ADVERTISEMENT

ഇന്ത്യക്കാർക്ക് വാഹനങ്ങളുടെ കാര്യത്തിലെ അറ്റുപോകാത്ത അഭിമാനമാണ് അംബാസഡർ. മന്ത്രിമാർ, രാഷ്ട്രീയക്കാർ തുടങ്ങി ചലച്ചിത്രമേഖലയിലെ പ്രമുഖർ വരെ ഇന്നും കയ്യിൽ കരുതാൻ ആഗ്രഹിക്കുന്ന ‘ദ് അൾട്ടിമേറ്റ് ഇന്ത്യൻ കാർ’ എന്ന പദവിയാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസഡറിന്. അതുകൊണ്ടു തന്നെയാകും ഇന്നും നിരത്തുകളിൽ അംബാസഡർ കാണുമ്പോൾ വാഹനപ്രേമികൾക്ക് കൗതുകത്തെക്കാൾ അഭിമാനം തോന്നുന്നത്.

ക്ലാസിക് രൂപം നിലനിർത്തി വാഹനം മോഡിഫൈ ചെയ്യുന്നവർ ഏറെയുണ്ട്. എന്നാൽ തകർന്നടിഞ്ഞ അവസ്ഥയിൽ നിന്ന് പുനർജന്മമെടുത്ത ഒരു അംബാസഡറിന്റെ കഥയാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ വാഹനപ്രേമികൾക്കിടയിൽ ചർച്ചാവിഷയം. 60 വർഷത്തിലേറെ പഴക്കമുള്ള, പൂർണമായും ഉപയോഗശൂന്യമായ വാഹനം പുതുപുത്തനായി തിരികെയെത്തുന്ന വിഡിയോ ഇതിനോടകം യൂട്യൂബിൽ വൈറലായി കഴിഞ്ഞു.

 

വിന്റേജ് വാഹനങ്ങളെക്കാൾ പരിപാലനത്തിൽ അംബാസഡറിനു ചില നിബന്ധനകളുണ്ടെന്ന് ഉപയോഗിച്ചിട്ടുള്ളവർക്ക് അറിയാം. ഇക്കാരണം കൊണ്ടു മാത്രം വാഹനം ഉപേക്ഷിച്ചവരും ഇവിടെയുണ്ട്. എന്നാൽ കൊച്ചുകുട്ടികളെക്കാൾ സൂക്ഷ്മതയോടെ വാഹനം സൂക്ഷിക്കുന്നവർക്ക് കൂട്ടായി ഒട്ടേറെ വാഹന വർക്‌ഷോപ്പുകൾ ഇന്ത്യയിലുടനീളം ഉണ്ട്. അത്തരത്തിൽ ഒരു വർക്‌ഷോപ്പിൽ നിന്നാണ് 1964 മോഡൽ മാർക് 2 അംബാസഡറിന്റെ വിഡിയോ പുറത്തു വന്നിട്ടുള്ളത്. പൂർണമായി തകർന്ന അവസ്ഥയിൽ നിന്ന് പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ദൃശ്യങ്ങൾ ഏതൊരു വാഹന പ്രേമിയെയും ഉൾപുളകം കൊള്ളിക്കുമെന്നു തീർച്ച.

 

റെട്രോ ക്ലാസിക്സ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലാണ് ദൃശ്യങ്ങളുള്ളത്. ഉടമ ഉപേക്ഷിച്ച പഴയ അംബാസഡർ വാഹനം പൂർണമായി തകർന്ന അവസ്ഥയിലാണ് ദൃശ്യങ്ങളുടെ തുടക്കത്തിൽ കാണാനാകുന്നത്. കാർ തള്ളിയാൽ പോലും നീങ്ങാനിടയില്ലെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തം. ഇവിടെ നിന്നു ട്രക്കിൽ കയറ്റി വർക്‌ഷോപ്പിലെത്തുന്നതു മുതലാണ് കൗതുകം ആരംഭിക്കുന്നത്.

 

എൻജിനും, ഡ്രൈവ് പാർട്സുകളും ഇന്റീരിയറും ഉൾപ്പെടെ വാഹനത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും അറ്റകുറ്റപ്പണി ആവശ്യമാണെന്ന് ദൃശ്യങ്ങളിൽ പറയുന്നുണ്ട്. വാഹനത്തിലെ ക്രോമിയം ഫിനിഷ് ഭാഗങ്ങൾ നീക്കം ചെയ്ത് ജോലി ആരംഭിക്കുന്നതിലൂടെ വാഹനത്തിന്റെ അവസ്ഥ വ്യക്തമാകുന്നുണ്ട്. തുടർന്ന് വാഹനത്തിന്റെ ഭാഗങ്ങളെല്ലാം അഴിച്ചുമാറ്റി പെയിന്റ് നീക്കം ചെയ്യാനുള്ള ജോലികൾ ആരംഭിക്കുന്നു. പെയിന്റ് നീക്കം ചെയ്യുന്നത് ബ്ലോടോർച്ച് ഉപയോഗിച്ച് ചൂടാക്കിയ ശേഷമാണ്. മിക്ക വർക്‌ഷോപ്പുകളും പെയിന്റ് റിമൂവൽ സൊല്യൂഷൻ ഉപയോഗിക്കുമ്പോൾ ബ്ലോടോർച്ച് ഉപയോഗിച്ചുള്ള പെയിന്റ് നീക്കം ആരെയും അതിശയിപ്പിക്കുന്നു. പ്ലാസ്റ്റിക് ഭാഗങ്ങൾ വളരെ കുറവായതിനാൽ ബ്ലോടോർച്ച് ഉപയോഗിച്ചുള്ള പെയിന്റ് നീക്കം അംബാസഡർ പോലെയുള്ള ഉരുക്ക് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ഏറെ ഇണങ്ങുമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകും.

 

സസ്പൻഷൻ, സ്റ്റിയറിങ് തുടങ്ങിയ ഭാഗങ്ങളോടൊപ്പം എൻജിനും പൂർമായി നവീകരിച്ച ശേഷമാണ് വാഹനം പെയിന്റിങ്ങിലേക്ക് കടക്കുന്നത്. പിന്നീട് ‘മറൈൻ ബ്ലൂ’ പെയിന്റ് ചെയ്തശേഷം വാഹനം പൂർണമായി ക്ലാസിക് റെട്രോ ലുക്കിലേക്ക് മാറുന്ന കാഴ്ച വളരെ ആസ്വദിച്ച് കാണാനാകും.

വാഹനത്തിൽ പൂർണമായി ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളെല്ലാം ഒറിജിനൽ ഭാഗങ്ങളാണെന്നതിനാൽ വാഹനത്തിന്റെ മാറ്റ് വളരെയധികം വർധിപ്പിക്കുന്നു. പൂർവകാല പ്രതാപത്തിൽ നിന്നു തുരുമ്പടിച്ച മറവിയിലേക്ക് മറഞ്ഞുകിടക്കുന്ന പഴയ രാജാക്കന്മാർ തിരികെ വരാൻ ഈ വിഡിയോ കാരണമാകട്ടെ എന്നാശംസിച്ചാണ് വിഡിയോ അവസാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com