ഏതു ദുർഘടപാതകളെയും വരുതിയിലാക്കാൻ കെൽപുള്ള അത്യുഗ്രൻ എടിവിയുമായി ഒരു കൂട്ടം കോളജ് വിദ്യാർഥികൾ. വാഴക്കുളം വിശ്വജ്യോതി കോളജിലെ വിദ്യാർഥികളാണ് പാതയിലെ തടസ്സങ്ങളെല്ലാം ഞൊടിയിടയിൽ മറികടന്നു പായുന്ന ഓൾ ടെറെയ്ൻ വെഹിക്കിൾ (എടിവി) നിർമിച്ചിരിക്കുന്നത്.
ഓട്ടോ സ്പോർട്സ് ഇന്ത്യ ഗോവയിൽ സംഘടിപ്പിക്കുന്ന നാഷനൽ എടിവി ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായാണ് വിദ്യാർഥികൾ ഈ എടിവി തയാറാക്കിയത്. ചാംപ്യൻഷിപ്പിൽ എടിവി പ്രദർശിപ്പിക്കുന്നതിനും പ്രവർത്തനം വിശദമാക്കുന്നതിനും ഇവർക്ക് അവസരം ലഭിച്ചു കഴിഞ്ഞു. 10 ലക്ഷം രൂപയോളം ചെലവഴിച്ച് 31 വിദ്യാർഥികൾ ചേർന്നു കോളജിലെ ഇൻവിക്റ്റസ് ടെക്നിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് എടിവി നിർമിച്ചത്. തുടർച്ചയായി 4 മണിക്കൂർ ദൈർഘ്യമുള്ള ഓഫ് റോഡ് റേസിനു വേണ്ടി വാഹനം ഉപയോഗിക്കാൻ കഴിയും.
അമേരിക്കൻ ഹൃദയം
അമേരിക്കൻ നിർമിതമായ ബ്രിഗ്സ് ആൻഡ് സ്ട്രാട്ടൺ 305 സിസി സിംഗിൾ സിലണ്ടർ 4 സ്ട്രോക് എയർ കൂൾഡ് പെട്രോൾ എൻജിനാണ് എടിവിക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സിവിടി ട്രാൻസ്മിഷനാണ് വാഹനത്തിന്റേത്. 25 കിമീ മൈലേജ് ലഭിക്കുന്ന വാഹനത്തിന് 50 km വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 55 എൻഎം ടോർക്കുണ്ട്. മുന്നിലും പിന്നിലും സ്വതന്ത്രമായ ഡബിൾ വിഷ്ബോണും, കോയിൽ സ്പ്രിങ് ഓയിൽ ഡാംപ്സ് യൂണിറ്റും ഉണ്ട്. 4 വീലുകളിലും ഹൈഡ്രോളിക് ഡിസ്ക് ബ്രേക്ക് സംവിധാനമാണുള്ളത്. വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി എയർ ക്രാഫ്റ്റിൽ ഉപയോഗിക്കുന്ന എഐഎസ്ഐ (AISI) 4130 സ്റ്റീൽ പൈപ്പാണ് ഉപയോഗിച്ചിട്ടുള്ളത്.

രൂപകൽപന
ഓട്ടോ സ്പോർട്സ് ഇന്ത്യയുടെ റൂൾ ബുക്കിലെ നിർദേശങ്ങൾ അണുവിട തെറ്റാതെയാണു രൂപകൽപന നിർവഹിച്ചത്. വാഹന നിർമാണത്തിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കാൻ വിശദമായ ചർച്ചകൾ നടന്നു. വാഹനം പൂർത്തിയാക്കാൻ ഒരു വർഷത്തോളം വേണ്ടി വന്നു. നിർമാണഘട്ടത്തിലെ പുരോഗതി എല്ലാ ദിവസവും വിലയിരുത്തിയിരുന്നതായി വിദ്യാർഥികൾ പറഞ്ഞു.
സ്വപ്നം യാഥാർഥ്യം
ഒരു വർഷം മനസ്സിൽ കൊണ്ടു നടന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ വിദ്യാർഥികൾ. കോളജിൽ വാഹനത്തിന്റെ ലോഞ്ചിങ് ഉത്സവാന്തരീക്ഷത്തിലാണു നടന്നത്. മാനേജർ മോൺ. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ ഫാ.പോൾ നെടുംപുറത്ത് എന്നിവർ ചേർന്നാണു ലോഞ്ചിങ് നിർവഹിച്ചത്. പ്രിൻസിപ്പൽ ഡോ. കെ.കെ.രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി.മാത്യു, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. കെ ഷൺമുഖേഷ് എന്നിവർ വിദ്യാർഥികളെ ആദരിച്ചു.
English Summary: Viswajyothi College of Engineering and Technology Students ATV