ADVERTISEMENT

മോട്ടോർ സൈക്കിളുകൾ പോകുന്ന വഴിയിലൂടെ പോകാനും കഴിയണം, എന്നാൽ കാറുകളുടെ സൗകര്യവും വേണം. അങ്ങനൊരു വാഹനത്തെപറ്റി ആലോചിച്ചാൽ നമ്മുടെ ചിന്തകളിലേയ്ക്ക് ആദ്യമെത്തുന്നത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദമായിരിക്കും. ഇന്ത്യൻ നിരത്തുകൾക്ക് ഇത്രമേൽ യോജിച്ച ടാക്സി വാഹനം വേറെയില്ല എന്നുതന്നെ പറയാം. ഇടവഴികളിലൂടെയും തിരക്കേറിയ റോഡുകളിലൂടെയുമെല്ലാം അനായാസം കടന്നു പോകുന്ന ഓട്ടോ റിക്ഷ ഇന്ത്യയിലെ സാധാരണക്കാർക്ക് ഇത്രമേൽ പ്രിയപ്പെട്ട വാഹനമായതിനു മറ്റു കാരണങ്ങൾ തിരയേണ്ടതില്ലല്ലോ.

Auto-pic-2

നഗരമെന്നോ,ഗ്രാമമെന്നോ വ്യത്യാസമില്ലാതെ നമ്മുടെ നാട്ടിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ വേരുകൾ തേടിപ്പോയാൽ എത്തി നിൽക്കുന്നത് ഓട്ടോറിക്ഷകളുടെ യാതൊരു സാന്നിധ്യവുമില്ലാത്ത ജപ്പാനിലെ യോക്കോഹോമയിലായിരിക്കും.  മനുഷ്യന്റെ ആരോഗ്യത്താൽ നീങ്ങുന്ന വാഹനം എന്നർഥം വരുന്ന "ജിൻ-റികി-ഷാ എന്ന പദത്തിൽ നിന്നാണ് റിക്ഷാ എന്ന പേരു വന്നത്.1869–ൽ ജപ്പാനിലും ഇറ്റലിയിലുമെല്ലാം കണ്ടെത്തിയ റിക്ഷാ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മറ്റു രാജ്യങ്ങളിലേയ്ക്കും എത്തുകയായിരുന്നു. പിന്നീടത് സൈക്കിള്‍ റിക്ഷയായും മാറി. 1930കളിൽ കൊൽക്കത്തയിൽ അവതരിപ്പിച്ച സെക്കിൾ റിക്ഷ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും വേഗത്തിൽ ഓടിയെത്തി. ജൻമനാടായ ജപ്പാനിലും ഇറ്റലിയിൽ നിന്നുമെല്ലാം റിക്ഷകൾ അപ്രത്യക്ഷമായെങ്കിലും ഇന്ത്യക്കാർക്കിവൻ പ്രിയപ്പെട്ടവനായിമാറുകയായിരുന്നു. 

ഇന്ത്യൻ നിരത്തുകൾ കീഴടക്കി ബജാജ് ഓട്ടോകൾ മുന്നേറിയപ്പോൾ രൂപം കൊണ്ടു വത്യസ്തനായ ഒരു കുഞ്ഞൻ ടൂ സ്ടോക് ഉണ്ടായിരുന്നു, എപിഐ കമ്പനി പുറത്തിരക്കിയ ലാമ്പ്രട്ട ഓട്ടോകൾ. വർഷങ്ങൾക്കു മുൻപേ എപിഐ (ഓട്ടോ മൊബൈൽ പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ)   നിർമ്മാണം അവസാനിപ്പിച്ചുവെങ്കിലും ഇന്നും ഏറെ ആരാധകരുള്ള മോഡലാണ് പെട്ടി ലാമ്പ്രട്ട എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന എപിഐ 175 ഗുഡ്സ് ഓട്ടോ. പുതിയ ഓട്ടോകൾ വന്നപ്പോൾ വംശനാശം സംഭവിച്ചുവെങ്കിലും കേരളത്തിൽ വളരെ വിരളമായി ഈ ഓട്ടോകൾ കാണാം. കോട്ടയം ജില്ലയിലെ താഴത്തങ്ങാടി സ്വദേശി  മുഹമ്മദ് കുഞ്ഞിന്റെ വീട്ടിലും ഒരു പെട്ടി ലാമ്പ്രട്ടയുണ്ട് ആദ്യ കാഴ്ചയിൽ തന്നെ കൗതുകം തോന്നിപ്പിക്കുന്ന 1986 മോഡൽ കുഞ്ഞൻ ഓട്ടോ.

26 വർഷങ്ങൾക്ക് മുൻപാണ് മുഹമ്മദ് കുഞ്ഞ് കോട്ടയം സ്വദേശിയിൽനിന്നും ഈ വാഹനം സ്വന്തമാക്കുന്നത് പിന്നീടു മുഹമ്മദ് കുഞ്ഞിന്റെ മരണം വരെ ഇരുവരും ഒരുമിച്ചായിരുന്നു. വീട്ടിലെ പലചരക്കു കടയിലേയ്ക്കുള്ള സാധനങ്ങളും പച്ചക്കറിയുമെല്ലാമായിരുന്നു പ്രധാന ചരക്കുകൾ. കാലം മാറിയപ്പോഴും മുഹമ്മദ് ലാമ്പ്രട്ടയെ മാറ്റിയില്ല കൂടുതൽ മനോഹരമാക്കി കൊണ്ടു നടന്നു. ഓട്ടോയുടെ പെയിന്റിങ്ങും മിനുക്കു പണികളുമെല്ലാം മുഹമ്മദ് തന്നെയായിരുന്നു ചെയ്തിരുന്നത്.

auto-pic-3

ഇപ്പോഴത്തെ ഓട്ടോകളെക്കാൾ വളരെ ചെറുതാണ് ലാമ്പ്രട്ട ഓട്ടോകൾ ആദ്യ കാലങ്ങളിൽ ഷാസി വാങ്ങി ബോഡി നിർമ്മിക്കുകയായിരുന്നു പതിവ് ഓരോ പ്രദേശങ്ങളിലും പ്രത്യേകതരം ബോഡികളും നിർമ്മിച്ചിരുന്നു. ആ കാലത്തു പ്രശസ്തമായിരുന്ന കോട്ടയം ബോഡിയാണ് ഈ വാഹനത്തിന്റേത്. പെട്ടിയെല്ലാം തടിയിലായിരുന്നു നിർമ്മിച്ചിരുന്നത്.

ക്യാബിനു മുകളിലുള്ള ക്യാര്യറും തടിയായിരുന്നു പിന്നീട് അവയെല്ലാം അലൂമിനിയമാക്കി. മുഹമ്മദിന്റെ മരണ ശേഷവും അതു പോലെ തന്നെ ഈ വാഹനം മക്കൾ സൂക്ഷിക്കുന്നുണ്ട്. "വാപ്പിച്ചിയുടെ ഒരുപാട് ഓർമകളുള്ള വണ്ടിയാണിത് ഞങ്ങളെക്കാൾ കൂടുതല്‍ വാപ്പിച്ചിക്കു ഈ വണ്ടിയോടായിരുന്നു അതുകൊണ്ട് ഇത് ഒരിക്കലും വിൽക്കില്ല" മകൾ ഷാമിന പറയുന്നു.  എപിഐ ഫ്രണ്ട് എൻജിൻ വരുന്ന ഓട്ടോ റിക്ഷയാണ്. 175.സിസി 2–സ്ട്രോക് പെട്രോൾ എൻജിന്‍, 4–ഗിയറാണ് പിന്നെ പുതിയ ഓട്ടോകളെപ്പോലെ  റിവേഴ്സ് ഗിയറില്ല. പെട്രോൾ ടാങ്ക് വരുന്നത് മുൻപിൽ തന്നെയാണ്. 

ചെറിയ മീറ്റർ കണ്‍സോൾ ഒഴിച്ചാൽ വലിയ ആർഭാടങ്ങളൊന്നുമില്ലാത്ത ഡാഷ് ബോർഡാണ്. മൈലേജ് 25 വരെ കിട്ടുന്നുണ്ട്. ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ കിക്ക് സ്റ്റാർട്ട് തന്നെയാണ്, കാലുകൊണ്ട് ചവിട്ടി സ്റ്റാർട്ട് ചെയ്യുന്ന ഓട്ടോകൾ. ഇപ്പോൾ ഇല്ല. അതുകൊണ്ടുതന്നെ പുതു തലമുറയ്ക്ക് ഇതൊരു രസകരമായ കാഴ്ചയാണ്. മുഹമ്മദിന്റെ മരണ ശേഷം വാഹനം ടെസ്റ്റ് ചെയ്തതും പരിപാലിക്കുന്നതുമെല്ലാം സഹോദരൻ ബഷീറാണ് ഓട്ടങ്ങളൊന്നുമില്ലങ്കിലും വണ്ടി കണ്ടീഷനിൽ തന്നെയാണ് ഇവിടെ സൂക്ഷിക്കുന്നതും. ചെറിയ പെട്ടിയും തൊപ്പിക്യാബിനും ബോഡി നിറയെ വരകളുമായുള്ള ഈ കുഞ്ഞൻ പെട്ടി ലാമ്പ്രട്ടയുടെ വരവു തന്നെ വാഹനപ്രേമികളെ കുളിരണിയിക്കുന്ന കാഴ്ചയാണ്.

English Summary: Old Vehicle Lambretta Auto rikshaw News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com