ടാറ്റയിൽ ലയിച്ച് ‘കേരളത്തിന്റെ സ്വന്തം’ എയർ ഇന്ത്യ എക്സ്പ്രസ് ഇല്ലാതാകുമോ? എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തപ്പോൾ ഗൾഫ് യാത്രക്കാരായ മലയാളികളുടെ ചിന്ത ഈ വഴിക്കു പറന്നു തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് മലയാളിക്ക് കെഎസ്ആർടിസി ബസ് പോലെയാണ്. അത്രയേറെയാണ് സ്നേഹം. കുറഞ്ഞ ചെലവിൽ ഗൾഫ് നാടുകളിലേക്ക് പറക്കാനുള്ള കേരളത്തിന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകിയ എയർ ഇന്ത്യയെ സ്നേഹിക്കാതെ പിന്നെന്തു ചെയ്യും? അതോടെ, വരുമാനത്തിന്റെ സിംഹഭാഗം വിമാനക്കമ്പനികൾക്കു ടിക്കറ്റ് നിരക്കായി കൊടുക്കാതെ നാട്ടിൽ വന്നുപോകാൻ മലയാളികൾക്കു സാധിച്ചു. ഇത്ര കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകിയിട്ടും മികച്ച പ്രവർത്തന മാതൃകകളിലൂടെ വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കാനും എയർ ഇന്ത്യ എക്സ്പ്രസിന് കഴിഞ്ഞു. അങ്ങനെ മലയാളി ജീവിതത്തിന്റെ വൈകാരികതയുടെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് നിർണായകമായ ഒരു ഘട്ടത്തിലേക്ക് എത്തുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആയതോടെ എയർ ഇന്ത്യയുടെ സബ്സിഡയറിയായ എയർ ഇന്ത്യ എക്സ്പ്രസും ഒരു വലിയ ലയനത്തിന് ഒരുങ്ങുകയാണ്. ടാറ്റയുടെ ഉടമസ്ഥതയിൽ നിലവിലുള്ള നാലു വിമാനക്കമ്പനികൾ ലയിപ്പിക്കുന്നതാണ് പദ്ധതി. ഇതിൽ എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിപ്പിച്ച് ഫ്ലാഗ്ഷിപ് സർവീസുകളും, എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയും ലയിപ്പിച്ച് ചെലവുകുറഞ്ഞ സർവീസുകളും നടത്തുകയാണ് ടാറ്റയുടെ ലക്ഷ്യം. ഇതിനുള്ള നടപടികൾക്ക് ടാറ്റ തുടക്കമിട്ടുകഴിഞ്ഞു. ഇതോടെ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളുടെ സ്വന്തം ‘വിമാനക്കമ്പനി’ ഇവിടം വിട്ട് ഉത്തരേന്ത്യയ്ക്കു പോകുമോ? അത് ഭാവിയിൽ കൂടുതൽ സർവീസുകൾ കേരളത്തിനു ലഭിക്കുന്നത് തടസ്സമാകുമോ? നിരക്കുകൾ വർധിക്കാനും ഇത് ഇടവരുത്തുമോ? എയർ ഇന്ത്യ എക്സ്പ്രസിൽനിന്നു മലയാളികൾക്കു ലഭിച്ചിരിക്കുന്ന പരിലാളനയ്ക്ക് ഉത്തരേന്ത്യൻ ലോബി തടയിടുമോ? ലയനത്തോടെ സർവീസിൽ മികച്ച കാര്യക്ഷമത ഉണ്ടാകുമെന്ന് പറയുമ്പോഴും സാധാരണക്കാരനെ ഇത്തരം ചോദ്യങ്ങൾ ആശങ്കപ്പെടുത്തുന്നു.
HIGHLIGHTS
- കൊച്ചിയിൽ ‘ലാൻഡ് ചെയ്ത്’ ലാഭത്തിലേക്ക് കുതിച്ച എയർ ഇന്ത്യ എക്സ്പ്രസ്
- എയർ ഇന്ത്യ എക്സ്പ്രസിൽനിന്നു മലയാളികൾക്കു ലഭിച്ച പരിലാളന അവസാനിക്കുമോ?