകരണത്തിലാണു നിർമിക്കുന്നത്. 102 എച്ച്പി കരുത്തുള്ളതാണ് 1.5 ലീറ്റർ പെട്രോൾ എൻജിൻ. ഇതിന് ഓൾ വീൽ ഡ്രൈവ് പതിപ്പും എത്തുന്നു. മി‍ഡ് ‌എസ്‌യുവിയിൽ ഇപ്പോൾ ഇങ്ങനെ ഓഫ് റോഡിങ് ശേഷിയുള്ള മോഡലുകൾ വേറെയില്ല.

1.5 ലീറ്റർ പെട്രോൾ എൻജിനും ബാറ്ററിയിൽനിന്നുള്ള ചാർജ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന മോട്ടറും ചേർന്നതാണ് ഹൈബ്രിഡ് സിസ്റ്റം. 115 എച്ച്പി പരമാവധി കരുത്ത്. കാർ ഓടുമ്പോൾ ബാറ്ററി ചാർജ് ആകുന്ന സംവിധാനമാണ്.

 

ടൊയോട്ട ഹൈറൈഡർ

 

വിറ്റാരയുടെ ടൊയോട്ട പതിപ്പാണ് അർബൻ ക്രൂസർ ഹൈറൈഡർ എന്ന പേരിൽ എത്തിയത്. മികച്ച ബുക്കിങ് ഇതിനകം ലഭിച്ചുകഴിഞ്ഞെന്നാണു സൂചന. ഹൈബ്രിഡ് മോഡലിനു വില 15.11 ലക്ഷം മുതൽ 18.99 ലക്ഷം വരെയാണ്. വൈദ്യുതി സംവിധാനത്തിന്റെ സഹായമുള്ളതുകൊണ്ട് പെട്രോൾ ഉപയോഗം കുറയുമെന്നതിനാൽ ലീറ്ററിന് 28 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമതയാണ് വാഗ്ദാനം. ഹൈബ്രിഡ് അല്ലാത്ത, 1.5 ലീറ്റർ പെട്രോൾ എൻജി‍ൻ മോഡലുമുണ്ട്.

 

ഫോക്സ്‌വാഗൻ ടൈഗുൻ

 

ഫോക്സ്‌വാഗനും സ്കോഡയും ഔഡിയുമൊക്കെ ഉൾപ്പെടുന്ന ഗ്രൂപ്പ് ഇന്ത്യയിൽ ‘രണ്ടാം വരവ്’ ലക്ഷ്യമിട്ട് അവതരിപ്പിച്ച ടൈഗുൺ, മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ അതിവേഗം തരംഗമായി. ഒറ്റ വർഷം കൊണ്ട് 40,000 ബുക്കിങ് പിന്നിട്ട ടൈഗുൻ കമ്പനിക്ക് തികച്ചും രണ്ടാം വരവു സമ്മാനിച്ചു. ഏറ്റവുമധികം വളർച്ചയുള്ള മി‍ഡ് എസ്‌യുവി വിഭാഗത്തിലേക്കു വാഹനം അവതരിപ്പിക്കാനായത് വലിയ ഗുണമായി. ടിഗ്വാൻ, ടിഗ്വാൻഓൾസ്പെയ്സ്, ടി റോക് എന്നീ പ്രീമിയം എസ്‌യുവികളും കമ്പനിയുടെ എസ്‌യുവി തന്ത്രത്തിന്റെ ഭാഗമാണ്. ടൈഗുണിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് ആനിവേഴ്സറി എഡിഷൻ കഴിഞ്ഞയാഴ്ച പുറത്തിറക്കി.

 

സ്കോഡ കുഷാക്

 

ഫോക്സ്‌വാഗൻ ടൈഗുൺ എത്തുന്നതിനുതൊട്ടുമു‍ൻപ്, സ്കോഡ അതേ പ്ലാറ്റ്ഫോമിൽ പുറത്തിറക്കിയ കുഷാക്കും വൻ വിജയമായി. 1–ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനുകളോടെയാണ് കുഷാക്കും ടൈഗുണും എത്തുന്നത്. കുഷാക്കിന്റെ സ്പെഷൽ എഡിഷൻ ആയി ഈയിടെയെത്തിയ മോണ്ടെകാർലോയും ശ്രദ്ധേയമായി.

 

ഹ്യുണ്ടായ് വെന്യൂ

 

2019ൽ അവതരിപ്പിച്ച വെന്യൂവിന്റെ പരിഷ്കരിച്ച പതിപ്പ് ഈയിടെ വിപണിയിലെത്തി. 1.2 ലീറ്റർ പെട്രോൾ (83എച്ച്പി) , 1.5 ലീറ്റർ ഡീസൽ (90 എച്ച്പി), 1 ലീറ്റർ ടർബോ പെട്രോൾ (120 എച്ച്പി) എൻജിൻഓപ്ഷനുകളിലെത്തുന്ന വെന്യൂ, ഹ്യുണ്ടായിയുടെ ഇന്ത്യയിലെ വിൽപനയിൽ 25 ശതമാനത്തോളം കയ്യാളുന്നു. ഇപ്പോൾ എൻ–ലൈൻ എന്ന പെർഫോമൻസ്–സ്റ്റൈൽ എഡിഷനും കമ്പനി അവതരിപ്പിച്ചിരിക്കുന്നു.

 

മാരുതി ബ്രെസ

 

പരിഷ്കരിച്ച 1.5 ലീറ്റർ പെട്രോൾ എൻജിനും (102 എച്ച്പി) പരിഷ്കരിച്ച രൂപവുമായി ഈയിടെ മാരുതി സുസുകി ബ്രെസയെ വിപണിയിലെത്തിച്ചു. ചെറിയ എസ്‌യുവി വിഭാഗത്തിലെ വൻ മൽസരം നേരിടാൻ ഈ പരിഷ്കാരങ്ങൾക്കു കഴിഞ്ഞെന്ന് ബുക്കിങ് കണക്കുകൾ വ്യക്തമാക്കുന്നു.

 

റെനോ കൈഗർ / നിസാൻ മാഗ്‌നൈറ്റ്

 

നിസാൻ മാഗ്‌നൈറ്റുമായി പ്ലാറ്റ്ഫോമും സാങ്കേതികതയും പങ്കിടുന്ന റെനോ മോഡലായ കൈഗറിന്റെ 2022 പതിപ്പ് ഈയിടെ സൗന്ദര്യവും സൗകര്യങ്ങളും കൂട്ടി വിപണിയിലെത്തി. 72 എച്ച്പി കരുത്തുള്ള പെട്രോൾ എൻജിനും 100എച്ച്പി കരുത്തുള്ള ടർബോ പെട്രോൾ എൻജിനും സിവിടി ഓട്ടമാറ്റിക് ഗിയർ ഓപ്ഷനുമൊക്കെയായാണ് കൈഗർ എത്തുന്നത്. നിസാൻ മാഗ്‌നൈറ്റാകട്ടെ, നിസാന്റെ ഒറ്റയാൾ പട്ടാളം എന്ന രീതിയിൽ കമ്പനിക്കുവേണ്ടി വരുമാനം നേടിക്കൊടുത്തുകൊണ്ടേയിരിക്കുന്നു. മികച്ച കയറ്റുുമതിയുമുണ്ട്.

 

English Summary: Car makers in India are gearing up to extend their sports utility vehicle (SUV) segment by introducing some significant launches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com