ADVERTISEMENT

ഡ്രൈവിങ് പഠിച്ചപ്പോൾ എനിക്ക് എക്സ്ട്രാ ചിറകുകൾ കിട്ടിയ ഫീൽ ആണ്. ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്നു ഡ്രൈവിങ് പഠിക്കുക എന്നത്. എങ്ങോട്ടു പോകാനും ആരെയും ആശ്രയിക്കേണ്ട. നമുക്കിഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളിടത്തു പോകാം. മറ്റുള്ളവരുടെ സൗകര്യത്തിനായി കാത്തുനിൽക്കേണ്ട. ടെലിവിഷൻ അവതാരകയും നടിയും വ്ലോഗറുമായ അശ്വതി ശ്രീകാന്ത് പറയുന്നു. 

aswathy-sreekanth-2

‌കുറച്ചു വർഷങ്ങൾക്കു മുൻപുവരെ ഭർത്താവിനൊപ്പം യുഎഇയിൽ ആയിരുന്നു. ലൈസൻസ് ഉണ്ടെങ്കിലും ഡ്രൈവ് ചെയ്യാൻ ആത്മവിശ്വാസമില്ലാത്തതിനാൽ ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കാറില്ലായിരുന്നു. കരിയറിൽ മാറ്റം വേണമെന്നു തീരുമാനിച്ചപ്പോൾ നാട്ടിൽ വന്നു സെറ്റിൽ ആയി. അതിനുശേഷം സ്വന്തമായി ഡ്രൈവ് ചെയ്യേണ്ട അവസ്ഥ വന്നു. 

aswathy-sreekanth-8

അതുവരെ ഷൂട്ടിങ്ങിനോ 

കുഞ്ഞുമായി പുറത്തു പോകുന്നതിനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ വീട്ടുകാരുടെയോ പുറത്തുള്ള ഡ്രൈവറുടെയോ സൗകര്യം നോക്കണമായിരുന്നു. അവർക്കെല്ലാം എപ്പോഴും കൂടെ വരാൻ കഴിയണമെന്നില്ല. അതാണ് പ്രധാനമായും സ്വയം ഡ്രൈവ് ചെയ്യണം എന്ന തീരുമാനത്തിലെത്തിയത്. 

aswathy-sreekanth-3

ഹെന്റെ ആശാനേ...

വണ്ടിയോടിച്ചു തുടങ്ങിയ കാലത്ത് ട്രാഫിക്കിൽ വണ്ടി ഓഫ് ആയി പോകുന്നതൊക്കെ സ്ഥിരമായിരുന്നു. അപ്പോൾ പിറകെ വരുന്ന വണ്ടിക്കാർ ചീത്തവിളിക്കും, ഹോണടിച്ചു ബഹളമുണ്ടാക്കും. ഞാൻ മൈൻഡ് ചെയ്യില്ല. ഇവരെല്ലാം എക്സ്പേർട്ട് ഡ്രൈവർമാരായത് ഇതേ സ്റ്റേജ് കഴിഞ്ഞിട്ടല്ലേ.. കാർ ഓഫ് ആയാലും ടെൻഷൻ ആകാതെ ഓൺ ചെയ്തു സാവധാനം ഓടിച്ചുപോകും. ആദ്യമൊക്കെ കാറുമായി റോഡിൽ ഇറങ്ങുമ്പോൾ എതിരെ വണ്ടി വരുമ്പോൾ ഭയമായിരുന്നു. അപ്പോൾ പഠിപ്പിച്ചിരുന്ന ആശാൻ പറയും ‘നിനക്ക് തെറ്റിയാലും എതിരെ വരുന്നവർ നോക്കിക്കോളും. പേടിക്കേണ്ട..’ അപ്പോൾ ഞാൻ ചോദിച്ചു: ‘ആശാൻ പഠിപ്പിച്ച ആളാണ് എതിരെ വരുന്നതെങ്കിലോ!’

aswathy-sreekanth-1

മൈ ജാസ് 

ഹോണ്ട ജാസ് ആയിരുന്നു ആദ്യ കാർ. കൈ തെളിഞ്ഞത് അതിലായിരുന്നു. വളരെ കംഫർട്ടബിൾ ആയിരുന്നു ഓടിക്കാൻ. കുറച്ചു വർഷം മുൻപു ജീപ് കോംപസിലേക്കു മാറി. റോഡ് പ്രസൻസ് കൂടുതലാണ് കോംപസിന്. മസ്കുലാർ വെഹിക്കിൾ. മിക്കപ്പോഴും ഷൂട്ടിങ്ങിനു പോകുമ്പോൾ കൂടെ കൂട്ടുന്നത് കോംപസ് ആണ്. 

aswathy-sreekanth

മിനി കൂപ്പർ എടുത്തിട്ട് കുറച്ചായതേ ഉള്ളൂ. പേരുപോലെ മിനിയാണ്. പക്ഷേ, അടിപൊളി! നമ്മുടെ റോഡിൽ മിനിയുടെ വേഗം പരീക്ഷിക്കാൻ പറ്റില്ലല്ലോ.. നിയമം പാലിച്ചു മാത്രമേ ഡ്രൈവ് ചെയ്യാറുള്ളൂ. ഞാൻ ഡ്രൈവ് ചെയ്തിട്ട് ഇതുവരെ നിയമലംഘനത്തിന്റെ പേരിൽ ഫൈൻ കിട്ടിയിട്ടില്ല.  ഇടയ്ക്കു ഭർത്താവ് ശ്രീകാന്തിന്റെ അടുത്ത്, യുഎഇയിൽ പോകുമ്പോൾ അവിടെയും ഡ്രൈവ് ചെയ്യും. പല വിദേശ മോഡലുകളും പരീക്ഷിക്കാൻ അവസരം കിട്ടുന്നതപ്പോഴാണ്. ഇത്തവണ പോയപ്പോൾ ബെൻസ് ജി–വാഗൺ ഓടിച്ചു. യുഎഇ ലൈസൻസ് ഉണ്ട്. 

ട്രിപ്പടിക്കാൻ പെരുത്തിഷ്ടം

യാത്രകൾ എന്നും ഇഷ്ടമാണ്. കുടുംബവുമൊന്നിച്ചു പോകുമ്പോൾ മിക്കവാറും ഡ്രൈവിങ് സീറ്റ് എനിക്കായിരിക്കും. മൂകാംബിക, വയനാട്, കൊടൈക്കനാൽ എന്നിങ്ങനെ അടുത്തുള്ള സ്ഥലങ്ങളാണ് അധികവും പോയിട്ടുള്ളത്. ആഴ്ചകൾ നീണ്ടുനിൽക്കുന്ന ലോങ് ട്രിപ് ഇതുവരെ നടത്തിയിട്ടില്ല. വീട്ടിലാർക്കും അത്തരം യാത്രകളോടു വലിയ ഭ്രമമില്ല. വളരെ അടുത്ത കൂട്ടുകാരൊന്നിച്ച് ഇടയ്ക്കിടെ കുഞ്ഞുയാത്രകൾ പോകും. 

aswathy-sreekanth-4

അമ്പരപ്പിച്ച് ബാലി

ഇന്തൊനീഷ്യയിലെ ബാലിയിൽ പോയപ്പോൾ ഏറ്റവും അമ്പരപ്പിച്ചത് അവിടത്തെ ഡ്രൈവിങ് സംസ്കാരമാണ്. ട്രാഫിക് നിയമം തെറ്റിക്കുക എന്നൊന്ന് അവിടെയില്ല. റോഡിൽ ഇഷ്ടംപോലെ വണ്ടികളുണ്ടെങ്കിലും ആരും തിരക്കുകൂട്ടി ബഹളംവച്ചു പോകുന്നില്ല. എന്നാൽ, നേരെ തിരിച്ചാണ് തായ്‌ലൻഡ്. അവിടെ വണ്ടി ഒാടിക്കണമെങ്കിൽ നല്ല വഴക്കം വേണം. ഞങ്ങൾ സഞ്ചരിച്ച കാറിൽ മറ്റൊരു ടാക്സി വന്നിടിച്ചു. വളരെ തിരക്കുപിടിച്ചതാണ് അവിടത്തെ റോഡുകൾ. കേരളത്തിൽ വണ്ടിഓടിക്കാൻ പഠിച്ചാൽ എവിടെയും ഓടിക്കാം.   

aswathy-sreekanth-6

ലക്ഷ്യം ഓൾ ഇന്ത്യ ട്രിപ്

ശീലമായപ്പോൾ ഡ്രൈവിങ് പാഷൻ ആയി. ഇപ്പോൾ ഒരു തെറപ്പിപോലെയാണ്. മൂഡൗട്ടാകുമ്പോൾ ഒന്നു ഡ്രൈവ് ചെയ്താൽ മതി ഓക്കെ ആകും. വനിതകൾ ഡ്രൈവിങ് പഠിക്കണം. ഡ്രൈവിങ്ങിന്റെ അടിസ്ഥാന പാഠങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. താമസിയാതെ ഞാനൊരു ഓൾ ഇന്ത്യ ട്രിപ്പടിക്കും. അശ്വതി പറഞ്ഞുനിർത്തി.

 

English Summary: Aswathi Srikanth About her Vehicles and Driving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT