ADVERTISEMENT

‘‘മഞ്ഞ സെന്‍ കാര്‍ എന്ന് പാച്ചുവിന്റെ സ്‌ക്രിപ്റ്റില്‍ തന്നെ ഞാന്‍ എഴുതിയിരുന്നു. ഇപ്പോള്‍ നിരത്തിൽ കാണാത്തൊരു കാര്‍ വേണം എന്നുണ്ടായിരുന്നു. പണ്ട് പ്രീമിയം മിഡില്‍ ക്ലാസിലുള്ള, അത്യാവശ്യം ശമ്പളമുള്ള ആളുകള്‍ വാങ്ങിച്ചിരുന്ന കാറായിരുന്നു സെന്‍. വണ്ടി മാറ്റാതിരിക്കുന്നത് നല്ല ക്വാളിറ്റിയാണ്. അവര്‍ കുറച്ചുകൂടി അറ്റാച്‌മെന്റ് ഉള്ളവരായിരിക്കും. ആ കാലവും അങ്ങനെയൊരു ഫാമിലിയിലെ അംഗവുമാണ് പാച്ചു എന്ന കാണിക്കാനാണ് സെന്‍ തിരഞ്ഞെടുത്തത്. പടത്തിന്റെ നിര്‍മാതാവ് സേതുവേട്ടന്‍ സ്വന്തം നാടായ മണ്ണാര്‍ക്കാടുനിന്ന് സംഘടിപ്പിച്ചതാണ് ആ സെന്‍.’’ പാച്ചുവും അദ്ഭുതവിളക്കും സിനിമയിലെ വാഹനകഥ പറഞ്ഞ് സംവിധായകന്‍ അഖില്‍ സത്യന്‍ വാഹനവിശേഷങ്ങള്‍ക്കു തുടക്കമിട്ടു.  

zen

നിവിന്‍ പോളിയെയാണ് പാച്ചുവായി ആദ്യം കാസ്റ്റ് ചെയ്തത്. നിവിനെ ചിരിപ്പിക്കാന്‍ വേണ്ടി സ്‌പോട്ടില്‍ ഉണ്ടാക്കിയതാണ് ആ ഹോണടി. പിന്നെയത് വർക്ക് ആയപ്പോള്‍ സ്‌ക്രിപ്റ്റില്‍ ചേര്‍ത്തു. ഉമ്മച്ചിക്കു വേണ്ടി ചേര്‍ത്തലയില്‍നിന്ന് 35-40 വര്‍ഷം പഴക്കമുള്ള ബെന്‍സും കൊണ്ടുവന്നു. ഞാന്‍ ഡയറക്ടര്‍ ആണല്ലോ. വലിയ കാര്യത്തില്‍ ചെന്ന് ‘ഓടിച്ചുനോക്കട്ടെ’ എന്നു പറഞ്ഞു. ‘വേറെയാര്‍ക്കും ഓടിക്കാന്‍ കൊടുക്കില്ലെ’ന്ന് അവര്‍. ഞാനാകെ ചമ്മിപ്പോയി. ഒരു വിധത്തിലാണ് ഇമേജ് രക്ഷിച്ചത്. ഹ്യൂമറിന്റെ മേമ്പൊടിയോടെ അഖില്‍ കഥകള്‍ ഓരോന്നായി പുറത്തെടുത്തു തുടങ്ങി. 

വെള്ള മാരുതിയില്‍ തേക്കടിയിലേക്ക്

കുട്ടിക്കാലത്ത് യാത്രകള്‍ വളരെ കുറവായിരുന്നു. അച്ഛന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുന്ന സമയം. അക്കാലത്ത് സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്‌സ് എല്ലാം ചെന്നൈയിലായിരുന്നു. ഷൂട്ടിങ് ഇല്ലെങ്കിലും ശ്രീനിയങ്കിളും ലോഹിയങ്കിളുമൊക്കെയായി ഡിസ്‌കഷന്റെ തിരക്കിലാകും അച്ഛന്‍. അക്കാലത്തെ ഓര്‍മയിലുള്ള ഏക വാഹനം സ്‌കൂളിലേക്കു പോകുന്ന വാന്‍ ആണ്. അതിലെ യാത്രയേ ഉള്ളൂ അന്ന്. 1989ല്‍ വീട്ടിലേക്ക് ഒരു പുതിയ വെള്ള മാരുതി കാര്‍ കയറിവന്നത് മങ്ങിയ ഓര്‍മയുണ്ട്. അച്ഛന്റെ ആദ്യത്തെ കാര്‍. KL7A183. ഇപ്പോഴും നമ്മുടെ മെയിന്‍ കാര്‍ അതാണ്. എല്ലാവര്‍ക്കും അറ്റാച്‌മെന്റ് ഉണ്ട് ‘പുള്ളിക്കാരനോട്’. പണ്ട് മാരുതി 800 എല്ലാവരുടെയും സ്വപ്‌ന കാര്‍ ആയിരുന്നല്ലോ. ബുക്കിങ് കിട്ടാന്‍ വലിയ പാടായിരുന്നതുകൊണ്ട് എറണാകുളത്തുനിന്നാണ് ബുക്ക് ചെയ്തത്. 

വേറെയാര്‍ക്കോ ബുക്ക് ചെയ്ത് അയാള്‍ വാങ്ങിക്കാതെ വന്നപ്പോള്‍ ഞങ്ങള്‍ക്കു കിട്ടിയതാണ്.  KL 7A നമ്പര്‍ തുടങ്ങിയ ശേഷമുള്ള ആദ്യത്തെ കാറുകളില്‍ ഒന്ന്. 35 വയസ്സായില്ലേ ആള്‍ക്ക്. ഒന്ന് കുട്ടപ്പനാക്കാന്‍ അന്തിക്കാട് വര്‍ക്‌ഷോപ്പില്‍ കയറ്റിയിരിക്കുകയാണ്. പണ്ട് അച്ഛന്‍ വന്നാല്‍ ഒരു എറണാകുളം ട്രിപ് ഉണ്ടാകും. ഞങ്ങള്‍ മൂന്നുപേരും പിറകിലും അച്ഛനും അമ്മയും മുന്നിലുമായുള്ള യാത്ര. ഡിക്കിയിലൊക്കെ കയറിയിരുന്ന് കാര്‍യാത്രയെ ജീപ്പ് യാത്രയാക്കും ഞങ്ങള്‍. അതില്‍ തേക്കടിക്കു പോയതും ഓര്‍മയിലുണ്ട്. തേക്കടി എത്തിയപ്പോള്‍ രാത്രിയായി. പെട്രോളും തീര്‍ന്നു. ഒരപ്പൂപ്പന്റെ പെട്രോള്‍ പമ്പില്‍നിന്ന് അച്ഛന്‍ കൈകൊണ്ടു തിരിച്ച് പെട്രോള്‍ നിറച്ചതൊക്കെ ഓര്‍മയുണ്ട്. 

പാട്ടുകേട്ട് കെഎസ്ആര്‍ടിസിയില്‍

പ്ലസ്ടു, കോളജ് കാലത്ത് ബസ് സ്‌റ്റോപ് വരെ ഹെർക്കുലീസ് എംടിബി സൈക്കിളില്‍ ചെത്തിയൊരു പോക്കാണ്. അന്തിക്കാടു നിന്ന് ലൈന്‍ബസ് പിടിക്കും. ബസിറങ്ങി സ്‌കൂളിലേക്കു കുറച്ചു നടക്കണം. അവിടെയും അച്ഛന്‍ ബുദ്ധി പ്രയോഗിച്ചു. ബിഎസ്എ ഡീലക്‌സ് സൈക്കിള്‍ വാങ്ങി അച്ഛന്‍ ആ സ്‌റ്റോപ്പില്‍ എത്തിച്ചു. അവിടത്തെ ഒരു വീട്ടില്‍ സമ്മതം ചോദിച്ച് സൈക്കിള്‍ അവിടെ വയ്ക്കും. അങ്ങനെ സൈക്കിളിലും ലൈന്‍ബസിലുമായിട്ടായിരുന്നു പ്രധാനമായും അക്കാലത്ത് ഞങ്ങളുടെ യാത്രകള്‍. ഞങ്ങള്‍ക്കെപ്പോഴും കംഫര്‍ട്ടബിൾ ബസ് യാത്രയാണ്. ഇപ്പോഴും അവസരം കിട്ടുമ്പോള്‍ ബസില്‍ പോകും. ഏറ്റവും കൂടുതല്‍ അറ്റാച്ഡ് ആയിട്ടുള്ളത് ബസ് യാത്രയോടാണ്. അടുത്തകാലംവരെ ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി A1 ബസ് കയറിയാണ് ഫ്ലാറ്റിലേക്ക് പോയിരുന്നത്. ഇപ്പോള്‍ മോന്‍ ആര്യന്‍ ആയ ശേഷം ബസ് യാത്ര കുറഞ്ഞു. എന്റെ കുറെ യാത്രകള്‍ കെഎസ്‌ആര്‍ടിസിയില്‍ ആയിരുന്നു. 

സിനിമയ്ക്കായിട്ടാണ് യാത്രകള്‍ കൂടുതലും. തനിച്ചുള്ള യാത്രകളോടാണ് ഇഷ്ടം. പാട്ടു കേട്ട് കെഎസ്ആര്‍ടിസിയിലെ യാത്ര ക്ലീഷേ ആണെങ്കിലും ഉള്ളില്‍ വല്ലാത്തൊരു ക്രിയേറ്റിവിറ്റി നിറയ്ക്കും അത്. പതിനെട്ടാം വയസ്സില്‍ ലൈസന്‍സ് എടുത്തു. അന്നൊക്കെ ആകക്കൂടി കാറോടിക്കാന്‍ കിട്ടുന്നത് ഫാമിലി ട്രിപ്പുകള്‍ വരുമ്പോഴാണ്. വലിയച്ഛനെയോ ബന്ധുക്കളെയോ ഡ്രോപ് ചെയ്യാന്‍ കിട്ടുന്ന അവസരം. കഴിഞ്ഞ തവണ നീ പോയില്ലേ, ഇത്തവണ ഞാന്‍ ഡ്രോപ് ചെയ്യാം എന്ന് ഊഴം വച്ചേ കാര്‍ കിട്ടൂ. അതിന്റെ പേരില്‍ ഞാനും അനൂപും വഴക്കിട്ടിട്ടുണ്ട്. 

akhil-sathyan-1

സിറ്റി, പോളോ, ബലേനോ

ഞങ്ങളുടെ കോളജ് കാലമായപ്പോള്‍ അച്ഛന്‍ ഹോണ്ട സിറ്റി വാങ്ങിച്ചു. അതോടിക്കാന്‍ കിട്ടുക എന്നാല്‍ വന്‍ ലക്‌ഷ്വറി ആണ്. ചേട്ടനാണ് വീട്ടിലെ ആസ്ഥാന ഡ്രൈവര്‍. കോഴിക്കോടാണു ജോലി. പത്തു വര്‍ഷമായി എല്ലാ വീക്ക് എന്‍ഡ്‌സിലും പുള്ളി അവിടെനിന്ന് ടൊയോട്ട എറ്റിയോസ് ലിവയോടിച്ച് തൃശൂരിൽ വരും. ചെന്നൈ വിപ്രോയില്‍ ജോലി കിട്ടിയപ്പോഴും വാങ്ങി ഞാന്‍ ഒരു സൈക്കിള്‍! വീക്ക് എൻ‌ഡിലെല്ലാം അന്തിക്കാടെത്തും ഞാന്‍. അനൂപിനെക്കാള്‍ വീട് ഒരു കംഫര്‍ട്ട് സോണായിരുന്നത് എനിക്കായിരുന്നു. ‘വരനെ ആവശ്യമുണ്ട്’ കഴിഞ്ഞ് അനൂപ് ഒരു പോളോ ജിടി വാങ്ങി. ഗ്രേ നിറത്തിലുള്ള ഓട്ടമാറ്റിക് ബലേനൊ ആണ് എന്റേത്. പൈസ പെറുക്കിക്കൂട്ടി 2017ല്‍ വാങ്ങിച്ച വണ്ടിയാണ്. സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങാനായിരുന്നു പ്ലാന്‍. നോക്കിയപ്പോള്‍ ചെന്നൈയില്‍ പുതിയ വണ്ടിയുടെ അത്രയും തന്നെ വിലയുണ്ട് പഴയതിനും. 

എനിക്കതിന്റെ അകത്തെ സ്‌പേസ് നന്നായി ഇഷ്ടപ്പെട്ടു. കൊടുക്കുന്ന പൈസയ്ക്ക് മാക്‌സിമം വാല്യു തോന്നിയതുകൊണ്ട് വാങ്ങി. കുറെ കഴിഞ്ഞ്, ഓരോ ഗിയറും മാറ്റുമ്പോള്‍ ശ്ശോ, ഓട്ടമാറ്റിക് വാങ്ങാമായിരുന്നു എന്നു തോന്നരുതല്ലോ എന്നുവച്ചാണ് ഒരു ലക്ഷം അധികം കൊടുത്ത് വിഷമത്തോടെ ഓട്ടമാറ്റിക് തന്നെ വാങ്ങിയത്. ഗിയറുള്ള വാഹനത്തിനാണ് ആണത്തം എന്നൊക്കെ പറയാറുണ്ടല്ലോ. വെറുതെയാ. ഇപ്പോഴല്ലേ ഓട്ടമാറ്റിക്കിന്റെ സുഖം അറിഞ്ഞത്. അതോടെ വിഷമമൊക്കെ മാറി. അതിനോടൊരു അറ്റാച്‌മെന്റ് ആയിത്തുടങ്ങി. ചെന്നൈയില്‍നി ന്നു ബലേനോയില്‍ പുതുച്ചേരിയിലേക്കും ബെംഗളൂരുവിലേക്കും ലോങ് ഡ്രൈവ് പോയിട്ടുണ്ട്. രസകരമായിരുന്നു ആ യാത്ര. 

ഫഹദിന്റെ പോര്‍ഷെ 

വിപ്രോ കഴിഞ്ഞ് പിന്നെ ഞാന്‍ വര്‍ക്ക് ചെയ്ത ‘സ്ഥാപനം’ നാട്ടിലെ നെല്ലുകുത്ത് കമ്പനി ആണ്. അച്ഛന്റെ അസോഷ്യേറ്റ് ആയി സിനിമയില്‍ വന്ന സമയത്ത് ഏറ്റവും കൂടുതല്‍ ഓടിയത് ആ നെല്ലുകുത്ത് കമ്പനിയിലേക്കാണ്. വീട്ടില്‍ കൃഷിയുള്ളതുകൊണ്ട് അരി പൊടിക്കാനും മറ്റുമായി  മാരുതിയും ഞാനും ഗംഭീര ഓട്ടമായിരുന്നു. ‘കഥ തുടരുന്നു’ മുതല്‍ ‘ഞാന്‍ പ്രകാശന്‍’ വരെ പത്തു വര്‍ഷം, ആറു സിനിമകളില്‍ അച്ഛന്റെ കൂടെയായിരുന്നു. അക്കാലത്ത് ലൊക്കേഷന്‍ കാണാനായി കുറെ യാത്രകള്‍. എന്റേതല്ലാത്ത വണ്ടികള്‍ ഓടിച്ചുനോക്കാന്‍ വലിയ ഇഷ്ടമാണെനിക്ക്. അന്നൊക്കെ പ്രൊഡക്‌ഷൻ ടാക്‌സിയായി വരുന്ന ഇന്നോവ, ഡ്രൈവർമാരോടു ചോദിച്ചു ഞാനോടിക്കും. 

ലക്‌ഷ്വറി കാറുകളൊന്നും ഓടിച്ചിട്ടില്ല. ആകെ ഒരു തവണയേ ബെന്‍സിനകത്തു കയറിയിട്ടുള്ളൂ. അതൊരു ബന്ധുവിന്റെ കാറായിരുന്നു. ഞാന്‍ ‘പ്രകാശന്റെ’ സമയത്ത് ഫഹദിന്റെ ബിഎംഡബ്ല്യുവില്‍ ഒരിക്കല്‍ കയറി. പാച്ചുവിന്റെ സമയത്താണ് ലംബോർഗിനി ഉറുസില്‍ കയറിയത്. ഹെലികോപ്റ്ററിന്റെ കോക്പിറ്റില്‍ കയറിയ ഫീലായിരുന്നു. വേറൊരു ദിവസം ഫഹദ് പോര്‍ഷെ കൊണ്ടുവന്നു. ഫഹദിന്റെ ഈ മൂന്നു ലക്‌ഷ്വറി കാറുകളിലേ ആകെ ഞാന്‍ യാത്ര ചെയ്തിട്ടുള്ളു.

ഡ്രീം വെഹിക്കിൾ

സെയ്ഫ് ആയ നല്ല വണ്ടി എന്നുമാത്രമാണ് എപ്പോഴും ഞാന്‍ ചിന്തിക്കാറ്. അധികം ലക്‌ഷ്വറിയാകുന്നതിനോടു താല്‍പര്യമില്ല. പണ്ട് ബെന്‍സ് ഒക്കെ ക്ലാസ് ആയി ഫീല്‍ ചെയ്യാറുണ്ടായിരുന്നു. പോകുന്നതു കാണാന്‍ തന്നെ ഇഷ്ടമായിരുന്നു. ഇപ്പോള്‍ പിന്നെ വോള്‍വോ, ബിഎംഡബ്ല്യു അങ്ങനെ കുറെ കാറുകള്‍ വന്നല്ലോ. പണ്ട് ബെന്‍സിന്റെ എ ക്ലാസ് ഹാച്‌ബാക്ക് വണ്ടിയുണ്ടായിരുന്നില്ലേ, അതൊന്നു വാങ്ങിയാലോ എന്നൊക്കെയുണ്ടായിരുന്നു. അപ്പോഴാണ് ആരോ പറഞ്ഞത്, അതിന്റെ ഒരു മിറര്‍ പോയാല്‍ 50,000 കൊടുക്കണം എന്ന്. അതാലോചിച്ചപ്പോള്‍ പിന്നെ പോട്ടേ, സാരമില്ല എന്നു വച്ചു. നമ്മുടെ അകത്ത് ഒരു മിഡില്‍ ക്ലാസ് എലമെന്റ് ഉള്ളതുകൊണ്ട് അത്രയ്ക്കു പോകാന്‍ പറ്റാറില്ല. എന്നാലും പറയാന്‍ പറ്റില്ല. ഇപ്പോഴെനിക്ക് സേഫ്റ്റി വലിയ കണ്‍സേണ്‍ ആയി തോന്നുന്നുണ്ട്. ലക്‌ഷ്വറി കാറുകളുടെ വലിയൊരു കാര്യം സേഫ്റ്റി ആണല്ലോ. ചിലപ്പോള്‍ ഒന്ന് അപ്‌ഡേറ്റ് ചെയ്യണമെന്നുണ്ട്.

ഗ്രീന്‍ ഗോവ

ചെന്നൈയില്‍നിന്നു വൈഫിന്റെ ചെലവില്‍ ഫ്ലൈറ്റെടുത്താണ് ഗോവയില്‍ ലൊക്കേഷന്‍ കാണാന്‍ പോയത്. അവിടെച്ചെന്ന് ആക്ടീവ വാടകയ്‌ക്കെടുത്ത് വാസ്‌കോയിലൊക്കെ പോയി. എനിക്കു ടൂവീലര്‍ ഓടിച്ച് അത്ര ശീലമില്ല. അനൂപ് ബൈക്കോടിച്ച് ഋഷികേശ് ഒക്കെ പോയിട്ടുണ്ട്. അവന്‍ ബൈക്കിന്റെ ആളാണ്. വാസ്‌കോ ശരിക്കും മെക്‌സിക്കന്‍ ഛായയിലുള്ള സ്ഥലമാണ്. അവിടെ അധികമാരും ഷൂട്ടിങ് ചെയ്തിട്ടില്ല. പൻജിം സിറ്റി, ബസ് സ്റ്റാന്‍ഡ് ഒക്കെ ശരിക്കും കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാര്‍ട്ടി ഗോവയും ബീച്ചുമൊക്കെ ഒഴിവാക്കി ശാന്തമായ ഗ്രീന്‍ ഗോവയാണു പിടിച്ചത്. അതുകൊണ്ട് പടത്തിന് ഫ്രഷ്‌നെസ് കിട്ടി. പാച്ചുവില്‍ കാണുന്ന മുംബൈ എനിക്കു ശരിക്കും അറിയാവുന്ന മുംബൈയാണ്. ആഡ്‌സില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ മുംബൈ മെട്രോയിലും ബസിലും ലോക്കല്‍ ട്രെയിനിലുമൊക്കെ പോയിട്ടുണ്ട്. ക്യാമറാമാന്‍ ശരണിനും മുംബൈ അറിയാം. മുംബൈയില്‍ കാണിക്കുന്ന സ്ഥിരം കെട്ടിടങ്ങളും മറ്റും പാച്ചുവില്‍ കാണിച്ചിട്ടില്ല. മെയിന്‍ റോഡും ബസിനുമൊക്കെയായി ഷൂട്ടിന് ഒരു ദിവസം പത്തു ലക്ഷം രൂപയാണു കൊടുത്തത്. ഇത്രയും നന്നായി മുംബൈ കാണിച്ചിട്ടില്ല ആരും എന്ന് കുറെ മുംബൈ മലയാളികള്‍ എന്നെ വിളിച്ചു പറഞ്ഞു. 

sathyan-anthikad

അച്ഛനും ‘സിറ്റി’കളും

ആദ്യത്തെ ‘സിറ്റി’ 5 വര്‍ഷം മുൻപ് മാറ്റി വാങ്ങിച്ചു. ഗ്രേ നിറത്തിലുള്ള പുതിയ ‘സിറ്റി’ യാണിപ്പോള്‍ അച്ഛന്‍ ഓടിക്കുന്നത്. അച്ഛന്റെ എല്ലാ പടത്തിലും ഒരു ബസ് ഉണ്ടാകും. സൈക്കിളും. ‘സ്‌നേഹവീടി’ല്‍ അച്ഛന്‍ പ്രത്യേകം പറഞ്ഞിരുന്നു ടാറ്റ നാനോ തന്നെ വേണം എന്ന്. മോഹന്‍ലാല്‍ നാനോ ഓടിച്ചു വരുന്നു എന്ന് സ്‌ക്രിപ്റ്റിലും എഴുതിയിരുന്നു. എന്നും എപ്പോഴും സിനിമയിലും നാനോ ഉണ്ട്. ഞാന്‍ പ്രകാശനില്‍ ശ്രീനി അങ്കിള്‍ ഓടിക്കുന്ന മാക്‌സിമ പോലുള്ള വണ്ടിയും സ്‌ക്രിപ്റ്റില്‍ ഉള്ളതാണ്. ബാക്കി പടങ്ങളിലെല്ലാം അച്ഛന് ഏതു വണ്ടിയായാലും ഒാകെ ആയിരുന്നു. അമ്മയും ഡ്രൈവിങ് പഠിച്ചിട്ടുണ്ട്. പക്ഷേ, ഒറ്റ കുഴപ്പം. ഡ്രൈവിങ് സ്‌കൂളിലെ ആ അംബാസഡര്‍ കിട്ടിയാല്‍ മാത്രമേ അമ്മ ഓടിക്കൂ. ഇനിയിപ്പോള്‍ അമ്മ വണ്ടിയോടിക്കണമെങ്കില്‍ അത് വാങ്ങുകയേ നിവൃത്തിയുള്ളൂ. വൈഫിനു കാറോടിക്കാന്‍ ഞാന്‍ ധൈര്യമൊക്കെ കൊടുത്തിരുന്നു. പക്ഷേ, മോന്‍ ഉണ്ടായ ശേഷം ഞാന്‍ തന്നെ ആ ധൈര്യത്തെ നിരുത്സാഹപ്പെടുത്തി. ചെന്നൈയില്‍ തലങ്ങും വിലങ്ങും ട്രാഫിക് ആയതുകൊണ്ട് ഒന്നു കെയര്‍ഫുള്‍ ആയി ഓടിച്ചാലേ പറ്റൂ.  

അച്ഛന്റെ സിനിമകളിലെ പ്രശസ്തമായ ഡയലോഗുകളില്‍ എനിക്ക് ഏറ്റവും നന്നായി അറിയുയാവുന്നത് ‘തലയണമന്ത്ര’ത്തിലെ ക്ലച്ച് എവിടെ, ബ്രേക്ക് എവിടെ, നമ്മളീ പോളിടെക്‌നിക് ഒന്നും പഠിച്ചിട്ടില്ലല്ലോ... എന്നീ മാസ് ഡയലോഗുകളാണ്. അത് ശ്രീനിയങ്കിളിന്റെ സൃഷ്ടിയാണ്. ഇന്നസെന്റ് അങ്കിളുമായി നല്ല അടുപ്പമായിരുന്നു എനിക്ക്. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ സിനിമയിലെ ഇങ്ങട്ട് കുജാരാ എന്ന പാട്ട് പണ്ട് അങ്കിള്‍ ഓരോ ക്ലാസിലും തോല്‍ക്കുമ്പോള്‍ അങ്കിളിന്റെ അച്ഛന്‍ പാടിയിരുന്നതായിരുന്നത്രേ. രണ്ടുപേരും ഞങ്ങള്‍ക്കു സ്പെഷൽ ആയ വ്യക്തികളാണ്. അവരോടുള്ള സ്‌നേഹം കൂടിയുണ്ട് ആ സീനുകളോട്. 

English Summary: Akhil Sathyan About His Driving And Vehicle Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com