എന്താണ് കാറുകളിലെ വയര്‍ലെസ് ചാര്‍ജിങ്?
Mail This Article
വൈദ്യുത വാഹനങ്ങള്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും അതിവേഗത്തിലാണ് ലോകത്ത് മാറിക്കൊണ്ടിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വൈദ്യുത കാറുകള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒന്നുമില്ലാതിരുന്ന സ്ഥാനത്ത് ഇന്ന് നഗരങ്ങളിലെ പ്രധാന ഭാഗങ്ങളില്‍ എവിടെയും ചാര്‍ജിങ് സ്റ്റേഷനുകള്‍ കാണാം. ഫാസ്റ്റ് ചാര്‍ജിങ് മാത്രമല്ല വയര്‍ലെസ് ചാര്‍ജിങും വൈദ്യുത കാറുകളുടെ ഉപയോഗത്തില്‍ കൂടുതല്‍ അനായാസത കൊണ്ടുവരും. എന്താണ് കാറുകളിലെ വയര്‍ലെസ് ചാര്‍ജിങ്?
സാധാരണ കാറുകളിലുള്ള ചാര്‍ജിങ് സംവിധാനങ്ങള്‍ കേബിളും ചാര്‍ജറുകളും ഉള്‍പ്പെടുന്നതാണ്. കാറുകളിലെ വയര്‍ലെസ് ചാര്‍ജറിലും പേരു പോലെ വയറുകള്‍ ആവശ്യമില്ല. ഇതുവഴി ചാര്‍ജിങിലെ പല തലവേദനകളും ഒഴിവാക്കാനും കൂടുതല്‍ കാര്യക്ഷമമായി വാഹനം ചാര്‍ജു ചെയ്യാനും സാധിക്കും. വയര്‍ലെസ് ചാര്‍ജിങ് സ്റ്റേഷനെ ആശ്രയിക്കുകയാണെങ്കില്‍ മുന്‍ നിശ്ചയിച്ച വയര്‍ലെസ് ചാര്‍ജിങ് സ്ഥലത്ത് കാര്‍ പാര്‍ക്കു ചെയ്യണമെന്നുമാത്രം.
നിങ്ങളുടെ കാറില്‍ ഇന്റലിജന്റ് പാര്‍കിങ് സിസ്റ്റം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറേ കൂടി എളുപ്പമാവും. പാര്‍ക്കിങിന്റെ സമയത്തെ പൊല്ലാപ്പുകള്‍ ഇന്റലിജന്റ് പാര്‍ക്കിങ് സിസ്റ്റം വഴി ഒഴിവാവും. ഇത്തരം സംവിധാനമുള്ള കാറുകളില്‍ മുന്‍ നിശ്ചയിച്ച പാര്‍ക്കിങ് സ്ഥലത്തേക്ക് സ്റ്റിയറിങ് ഓട്ടോമാറ്റിക്കായി നിയന്ത്രിച്ച് എത്തിക്കുകയാണ് ഇന്റലിജന്റ് പാര്‍ക്കിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന രീതി.
വൈദ്യുത കാറിന്റെ ചാര്‍ജിങ് കാര്യക്ഷമത തന്നെ വര്‍ധിപ്പിക്കാന്‍ വയര്‍ലെസ് ചാര്‍ജര്‍ കൊണ്ടു സാധിക്കും. വയര്‍ലെസ് ചാര്‍ജിങ് സ്‌പോട്ടിലേക്ക് ഇന്റലിജന്റ് പാര്‍ക്കിങ് സിസ്റ്റം വഴി എളുപ്പം വാഹനം എത്തിക്കാം. ഇത് കാറിലെ സ്‌ക്രീന്‍ വഴി നിയന്ത്രിക്കാനും സാധിക്കും. സ്‌ക്രീനിലെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബ്രേക്കും ആക്‌സിലറേറ്ററും നിയന്ത്രിക്കുക മാത്രമേ ഡ്രൈവര്‍ സീറ്റിലിരിക്കുന്നവര്‍ക്ക് പണിയുള്ളൂ.
മാഗ്നെറ്റിക് ഫ്‌ളോക്‌സ് സാങ്കേതികവിദ്യയിലാണ് വയര്‍ലെസ് ചാര്‍ജിങ് പ്രവര്‍ത്തിക്കുക. വയര്‍ലെസ് ചാര്‍ജിങ് സ്റ്റേഷനിലെ നിശ്ചിത സ്ഥലത്ത് വൈദ്യുതി പുറത്തേക്കുവിടുന്ന ട്രാന്‍സ്മിറ്റിങ് പ്ലേറ്റുണ്ടായിരിക്കും. കാറിലെ റിസീവിങ് പ്ലേറ്റു വഴി വൈദ്യുതി സ്വീകരിക്കുകയും കണ്‍ട്രോളറുകളുടെ സഹായത്തില്‍ ബാറ്ററി ചാര്‍ജു ചെയ്യുകയുമാണ് ചെയ്യുന്നത്. ട്രാന്‍സ്മിറ്റിങ് പ്ലേറ്റിനും റിസീവിങ് പ്ലേറ്റിനുമിടയില്‍ കാന്തിക മണ്ഡലം സൃഷ്ടിച്ചാണ് വൈദ്യുതി ചാര്‍ജിങ് സാധ്യമാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്ലഗ് പോലും കാറില്‍ കുത്താതെ തന്നെ ഈ സാങ്കേതികവിദ്യ വഴി അനായാസം കാര്‍ ചാര്‍ജ് ചെയ്യാനാവും.
സാമ്പ്രദായിക ചാര്‍ജിങ് സംവിധാനത്തെ അപേക്ഷിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ പോലും 90 ശതമാനം കാര്യക്ഷമത പുലര്‍ത്താനും വയര്‍ലെസ് ചാര്‍ജിങിന് സാധിക്കുന്നുണ്ട്. ശരാശരി വൈദ്യുത കാറുകളെ ഒന്നു മുതല്‍ രണ്ടു മണിക്കൂറിനുള്ളിലും ഹൈബ്രിഡ് കാറുകളെ ഒരു മണിക്കൂറിനുള്ളിലും പൂര്‍ണമായും ചാര്‍ജു ചെയ്യാനാവും. കൂടുതല്‍ അനായാസം വൈദ്യുത കാറുകള്‍ ചാര്‍ജു ചെയ്യാനുള്ള സാങ്കേതികവിദ്യ എന്ന നിലയിലുള്ള പ്രചാരം വയര്‍ലെസ് ചാര്‍ജിങിന് നല്‍കുന്നുണ്ട്.