ADVERTISEMENT

മികച്ച റേഞ്ചും പവര്‍ട്രെയിനുമുള്ള ഒല ഇലക്ട്രിക് എസ്1 പ്രോക്ക് സെഗ്മെന്റിലെ എതിരാളികളേക്കാള്‍ വില കുറവാണ്. നിർമിക്കാൻ കൂടുതൽ ചെലവുള്ള വാഹനം എങ്ങനെ വില കുറച്ചു നൽകി കമ്പനിക്ക് മുന്നോട്ട് പോകാനാകും? ആരെയും കുഴയ്ക്കുന്ന ചോദ്യമാണ് ഇത്. എന്നാൽ വ്യത്യസ്തമായ ബിസിനസ് മോഡല്‍ വഴിയാണ് ഓലക്ക് ഇതു സാധ്യമാവുന്നത്. 

ഷെവിങ് റേസർ കമ്പനികളുടേയും പ്രിന്റർ കമ്പനികളുടേയും ബിസിനസ് മോഡലാണ് ഓല ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം ഇനിഷ്യൽ ഉത്പന്നങ്ങളായ റേസറും പ്രിന്ററും വലിയ ലാഭമില്ലാതെ വിൽക്കുകയും വീണ്ടും ആവശ്യമായി വരുന്ന ബ്ലേഡും  ഇങ്കും പോലുള്ളവ ലാഭത്തിൽ വിറ്റ് പണമുണ്ടാക്കുകയും ചെയ്യുന്നു. ഇതു പ്രകാരം വാഹനത്തിന്റെ അടിസ്ഥാന മോഡൽ വിലകുറച്ച് വിൽക്കുകയും പിന്നീട് അതിൽ ആവശ്യമുള്ള ഫീച്ചറുകൾക്ക് വരിസഖ്യ ഈടാക്കുകയും ചെയ്യുന്നു. 

Tesla Model 3
Tesla Model 3

ഇന്ത്യന്‍ വാഹന വിപണിയിലും ഭാവിയില്‍ സബ്‌സ്‌ക്രിബ്ഷന്‍ അടിസ്ഥാനമായുള്ള സോഫ്റ്റ്‌വെയര്‍ ബിസിനസ് മോഡല്‍ വ്യാപകമാവുമെന്നാണ് ഒലയുടെ വിജയം കാണിക്കുന്നത്. അടിസ്ഥാന ഉത്പന്നമായ വൈദ്യുത സ്‌കൂട്ടര്‍ താരതമ്യേന കുറഞ്ഞ വിലക്കു വില്‍ക്കുകയും അധിക സൗകര്യങ്ങളായ ഹൈപ്പര്‍ മോഡ്, പ്രോക്‌സിമിറ്റി അണ്‍ലോക്ക്, കീ ഷെയറിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവക്ക് സബ്‌സ്‌ക്രിബ്ഷന്‍ ഈടാക്കുകയുമാണ് ഓല ചെയ്യുന്നത്. 

സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്റെ രൂപത്തിലും വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജായും ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാനും സാധിക്കും. സ്‌കൂട്ടറുകള്‍വിറ്റാണ് ഓലയുടെ എതിരാളികളായ ഭൂരിഭാഗം കമ്പനികളും ലാഭം നേടുന്നത്. മാത്രമല്ല ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ബാറ്ററി മാറ്റുമ്പോഴും വാഹനം മാറ്റുമ്പോഴുമാണ് അടുത്ത വ്യാപാര സാധ്യതയുള്ളത്. വൈദ്യുത വാഹനങ്ങളുടെ കാര്യത്തില്‍ ബാറ്ററിക്കു മാത്രം വാഹനത്തിന്റെ വിലയുടെ 40 ശതമാനത്തോളം വരികയും ചെയ്യും. തങ്ങളുടെ വാഹനങ്ങളിലെ ബാറ്ററി പരമാധി കാലം പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യത്തില്‍ എല്‍ജി ചെം ബാറ്ററികളാണ് ഒല ഉപയോഗിക്കുന്നത്. വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്തണമെങ്കില്‍ ഓലക്ക് അവര്‍ നിശ്ചയിച്ചിട്ടുള്ള സബ്‌സ്‌ക്രിബ്ഷന്‍ നിരക്കുകള്‍ നല്‍കേണ്ടി വരുമെന്നു മാത്രം. 

സാമ്പ്രദായിക സ്‌കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് വാഹനം വിറ്റ ശേഷം അവരുടെ ഉപഭോക്താക്കള്‍ നടത്തുന്ന സര്‍വീസും വാഹന ഭാഗങ്ങള്‍ വാങ്ങുന്നതും അവരില്‍ നിന്നു തന്നെയാവുമെന്ന് ഉറപ്പിക്കാനാവില്ല. എന്നാല്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍ നിര്‍മിച്ച ഒലക്ക് അവരുടെ സര്‍വീസ് സെന്ററുകളിലൂടെയാണ് വാഹനങ്ങളുടെ സര്‍വീസും ആവശ്യമുള്ളപ്പോള്‍ വാഹന ഉടമകള്‍ വാങ്ങുന്നതെന്ന് ഉറപ്പിക്കാനായി. 

സോഫ്റ്റ്‌വെയര്‍ വില്‍പനയിലൂടെ ലാഭത്തിന്റെ 72 ശതമാനം നേടുന്ന ടെസ്‌ലയുടെ മാതൃകയാണ് ഓല പിന്തുടരുന്നത്. ഓട്ടോ പൈലറ്റ് പോലുള്ള സൗകര്യങ്ങള്‍ ടെസ്‌ലയില്‍ മാസ വരിസംഖ്യ അടക്കുന്നതിലൂടെയാണ് ആസ്വദിക്കാനാവുക. പ്രതിമാസം 199 ഡോളറാണ് ഓട്ടോ പൈലറ്റ് ഫീച്ചറിന് ടെസ്‌ല ഈടാക്കുന്നത്. സമാനമായ സബ്‌സ്‌ക്രിബ്ഷന്‍ മോഡല്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ വൈദ്യുത കാറുകളിലുമുണ്ട്. വടക്കേ അമേരിക്കയില്‍ മാസം 60 ഡോളര്‍ മുടക്കിയാല്‍ കാറില്‍ 60hpയും 80 ഡോളറിന് 80 hpയും അധികമായി ആസ്വദിക്കാനാവും. 

സോഫ്റ്റ്‌വെയര്‍ വില്‍പനയിലൂടെ ലാഭത്തിന്റെ 72 ശതമാനം നേടുന്ന ടെസ്‌ലയുടെ മാതൃകയാണ് ഓല പിന്തുടരുന്നത്

2025 ആവുമ്പോഴേക്കും ടെസ്‌ലയുടെ മൊത്തം വിറ്റുവരവിന്റെ ആറു ശതമാനം ഓട്ടോപൈലറ്റ്/സെല്‍ഫ് ഡ്രൈവിങ് സബ്‌സ്‌ക്രിബ്ഷന്‍ വഴിയായിരിക്കും. ഇത് ടെസ്‌ലയുടെ ലാഭത്തിന്റെ നാലിലൊന്നു വരും. 2020നു ശേഷം ഇതുവരെ 800 ദശലക്ഷം ഡോളറിന്റെ സോഫ്റ്റ്‌വെയര്‍ ടെസ്‌ല വിറ്റുവെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ ടെസ്‌ലയുടെ സമാന പാതയിലുള്ള ഒലയും വാഹനം വിറ്റുകിട്ടുന്ന ലാഭത്തിനേക്കാള്‍ സബ്‌സ്‌ക്രിബ്ഷന്‍ മോഡലിലൂടെ വരുമാനം നേടാനാണ് ശ്രമിക്കുന്നത്.

ഓട്ടോകൺസെൽറ്റന്റും ഇന്നോവേഷൻ കൺസെൽറ്റന്റുമാണ് ലേഖകൻ

English Summary:

​​How Ola Works – Apprehend Ola Business Model and Revenue Source

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com