ADVERTISEMENT

കാര്‍ വാങ്ങാനോ മാറ്റാനോ ശ്രമിക്കുമ്പോള്‍ പുതിയത് എന്നതിനൊപ്പം തന്നെ പഴയ കാറുകളും പരിഗണനയില്‍ വരാണുണ്ട്. പലപ്പോഴും ബാധ്യതകള്‍ കുറവുള്ള പഴയ കാര്‍ എന്നത് സമര്‍ഥമായ തിരഞ്ഞെടുപ്പാണ്. എന്നാല്‍ ശ്രദ്ധയോടെ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇത് എട്ടിന്റെ പണിയാവാനും സാധ്യതയുണ്ട്. ഉപയോഗിച്ച കാര്‍ വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? കാര്‍ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

കാണാന്‍ എത്ര സുന്ദരമാണെങ്കിലും ഓടിക്കുമ്പോള്‍ അടിപൊളിയാണെങ്കിലും ഉപയോഗിച്ച വാഹനം വാങ്ങുമ്പോള്‍ സര്‍വീസിന്റെ മുഴുവന്‍ ചരിത്രവും മനസിലാക്കിയിരിക്കണം. ഇത് എത്രത്തോളം മികച്ച രീതിയിലാണ് കാര്‍ പരിപാലിച്ചത് എന്നതു സംബന്ധിച്ച ധാരണ ലഭിക്കാന്‍ സഹായിക്കും. കാറിന്റെ ഉള്‍ഭാഗവും പുറംഭാഗവും വൃത്തിയോടെ സൂക്ഷിക്കുന്നത് വാഹനത്തിന്റെ ആയുസു കൂട്ടും. സ്വയം വാഹനം കഴുകാന്‍ സൗകര്യമുണ്ടെങ്കില്‍ ഇതിനു വേണ്ട ഉപകരണങ്ങള്‍ കൂടി വാങ്ങി വെക്കുക. 

കൃത്യമായ ഇടവേളകളില്‍ കാറിന്റെ എന്‍ജിന്‍ ഓയില്‍ മാറ്റാന്‍ ശ്രദ്ധിക്കണം. ഏതു തരം ഓയിലാണ് വേണ്ടതെന്നും എത്ര ഇടവേളയില്‍ മാറ്റണമെന്നും കാര്‍ നിര്‍മാതാക്കള്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ടാവും. അതു പാലിക്കുന്നത് കാറിന് ദീര്‍ഘായുസും ആരോഗ്യവും നല്‍കും. ഓയില്‍ ഫില്‍റ്ററും എയര്‍ ഫില്‍റ്ററും കാബിന്‍ ഫില്‍റ്ററുമെല്ലാം കൃത്യസമയത്ത് പരിശോധിക്കുകയും അവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പിക്കുകയും വേണം. കാറിലെ സങ്കീര്‍ണമായ പല ഭാഗങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഓയില്‍ ഫില്‍റ്ററും എന്‍ജിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എയര്‍ ഫില്‍റ്ററും കാബിനുള്ളില്‍ ശുദ്ധവായു ഉറപ്പിക്കാന്‍ കാബിന്‍ ഫില്‍റ്ററും സമയാസമയം മാറ്റണം. 

കാറിന്റെ പ്രധാന ഭാഗങ്ങളെങ്കിലും പലപ്പോഴും വേണ്ട ശ്രദ്ധ പതിയാത്ത ഇടങ്ങളാണ് ടയറുകള്‍. ടയറുകളുടെ അലൈന്‍മെന്റ് കൃത്യമായ ഇടവേളകളില്‍ നടത്തണം. പതിനായിരം കിലോമീറ്റര്‍ കൂടുമ്പോള്‍ ടയര്‍ തിരിച്ചിടുന്നത് ടയറുകളുടെ ആയുസ് വര്‍ധിപ്പിക്കും. കൃത്യമായ ടയര്‍ പ്രഷര്‍ ഉറപ്പിക്കുന്നത് റോഡില്‍ മികച്ച ഗ്രിപ്പും ഇന്ധനക്ഷമതയും ഉറപ്പിക്കാനും സഹായിക്കും. 

ഡ്രൈവിങിനിടെ പ്രതിസന്ധി വന്നാല്‍ ആദ്യം കാല്‍ നീളുക ബ്രേക്കിനു നേരെയാവും. വാഹനത്തിന്റെ ബ്രേക്കിങ് കിടയറ്റതാണെന്ന് ഉറപ്പിക്കുന്നത് യാത്രികരുടെ സുരക്ഷിതയാത്രക്ക് സഹായിക്കും. ബ്രേക്ക് പെഡലില്‍ അസാധാരണമായ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിലോ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലോ പരിശോധന നടത്തണം. ബ്രേക്ക് പാഡുകള്‍ മികച്ച നിലയിലാണെന്ന് ഉറപ്പിക്കണം. 

പെട്ടെന്ന് വാഹനം സ്റ്റാര്‍ട്ടാവാതെ വഴിയില്‍ നിന്നു പോവുന്നത് നമ്മുടെ യാത്രകളെ കുളമാക്കും. ഇങ്ങനെയൊരു പ്രതിസന്ധി ഒഴിവാക്കാന്‍ ബാറ്ററി മികച്ച രീതിയിലാണെന്ന് ഉറപ്പിക്കണം. വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളുടെ ബാറ്ററി മാത്രം തെരഞ്ഞെടുക്കുക. കാറില്‍ നിന്നും അസാധാരണമായ ശബ്ദങ്ങള്‍ ഉയരുന്നുണ്ടെങ്കില്‍ സസ്‌പെന്‍ഷന്‍ പരിശോധിക്കണം. സസ്‌പെന്‍ഷനിലെ പ്രശ്‌നങ്ങള്‍ അനാവശ്യ ശബ്ദങ്ങളും കുലുക്കവും മാത്രമല്ല ചേസിസില്‍ വരെ പ്രശ്‌നങ്ങളുണ്ടാക്കും. 

English Summary:

How to Maintain Used Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com