ADVERTISEMENT

12 വോൾട്ട് ഡിസി സപ്ലൈയും കാറിന്റെ വിൻഡോ ഗ്ലാസുകൾ ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന 4 പവർ വിൻഡോ മോട്ടറുകളും ഉപയോഗിച്ച് 60 കിലോഗ്രാം ഭാരമുള്ള 8 കാലുകളിൽ നീങ്ങുന്ന മൂവിങ് മെക്കാനിസം ‘ദ്രോണ’ ശാസ്ത്ര പ്രദർശനങ്ങളിൽ കയ്യടി നേടുകയാണ്. കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ചതാണ് റോബട് എന്നു വിളിക്കാവുന്ന ദ്രോണ. റോബട്ടുകളെപ്പോലെ നിർമിതബുദ്ധിയിൽ തീരുമാനങ്ങൾ എടുക്കാനാകില്ലെങ്കിലും കുറഞ്ഞ ചെലവിൽ ചലനം സൃഷ്ടിക്കാൻ കഴിയും എന്നത് ദ്രോണയുടെ മേന്മയാണ്. 

 

സൂപ്പർ മെഷീൻ

 

1.5 മീറ്റർ ഉയരമുള്ള നിർമിതിയെ വെറുമൊരു മൂവിങ് മെക്കാനിസം എന്നു മാത്രം വിളിച്ചാൽ മതിയാകില്ല, എല്ലാ പ്രതലങ്ങൾക്കും ഇണങ്ങിയ ഒരു ഓൾ ടെറെയ്ൻ വെഹിക്കിളായും യുദ്ധഭൂമിയിലും രക്ഷാദൗത്യങ്ങളിലും ഉപയോഗിക്കാവുന്ന ഒരു മൾട്ടി പർപ്പസ് വെഹിക്കിളായും ഈ മെക്കാനിസത്തെ ഉപയോഗിക്കാൻ  കഴിയും. കാർഷികാവശ്യങ്ങൾക്കു മുതൽ രക്ഷാദൗത്യങ്ങളിൽ ഭാരമേറിയ യന്ത്രസാമഗ്രികൾ മലമുകളിലേക്കും കടുപ്പമേറിയ ലാൻഡ്സ്കേപ്പുകളിലേക്കും കൊണ്ടുപോകാനും ദ്രോണയുടെ അഡ്വാൻസ്ഡ് മെക്കാനിസത്തിനു സാധിക്കും. 

 

ശാസ്ത്രപ്രദർശനങ്ങളിലെ  മിന്നും താരം

 

2015 ൽ അവസാന വർഷ പ്രോജക്ട് എന്നു നിലയിൽ നിർമിച്ച ദ്രോണ ഇന്നും ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പല ശാസ്ത്ര പ്രദർശനങ്ങളിലും മിന്നും താരമാണ്. മിത്‌സുബിഷി ഇലക്ട്രിക്സിൽ മെക്കാനിക്കൽ എൻജിനീയറായ വി.ഭരത്, സീനിയർ യുഎവി എൻജിനീയർ ജോൺ ജോസ്, ഫാക്കേഡ് എൻജിനീയറിങ്സിൽ ഡപ്യൂട്ടി മാനേജരായ എസ്.അരോമൽ, പ്രൊഡക‍്ഷൻ മാനേജർ ബി.മനു, എയ്റോ സ്ട്രക്ചേഴ്സിൽ ക്വാളിറ്റി കൺട്രോളറായ ഷോൺ തോമസ് എന്നിവർ ചേർന്നാണ് 2015 ൽ ദ്രോണ നിർമിച്ചത്. ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർമാരായ ശബരീനാഥ്, എസ്.കവിതാമോൾ, രമേശ് ശങ്കർ എന്നിവരാണു മേൽനോട്ടം വഹിച്ചത്.

 

ദ്രോണ

 

65 മീറ്റർ നീളമുള്ള പിവിസി പൈപ്പുകൾ, അവയെ സംയോജിപ്പിക്കാൻ 300 പിവിസി കപ്ലിങ്ങുകൾ, 24 മീറ്റർ സ്റ്റീൽ ട്യൂബ്, ജിഐ വയറുകൾ എന്നിവയാണ് ദ്രോണയുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കാറിന്റെ 4 പവർ വിൻഡോ മോട്ടറുകളുടെ റൊട്ടേഷനെ ഒരു ക്രാങ്ക് ഷാഫ്റ്റ് ഉപയോഗിച്ചു കാലുകൾക്കു ചലനം നൽകുന്നതാണ് ദ്രോണയുടെ മെക്കാനിസം. 

 

തിയോ ജാൻസൻ മെക്കാനിസം

 

തിയോ ജാൻസൻ എന്ന ഡച്ച് കലാകാരൻ നിർമിച്ച ലെഗ് മെക്കാനിസമാണ് ദ്രോണയുടെ അടിസ്ഥാന തത്വം. തിയോ ജാൻസന്റെ സൃഷ്ടികൾ രൂപകൽപന ചെയ്തിരിക്കുന്നത് സ്വതന്ത്രമായി നീങ്ങുന്ന രീതിയിലാണ്. കാറ്റിന്റെ പ്രൊപ്പൽഷനും ഗതികോർജവും ഉപയോഗിച്ചു മൃഗങ്ങളുടെ ചലനങ്ങൾ അനുകരിച്ചു നടക്കുകയും ജൈവികമായ രീതിയിൽ നീങ്ങുകയും ചെയ്യുന്നു. ലളിതമായ മെക്കാനിസത്തിൽ പ്രവർത്തിക്കുന്ന ഇത്തരം യന്ത്രങ്ങൾക്ക് സാങ്കേതികവിദ്യയുടെ പിന്തുണ ലഭിക്കുന്നതോടെ കൂടുതൽ ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു. 

 

ദ്രോണയിൽ കാറ്റിന്റെ ഗതികോർജത്തിനു പകരം പവർ വിൻഡോ മോട്ടറുകളുടെ റൊട്ടേഷനാണ് ചലനോർജം. ക്രാങ്ക് ഷാഫ്റ്റുകളിൽ എത്തുന്ന റൊട്ടേഷൻ ലിങ്കേജ് മെക്കാനിസത്തിന്റെ സഹായത്തോടെ 8 കാലുകളിലേക്കും വീതിച്ചു നൽകുന്നു. ഇരുഭാഗത്തും 4 കാലുകൾ എന്ന രീതിയിലാണ് ദ്രോണയുടെ രൂപകൽപന. പവർ വിൻഡോ മോട്ടറുകൾ ഒരേ ദിശയിൽ കറങ്ങുമ്പോൾ മുൻപോട്ടും 

 

പിറകോട്ടും ചലനം സാധ്യമാകുകയും വിപരീത ദിശയിൽ കറങ്ങുമ്പോൾ ഇടത്തേക്കും വലത്തേക്കും തിരിയുകയുമാണ് ചെയ്യുന്നത്. റൊട്ടേഷൻ ചലനം നിയന്ത്രിക്കുന്നതിനാൽ സീറോ ടേണിങ് റേഡിയസ് വെഹിക്കളായും ദ്രോണ ഉപയോഗിക്കാം. കടുപ്പമേറിയ പ്രതലങ്ങളിലൂടെ നീങ്ങാൻ ഷോക്ക് അബ്സോർബറുകളും ഘടിപ്പിച്ചിട്ടുണ്ട്.

 

English Summary: Drona, Robot Build By Bishop Jerome Instutute Final Year Mech Students 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com