ADVERTISEMENT

ഒരിക്കൽ പാലക്കാട് സ്വദേശി രാജേഷിന് ഒരു ഫോൺ കോൾ വന്നു: ‘‘ഒരു വിന്റേജ് കാറുണ്ട്. വാങ്ങിക്കാമോ?’’ ഉത്തർ പ്രദേശിലെ ഒരു രാജകുടുംബത്തിൽ നിന്നായിരുന്നു കോൾ. വിന്റേജ് വാഹനങ്ങളെ അത്രമേൽ സ്നേഹിക്കുന്ന ഒരാൾ പാലക്കാട്ടുണ്ടെന്നും അയാൾക്കു കൊടുത്താൽ മികച്ച വില ലഭിക്കുമെന്നും മനസ്സിലാക്കിയാണ് അവർ പാലക്കാട്ടെ ആർആർ വിന്റേജ് ഗാരിജിന്റെ ഉടമസ്ഥൻ രാജേഷ് അംബാളിനെ വിളിച്ചത്. ഫോഡ് കമ്പനിയുടെ ക്ലാസിക് വിഭാഗത്തില്‍ പെടുന്ന എ ഫോഡ് ആയിരുന്നു ആ കാർ. കുടുംബങ്ങൾ തമ്മിലുള്ള സ്വത്തു തർക്കത്തിൽ വിറ്റ ആ കാർ ആർആർ വിന്റേജ് ഗാരിജിലെ പുതിയ അതിഥിയായി. 

Fiat 514 Spyer
Fiat 514 Spyer

രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഒരു കോൾ വന്നു അതും യുപിയിൽ നിന്ന്, അതേ രാജകുടുംബത്തിലെ മറ്റൊരു കൈവഴിയിലുള്ള ആളുകളാണ് വിളിച്ചത്. അവരുടെ കയ്യിലും ഒരു കാറുണ്ട്, അതു വാങ്ങണമെന്നായിരുന്നു ആവശ്യം. അങ്ങനെ ആ കാറും രാജേഷ് സ്വന്തമാക്കി. ഫിയറ്റിന്റെ 514 സെപൈഡർ എന്ന  മോഡലായിരുന്നു അത്. അതിനെ റീസ്റ്റോർ ചെയ്യാൻ തീരുമാനിച്ച രാജേഷ് ആ വിന്റേജ് കാറിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്, തന്റെ കയ്യിലിരിക്കുന്ന വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നു ലഭ്യമല്ല. കാരണം ഈ വാഹനം ലോകത്തിൽ രണ്ടെണ്ണമേ അവശേഷിക്കുന്നുള്ളൂ. ഒന്ന് ഫിയറ്റിന്റെ ജന്‍മ നാടായ ഇറ്റലിയിലും മറ്റൊന്നു പാലക്കാട്ടെ തന്റെ ഗാരിജിലും. ഇനി എവിടെയെങ്കിലും മറ്റൊരു കാർ ഉണ്ടെങ്കിൽത്തന്നെ അതിന്റെ വിവരങ്ങൾ ആരും വെളിപ്പെടുത്തിയിട്ടുമില്ല.

വൈറ്റ് കളറും ഇന്റർനാഷനൽ കാർ റാലിയും 

റീസ്റ്റോർ ചെയ്യുമ്പോൾ ഒറിജിനാലിറ്റി നിലനിർത്താൻ രാജേഷ് പരമാവധി ശ്രമിച്ചിരുന്നു, അരയന്നത്തിന്റെ രൂപത്തിലുള്ള വാഹനത്തിന്റെ മുൻപിലായി ഒരു അരയന്ന ചിഹ്നം ഉണ്ട്. അത് കാറിൽ പിന്നീടു ഫിറ്റ് ചെയ്തതാണോ എന്നറിയാൻ ഫിയറ്റ് കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, 1929 ൽ പുറത്തിറങ്ങിയ ആ മോഡലിനെപ്പറ്റിയുണ്ടായിരുന്ന വിവര ശേഖരങ്ങൾ രണ്ടാം ലോക മഹായുദ്ധ കാലത്തു നശിച്ചു പോയെന്നായിരുന്നു കമ്പനിയുടെ മറുപടി. പിന്നീട് കാർ ചുവപ്പു നിറമാക്കിയെങ്കിലും ആ അരയന്നചിഹ്നം ഇപ്പോഴും ബോണറ്റിനു മുകളിലുണ്ട്. സ്പെയർ പാർട്ടുകൾ എല്ലാം ഒറിജിനലാണ് ഉപയോഗിച്ചിരിക്കുന്നത്. ടയറും പല പാർട്സും വിദേശത്തുനിന്നു കൊണ്ടുവന്നു, ബാക്കിയുള്ളവ പഴയ പാർട്സ് ശേഖരിച്ചും സ്വന്തം വർക്‌ഷോപ്പിൽ നിർമിച്ചുമാണ് ഉപയോഗിച്ചിരിക്കുന്നത്.

നിറം മാറ്റിയതിനു പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. വിന്റേജ് കാറുകൾക്കായി നടത്തുന്ന ഇന്റർനാഷനൽ കാർ ഷോയാണ് ‘21 ഗൺ സല്യൂട്ട്’. അതിൽ പങ്കെടുക്കണം. അതിനു കൂടി വേണ്ടിയായിരുന്നു വെള്ള നിറത്തിൽനിന്നു ചുവപ്പിലേക്കു മാറ്റിയത്. ജനുവരിയില്‍ ബറോഡയിൽ നടന്ന റാലിയിൽ കാര്‍ പങ്കെടുക്കുകയും ചെയ്തു.

fiat-514-spyder-5

വീട്ടിലെ ഒരു അംഗമാണ് ഈ കാര്‍

എല്ലാ വാഹനങ്ങളും രാജേഷിന്റെ വീട്ടിലെ അംഗങ്ങളാണ്. എല്ലാവർക്കും ഓരോ പേരും നൽകിയിട്ടുണ്ട്. ഈ കാറിന്റെ പേര് റെഡ് റൈഡിങ് ഹുഡ് എന്നാണ്. ഭാര്യ രമ്യയ്ക്കും രാജേഷിനെപ്പോലെ വാഹനങ്ങൾ ഇഷ്ടമാണ്. വർക്‌ഷോപ്പിലും പാർട്സ് ശേഖരിക്കാനുമെല്ലാം രാജേഷിനൊപ്പം രമ്യയും പോകാറുണ്ട്. 

‘‘ഈ കാർ ഞങ്ങൾക്ക് മകളാണ്. കാരണം ഇതിനെ കിട്ടുമ്പോൾ ഒരു രൂപവുമില്ലായിരുന്നു. സ്ക്രാപ് ആയിരുന്നു. ഒരു കുഞ്ഞിനെ പരിചരിക്കും പോലെ തന്നെയാണ് ഈ കാറിനെയും പരിപാലിച്ചത്. അങ്ങനെയാണ് ഈ രൂപത്തിലേക്കെത്തിച്ചത്. അതിനു പ്രധാന പങ്ക് വഹിച്ചത് ഞങ്ങളുടെ വർക‌്ഷോപ്പിലെ ടീം ആയിരുന്നു’’– രമ്യ പറയുന്നു.

‘‘ഇതൊരു പ്രായമായ വാഹനമാണ്. ആ ബഹുമാനം നമ്മൾ നൽകണം. വേഗത്തിലോടിച്ചു പോകാൻ പറ്റിയ വണ്ടിയല്ലിത്. മിനിമം സ്പീഡിൽ ആസ്വദിച്ചു ഡ്രൈവ് ചെയ്യാനുള്ള വാഹനമാണിത്. ഞായറാഴ്ചകളിൽ ഞങ്ങൾ അങ്ങനെയുള്ള യാത്രകൾ നടത്താറുണ്ട്, പാലക്കാട്ടുനിന്ന് മലമ്പുഴയെല്ലാം കറങ്ങി തിരികെ വരും. ഓരോ ആഴ്ചയിലും ഓരോ വാഹനമാണ് കൊണ്ടു പോകുന്നത്.’’

fiat-514-spyder-4

1929 മോഡൽ ഫിയറ്റ് 514 സ്പൈഡറിന് 4 സിലിണ്ടർ, 1 ലീറ്റര്‍ എൻജിനും, 3 സ്പീഡ് ഗിയർ ബോക്സുമാണ്. റൂഫ് ഓപൺ റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലാണിത്. ഇപ്പോഴും ഫിയറ്റിന്റെ പഴയ എൻജിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഷോകളിൽ പങ്കെടുക്കുന്നതു കൊണ്ട് മോഡിഫിക്കേഷനുകൾ ചെയ്യാറില്ല. ഈ മോഡലിൽ ഇൻഡിക്കേറ്ററുകൾ ഇല്ല. ഇപ്പോൾ പാർക് ലൈറ്റിനുള്ളിലാണ് ഇൻഡിക്കേറ്റർ സ്ഥാപിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുൻപിൽനിന്നു നോക്കിയാൽ എല്ലാവരുടെയും ശ്രദ്ധ ആദ്യമെത്തുന്നത് നമ്പർ പ്ലേറ്റിലായിരിക്കും, USJ 772 എന്ന പഴയ യുപി നമ്പർ എല്ലാവരിലും കൗതുകമുണർത്തുന്ന ഒന്നാണ്. ഈ ഫിയറ്റ് കാർ റീ റജിസ്റ്റർ ചെയ്തിരിക്കുന്നത് െബംഗളൂരുവിലാണ്. അവിടെ വിന്റേജ് വാഹനങ്ങൾക്ക് പഴയ നമ്പർ തന്നെ ലഭിക്കും. വിന്റേജ് കാറ്റഗറിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഈ വാഹനത്തിന് 2026 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

English Summary:

Vintage Fiat 514 Spyer In Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com