ADVERTISEMENT

ജീവിതയാത്ര എപ്പോഴും ആമയെ പോലെ ആയിരിക്കണമെന്നാണ് എന്റെ പക്ഷം. അൽപം പതുക്കെയാണെങ്കിലും ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തണം. എന്നാൽ പുതിയ വണ്ടിയിൽ ആമയെപ്പോലെ പോകാൻ പറ്റില്ലെന്നാണ് എന്റെ മകൻ ആദം പറയുന്നത്, ഇതിൽ കുതിരയെപ്പോലെ പായണം. ആ പറഞ്ഞതിലും കാര്യമുണ്ട്. കാരണം ഈ കാർ കുതിരകണക്കിന് കുതിച്ച് പായാൻ കെൽപുള്ള മസ്താങ്ങാണ്. ആദത്തിനിപ്പോൾ ലൈസെൻസ് കിട്ടിയിട്ടേ ഉള്ളു, മസ്താങ് ആദ്യം ഓടിക്കാൻ കൊടുത്തപ്പോൾ തന്നെ നല്ല സ്പീഡായിരുന്നു. അതുകൊണ്ട് തന്നെ വേഗത്തെക്കുറിച്ചു അവൻ സംസാരിക്കുന്നതു കേൾക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ ആശങ്കയുണ്ട്. അതുകൊണ്ട് ഇനി ഈ കാർ ഓടിക്കാൻ കൊടുക്കണോ വേണ്ടയോ എന്ന് ആലോചിക്കണം.

tiny-tom12

വെറും മസ്താങ്ങല്ല, ഷെൽബി കിറ്റ് കയറ്റിയ മസ്താങ്

കാരൾ ഷെൽബി എന്ന വിഖ്യാത പെർഫോമൻസ് കാർ നിർമാതാവാണ് ഷെൽബിയുടെ പിന്നിൽ. മസ്താങ്ങിന് ലോകപ്രശസ്തി നൽകിയ ഷെൽബി നിർമിച്ച കാർ ഫോഡിനെ ലേമാൻസ് റേസിൽ ഏറെ മുന്നിലെത്തിച്ചു. ഫെരാരിയുമായി മത്സരിച്ച് വിജയിച്ച ആ കാറുകളുടെ പിൻഗാമിയാണ് ഈ മസ്താങ്. പിന്നീട് ഫോഡ് തന്നെ മസ്താങ് ഷെൽബി കോബ്ര മോഡലുകൾ വിപണിയിലെത്തിച്ചു തുടങ്ങി. ഷെൽബി കോബ്ര ഇന്ത്യയിൽ വിൽക്കുന്നില്ല, എന്നാൽ മസ്താങ്ങിൽ ഷെൽബി കിറ്റ് കയറ്റിയ മോഡലാണ് ടിനിയുടേത്. അഞ്ചു ലീറ്റർ ഇൻലൈൻ വി 8 പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ ശരിക്കുള്ള കരുത്ത് 395 ബിഎച്ച്പിയാണ്, എന്നാൽ ഷെൽബി കിറ്റ് കയറ്റിയതോടെ ഇവന്റെ കരുത്ത് 760 ബിഎച്ച്പിയായി ഉയർന്നു. ഏറ്റവും മികച്ച കരുത്താണ് ഈ വാഹനത്തിന് എന്നാണ് ടിനിയും മകനും ഒരുപോലെ പറയുന്നത്. എന്നാൽ മൈലേജാണ് പ്രധാന പ്രശ്നം. സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ രണ്ടു ലീറ്റർ പെട്രോൾ തീരും !. അവധി ദിവസങ്ങളിലോ വാരാന്ത്യങ്ങളിലോ മാത്രം ഉപയോഗിക്കാൻ പറ്റുന്നൊരു വാഹനമാണ് ഇതെന്ന് ടിനി പറയുന്നു.

ടിനി ടോമും മകൻ ആദമും
ടിനി ടോമും മകൻ ആദമും

ആഗ്രഹങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്

പണം ധാരാളമുണ്ടായിട്ട് ചെലവാക്കാൻ വേണ്ടി വാങ്ങിയതല്ല ഈ വാഹനം, ആഗ്രഹം കാരണം വാങ്ങിയതാണ്. നന്നായി അധ്വാനിച്ച് തന്നെയാണ് ഈ വാഹനം വാങ്ങാനുള്ള കാശുണ്ടാക്കിയത്. പണം അടുക്കിവച്ചിട്ട് കാര്യമില്ലല്ലോ, ഈ ജന്മത്തിൽ അല്ലെ അത് ചെലവാക്കാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് ചെറിയ ചെറിയ ആഗ്രഹങ്ങളെല്ലാം സാധിക്കാൻ ശ്രമിക്കുന്നു.

അടുത്തത് സ്പീഡ് ബോട്ട്

വീടിന്റെ മുന്നിൽ പുഴയാണ് അതിലൂടെ സഞ്ചരിക്കാൻ ഒരു സ്പീഡ് ബോട്ട് വാങ്ങണം എന്നൊരു ആഗ്രഹമുണ്ട്. അധികം താമസിക്കാതെ അതും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

tiny-tom11

ആദ്യ യാത്രകൾ ഏറ്റവും വലിയ വാഹനമായ ട്രെയിനിൽ

വളരെ പതുക്കെയായിരുന്നു ഞാൻ യാത്ര ആരംഭിച്ചത്. ഉത്സവപ്പറമ്പുകളിലെ മിമിക്രി താരമായാണ് തുടക്കം. സ്റ്റേജ് ഷോകളില്‍ നിന്ന് മിനി സ്‌ക്രീനിലേക്കെത്തി പിന്നീട് അവിടെ നിന്നു ബിഗ് സ്‌ക്രീനിലേക്കും. ആ യാത്രയിൽ വാഹനങ്ങൾ പലതും മാറിമാറി വന്നു. ട്രെയിനിലും കെഎസ്ആര്‍ടിസി ബസുകളില്‍ തുടങ്ങിയ യാത്രകള്‍ മാരുതി 800ഉം പജീറോ സ്‌പോര്‍ട്ടും ബിഎംഡബ്ല്യുവും കടന്നാണ് ഇപ്പോൾ മസ്താങ്ങിൽ എത്തി നിൽക്കുന്നത്.

ആദ്യ കാര്‍ മാരുതി

ബസിൽ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുമ്പോൾ എസി കാറുകൾ ഞാൻ കൊതിയോടെ കണ്ടിട്ടുണ്ട്. എന്നെങ്കിലും എനിക്ക് അതിൽ യാത്ര ചെയ്യാൻ കഴിയുമോ എന്നാലോചിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കുശേഷം ദൈവാനുഗ്രഹം കൊണ്ട് ഒരു മാരുതി കാർ സ്വന്തമാക്കി. എന്റെ ആദ്യ കാർ... ഗ്യാസായിരുന്നു അതിൽ ഇന്ധനം. വീട്ടിൽ അടുപ്പെരിഞ്ഞില്ലെങ്കിലും അടുക്കളയിലെ ഗ്യാസുകുറ്റി പൊക്കി കാറിൽ വച്ചുപയോഗിച്ച് ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അത്രയ്ക്കുണ്ടായിരുന്നു വാഹനങ്ങളോടുള്ള ഇഷ്ടം.

ലോൺ എടുത്ത് വാങ്ങിയ സ്കോർപ്പിയോ

മാരുതിക്ക് ശേഷം ഒരു ഫോഡ് എസ്കോർട്ട് വാങ്ങി. സെക്കൻഡ് ഹാൻഡ് കാറായിരുന്നു അത്. എപ്പോഴും കംപ്ലെയിന്റ് ആകുന്ന വാഹനമായിരുന്നു അത്. അപ്പോഴാണ് പക്ക്രു പറയുന്നത് ഇനി നമുക്ക് പുതിയൊരു വാഹനം വാങ്ങാമെന്ന്. അങ്ങനെ ലോൺ എടുത്ത് കറുത്ത സ്കോർപ്പിയോ വാങ്ങി. പിന്നീട് വെളുത്ത സ്കോർപ്പിയോയും, അതിന് ശേഷമാണ് ആദ്യത്തെ ബിഎം‍ഡബ്ല്യു വാങ്ങുന്നത്.

ബിഎംഡബ്ല്യു 530 ഡി എം സ്‌പോര്‍ട് 

ബിഎഡബ്ല്യു 5 സീരിസ് എം സ്‌പോര്‍ടായിരുന്നു ആദ്യ ആഡംബര വാഹനം. കൊച്ചിയിലെ ഹർമനിൽ നിന്നാണ് അത് വാങ്ങുന്നത്. ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയ കാർ പക്ഷെ 2018 ലെ പ്രളയത്തിൽ നഷ്ടപ്പെട്ടു. പിന്നീടാണ് ഇപ്പോഴത്തെ ബിഎംഡബ്ല്യു വാങ്ങുന്നത്. ആദ്യത്തേത് 530 ആയിരുന്നെങ്കില്‍ ഇത് 530 എം സ്‌പോര്‍ട്ടാണ്, 5 സീരിസിന്റെ കരുത്തുകൂടിയ വകഭേദം. ഓടിച്ചതില്‍ ഏറ്റവും രസമുള്ള കാറാണ് ബിഎംഡബ്ല്യു, ശരിക്കും ഒരു ഡ്രൈവേഴ്സ് കാർ. 

tiny-tom

വെള്ളപ്പൊക്കത്തിലെ പജേറോ സ്‌പോര്‍ട്‌സ്

മസ്താങ്ങും ബിഎംഡബ്ല്യു കൂടാതെ പജേറോ സ്‌പോര്‍ട്‌സ്, ബ്രിയോ എന്നീ വാഹനങ്ങളുണ്ട്. ഭാര്യയുടെ വാഹനമാണ് ബ്രിയോ ഓട്ടമാറ്റിക്ക്. പജീറോ ആദ്യമായി കീ ഇട്ടു സ്റ്റാർട്ട് ചെയ്ത്, ഓടിച്ച്, ഉദ്‌ഘാടനം ചെയ്തത് എന്റെ വഴികാട്ടിയായ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂക്ക എന്റെ സിനിമാജീവിതത്തിലെ രാശിയായിരുന്നു. അതിനുശേഷം വാഹനങ്ങളുടെയും രാശിയായി. വെള്ളപ്പൊക്കത്തിൽ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്പെട്ട വാഹനമാണ് പജീറോ. ശരിക്കും ബോട്ട് പോലെയായിരുന്നു ഞങ്ങൾ ആ സമയത്ത് ഇതുപയോഗിച്ചത്. ഒരിക്കൽ പോലും വഴിയിൽ കിടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ് പജേറോ. അല്‍പം ഓഫ് റോഡ് യാത്രകളൊക്കെ അതില്‍ നടത്താറുണ്ട്. കട്ടപ്പനയിലും ഹൈറേഞ്ചിലുമൊക്കെയാണ് ഷൂട്ടെങ്കില്‍ ആ വാഹനത്തിലാണ് പോകാറ്.

എന്റെ ആദ്യ വീടാണ് കാര്‍, വാഹനങ്ങൾ സുരക്ഷിതമായിരിക്കണം

ഷൂട്ടിങ്ങിനും മറ്റു ആവശ്യങ്ങള്‍ക്കുമായി ധാരാളം യാത്രകള്‍ വേണ്ടി വരും. അതുകൊണ്ട് തന്നെ കൂടുതല്‍ സുരക്ഷയും യാത്രാസുഖവുമുള്ള കാറാണ് താല്‍പര്യം. കലാകാരന്മാരുടെ ആദ്യ വീട് അവരുടെ വാഹനങ്ങളായിരിക്കും, കാരണം യാത്രകൾ കൂടുതലായിരിക്കുമല്ലോ. തിരഞ്ഞെടുക്കുന്ന വാഹനങ്ങൾ സുരക്ഷിതമായിരിക്കണം എന്നൊരു പക്ഷക്കാരനാണ് ഞാൻ. മലയാളത്തിന്റെ അതുല്യ നടൻ ജഗതിശ്രീകുമാറിനുണ്ടായ അനുഭവം മറ്റാർക്കുമുണ്ടാകരുത്. എല്ലാ സുരക്ഷ സംവിധാനങ്ങളുമുള്ള കാർ നമ്മുടെ ജീവൻ തന്നെ രക്ഷിക്കും. 

English Summary:Tini Tom About His Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com