ADVERTISEMENT

സ്‌പോര്‍ട്‌സ് കാറുകളുടെയും സൂപ്പര്‍കാറുകളുടെയും സുവര്‍ണ കാലമായിരുന്നു 1990കള്‍. ഓട്ടമൊബീല്‍ എൻജിനീയറിങ്ങിനെത്തന്നെ വെല്ലുവിളിക്കും വിധമുള്ള വേഗവും സൗന്ദര്യവും കൈമുതലാക്കിയവയായിരുന്നു ഇതില്‍ പലതും. ഫെരാരി എഫ് 50, മക്‌ലാരന്‍ എഫ്1, ബുഗാട്ടി ഇബി110 എന്നിങ്ങനെയുള്ള ക്ലാസിക് വാഹനങ്ങള്‍ അക്കാലത്താണ് പിറന്നത്. ഇന്നും വാഹനപ്രേമികള്‍ കണ്ണെടുക്കാന്‍ ആഗ്രഹിക്കാത്ത തൊണ്ണൂറുകളിലെ സൂപ്പര്‍കാറുകളെ പരിചയപ്പെടാം.

lamborghin-diablo

ലംബോര്‍ഗിനി ഡയാബ്ലോ

മോണ്ടെ കാര്‍ലോയിലെ ഹോട്ടല്‍ ഡി പാരിസില്‍ വെച്ചാണ് ലെബോര്‍ഗിനി ഡയാബ്ലോ പുറത്തിറക്കുന്നത്. 6.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് വി12 എൻജിനാണ് വാഹനത്തിനുണ്ടായിരുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 320 കിലോമീറ്ററിലേറെ വേഗത്തിലോടിയ ആദ്യത്തെ ലംബോര്‍ഗിനി സൂപ്പര്‍കാറായിരുന്നു ഇത്. 1990 മുതല്‍ 2001 വരെ ആകെ 2903 ഡിയാബ്ലോകളാണ് നിര്‍മിച്ചിട്ടുള്ളത്.

bugatti-eb110

ബുഗാട്ടി ഇബി110

ബുഗാട്ടി സ്ഥാപകനായ എറ്റോര്‍ ബുഗാട്ടിയുടെ 110 ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് അവര്‍ ഈ വാഹനത്തിന് ഇബി110 എന്നു പേരു നല്‍കിയത്. 1991 സെപ്റ്റംബറിലായിരുന്നു ആദ്യമായി അവതരിപ്പിച്ചത്. 3.5 ലീറ്റര്‍ ക്വാഡ് ടര്‍ബോ വി12 എൻജിനും മാനുവല്‍ ഗിയര്‍ബോക്‌സുമായിരുന്നു ബുഗാട്ടിയുടെ ഈ വാഹനത്തിലുണ്ടായിരുന്നത്.

ബുഗാട്ടി ഒരു ഫ്രഞ്ച് വാഹന കമ്പനിയാണെങ്കിലും ഇബി110 നിര്‍മിച്ചത് ഇറ്റലിയിലായിരുന്നു. ഇറ്റാലിയന്‍ ബിസിനസ്മാനായ റൊമാനോ ആര്‍ട്ടിയോളി കോംപോഗലിയാനോയില്‍ സ്ഥാപിച്ച പുതിയ ഫാക്ടറിയിലാണ് ഇബി110 നിര്‍മിച്ചത്. എന്നാല്‍ 1995 ല്‍ റൊമാനോ ആര്‍ട്ടിയോളിയെ പാപ്പരായി പ്രഖ്യാപിച്ചതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനവും ഈ കാറിന്റെ നിര്‍മാണവും മുടങ്ങി. പിന്നീട് ജര്‍മന്‍ മോട്ടര്‍സ്‌പോര്‍ട് താരമായിരുന്ന ജോചെന്‍ ഡോവര്‍ ഈ ഫാക്ടറിയിലെ ഉപകരണങ്ങളെല്ലാം വാങ്ങുകയും ജര്‍മനിയില്‍ ഇബി110ന്റെ നിര്‍മാണം തുടരുകയുമായിരുന്നു.

mclaren-f1

മക്‌ലാരന്‍ എഫ്1

ഗോര്‍ഡണ്‍ മുറേയാണ് മക്‌ലാരന്‍ എഫ്1 എന്ന ക്ലാസിക് കാര്‍ രൂപകല്‍പന ചെയ്തത്. എങ്കിലും ഈ സൂപ്പര്‍ കാറിന്റെ നിര്‍മാണത്തിനു പിന്നില്‍ നിരവധി പ്രശസ്തരും അണിനിരന്നിരുന്നു. ജാഗ്വാര്‍ എക്‌സ്ജെആര്‍-15, ഇംപ്രസ555 എന്നീ കാറുകള്‍ രൂപകല്‍പന ചെയ്ത ഡിസൈനര്‍ പീറ്റര്‍ സ്റ്റീവന്‍സും മക്‌ലാരന്‍ എഫ്1ന്റെ നിര്‍മാണത്തില്‍ സഹകരിച്ചിട്ടുണ്ട്.

618 ബിഎച്ച്പിയും പരമാവധി 650 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 6.1 ലീറ്റര്‍ വി12 എൻജിനാണ് മക്‌ലാരന്‍ എഫ്1ലുണ്ടായിരുന്നത്. ഇടതുഭാഗത്തോ വലതുഭാഗത്തോ ആയിരുന്നില്ല, നടുവിലായിരുന്നു ഈ സ്‌പോര്‍ട്‌സ് കാറിന്റെ ഡ്രൈവിങ് പൊസിഷന്‍. 1992 മുതല്‍ 1998 വരെ ആകെ 106 മക്‌ലാരന്‍ എഫ്1 കാറുകളാണ് നിര്‍മിച്ചിട്ടുള്ളത്. അവസാനമായി മക്‌ലാരന്‍ എഫ്1ന്റെ വില്‍പന നടന്നത് 20.5 ദശലക്ഷം ഡോളറിനായിരുന്നു (ഏകദേശം 169.08 കോടി രൂപ). കാര്‍പ്രേമികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് ഈ സൂപ്പര്‍കാറെന്നു തെളിയിക്കുന്നുണ്ട് ഈ വന്‍ വില.

ferrari-f50

ഫെരാരി എഫ്50

ഫെരാരിയുടെ ഫോര്‍മുല വണ്‍ കാറായിരുന്ന ഫെരാരി 641ന്റെ അതേ പവര്‍ട്രെയിനായിരുന്നു ഫെരാരി എഫ്50യുടേത്. പോരാത്തതിന് ഫെരാരിയുടെ മറ്റൊരു സ്‌പോര്‍ട്‌സ് പ്രോട്ടോടൈപ് റേസറായ 333എസ്പിയുടെ സവിശേഷതകളും. 512 ബിഎച്ച്പി കരുത്തും പരമാവധി 471എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 4.7 ലീറ്റര്‍ വി12 എൻജിനാണ് എഫ് 50ക്ക് ഉണ്ടായിരുന്നത്. 1995ല്‍ ഈ കാര്‍ പുറത്തിറങ്ങുമ്പോള്‍ കരുത്തുകൊണ്ട് വെല്ലാന്‍ ഈ വിഭാഗത്തില്‍ മറ്റൊരു കാറുമുണ്ടായിരുന്നില്ല. ആകെ 349 എഫ്50കള്‍ മാത്രമാണ് ഫെരാരി നിര്‍മിച്ചിട്ടുള്ളത്.

porsche-911gt1

പോഷെ 911 ജിടി1 സ്ട്രാസെന്‍വെര്‍ഷന്‍

പോഷെ നിര്‍മിച്ച 911 ജിടി1ന്റെ സാധാരണ റോഡുകളില്‍ ഓടിക്കാവുന്ന മോഡലായിരുന്നു 911ജിടി സ്ട്രാസെന്‍വെര്‍ഷന്‍ (സ്ട്രീറ്റ് വെര്‍ഷന്‍). പോഷെ 959, കരേറ ജിടി എന്നിവയില്‍ നിന്നുള്ള പ്രചോദനവും പോഷെയുടെ ഈ സൂപ്പര്‍കാറില്‍ കാണാനാവും. ആകെ 25 കാറുകള്‍ മാത്രമാണ് പോഷെ നിര്‍മിച്ചത്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ പോഷെ 911 ജിടി1ന് ആകെ 3.9 സെക്കന്‍ഡ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. റേസ് കാറുകള്‍ക്ക് 3.2 ലീറ്റര്‍ എൻജിനായിരുന്നെങ്കില്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്നതിനുവേണ്ടി റോഡ് വെര്‍ഷന്‍ കാറുകളുടെ കരുത്ത് കുറച്ചാണ് പോര്‍ഷെ പുറത്തിറക്കിയത്. 356 ബിഎച്ച്പി കരുത്തും പരമാവധി 600 എൻഎം ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന സൂപ്പര്‍കാറാണ് പോഷെ 911 ജിടി1.
 

English Summary: Iconic Super Cars On 90's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com