നെഹ്റു സഞ്ചരിച്ച മാസ്റ്റർ ഡീലക്സ്, 1930 ഫോഡ് എ: വിന്റേജ് കാറുകൾക്ക് പുനർജന്മം നൽകുന്ന ദമ്പതികൾ
Mail This Article
കാറുകൾക്കും ഹൃദയമുണ്ട്.. അവർ സംസാരിക്കും..
കുഞ്ഞുന്നാൾ മുതൽ വാഹനങ്ങളോട് ഹൃദയബന്ധമുള്ളയാണ് പാലക്കാട് ചന്ദ്രനഗറിലെ രാജേഷ് അംബാൾ. വിന്റേജ് കാറുകൾ ശേഖരിക്കുന്നതിനോടൊപ്പം റീസ്റ്റൊറേഷനും ചെയ്തുകൊടുക്കും. വീട്ടിൽ പണ്ടുണ്ടായിരുന്ന കാർ ആയിരുന്നു 1986 മോഡൽ കോണ്ടസ.
കെഎൽ9 1 എന്നായിരുന്നു റജിസ്ട്രേഷൻ നമ്പർ. വളരെയേറെക്കാലം വീട്ടിലെ അംഗത്തെപ്പോലെ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്നു. പഴക്കം ചെന്നപ്പോൾ 1999 ൽ അച്ഛൻ കൃഷ്ണൻ കോണ്ടസ വിൽക്കാൻ തീരുമാനിച്ചു. ഒരു കൂട്ടർ വന്നു കച്ചവടമാക്കി. അവർ വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോൾ അനങ്ങുന്നില്ല. കുറെ ശ്രമിച്ചിട്ടും സ്റ്റാർട്ടാകുന്നില്ല. അവസാനം രാജേഷ് ശ്രമിച്ചതും വണ്ടി സ്റ്റാർട്ടായി. വണ്ടിയെ തലോടി പോയിട്ടുവാ.. ഇവർ നിന്നെ നോക്കിക്കോളും എന്നു പറഞ്ഞു. പിന്നെ യാതൊരു പ്രശ്നവുമില്ലാതെ കാർ അവർ കൊണ്ടുപോയി.
കുറച്ചു വർഷങ്ങൾക്കുശേഷം 2005 ൽ രാത്രി വീടിനു മുന്നിൽ നിൽക്കുമ്പോൾ കുറച്ചുപേർ പഴയ വണ്ടിയുമായി അതുവഴി വന്നു. അവിടെവച്ചു കാർ ഓഫായിപ്പോയി. അവർ കാർ തള്ളാൻ സഹായം ചോദിച്ചു. വാഹനം പൊള്ളാച്ചി മാർക്കറ്റിൽ പൊളിക്കാൻ കൊണ്ടുപോകുകയാണെന്നു മനസ്സിലായി. അവർ സ്റ്റാർട്ട് ചെയ്തു പോകുമ്പോഴാണ് നമ്പർ പ്ലേറ്റ് ശ്രദ്ധിച്ചത്. പഴയ കോണ്ടസ. അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഭാര്യ രമ്യയോടു മാത്രം പറഞ്ഞ് അതിരാവിലെ പൊള്ളാച്ചിയിലേക്കു പോയി. അവിടെ ചെയ്യുമ്പോൾ കോണ്ടസയുടെ റൂഫ് കട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവർ ചോദിച്ച വില കൊടുത്ത് കാർ സ്വന്തമാക്കി. അതേപോലുള്ള മറ്റൊരു കോണ്ടസ വാങ്ങി ഇതിനെ റീസ്റ്റോർ ചെയ്തു. ഇന്നും കുടുംബത്തോടൊപ്പം ഈ കാർ ഉണ്ട്. എവിടെ വേണമെങ്കിലും വിശ്വസിച്ചു കൊണ്ടുപോകാം. ഇതുമായി
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി വരെ ഓടിച്ചു പോയിട്ടുണ്ട്. ഇന്നേവരെ വഴിയിൽ കിടന്നിട്ടില്ല. 1995 ൽ 1951 മോഡൽ മോറിസ് വാങ്ങിയാണ് തുടക്കം. പതിയെ പഴയ മോഡലുകൾ ശേഖരിച്ചുതുടങ്ങി. ആദ്യം യൂറോപ്യൻ കാറുകളായിരുന്നു. പിന്നീട് അമേരിക്കൻ മോഡലുകളായി. അൻപതിലധികം മോഡലുകൾ ഇതുവരെ റീസ്റ്റോർ ചെയ്തിട്ടുണ്ടാകും. സൂക്ഷിക്കാൻ ഇടമില്ലാതായപ്പോൾ ചിലതെല്ലാം വിറ്റു. അപൂർവ മോഡലുകൾ ലഭിക്കുമ്പോൾ മറ്റു ചിലത് ഒഴിവാക്കുകയാണ് പതിവ്. രണ്ടു വർഷം മുൻപു വരെ 32 വണ്ടികൾ ഉണ്ടായിരുന്നു. ഇപ്പോൾ 20 ൽ താഴെ.
ലോക്ഡൗൺ സമയത്ത് ചില കൂട്ടുകാർ അവരുടെ വണ്ടികൾ റീസ്റ്റോർ ചെയ്യാൻ ഏൽപ്പിച്ചു. ചുമ്മാ ഇരിക്കുകയല്ലേ.. അവയെല്ലാം റെഡിയാക്കി കൊടുത്തു. അപ്പോൾ മക്കൾ ഋതികയും രൂപികയുമാണ് പറഞ്ഞത്.. ‘എങ്കിൽ പിന്നെ എന്തുകൊണ്ട് റിസ്റ്റൊറേഷൻ വർക്ക് ഷോപ്പ് തുടങ്ങിക്കൂടാ? അങ്ങനെ തുടങ്ങിയതാണ് ആർആർ വിന്റേജ് ആൻഡ് ക്ലാസിക് ഓട്ടമൊബീൽസ്. വളരെ ശോചനീയാവസ്ഥയിലാണ് മിക്ക മോഡലുകളും വർക്ക്ഷോപ്പിലെത്തുക. പിന്നെ ആ മോഡലിനെക്കുറിച്ചു നന്നായി പഠിക്കും. ആവശ്യമായ പാർട്ടുകൾ ലിസ്റ്റ് ചെയ്തു വയ്ക്കും. ഇല്ലാത്ത പാർട്ടുകൾ ഓഡർ ചെയ്തു വരുത്തിക്കും. പണി തുടങ്ങിയാൽ 4–6 മാസത്തിനുള്ളിൽ പൂർത്തിയാക്കി വാഹനം ഉടമയ്ക്കു നൽകും.
മഹാരാഷ്ട്ര, കൊൽക്കത്ത രാജസ്ഥാൻ, ബെംഗളൂരൂ, ചെന്നൈ അങ്ങനെ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നു പുനർജന്മം തേടി വാഹനങ്ങൾ രാജേഷ് അംബാളിന്റെയും ഭാര്യ രമ്യയുടെയും കൈകളിലെത്താറുണ്ട്.
വിന്റേജ് കാർ റീസ്റ്റോഷെൻ ചെയ്യുന്ന ഏക വനിതയാകും രമ്യ. വിവാഹം കഴിഞ്ഞെത്തിയപ്പോൾ ഭർത്താവിന്റെ വാഹനക്കമ്പം കൗതുകമായിരുന്നു.. പതിയെ ഇവയോട് ഇഷ്ടം തോന്നിത്തുടങ്ങി. വർക്ക്ഷോപ്പിൽ കൂടെ ജോലി ചെയ്യാനും നിർദ്ദേശങ്ങൾ നൽകാനും രമ്യ ഉണ്ടാകും. വിന്റേജ് ഷോകൾക്കു മക്കളെയും ഒപ്പം കൂട്ടും.
മിനിയേച്ചർ ശേഖരം
മിനിയേച്ചർ കാറുകളുടെ വലിയൊരു ശേഖരമുണ്ട് രാജേഷിന്റെ ചന്ദ്രനഗറിലുള്ള വീട്ടിൽ. ആയിരത്തിലധികം കുഞ്ഞൻ വാഹനരൂപങ്ങൾ കണ്ണാടിക്കൂടിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്. വിദേശത്തുനിന്നു ബന്ധുക്കളും സുഹൃത്തുക്കളും രാജേഷിന്റെ ഇഷ്ടം അറിഞ്ഞു സമ്മാനിച്ചവയാണു കൂടുതലും. മക്കളും അച്ഛന്റെ താൽപര്യമറിഞ്ഞു കുഞ്ഞൻ വാഹനരൂപങ്ങൾ വാങ്ങിനൽകും. ആദ്യകാല മോഡലുകൾ മുതൽ ഏറ്റവും പുതിയതിന്റെ മിനിയേച്ചർ വരെ ഇവിടെയുണ്ട്. പലതരം ട്രെയിനുകളുടെ ചെറുരൂപങ്ങളും അവ ഓടുന്നതിനായി ട്രാക്കും സെറ്റ് ചെയ്യണമെന്നാണ് അടുത്ത ആഗ്രഹം.
1930 ഫോഡ് എ & 1929 ഫിയറ്റ് സ്പൈഡർ റോഡ്സ്റ്റ്
ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. ഉത്തർപ്രദേശിലെ രാജകുടുംബത്തിൽനിന്നുള്ള മോഡലുകൾ. സ്വത്ത് തർക്കം മൂലം കേസ് നടത്താൻ കാശില്ലാതായപ്പോൾ അതിലൊരു കൂട്ടർ 1930 ഫോഡ് എ വിത്ത് റംബിൾ സീറ്റ് വാങ്ങാമോ എന്നു ചോദിച്ചു. അതു വാങ്ങി 15–ാം ദിവസം എതിർഭാഗവും അവരുടെ അപൂർവ മോഡലായ 1929 ഫിയറ്റ് സ്പൈഡർ റോഡ്സ്റ്റ് വാങ്ങുന്നോ എന്നു ചോദിച്ചു. അപ്രതീക്ഷിതമായി രണ്ടു മോഡലുകളും കൈവശം വന്നുചേരുകയായിരുന്നു. ഇതിൽ 1929 ഫിയറ്റ് ലോകത്തുതന്നെ ആകെ രണ്ടെണ്ണമേ ഉള്ളെന്നാണു കരുതുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഫിയറ്റിന്റെ 1920–1930 കാലത്തെ റെക്കോഡുകളെല്ലാം നശിച്ചിരുന്നു. ഫിയറ്റ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഈ വാഹനത്തിന്റെ വിവരങ്ങൾ ലഭ്യമല്ലെന്നറിഞ്ഞു. ഇറ്റലിയിൽ ഒരെണ്ണം ഉണ്ട്. രണ്ടാമത്തേതാണ് ഇത് എന്നു രാജേഷ് പറയുന്നു.
വെളിച്ച കണ്ട വണ്ടി
ഹൈദരാബാദിലെ ഒരു ഷെഡിൽ വർഷങ്ങളായി വെളിച്ചം കാണാതെ കിടക്കുകയായിരുന്നു അത്. കാർ എന്നൊന്നും പറയാൻ പറ്റാത്ത അവസ്ഥ. ഞങ്ങൾ അവിടെ ചെന്നു ആ മോഡൽ വാങ്ങി വീട്ടിലെത്തിച്ചു. 1951 സ്റ്റുഡി ബേക്കർ ചാംപ്യൻ എന്ന മോഡലിന്റെ പുനർജന്മമായി, അത്.
നെഹ്റു സഞ്ചരിച്ച മാസ്റ്റർ ഡീലക്സ്
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സഞ്ചരിച്ച 1939 ഷെവർലെ മാസ്റ്റർ ഡീലക്സ് ആണ് ശേഖരത്തിലെ മറ്റൊരു കൗതുകം. കേരളം രൂപീകൃതമാകുന്നതിനു മുൻപ് പാലക്കാട് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അന്ന് പണി നടന്നുകൊണ്ടിരിക്കുന്ന മലമ്പുഴ അണക്കെട്ട് സന്ദർശിക്കാൻ മുഖ്യമന്ത്രി കാമരാജിനൊപ്പം നെഹ്രു ഈ മാസ്റ്റർ ഡീലക്സിൽ പാലക്കാട്ടേക്കെത്തുകയായിരുന്നു. ദക്ഷിണേന്ത്യയിലെതന്നെ ആദ്യ ടാക്സി കാർ കൂടിയായിരുന്നു ഇത്. പൊള്ളാച്ചിയിലെ എൻടിപി ട്രാസ്പോട്ടേഴ്സിന്റെതായിരുന്നു ഈ കാർ.
1957 പ്ലിമൗത്ത് സബർബൻ
ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ദ് ആർച്ചിസ്’ സിനിമയിൽ ഇതുമുണ്ട്. ഇടയ്ക്കിടെ ഷൂട്ടിങ്ങിനായി ചെന്നൈ, മുംബൈ, ഊട്ടി എന്നിവിടങ്ങളിലേക്കു പോകും. ഷൂട്ട് ഇല്ലാത്ത സമയത്തു തിരികെ എത്തിക്കും.
1936 ഷെവർലെ സ്റ്റാൻഡേർഡ്
ബജാജ് കുടുംബത്തിൽനിന്നു ലഭിച്ച വാഹനമാണിത്. 1936 എന്ന നമ്പർ തന്നെ കിട്ടുന്നതിനായി കേരളത്തിൽ റീറജിസ്റ്റർ ചെയ്തു.
1946 ബ്യൂക്ക്
പാലക്കാട്ടു ജില്ലയിലെതന്നെ മർണ്ണാർക്കാട്ട് നിന്നു വാങ്ങിയത്.
1968 ഓപൽ കമ്മഡോർ 6
റൂഫ് ഓപൺ ചെയ്യാവുന്ന ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലാണിത്. കുറച്ചു മോഡലുകൾ പൊള്ളാച്ചിയിലുള്ള ഫാമിലാണ്. ചിലതു വിന്റേജ് ഷോകൾക്കായി കൊണ്ടുപോയിരിക്കുന്നു. തുടർച്ചയായി രണ്ടുതവണ ഏഷ്യയിലെ ഏറ്റവും വലിയ വിന്റേജ് കാർ ഷോ ആയ 21 ഗൺ സല്യൂട്ടിലേക്ക് രാജേഷിന്റെ മോഡലുകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
English Summary: Vintage Car Workshop In Palakkad