ADVERTISEMENT

എംവിഡി സ്മാർട് ആയതോടെ ലൈസൻസും സ്മാർട് ആയി. എന്നാൽ പഴയ ബുക്ക് രൂപത്തിലുള്ള ലൈസൻസ് ഇപ്പോഴും മാറ്റാതെ കൊണ്ടുനടക്കുന്നവരുണ്ട്. ബുക്ക് ലൈസൻസിലെ എല്ലാ വിവരങ്ങളും പരിവഹൻ സൈറ്റിൽ ഉണ്ടാകണമെന്നില്ല. മാത്രമല്ല, തെറ്റും ഉണ്ടാകാം. 2007ൽ ബുക്ക് ലൈസൻസ് സ്മാർട് ന്യൂ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി കാർഡ് രൂപത്തിലാക്കണമെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നിട്ടും മാറ്റാത്തവരുണ്ട്. എല്ലാ ലൈസൻസ് സേവനങ്ങളും ഓൺലൈൻ അല്ല. ചില കാര്യങ്ങൾക്ക് ഓഫിസിൽ നേരിട്ടു പോകേണ്ടിവരും.
ഫാസ്റ്റ്ട്രാക്കിലേക്കു വന്ന ഒരു കത്താണ് ഈ ലേഖനത്തിനാധാരം.     

‘എന്റെ ലൈസൻസ് കാലാവധി 2024 ജനുവരിയിൽ അവസാനിക്കും. ബുക്ക് രൂപത്തിലുള്ള ലൈസൻസ് ആണ്. ലൈസൻസ് പുതുക്കുന്നതിനായി അപേക്ഷ നൽകാൻ പരിവഹൻ സൈറ്റിൽ റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ ലൈസൻസ് കാലാവധി തീർന്നതായാണ് കാണിക്കുന്നത്. ഓൺലൈനിൽ ലൈസൻസ് കാലാവധി കാണിക്കുന്ന വർഷം തെറ്റായാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട്, ഓൺലൈനായി ചെയ്യാൻ കഴിയില്ലെന്നും ടെസ്റ്റിനു പുതിയതായി അപേക്ഷിക്കണമെന്നും പറയുന്നു. ‘എഡിറ്റ് ദ് ഡീറ്റെയിൽസ് ഇൻ ഡ്രൈവിങ് ലൈസൻസ്’ വഴി തിരുത്താൻ ശ്രമിച്ചെങ്കിലും ശരിയായില്ല. എന്താണു ചെയ്യേണ്ടത്?’ 

ജോൺ ജോർജ് ഇരിട്ടി, കണ്ണൂർ

വിവരങ്ങൾ അപൂർണമാണെങ്കിൽ

ബുക്ക് രൂപത്തിലുള്ള ലൈസൻസിൽ വിവരങ്ങൾ പലതും അപൂർണമാണ്. ലൈസൻസ് ഇഷ്യു ചെയ്ത ആർടി ഓഫിസിൽനിന്ന് പൂർണവിവരങ്ങൾ പരിവഹൻസൈറ്റിൽ എൻട്രി ചെയ്ത്, അപ്രൂവ് നൽകിയാൽ മാത്രമേ ലൈസൻസ് ഓൺലൈൻ സർവീസ് ലഭ്യമാകൂ. ബുക്ക് ലൈസൻസിലെ വിവരങ്ങൾ പരിവഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതാണെങ്കിലും തിരുത്തുകൾക്കു ലൈസൻസ് ഉടമ നേരിട്ട് ആർടി ഓഫിസുമായി ബന്ധപ്പെടേണ്ടിവരും. 

ആവശ്യമായ രേഖകൾ

ആദ്യം പരിവഹൻ സൈറ്റിൽനിന്നു ലൈസൻസ് ബാക്‌ലോഗ് ഡേറ്റ ഷീറ്റ് ഡൗൺലോഡ് ചെയ്യുക. അതിൽ ഡ്രൈവിങ് ലൈസൻസ് നമ്പർ, ഫസ്റ്റ് ഡേറ്റ് ഇഷ്യൂ, ലാസ്റ്റ് ട്രാൻസാക്‌ഷൻ ആർടിഒ, ലാസ്റ്റ് ട്രാൻസാക്‌ഷൻ ഡേറ്റ്, ലൈസൻസ് ഉടമയുടെ പേര്, വിലാസം എന്നിങ്ങനെ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക. പഴയ ലൈസൻസിൽ ഇല്ലാത്ത മൊബൈൽ നമ്പർ, രക്ത ഗ്രൂപ്പ്, ഇ–മെയിൽ, പിൻകോഡ് തുടങ്ങിയവ കൂടി ചേർക്കണം. വിലാസത്തിൽ മാറ്റമോ തിരുത്തോ ഉണ്ടെങ്കിൽ അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും ഉൾ‍പ്പെടുത്തണം.

എങ്ങനെ ചെയ്യണം

പഴയ ലൈസൻസിന്റെ കോപ്പി, വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായുള്ള അപേക്ഷ, പൂരിപ്പിച്ച ഡ്രൈവിങ് ലൈസൻസ് ബാക്‌ലോഗ് ഡേറ്റ ഷീറ്റ് എന്നിവ സഹിതം ഏത് ആർടി ഓഫിസിൽനിന്നാണോ ലൈസൻസ് എടുത്തത് അവിടെ നേരിട്ടു ചെന്നു നൽകുക. അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ നമ്മൾ നൽകിയ വിവരങ്ങൾ ആർടി ഓഫിസിൽനിന്ന് പരിവഹൻ സൈറ്റിലേക്ക് എൻട്രി ചെയ്യും. അപ്പോൾ ഡിജിറ്റൽ ഫോട്ടോ, ഒപ്പ്, പഴയ ലൈസൻസ് കോപ്പി എന്നിവ സൈറ്റിൽ അപേക്ഷകൻ അപ്‌ലോഡ് ചെയ്തു നൽകണം.

ബുക്ക് ലൈസൻസിന്റെ ഒന്നു മുതൽ ആറു വരെയുള്ള പേജുകൾ ഉൾപ്പെടുന്ന വിധത്തിൽവേണം ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാൻ. ഓഫിസ് റെക്കോർഡ്സ് എന്ന നടപടിക്രമമാണ് അടുത്തത്. പഴയ ലൈസൻസിന്റെ ഫയൽ പരിശോധിച്ച്, രേഖകൾ ഓഫിസിൽനിന്നു അപ്‌ലോഡ് ചെയ്യണം. എങ്കിലേ സ്ക്രൂട്നി കഴിഞ്ഞു ലൈസൻസ് അപ്രൂവ് ആകൂ.  വിവരങ്ങൾ എസ്എംഎസ് മുഖേന ഉടമസ്ഥനു ലഭ്യമാകും. അതിനുശേഷം പുതിയ രീതിയിലുള്ള സ്മാർട് ലൈസൻസ് ലഭിക്കുന്നതിനായി ഓൺലൈൻ വഴി അപേക്ഷിക്കാം.

English Summary: Book Licence Not Renewed Yet?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com