ADVERTISEMENT

ഇത്രയും പഴക്കമുള്ള കാറിൽ ഇത്ര ദൂരമൊക്കെ യാത്ര ചെയ്യാൻ പറ്റുമോ, ഒരു ഫോട്ടോ എടുത്തോട്ടെ, നിങ്ങൾ പറയുന്ന കാശിന് ഈ കാർ വാങ്ങാൻ ഞാൻ റെഡിയാണ്... മലപ്പുറം കൊണ്ടോട്ടി തറയിട്ടാൽ സ്വദേശി ഫൈസൽ 1951 മോഡൽ മോറിസ് മൈനർ കാറിൽ കുടുംബവുമായി ഊട്ടിയിലേക്കു പോയപ്പോൾ വഴിയിൽ കേട്ട ചോദ്യങ്ങളാണിത്. യാത്രയിലുടനീളം വാഹനത്തിനു കിട്ടിയ സ്വീകാര്യത കണ്ടപ്പോൾ മക്കൾ താരിഖിനും ഡാനിക്കും ഒരേ നിർബന്ധം ‘ഇതു വിൽക്കരുത്’. ഇതു മാത്രമല്ല, വീട്ടിലുള്ള പഴയ വാഹനങ്ങളൊക്കെ ഇനി അവിടെത്തന്നെ നിന്നോട്ടെ എന്നു ഭാര്യ സീനയും. കുടുംബത്തിൽനിന്നു കിട്ടിയ ആ കട്ട സപ്പോർട്ടാണ് തറയിട്ടാൽ പുല്ലിത്തൊടിക ഫൈസലിന്റെ വാഹനങ്ങളിലെ ഇന്ധനം.

വീടിനും തൊട്ടടുത്ത തറവാട്ടു വീടിനും ചുറ്റുമായി പഴയ വാഹനങ്ങളുടെ നിരയാണ്. ഇവയെല്ലാം സൂക്ഷിച്ചുവച്ചിട്ട് എന്തു പ്രയോജനമെന്നു പലരും ചോദിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം ഫൈസലിന്റെ കൈവശമുണ്ട് – ‘ഇതിൽ യാത്ര ചെയ്താൽ ഉണ്ടാകുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാകില്ല.’ ജീവിതത്തിൽ ലഭിച്ച വലിയ സന്തോഷങ്ങളെല്ലാം ഈ വിന്റേജ് വാഹനങ്ങളിലെ യാത്രയിൽനിന്നാണെന്നു ഫൈസൽ.

vintage-cars

മോപ്പഡ് മുതൽ മോറിസ് വരെ

1951 മോഡൽ മോറിസ് മൈനർ കാർ, ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത 1979 മോഡൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മെഴ്സിഡീസ് ബെൻസ്, 1976 മോഡൽ പ്രീമിയർ പത്മിനി കാർ, 1986 മോഡൽ ബജാജ് ചേതക് സ്കൂട്ടർ. ഇവയ്ക്കു പുറമേ, ലംബ്രെട്ട 48 (1954), മൂന്നു സുവേഗ (1969, 1973, 1986 മോഡലുകൾ), റോയൽ എൻഫീൽഡ് മോഫ (1983) എന്നീ 5 മോപ്പഡ് വാഹനങ്ങളും ഫൈസലിന്റെ വീട്ടുമുറ്റത്തുണ്ട്. പതിനെട്ടാം വയസ്സിൽ 1983 മോഡൽ അംബാസഡർ കാർ ആണ് ആദ്യം വാങ്ങിയത്. 5 വർഷം മുൻപാണ് തമിഴ്നാട് റജിസ്ട്രേഷൻ മോറിസ് വാങ്ങുന്നത്. എന്നാൽ, നടപടികൾ പൂർത്തിയാക്കി വണ്ടി വീട്ടിലെത്തിയിട്ട് 2 വർഷമേ ആയിട്ടുള്ളൂ. 

വാഹനങ്ങളെല്ലാം ഫിറ്റ്, എല്ലാം നിരത്തിൽ

നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയശേഖരവും ആദ്യകാല കാർഷികോപകരണങ്ങളും മറ്റുമായി വലിയ പുരാവസ്തു ശേഖരം വീട്ടിലുള്ളതുകൊണ്ട് ഈ വാഹനങ്ങളും അതുപോലെ സൂക്ഷിക്കാനുള്ളതാകും എന്നു കരുതുന്നവർക്കു തെറ്റി. ഫൈസലിന്റെ എല്ലാ വിന്റേജ് വാഹനങ്ങളും നിരത്തിലാണ്. വാഹനങ്ങളുടെയെല്ലാം റജിസ്ട്രേഷൻ, ടാക്സ്, ഫിറ്റ്നസ്, പുകപരിശോധന എന്നിവയെല്ലാം കൃത്യമാണ്. വിദേശത്താകുമ്പോൾ ഫൈസലിനെ സഹായിക്കുന്നതു സുഹൃത്ത് ഫസീമും കുടുംബാംഗങ്ങളുമാണ്. വിന്റേജ് ക്ലബ് കൂട്ടായ്മയിൽ അംഗമായതിനാൽ വാഹനങ്ങളുടെ സ്പെയർ പാർട്സ് സംബന്ധിച്ച ആശങ്കയുമില്ല. ജിദ്ദയിൽ പരസ്യമേഖലയിൽ പ്രൊഡക്‌ഷൻ മാനേജരാണ് ഫൈസൽ. 

സിനിമയിൽ

ലെഫ്റ്റ് ഹാൻഡ് ബെൻസ് കാർ ആണ് ബിഗ് സ്ക്രീനുകളിൽ നിറഞ്ഞോടുന്നത്. റിലീസ് ചെയ്യാനുള്ള ‘സൂചി’ എന്ന സിനിമയിലാണ് അവസാനമായി ബെൻസ് എത്തിയത്. ‘ഒരു തെക്കൻ തല്ലുകേസി’ലെ ബെൻസും ജീപ്പും ഫൈസിലിന്റേതാണ്. ഈയിടെ തമിഴ്പടത്തിലേക്കും ബെൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പല സിനിമകളിലും ബെൻസ് മുഖം കാണിച്ചിട്ടുണ്ട്. പുറമേ, ഒട്ടേറെ ഷോർട് ഫിലിമുകളിലും ഈ ബെൻസ് നിറഞ്ഞുനിൽക്കുന്നു. വാഹനം മാത്രമല്ല ഫൈസൽ നൽകുക. ഡ്രൈവറെയും നൽകും. വാഹനം നല്ല രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ പിന്നീടു പണികിട്ടുമെന്നതുതന്നെ കാരണം. 

വധൂവരന്മാർ പഴയ ബെൻസിൽ

ഒരു കല്യാണത്തിനു വരന്റെ വീട്ടുകാർ ഫൈസലിന്റെ ബെൻസ് കാർ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ വിലകൂടിയ കാറുകൾ ഏറെ. എന്നാൽ, വരൻ വധുവിനെ കൂട്ടിക്കൊണ്ടുവരാൻ പോയത് ഫൈസലിന്റെ പഴയ ബെൻസിലായിരുന്നു. 

ഊട്ടി യാത്ര

ഊട്ടിയാത്രയ്ക്കു പഴയ മോറിസ് മൈനറുമായി പോകാനൊരുങ്ങിയപ്പോൾ പലരും ആശങ്കപ്പെട്ടു. ഏതുസമയവും വഴിയിൽ നിൽക്കാം. നന്നാക്കാൻ ആളെക്കിട്ടില്ല എന്നൊക്കെയായിരുന്നു ആശങ്ക. എന്നാൽ, ആ വാഹനങ്ങളുമായുള്ള അടുപ്പം കാരണമുണ്ടായ വിശ്വാസം മനക്കരുത്തായി. ആദ്യ ദിവസം നിലമ്പൂർ വഴി ഊട്ടിയിൽ പോയി. രണ്ടാംദിവസം മൈസൂരുവിൽ പോയി വയനാട് വഴി തിരിച്ചിറങ്ങി. ചുരങ്ങൾ കയറിയിറങ്ങി ഏകദേശം 800 കിമീ ഓടിച്ചു. ഒരു പ്രശ്നവുമില്ലാതെ തിരിച്ചെത്തി. 

ആ വാഹനത്തോടുള്ള കൗതുകംകാരണം പലരും വഴിയിൽനിന്നു കൈകാണിച്ചു. ആദ്യം സോറി പറയും. പിന്നീട് ഒരു ഫോട്ടോ എടുക്കട്ടെ എന്നു ചോദിക്കും. ഊട്ടിയിൽ എത്തിയപ്പോൾ റൂം ബുക്ക് ചെയ്ത ആൾ എത്തി. കാർ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, നിങ്ങൾ ഈ കാറുമായി താമസിക്കേണ്ടത് മറ്റൊരു റിസോർട്ടിലാണ്. അതിന്റെ ഉടമ വിന്റേജ് വാഹനങ്ങളുടെ ഇഷ്ടക്കാരനാണ്. അവിടെ എത്തിയപ്പോൾ താമസച്ചെലവിൽ ഇളവും കിട്ടി.

ഓൾ ഇന്ത്യാ ട്രിപ്പ്

അടുത്ത അവധിക്കു നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കൾ ചേർന്ന് ബെൻസിൽ ഓൾ ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്. 

English Summary: Vintage Car Used In Films Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com