ADVERTISEMENT

പാട്ടിന്റെ പനിനീരരുവിയിൽ പതഞ്ഞൊഴുകിയ ഹൃദയങ്ങൾ എന്നും കേൾക്കാൻ കൊതിക്കുന്ന സ്വരസൗന്ദര്യമാണ് ജി.വേണുഗോപാലിന്റേത്. 80കളുടെ പകുതിയോടെ കളം നിറഞ്ഞ് തൊണ്ണൂറുകളിൽ പാട്ടിന്റെ പൊൻവസന്തം തീർത്ത ഗായകന്‍! അക്കാലത്ത് സ്റ്റുഡിയോയിൽനിന്നു സ്റ്റുഡിയോയിലേക്ക് ഓട്ടമായിരുന്നു വേണുഗോപാൽ. അപ്പോഴൊക്കെ കട്ടയ്ക്കു കൂടെ നില്‍ക്കാനൊരു ‘കാമുകി’യുമുണ്ടായിരുന്നു. നേരം വൈകാതെ, വഴി തെറ്റിക്കാതെ, വീഴ്ചകൾ വരുത്താതെ സുരക്ഷിതമായി വേണുഗോപാലിനെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ച പ്രിയപ്പെട്ട കൂട്ടുകാരി. പറഞ്ഞു വരുന്നത് വേണുഗോപാലിന്റെ ‘കാമുകി കാറിനെ’ക്കുറിച്ചാണ്. ഒരിക്കലും വിസ്മരിക്കാൻ പറ്റാത്ത, ഒരുപാട് കഥകൾ പറയാനുള്ള ഒരു മാരുതി 800! ആദ്യ വാഹനത്തെക്കുറിച്ചു ചോദിച്ചാൽ രസകരവും കൗതുകകരവുമായ ഒരുപാട് കാര്യങ്ങൾ പറയും ഗായകൻ. വാഹനപ്രേമത്തെക്കുറിച്ചു ജി.വേണുഗോപാൽ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു. 

 

തുടക്കത്തിലെ അപകടം

 

1990 ഏപ്രിൽ മാസത്തിലാണ് തിരുവനന്തപുരത്തെ പോപ്പുലർ ഓട്ടമൊബീൽസിൽനിന്ന് ഞാൻ ആദ്യ വാഹനമായി മാരുതി 800 വാങ്ങുന്നത്. തുടക്കമായതുകൊണ്ടുതന്നെ നാരങ്ങയൊക്കെ ടയറിന്റെ അടിയിൽ വച്ചാണ് കാർ സ്റ്റാർട്ട് ചെയ്തത്. പക്ഷേ റോഡിലേക്കിറങ്ങിയ ഉടൻ ഒരു വണ്ടിയുമായി ചെറുതായി കൂട്ടിയിടിച്ചു. കാര്യമായി ഒന്നും സംഭവിച്ചില്ലെന്നതു മഹാഭാഗ്യം. അപകടം നടന്നപ്പോൾ, ‘ഇതോടെ സാറിന്റെ എല്ലാ അപകടങ്ങളും തീർന്നു’ എന്നാണ് അന്ന് വാഹന ഷോറൂമിൽ ഉണ്ടായിരുന്ന ജീവനക്കാർ പറഞ്ഞത്. എന്നാൽ അതോടെ തീർന്നില്ല. കാറെടുത്തതിന്റെ ഒൻപതാം മാസം തിരുവനന്തപുരത്തുവച്ച് ഒരു കെഎസ്ആർടിസി ബസ് ഇടിച്ചു. വലിയ അപകടത്തില്‍നിന്നു തലനാരിഴയ്ക്കാണ് അന്നു രക്ഷപ്പെട്ടത്. കാറിൽ എന്റെ ഭാര്യ രശ്മിയും വല്യമ്മയും ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ട് ആർക്കും പരുക്കുകളൊന്നും പറ്റിയില്ല. 

 

മൂന്നാം മാസത്തില്‍ മകന്റെ ആദ്യ യാത്ര‌

 

1991 സെപ്റ്റംബർ 28ന് പാലക്കാട്ടെ ആശുപത്രിയിലാണ് എന്റെ മകൻ അരവിന്ദ് ജനിച്ചത്. ജനിച്ച് മൂന്നാം മാസം തിരുവനന്തപുരത്തെ വീട്ടിലേക്ക് അവനെ കൊണ്ടുവന്നു. അവൻ ആദ്യമായി വീട്ടിലേക്കു വന്നത് എന്റെ മാരുതി 800 ലാണ്. അതൊക്കെ ഇന്നും നിറം മങ്ങാത്ത ഓർമയായി മനസ്സിലുണ്ട്. മോന് ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴായിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം. അന്ന് പെരുമ്പാവൂരിൽ വച്ചു നടന്ന വിവാഹത്തിന് ഞാനും രശ്മിയും മകനും പങ്കെടുത്തു. അന്നും ഞങ്ങൾക്കു കൂട്ടായി വന്നത് എന്റെ മാരുതി ആയിരുന്നു. 

 

ഓട്ടം തന്നെ ഓട്ടം!

 

അന്നൊക്കെ എല്ലാ സംഗീതപരിപാടിക്കും ആ കാറിലാണ് പോയിരുന്നത്. മദ്രാസിൽ റിക്കോർഡിങ്ങിനു പോകും. അതു കഴിഞ്ഞ് പിറ്റേന്ന് പുലർച്ചെ കാറോടിച്ചു തിരുവനന്തപുരത്തേക്ക്. പിന്നെ ആലപ്പുഴയ്ക്ക്. ഗാനമേളയിൽ പാടാൻ ഞാൻ എപ്പോഴും പോയിരുന്നത് എന്റെ കാറിൽത്തന്നെയാണ്. റിക്കോർഡിങ്ങും പ്രോഗ്രാമുകളുമായി എപ്പോഴും തിരക്കിലായിരുന്നു. സത്യം പറഞ്ഞാല്‍ അക്കാലത്ത് കൂടുതൽ സമയവും കാറിൽത്തന്നെയാണു ചെലവഴിച്ചത്. എപ്പോഴും ഡ്രൈവ് തന്നെയായിരുന്നു. പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ മിക്കവാറും മോനെ എടുത്ത് രശ്മി വീടിന്റെ ഗേറ്റിനടുത്ത് കാത്തു നില്‍പ്പുണ്ടാകും. അവിടെനിന്ന് അവനെ എന്റെ മടിയിൽ വച്ച് മുറ്റത്തേക്കു കാർ ഓടിച്ചു കയറ്റും. ചിലപ്പോഴൊക്കെ സ്റ്റിയറിങ്ങിൽ അവനും പിടിക്കും. അതൊക്കെ എത്ര മനോഹരമായ ഓർമകളാണ്!

 

പാട്ട്+ തമാശ+ കഥകള്‍= ഡ്രൈവ്

 

കാറിൽ നല്ലൊരു സ്റ്റീരിയോ മ്യൂസിക് സിസ്റ്റം ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. യാത്രയ്ക്കിടെ ആദ്യ കാലത്തെ പാട്ടുകളൊക്കെ ആ സ്റ്റീരിയോയിലിട്ടു കേട്ടായിരുന്നു ശരിയായ വിലയിരുത്തലുകൾ നടത്തിയിരുന്നത്. പാട്ട് മാത്രമല്ല, രസകരമായ വര്‍ത്തമാനങ്ങളും നടന്നിട്ടുണ്ട് ആ യാത്രകളിൽ. സംഗീതസംവിധായകൻ എം.ജി.രാധാക‍ൃഷ്ണൻ ചേട്ടൻ നല്ല സരസനായ യാത്രികനായിരുന്നു. അദ്ദേഹം ഒരുപാട് തമാശകൾ പറയും. അന്നത്തെ ഞങ്ങളുടെ യാത്രകളിലെല്ലാം തമാശയും ചിരിയും മാത്രമായിരുന്നു. 

 

‘ഒന്നു പതിയെ പോ, ‍ഞാൻ ഗർഭിണിയാ...’

 

അക്കാലത്ത് ഒരു ദിവസം കൊച്ചി, കോതമംഗലം, കുഞ്ചിത്തണ്ണി എന്നിവിടങ്ങളിലേക്കു സ്റ്റേജ് പരിപാടികൾക്കായി യാത്ര തിരിച്ചു. അന്ന് എന്റെ സഹഗായിക അരുന്ധതി ആയിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് യാത്ര. അരുന്ധതിയുടെ ഭർത്താവ് ഹരിയും ഒപ്പമുണ്ട്. അന്ന് അരുന്ധതി ഗർഭിണിയാണ്. അന്നത്തെ ആദ്യ പരിപാടി കോതമംഗലത്തായിരുന്നു. അതു കഴിഞ്ഞ് കുഞ്ചിത്തണ്ണിയിലേക്ക്. മൂന്നാർ ഹൈറേഞ്ച് കയറ്റം കയറുന്നതിനിടെ, അരുന്ധതി പറഞ്ഞു, ‘ഒന്നു പതുക്കെ ഓടിക്ക്. ഞാൻ ഗർഭിണിയാണ്’ എന്ന്. തുടർന്നുള്ള യാത്ര വളരെ പതുക്കെയായിരുന്നു. ഗട്ടറിലൊന്നും വീഴാതെ അതീവശ്രദ്ധയോടെയുള്ള ഡ്രൈവ്. തിരിച്ചെത്തുംവരെ അങ്ങനെ ആയിരുന്നു. അതൊക്കെ മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്. 

 

മാരുതി വിട്ടൊരു കളിയില്ല!

 

1990 മുതൽ 2000 വരെയാണ് ഞാൻ ആ മാരുതി 800 ഉപയോഗിച്ചത്. പിന്നീട് എന്റെ കയ്യിൽനിന്ന് അത് അച്ഛൻ വാങ്ങി. 5 വർഷത്തിനു ശേഷം അച്ഛൻ അത് വിറ്റു. ആ കാലത്തുതന്നെ ഞാൻ ചെന്നൈയിൽനിന്ന് വേറൊരു മാരുതി 800 വാങ്ങിയിരുന്നു. പിന്നീടൊരു ഫോർഡ് ഐക്കണും സ്വന്തമാക്കി. അതിനു ശേഷം സ്‌കോഡ സൂപ്പർബും പിന്നീട് ഫോർച്യൂണർ ഓട്ടമാറ്റിക് ഉയർന്ന മോഡലും വാങ്ങി. എന്തൊക്കെയായാലും എപ്പോഴും ഒരു സെക്കൻഡ് കാർ ആയി മാരുതിയും കൂടെയുണ്ടാകും. പിന്നെ വാഗണറും ‌ഉണ്ടായിരുന്നു. നിലവിൽ പുതിയ സ്വിഫ്റ്റ് ഡിസയർ ആണ് സെക്കന്‍ഡ് കാർ ആയിട്ട് ഉപയോഗിക്കുന്നത്. 

 

English Summary: G Venugopal Maruti 800, Nostalgic Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com