ADVERTISEMENT

ഇന്ത്യയിലെ ബൈക്കേഴ്സിന്റെ ദേശീയോത്സവമായ ‘ഇന്ത്യൻ‌ ബൈക്ക് വീക്കിനു’ കൊടിയിറങ്ങി. ബൈക്കുകളുടെയും യാത്രകളുടെയും ഭക്ഷണങ്ങളുടെയുമെല്ലാം ഉത്സവമായ ഐബിഡബ്ല്യുവിന്റെ എട്ടാമത് എഡിഷനാണ് അരങ്ങേറിയത്. ഏഷ്യയിലെ ‘ബൈക്കർമാരുടെ’ ഏറ്റവും വലിയ ആഘോഷമെന്നാണ് ബൈക്ക് വീക്ക് അറിയപ്പെടുന്നത്. സായാഹ്നങ്ങളും ആഘോഷങ്ങളും അഡ്വഞ്ചറുമെല്ലാം ചേർന്ന് ഗോവയിലെ വാഗത്തോറിലാണ് ഈ ആഘോഷം അരങ്ങേറിയത്. പതിവുപോലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു ബൈക്കിൽ സഞ്ചാരികൾ ഈ ‘ബൈക്കിങ്’ പറുദീസയിലെത്തിച്ചേർന്നു. പെട്രോണാസ് സ്പ്രിന്റയുടെ സഹകരണത്തിൽ നടന്ന ഐബിഡബ്ല്യു 2022ന് മുൻ ഇവന്റുകളെ അപേക്ഷിച്ച് വൻ സ്വീകരണമാണു ലഭിച്ചത്.

ibw-5

ഡെയർ-ഡെവിൾ ഇവന്റുകൾ

അഞ്ചു വ്യത്യസ്ത റേസ് ട്രാക്കുകൾ, വീലി (സ്റ്റണ്ടിങ്) പരിശീലനം, ബൈക്കേഴ്സ് മാർക്ക് (ഇൻഡോർ–ഒൗട്ഡോർ എക്‌സ്‌പോ), ബിഗ് ട്രിപ് സെഷനുകൾ, ലഡാക് ടെന്റ്, ക്ലബ് വില്ലേജ് തുടങ്ങി ബൈക്ക്-ഭക്ഷണം-യാത്ര എന്നിവ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന ഇവന്റുകളാണ് ഇത്തവണ ഉണ്ടായിരുന്നത്.സിയറ്റുമായി സഹകരിച്ചു നടത്തിയ ഹിൽ ക്ലൈംപ് മത്സരം, കുന്നിൻ‌ മുകളിലേക്കുള്ള സാഹസത്തിന്റെ ആവേശം മുഴുവൻ നിറച്ചാണ് ആരംഭിച്ചത്. ആവേശം നിറച്ച് മഡ് റഷ്, ഫ്ലാറ്റ് ട്രാക്ക് എന്നീ മത്സരങ്ങളും നടന്നു. ബൈക്കിന്റെയും റൈഡിങ്ങിന്റെയും വൈദഗ്ധ്യം മുഴുവൻ പ്രകടമാക്കുന്ന വിധത്തിലായിരുന്നു മത്സരങ്ങളിൽ അധികവും. ആവേശകരമായി അവസാനിച്ച മത്സരങ്ങളിൽ വിജയികൾക്കു ട്രോഫികളും സർട്ടിഫിക്കറ്റുകളും കാഷ് - ആക്‌സസറി പ്രൈസുകളുമാണ് ഒരുക്കിയിരുന്നത്.

ibw-65

സ്കിൽ സെഷൻ ഇവന്റിൽ 

ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ നേടാനാഗ്രഹിക്കുന്നവർക്ക് അതിന് ആവശ്യമായ സൗകര്യവും ലഭ്യമായിരുന്നു. ബാർ (B-A-R) അക്കാദമിയുടെ നേതൃത്വത്തിൽ എൻഡ്യുറോ സെഷൻ, പ്രോ-ഡെർട്ട് അഡ്വഞ്ചർ, മോട്ടോഫാം തുടങ്ങിയവരുടെ നേതൃത്വത്തിൽ‌ വിവിധ ട്രാക്കുകളിൽ പരിശീലനം എന്നിവയും നടന്നു.

ലഡാക് ടെന്റ്

ഹിപ്പി - ബൈക്കർമാരുടെ സംഗമസ്ഥാനമായിരുന്നു ലഡാക് ടെന്റ്. റോഡ്കാസ്റ്റ് ടെന്റ്, ബാരൽ ബാർ, മ്യൂസിക് ബാൻഡ് എന്നുവേണ്ട ഒരു ശരാശരി ബൈക്കറെ ഭ്രമിപ്പിക്കുന്നതെല്ലാം ഒത്തുചേർന്നയിടമായിരുന്നു ലഡാക് ടെന്റ്. ഓപ്പൺ മൈക്ക് സെഷനുകളിൽ ബൈക്കർമാർ അവരുടെ അനുഭവം പങ്കുവച്ചതും ഏറെ ശ്രദ്ധേയമായി. മോട്ടർസൈക്ലിങ് ക്ലബ്ബുകളിൽനിന്നുള്ളവർ, ബൈക്ക് യാത്രാ സംഘാടകർ എന്നിവരെല്ലാം അനുഭവങ്ങൾ പങ്കുവച്ചു. ഹൗളിങ് ഡോഗ് ബാറിലെ ജെയിംസൺ കണക്റ്റ് റൈഡർമാരുടെ മോട്ടോഗ്രഫി ഷോയും മോഡിഫൈഡ് ബൈക്ക് ഷോയും അവതരിപ്പിച്ചു. മോഡിഫൈഡ്  വാഹനങ്ങളുടെ പ്രദർശനവും ഇവിടെ നടത്തി. ജെഎസ് ഫിലിംസിന്റെ സൂപ്പർബൈക്ക് പ്രദർശനവും ഫാൻമീറ്റും ഇതിനോടനുബന്ധിച്ചു നടത്തിയിരുന്നു.

ibw-2

ദ് ബിഗ് ഫോർക്കേഴ്‌സ് മീറ്റ് ഫെസ്റ്റ്

യാത്രകളും പാചകങ്ങളും ഭക്ഷണങ്ങളും വിഷയമാക്കി നടത്തിയ ദ് ബിഗ് ഫോർക്കേഴ്‌സ് മീറ്റ് ഫെസ്റ്റ് ഏറെ ആരാധകരെ സൃഷ്ടിച്ചു. ഗോവൻ ചൊറിസോ മുതൽ ഹോഗ് റോസ്റ്റ്, സ്പിറ്റ് റോസ്റ്റ്, ഫയർ ആൻഡ് മീറ്റ് ഡിസ്‌പ്ലേ, തവ, തന്തൂരി തുടങ്ങിയ വ്യത്യസ്ത രീതികളിൽ തയാർ ചെയ്ത വിഭവങ്ങൾ ഇവിടെയുണ്ടായിരുന്നു. നാഗാലാൻഡ്, ഗോവ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ ഷെഫുമാരുടെ നേതൃത്വത്തിലാണ് ഈ ഭക്ഷ്യമേള നടന്നത്. ഫുഡ് ട്രക്കുകളും ഇവിടെ ഒരുക്കിയിരുന്നു.

ഐബിഡബ്ല്യു 2022ലെ മിന്നും താരങ്ങൾ

പാരലൽ ട്വിൻ ഹിമാലയൻ

റോയൽ എൻഫീൽഡ് 650 സിസി ട്വിൻസിനെ വിപണിയിലെത്തിച്ച ശേഷം ബൈക്ക് ആരാധകർ ഏറ്റവും കൂടുതൽ അന്വേഷിച്ചത് കരുത്തു കൂടിയ ഹിമാലയനെക്കുറിച്ചായിരുന്നു. നിർമാതാക്കൾ ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഉറപ്പൊന്നും നൽകിയില്ല. എന്നാൽ, ആരാധനയിൽനിന്നു ജിജ്ഞാസയിലൂടെ കടന്നുപോയ ഒരു സംഘം നിർമിച്ച 822 സിസി പാരലൽ ട്വിൻ ഹിമാലയനാണ് ഐബിഡബ്ല്യു 2022 വേദിയിലെ മിന്നും താരമായത്.

പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഓട്ടോ എൻജിനിയ’ എന്ന ബൈക്ക് സ്‌പെഷലൈസിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഈ വാഹനം നിർമിച്ചത്. 2 ബിഎസ്3 410എൽഎസ് സിലിണ്ടർ ഹെഡ് ഉൾക്കൊള്ളിച്ച് എൻജിൻ ക്രാങ്ക് കേസ്  നിർമിച്ചാണ് ഈ വാഹനത്തിന്റെ ഹൃദയം പ്രാവർത്തികമാക്കിയത്. യഥാർഥ ഹിമാലയന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തി പ്രത്യേകമായി പുതിയ പ്ലാറ്റ്‌ഫോം നിർമിച്ചാണു വാഹനം സൃഷ്ടിച്ചത്.സാധാരണ ഹിമാലയൻ 25 എച്ച്പി കരുത്തു നൽകുമ്പോൾ കസ്റ്റം ചെയ്‌തെടുത്ത ഈ വാഹനത്തിനു 45 എച്ച്പിക്കു മുകളിലാണു കരുത്ത്. കരുത്തിലും കാഴ്ചയിലും ഏറെ ആകർഷണീയത സൃഷ്ടിച്ച ഈ വാഹനത്തിന്റെ ചുറ്റിലുമായിരുന്നു ആരാധകരിലേറെയും.

ibw-1

റോയൽ എൻ‌ഫീൽഡ് - കെടിഎം അഡ്വഞ്ചർ വാഹനങ്ങൾക്ക് ആവശ്യമായ വിവിധ ആക്‌സസറികളും മറ്റു സന്നാഹങ്ങളും സ്വന്തമായി രൂപപ്പെടുത്തി നിർമിച്ചാണ് ‘ഓട്ടോ എൻജിനിയ’ രംഗത്തേക്കു കടന്നുവന്നത്.

2023 ബിഎംഡബ്ല്യു എസ്1000 ആർആർ

വേദിയിലെ സൂപ്പർ സ്പോർട്സ് ബൈക്കുകളിൽ ഏറ്റവും ആകർഷകമായ സാന്നിധ്യമായിരുന്നു പുതിയ എസ്1000 ആർആർ. പൂർണമായും ഇറക്കുമതി ചെയ്യുന്ന രീതിയിലാണ് ഇക്കുറിയും ഈ മോഡലിന്റെ വരവ്. പുതിയ വിൻഡ്സ്‌ക്രീൻ, ലോവർ  ട്രിപ്പിൾ ക്ലാംപ് പാർട്ടീഷനിങ് തുടങ്ങി ഒട്ടേറെ മാറ്റങ്ങളോടെയാണ് വാഹനത്തിന്റെ വരവ്. എയ്‌റോഡൈനാമിക്‌സ് കൂട്ടിയതു വഴി മുൻ വീലിലേക്കു കൂടുതൽ ലോഡ് നൽകി കൂടുതൽ ഷാർപ് ആയ റൈഡിങ് ലഭിക്കുന്നതിന് പുതിയ എം-വിങ്്‌ലെറ്റുകൾ വാഹനത്തിലുണ്ട്. ഷാസിക്കും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഷിഫ്റ്റ് ക്യാം ടെക്‌നോളജി ഉപയോഗിക്കുന്ന 999 സിസി 4 സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണു വാഹനത്തിന്. പരമാവധി കരുത്ത് 210 എച്ച്പി. ടോർക്ക് 113 എൻഎം. റീട്യൂൺ ചെയ്ത 6 സ്പീഡ് ഗിയർബോക്‌സ്, ആന്റി ഹോപ്പിങ് ക്ലച്ച് എന്നിവയും പരിഷ്കാരത്തിൽ പെടുന്നു. റെയിൻ, റോഡ്, ഡൈനമിക്, റേസ് എന്നിങ്ങനെ  റൈഡ് മോഡുകളുണ്ട്. 20.25 ലക്ഷം രൂപയാണ് വാഹനത്തിനു വില.  

ibw-3

കെടിഎം 1290 സൂപ്പർ ഡ്യൂക്ക് - ആർ

ആഗോളവിപണിയിൽ കെടിഎമ്മിന്റെ ഫ്ലാഗ്ഷിപ് മോഡലായ 1290 സൂപ്പർ ഡ്യൂക്ക് ആർ വേദിയിൽ പ്രദർശിപ്പിച്ചു. നിലവിൽ വിദേശ വിപണികളിൽ വിൽപനയിലുള്ള സൂപ്പർ ഡ്യൂക്ക് ആർ സമീപ ഭാവിയിൽ ഇന്ത്യയിൽ വിൽപനയ്‌ക്കെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 75 ഡിഗ്രി വി-ട്വിൻ ലിക്വിഡ് കൂൾഡ് എൻജിന് 1301 സിസി ആണ് കപ്പാസിറ്റി. 177എച്ച്പി പരമാവധി കരുത്തും 140 എൻഎം ടോർക്കും ഉള്ള വാഹനത്തിൽ പിഎഎസ്്‌സി സ്ലിപ്പർ ക്ലച്ച്, 6 സ്പീഡ് ഗിയർ ബോക്‌സ് എന്നിവയുണ്ട്. ഇലക്ട്രോണിക്‌സിലും ഏറെ സവിശേഷതകളുള്ള വാഹനമാണ് ഇത്. എൻജിൻ മാനേജ്‌മെന്റ് സിസ്റ്റം, റൈഡ് ബൈ വയർ, ട്രാക്ക് മോഡുള്ള ലീൻ സെൻസിറ്റിവിറ്റി ട്രാക്‌ഷൻ കൺട്രോൾ, സൂപ്പർമോട്ടോ എബിഎസ് തുടങ്ങിയ സാങ്കേതികവിദ്യകളും വാഹനത്തിലുണ്ട്. 48 എംഎം ഡബ്ല്യുപി അപെക്‌സ് യുഎസ്ഡി ഫോർക്കുകളാണ് മുന്നിൽ. പിന്നിൽ 140 എംഎം ട്രാവലുള്ള ഡബ്ല്യുപി അപെക്‌സ് മോണോഷോക്ക്.

ഹാർലി ഡേവിഡ്‌സൺ നൈറ്റ്സ്റ്റർ

പുതിയ നൈറ്റ്‌സ്റ്ററും മേളയിൽ താരമായി. സ്‌പോർട്സ്റ്റർ എസ്, പാൻ അമേരിക്ക എന്നിവയിൽ കണ്ട എൻജിന്റെ ചെറിയ പതിപ്പാണ് നൈറ്റ്സ്റ്ററിനു കരുത്തേകുന്നത്. 975 സിസി 60 ഡിഗ്രി വി-ട്വിൻ എൻജിന് 90 എച്ച്പി കരുത്തും 95 എൻഎം ടോർക്കുമുണ്ട്. 110 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മുന്നിൽ 19 ഇഞ്ച് ടയറും പിന്നിൽ 16 ഇഞ്ച് ടയറുമാണ്. 11.7 ലീറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. വില–14.99 ലക്ഷം രൂപ (മുംബൈ എക്‌സ് ഷോറൂം).

ibw-4

കെടിഎം 890 അഡ്വഞ്ചർ - ആർ

മിഡിൽ വെയ്റ്റ് അഡ്വഞ്ചർ ടൂറർ മോഡലായ കെടിഎം 890 അഡ്വഞ്ചർ - ആറായിരുന്നു മറ്റൊരു വാഹനം. പർപ്പസ് ബിൽറ്റ് അഡ്വഞ്ചർ ബൈക്കാണിത്. ആഗോള വിപണിയിലുള്ള അപ്‌ഡേറ്റഡ് മോഡലാണ് ഇത്. 889 സിസി പാരലൽ ട്വിൻ എൻജിൻ കരുത്ത് പകരുന്ന വാഹനത്തിന് ഒട്ടേറെ അഡ്വഞ്ചർ സന്നാഹങ്ങളുണ്ട്. 104 എച്ച്പി പരമാവധി കരുത്തു 100 എൻഎം ടോർക്കുമാണ് എൻജിന്റെ സവിശേഷത. 2023ൽ ഇന്ത്യൻ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന വാഹനത്തിന് എക്‌സ്‌പ്ലോർ പിഡിഎസ് (പ്രോഗ്രസീവ് ഡാംപിങ് സംവിധാനം) ഉൾപ്പെടെയുള്ള സന്നാഹങ്ങളുണ്ട്. ഉയർന്ന ഹാൻഡിൽ ബാർ, നക്കിൾ ഗാർഡ്, ഉയർന്ന എക്‌സോസ്റ്റ് എന്നിവയെല്ലാം സ്റ്റാൻഡേർഡ് സംവിധാനമാണ്. ട്രാക്‌ഷൻ കൺട്രോൾ, ടിഎഫ്ടി സ്‌ക്രീൻ എന്നിവയെല്ലാം വാഹനത്തിന്റെ പ്രത്യേകതയാണ്. 11 ലക്ഷം രൂപയോളമാണു വാഹനത്തിനു പ്രതീക്ഷിക്കുന്ന വില.

English Summary: Know More About India Bike Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com