ADVERTISEMENT

യാന്ത്രികവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ കാര്‍ ഉടമകളെല്ലാം നേരിടേണ്ടി വരാറുണ്ട്. പല പ്രശ്‌നങ്ങളും തുടക്കത്തില്‍ ചെറിയ സൂചനകള്‍ തന്ന ശേഷമായിരിക്കും രൂക്ഷമാകുന്നത്. തുടക്കത്തിലേ പ്രശ്‌നം കണ്ടെത്തിയാല്‍ പലതും എളുപ്പം പരിഹരിക്കാന്‍ സാധിക്കും. കാറുകളിൽ പൊതുവായി കാണുന്ന പ്രശ്നങ്ങളെക്കുറിച്ചും അവക്കു പിന്നിലെ സൂചനകളെക്കുറിച്ചും സാമാന്യ അറിവുകള്‍ ഉണ്ടാകുന്നത് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗുണം ചെയ്യും. കാറുകളില്‍ പൊതുവായി കണ്ടുവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. 

ബാറ്ററിയുടെ പ്രശ്‌നങ്ങള്‍

കാര്‍ ഉപയോഗിച്ചിട്ടുള്ളവര്‍ ഒരിക്കലെങ്കിലും ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. കാര്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോഴോ മറ്റോ ബാറ്ററിയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ തോന്നുകയാണെങ്കില്‍ ഉടനെ വിദഗ്ധ പരിശോധന നടത്തണം. ബാറ്ററിയുടെ ഏതെങ്കിലും കണക്ഷനിലെ പ്രശ്‌നങ്ങള്‍ പോലും കുഴപ്പങ്ങള്‍ക്കു കാരണമായേക്കാം. വൈദ്യുത വിതരണത്തിലെ തടസമോ ചോര്‍ച്ചയോ വഴി ബാറ്ററിയുടെ ടെര്‍മിനലുകളില്‍ തേയ്മാനം സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണം. 

എന്‍ജിന്‍ പ്രശ്‌നങ്ങള്‍

എന്‍ജിന്‍ സ്റ്റാര്‍ട്ടു ചെയ്യുമ്പോഴുള്ള പ്രശ്‌നങ്ങളും ശരിക്കു പ്രവര്‍ത്തിക്കാതിരിക്കുന്നതും വാഹനത്തിന്റെ ആകെയുള്ള പ്രകടനത്തേയും ബാധിക്കുകയും ഇന്ധനക്ഷമത കുറക്കുകയും ചെയ്യും. സ്പാര്‍ക്ക് പ്ലഗിലെ പ്രശ്‌നം, ഇഗ്നൈഷന്‍ കോയിലിലെ പ്രശ്‌നം, ഇന്ധന വിതരണത്തിലെ കുഴപ്പങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളെക്കൊണ്ട് ഇതു സംഭവിക്കാം. OBD-II സ്‌കാനര്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയാനാവും. 

ചൂടാകല്‍

മനുഷ്യരെ പോലെ തന്നെ വാഹനങ്ങളും കൂടുതല്‍ ചൂടാകുന്നത് ഗുണം ചെയ്യില്ല. വാഹനങ്ങളിലെ ചൂടന്‍ സ്വഭാവത്തിനു പിന്നില്‍ വാട്ടര്‍ പമ്പിലെ പ്രശ്‌നങ്ങളോ റേഡിയേറ്ററിന്റെ കുഴപ്പങ്ങളും കൂളിങ് സിസ്റ്റത്തിലെ തടസങ്ങളോ ഒക്കെയാവാം. വാഹനത്തിലെ കൂളന്‍ഡ് നിശ്ചിത ഇടവേളയില്‍ പരിശോധിക്കുകയും ആവശ്യമായ അളവിലുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കൂളിങ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പുകളും പരിശോധിക്കണം. ഒപ്പം അവയില്‍ അസ്വാഭാവികമായ വീര്‍ക്കലുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പാക്കണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ വിദഗ്ധ പരിശോധനക്കു വിധേയമാക്കുകയും വേണം. 

ബ്രേക്ക്

വാഹനത്തിന്റെയും യാത്രികരുടേയും സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രധാന ഭാഗങ്ങളിലൊന്നാണ് ബ്രേക്ക്. അതുകൊണ്ടുതന്നെ മികച്ച അവസ്ഥയിലുള്ള ബ്രേക്ക് വാഹനത്തിനും യാത്രികര്‍ക്കും പ്രധാനമാണ്. ബ്രേക്കില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക ശബ്ദങ്ങള്‍ ഉയരുന്നുവെങ്കില്‍ ശ്രദ്ധിക്കണം. മാത്രമല്ല ബ്രേക്ക് വിചാരിച്ച കാര്യക്ഷമതയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തോന്നിയാലും പരിശോധിക്കണം. ബ്രേക്ക് പാഡുകളിലേയോ റോട്ടോറുകളിലേയോ കുഴപ്പങ്ങളാവാം ഇതിലേക്കു നയിക്കുന്നത്. 

ഇലക്ട്രിക്കല്‍

അപ്രതീക്ഷിതമായി കാറിനകത്തെയും പുറത്തേയും ലൈറ്റുകളും മറ്റും മങ്ങുകയോ മിന്നുകയോ ചെയ്താല്‍ അത് ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങളുടെ സൂചനയാവാം. പവര്‍ വിന്‍ഡോകള്‍ ശരിക്കു പ്രവര്‍ത്തിക്കാത്തതിനും അസാധാരണമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും പിന്നിലും ഇലക്ട്രിക് പ്രശ്‌നങ്ങളാവാം. സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റത്തിലെ പ്രശ്‌നങ്ങളും ഇലക്ട്രിക് പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

ഇത്തരം പ്രശ്‌നങ്ങള്‍ക്കു പിന്നിലെ കാരണം കണ്ടെത്താന്‍ വാഹനത്തിലെ ഫ്യൂസുകളും വയറിങുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ ഉടന്‍ വിദഗ്ധ സേവനം ലഭ്യമാക്കണം. ചെറുതായി തുടങ്ങുന്ന ഇലക്ട്രിക് പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ കുഴപ്പങ്ങളിലേക്കു നയിച്ചേക്കാം. 

ട്രാന്‍സ്മിഷന്‍ പ്രശ്‌നങ്ങള്‍

ഗിയര്‍ മാറ്റുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളും ഏതെങ്കിലും ഗിയറില്‍ പെട്ടു പോവുന്ന അവസ്ഥയും വന്നാല്‍ ശ്രദ്ധിക്കണം. ട്രാന്‍സ്മിഷനുമായി ബന്ധപ്പെട്ട ഫ്‌ളൂയിഡുകളുടെ ലെവല്‍ പരിശോധിക്കുന്നത് നല്ലതാണ്. വാഹനത്തിന്റെ അടിയില്‍ എന്തെങ്കിലും ചോര്‍ച്ചയുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വേഗം തന്നെ വിദഗ്ധ സേവനം ലഭ്യമാക്കുകയാണ് വേണ്ടത്. 

English Summary:

Common Car Troubles Causing Craziness? This How-To Guide Is For You!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com