ADVERTISEMENT

യുദ്ധങ്ങൾക്കായി നിർമിച്ച ഒരു വാഹനം, അത് യുദ്ധഭൂമികളെക്കാൾ കൂടുതൽ കീഴടക്കിയത് ഗ്രാമങ്ങളും ഗ്രാമീണരുടെ മനസ്സുമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ മിലിട്ടറി ആവശ്യങ്ങൾക്കായി നിർമിച്ച ഫോർ വീലർ ജീപ്പായി മാറിയതും അത്രമേൽ ജനപ്രിയമായി മാറിയതും എങ്ങനെയെന്നറിയാമോ?

Willys and Ford Jeep
Willys and Ford Jeep

രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തോടെ അമേരിക്കൻ പട്ടാളത്തിന് എല്ലാത്തരം യുദ്ധഭൂമികളിലും ഉപയോഗിക്കാൻ  കഴിയുന്ന ഒരു വാഹനം വേണമെന്ന ആവശ്യം  ഉയർന്നിരുന്നു. അമേരിക്കയിലെ എല്ലാ വാഹന നിർമാണക്കമ്പനികളുടെയും വിവിധ മോഡലുകൾ പരീക്ഷിച്ചിട്ടും തൃപ്തരാകാഞ്ഞ അമേരിക്കൻ ആർമി 1940 ൽ വാഹന നിർമാണക്കമ്പനികളോട് പുതിയൊരു ചെറുവാഹനം നിർമിക്കാൻ ആവശ്യപ്പെട്ടു. ഏതുതരം സ്ഥലത്തും ഓടാനാകണം, ഫോർ–വീൽ ഡ്രൈവ് ആയിരിക്കണം, 6.5 ഇഞ്ച് ഗ്രൗണ്ട് ക്ലിയറൻസ് വേണം, 50 ദിവസത്തിനകം മോഡൽ കാണിക്കണം, ഓടിക്കാൻ കഴിയുന്ന ആദ്യ വാഹനം 75 ദിവസത്തിനകം നൽകണം തുടങ്ങിയവയായിരുന്നു പ്രധാന നിബന്ധനകൾ. എന്നാൽ ഇത്രയും ചെറിയ കാലയളവിൽ ഇങ്ങനൊരു വാഹനം സാധ്യമാകില്ലന്നു പറഞ്ഞ് മിക്ക കമ്പനികളും പിൻമാറിയെങ്കിലും അമേരിക്കൻ ബാന്റം‌, വില്ലീസ് ഓവർലാൻഡ് എന്നീ കമ്പനികൾ മുന്നാട്ടു വന്നു.

Ford Jeep
Ford Jeep

വാഹനം ഡിസൈൻ ചെയ്യാൻ അമേരിക്കൻ ബാന്റം കാൾ പ്രോബ്സ്റ്റ് എന്നൊരു ഫ്രീലാൻസർ എൻജിനീയറെ ഏൽപിച്ചു. കേവലം മൂന്നു ദിവസത്തിനകം കാൾ ഡിസൈൻ തയാറാക്കി. അതായിരുന്നു ലോകത്തെ ആദ്യ ജീപ്പിന്റെ പിറവി. കാൾ പ്രോബ്സ്റ്റ് അതിന്റെ പിതാവും. പക്ഷേ സൈന്യം അമേരിക്കൻ ബാന്റത്തെ മാത്രമായി കരാർ ഏൽപിക്കാൻ തയാറായില്ല. കാരണം ആ കമ്പനി സാമ്പത്തികമായി നല്ല നിലയിൽ അല്ലായിരുന്നു. ബാന്റത്തിനു കരാർ നൽകിയപ്പോൾത്തന്നെ അവരുടെ വാഹനത്തിന്റെ രൂപരേഖ സൈന്യം വില്ലീസിനും അമേരിക്കയിലെ പ്രധാന വാഹന നിർമാതക്കളിലൊന്നായ ഫോഡിനും നൽകി. ഡിസൈനിലെ അതേ മാതൃകയിൽ വാഹനമുണ്ടാക്കണമെന്നായിരുന്നു ആർമിയുടെ പ്രധാന നിർദേശം. യുദ്ധത്തിൽ ഉപയോഗിക്കുമ്പാൾ മൂന്നു വാഹനങ്ങളുടെയും പാർട്സുകൾ എളുപ്പം മാറി ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു അത്.

സർക്കാരിനു വേണ്ടിയുണ്ടാക്കുന്ന വാഹനങ്ങളായതുകൊണ്ട് ഇവയ്ക്ക് ‘ജി’ എന്ന കോഡ് ഉണ്ടായി. ചെറിയ പട്ടാള വാഹനങ്ങൾക്ക് സൈന്യത്തിന്റെ കോഡ് ‘പി’ ആയിരുന്നു. രണ്ടും ചേർന്ന് ജിപി ആയി. അതു പറഞ്ഞുപറഞ്ഞ് ജീപ്പ് എന്ന ഉച്ചാരണം കൈവന്നു. അങ്ങനെയാണ് ഐതിഹാസികവും ലോകമെങ്ങും പരിചിതവുമായ പേരിന്റെ പിറവിക്കു പിന്നിലുള്ള കഥകളിലൊന്ന്. ഫോഡ് നിർമിച്ചിരുന്ന വാഹനങ്ങൾ ജിപിഡബ്ല്യൂ എന്ന മോഡൽ നമ്പരിലായിരുന്നു ആരംഭിച്ചിരുന്നത് അത് പിന്നീട് ജീപ്പായതാണെന്നും പറയുന്നവരുണ്ട്. ബാന്റവും പിന്നാലെ ഫോഡും നിർമാണമവസാനിപ്പിക്കുകയും വില്ലീസിന്റെ നിർമാണമികവിന് സൈന്യത്തിന്റെ പൂർണ പിന്തുണ കിട്ടുകയും ചെയ്തതോടെ. മോഡൽ എ, മോഡൽ ബി എന്നിങ്ങനെ അവർ കൂടുതൽ മികവോടെ പുതിയ പതിപ്പുകൾ അവതരിപ്പിക്കുവാനും തുടങ്ങി. 1943 ൽ വില്ലീസ് ഓവർലാന്‍ഡ് ജീപ്പ് എന്നത് അവരുടെ ബ്രാന്‍ഡ് നെയിം ആയി റജിസ്റ്റർ ചെയ്യുകയും ചെയ്തു. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ എല്ലാ വിഭാഗങ്ങളിലും ജീപ്പുകൾ എത്തി. രണ്ടാം ലോകമഹായുദ്ധം തീരുമ്പോഴേക്കും 6,40,000 ജീപ്പുകൾ നിർമിച്ചു എന്നാണു കണക്ക്.

Willys Jeep
Willys Jeep

തൊടുപുഴയിൽ എത്തിയ എക്സ്–മിലിട്ടറി ജീപ്

യുദ്ധം കഴിഞ്ഞപ്പോൾ ആവശ്യമില്ലാതായ ധാരാളം ജീപ്പുകൾ ആർമി പൊതുജനങ്ങൾക്കു ലേലം ചെയ്തു. അങ്ങനെ, രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യം ഉപയാഗിച്ച ശേഷം ഇന്ത്യയിലെത്തിയ രണ്ടു ജീപ്പുകൾ തൊടുപുഴയിലുണ്ട്. അമേരിക്കൻ നിർമിത വില്ലീസ് ജീപ്പും ഫോഡ് ജീപ്പുമെല്ലാം ഇവിടെ പലർക്കുമുണ്ടെങ്കിലും ഈ രണ്ടു വാഹനങ്ങളും ഒരു കുടുംബത്തിലുണ്ടെന്നതാണ് തൊടുപുഴയിലെ കൗതുകം. തൊടുപുഴ സ്വദേശി രാജീവ് പുഷ്പാംഗദനും സഹോദരന്‍ വിനോദ് പുഷ്പാംഗദനും ചേർന്നാണ് വില്ലീസും ഫോഡും തങ്ങളുടെ ഗാരിജിലെത്തിച്ചത്. സ്വന്തമായി വർക്ക്ഷോപ്പുളള ഇവർ 25 വർഷം മുൻപാണ് 1942 മോഡൽ വില്ലീസ് ജീപ്പ് സ്വന്തമാക്കുന്നത്. തമിഴ്നാട്ടിൽ നിന്നായിരുന്നു വാഹനം വാങ്ങിയത്. പിന്നീട് 10 വർഷം കഴിഞ്ഞു തിരുവനന്തപുരത്തുനിന്നു ഫോഡ് ജീപ്പും വാങ്ങി റീസ്റ്റോർ ചെയ്യുകയായിരുന്നു. എല്ലാ പാർട്സും ഒറിജിനൽ തന്നെയാണ് ഉപയോഗിക്കുന്നത്. പല പാര്‍ട്സും വിദേശത്തുനിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും രാജിവ് പറഞ്ഞു.

Ford Jeep
Ford Jeep

വില്ലീസ് 1942 മോഡലും ഫോഡ് 1944 മോഡലുമാണ്. രണ്ട് വാഹനങ്ങളും ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവാണ്. ഫോഡ് ജീപ്പിൽ ഒറിജിനൽ ജിപിഡബ്ല്യൂ സൈഡ് വാൽവ് എൻജിനാണ്. എന്നാൽ വല്ലീസ് ജീപ്പ് ഡീസൽ ആയി മോഡിഫൈ ചെയ്തതാണ്. ഇപ്പോഴും ഫോർ വീൽ ഡ്രൈവുള്ള രണ്ടു വാഹനങ്ങളിലും യുദ്ധത്തിനു വേണ്ടിയുള്ള പല സംവിധാനങ്ങളിമുണ്ട്, ഡാഷ് ബോര്‍ഡിനു മുകളിലായി ഗൺ ഹോൾഡറും എളുപ്പം അഴിച്ചു മാറ്റാവുന്ന കാൾട്ടൺ വീലുകളും എയർ പമ്പ് തുടങ്ങിയവയും വാഹനത്തിലുണ്ട്

Ford Jeep
Ford Jeep

ഇടുക്കിയിൽ ജനിച്ചു വളർന്നതു കൊണ്ട് ചെറുപ്പം മുതലേ ജീപ്പുകൾ ഇഷ്ടമായിരുന്നെന്നും വിന്റേജ് വാഹനത്തോട് താൽപര്യമുള്ളതുകൊണ്ടാണ് ഇത്രയും പഴക്കമുള്ള ജീപ്പുകൾ സ്വന്തമാക്കിയതെന്നും വിനോദ് പറഞ്ഞു. യുദ്ധചരിത്രം മാത്രമല്ല ഇപ്പോൾ ഈ ജീപ്പുകൾക്കു പറയാനുള്ളത്, ഒരുപാട് സിനിമ വിശേഷങ്ങളുമുണ്ട്. മലയാളത്തിലും തമിഴിലുമെല്ലാമായി അനവധി ചിത്രങ്ങളില്‍ രണ്ടു വാഹനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മലയാള ചിത്രം ‘സ്വപ്നംകൊണ്ട് തുലാഭാരം’ മുതൽ റിലീസ് ആകാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ക്യാപ്റ്റൻ മില്ലറി’ൽ വരെ ഈ ജീപ്പുകളുണ്ട് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ലൂസിഫറിൽ മോഹൻ ലാലിനൊപ്പമുള്ളതും രാജീവിന്റെ  ഈ ജീപ്പാണ്.

English Summary:

Vintage Jeeps In Thodupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com