ADVERTISEMENT

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ബസ് എന്നു പറഞ്ഞാൽ ആദ്യം മനസ്സിലേക്കു വരുന്നതൊരു കെഎസ്ആർടിസി ബസിന്റെ ചിത്രമാകും. എന്നാൽ കെഎസ്ആർടിസിയിൽ എറ്റവും പഴക്കമുള്ള ബസ് ഏതാണെന്നു തിരക്കിപ്പോയാലോ? KLX 109 എന്ന നമ്പറിലുള്ള ഡിപ്പോ വാൻ ആണ് കെഎസ്ആർടിസിയിലെ ഏറ്റവും പഴയ വാഹനം. 1973ൽ കമ്മിഷൻ ചെയ്ത ഈ ബസ് തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഷനിൽ ടി–682 എന്ന നമ്പരിൽ സര്‍വീസ് ബസായിട്ടാണ് ഓ‍ടിത്തുടങ്ങുന്നത്. പിന്നീട്  ചാലക്കുടി ‍‍ഡിപ്പോയിലേക്കു കൊണ്ടുവന്ന ഈ ബസ് ഇപ്പോൾ ചാലക്കുടി ഡിപ്പോ വാൻ ആണ്.  

KSRTC Bus
KSRTC Bus

 

ടി 682-ൽ നിന്നു ഡി 77–ലേക്ക്

old-ksrtc-bus-1

 

തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഷനിലെ യാത്രാ ബസായിരുന്ന  ടി–682 ചെറിയ അപകടങ്ങൾക്കൊടുവിൽ 1978 ൽ ഡിപ്പോ വാനാക്കി മാറ്റുകയായിരുന്നു. അതോടൊപ്പം ഡി–77 എന്ന പുതിയ ബോണറ്റ് നമ്പര്‍ നൽകി ചാലക്കുടി ഡിപ്പോയിലേക്കു നല്‍കി. തൃശ്ശൂർ ജില്ലയിലെ മറ്റു ഡിപ്പോകളിലേയ്ക്ക് പാർട്സ് എത്തിക്കാനും മാമലക്കണ്ടം, അതിരപ്പിള്ളി തുടങ്ങിയ മലയോര മേഖലകളിൽ ബ്രേക്ക്ഡൗണ്‍ ആകുന്ന വാഹനങ്ങളെ റിക്കവറി ചെയ്യാനുമെല്ലാം ഉപയോഗിക്കുന്നത് ഈ ബസാണ്. ആഴ്ചയിൽ 3 പ്രാവശ്യമെങ്കിലും പെരുമ്പാവൂരിൽനിന്ന് എൻജിൻ പാർട്സ് എടപ്പാളിലെത്തിക്കുകയെന്ന ദൗത്യം കൂടിയുണ്ട്. ദീർഘദൂര യാത്രാ ബസുകളെപ്പോലും വെല്ലുന്ന കണ്ടീഷനിലാണ് കെഎസ്ആർ‍ടിസിയിലെ ഈ കാരണവർ. ചാലക്കുടിയിലെത്തി നാൽപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും യാതൊരു ക്ഷീണവുമില്ലാതെ ഈ ആനവണ്ടി ഇങ്ങനെ ഓടുന്നതിനുള്ള കാരണം ബസിന്റെ ഡ്രൈവർ പറയുന്നതിങ്ങനെ:‌ 

old-ksrtc-bus-2

 

ഏറ്റവും കണ്ടീഷനുള്ള വാഹനം

 

‘‘നിലവിൽ കെഎസ്ആർടിസിയിൽ ഏറ്റവും പഴക്കമുള്ള വണ്ടിയാണെങ്കിലും ഏറ്റവും കണ്ടീഷനുള്ള വാഹനവും ഇത് തന്നെയാണ്. മെക്കാനിക്കൽ വിഭാഗത്തിന്റെ അഭിമാനവാഹനമാണ് ഈ ബസ്. അതിനാൽത്തന്നെ ഇതൊരിക്കലും വഴിയിൽ കിടക്കാൻ അവർ സമ്മതിക്കില്ല. എന്തെങ്കിലും കംപ്ലെയിന്റ് ഉണ്ടായാൽ പഴയതു നന്നാക്കുന്നതിനു പകരം അവ മാറ്റി പുതിയ പാർട്സ് വയ്ക്കുകയാണ് ചെയ്യുന്നത്. കെഎസ്ആർടിസിയിൽ ഏറ്റവും പരിഗണന കിട്ടുന്ന വാഹനവും ഇതു തന്നെയാണ് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെല്ലാം ഈ ബസിൽ വരുത്തിയിട്ടുണ്ട്. അതു കൊണ്ടാണ് ഇത്രയും കാലമായിട്ടും ഇങ്ങനെ ഓടുന്നത്. 

 

ടാറ്റയുടെ 1973 മോഡൽ ഒ.ഇ എൻജിനായിരുന്നു ആദ്യം ബസിലുണ്ടായിരുന്നത് പിന്നീട് പല പ്രാവശ്യം മോ‍‍ഡിഫിക്കേഷൻ വരുത്തി, എൻജിൻ റീ കണ്ടീഷനിങ്ങും ചെയ്തിട്ടുണ്ട് ഇപ്പോൾ ടാറ്റ 1510 എൻജിനാണ് ബസിലുള്ളത്. കൂടാതെ പവർ സ്റ്റിയറിങ്ങും എയർ ബ്രേക്കും തുടങ്ങി ജിപിഎസ് ഉൾപ്പടെയുളള പല മാറ്റങ്ങളും ഈ വാഹനത്തിൽ കാണാം‌ം. എല്ലാ ആറു മാസത്തിലും പൊല്യൂഷൻ ടെസ്റ്റും എല്ലാ വർഷവും ഫിറ്റ്നസ് ടെസ്റ്റും പാസാകുന്നുണ്ട്. കാഴ്ചയിൽ ആളൊരു പഴ‍‍‍ഞ്ചനാണെങ്കിലും പെർഫോമൻസിൽ പുലിയാണ്. അൻപത് വർഷം പൂർത്തിയാക്കുന്ന മറ്റൊരു ബസ് കെഎസ്ആർടിസിയിൽ എന്നല്ല, കേരളത്തിൽ വേറെ ഇല്ല എന്ന് പറയാം.

 

English Summary: Oldest Ksrtc Bus In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com