ADVERTISEMENT

ഡ്രൈവറുടെ കാഴ്ച സുഗമമാക്കുന്ന വാഹനത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് വിൻഡ് സ്ക്രീൻ അല്ലെങ്കിൽ വിൻഡ് ഷീൽഡ്. റോഡിലെ പൊടി പടലങ്ങളും അന്തരീക്ഷത്തിലെ ഈർപ്പവും വാഹനങ്ങളിലെ പുകയുമെല്ലാം ചേർന്ന് വിൻഡ് ഷീൽഡുകൾക്ക് മങ്ങലേൽപ്പിച്ചേക്കാം. മഴയുള്ള രാത്രി കാലങ്ങളിലാണ് ചില്ലുകളിൽ പറ്റിപിടിച്ചിരിക്കുന്ന എണ്ണമെഴുക്കുള്ള പദാർഥങ്ങൾ‌ ശരിക്കും പ്രശ്നക്കാരനാവുന്നത്. എങ്ങനെ വിൻഡ് ഷീൽഡ് എളുപ്പം വൃത്തിയാക്കാം. വിൻഡ് ഷീൽഡിനെ എങ്ങനെ പരിപാലിക്കാം.

വിൻഡ് ഷീൽഡ് ഇടയ്ക്കിടെ വൃത്തിയാക്കുക

സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമാണെങ്കിൽ രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ വിൻഡ് ഷീൽഡ് വ‍ൃത്തിയാക്കുന്നതു നന്നായിരിക്കും. ചില്ലുകൾ വൃത്തിയാക്കുന്നതിനുള്ള പ്രത്യേക തരം തുണികൾ വിപണിയിൽ ലഭ്യമാണ് അവ ഉപയോഗിച്ച് വൃത്തിയാക്കുന്നതായിരിക്കും ഉത്തമം. കൂടാതെ വിൻഡ് ഷീൽഡ് ക്ലീനിങ് ലായിനികളും ഉപയോഗിക്കുന്നതും നന്നായിരിക്കും. അവയൊന്നുമില്ലെങ്കിൽ വിൻഡ് സ്ക്രീനും ജനൽ ചില്ലുകളുമൊക്കെ വൃത്തിയാക്കാനുള്ള മികച്ച ഉപാധി നനഞ്ഞ പത്രക്കടലാസാണ്. ഗ്ലാസിലെ പൊടിയും പാടും കറയുമൊക്കെ അകറ്റുന്നതിനു പുറമെ പോളിഷിങ് പേപ്പറിന്റെ ഗുണം കൂടി പത്രക്കടലാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലാസുകൾ നന്നായി തുടച്ചു വൃത്തിയാക്കിയ ശേഷം ബാക്കിയാകുന്ന ജലം വൈപ്പർ ഉപയോഗിച്ചോ ഉണങ്ങിയ പത്രക്കടലാസ് കൊണ്ടോ നീക്കാവുന്നതാണ്.

വൈപ്പറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക

ശരിയായി പ്രവർത്തിക്കാത്തതും വൃത്തിഹീനവുമായ വൈപ്പറുകൾ വിൻഡ്ഷീൽഡിൽ പോറൽ വീഴ്ത്താൻ സാധ്യതയുണ്ട്. അതിനാൽ മഴക്കാലത്തും മറ്റും വൈപ്പറുകൾ വൃത്തിയുള്ളതാണെന്നും പ്രവർത്തനക്ഷമമാണെന്നും പ്രത്യേകം ഉറപ്പാക്കുക. യാത്രയ്ക്കു മുമ്പ് വൈപ്പറുകൾ വൃത്തിയാക്കുന്നതും ഗുണകരമാണ്. വൈപ്പർ പ്രവർത്തിപ്പിക്കുംമുമ്പ് വിൻഡ് സ്ക്രീൻ വാഷർ ഉപയോഗിക്കുക. വാഹനത്തിന്റെ വിൻഡ്സ്ക്രീൻ വാഷർ ഫ്ളൂയിഡ് സംഭരണിയിൽ സോപ്പ് ലായനിയോ ഷാംപുവോ ചേർക്കുന്നതു നല്ലതാണ്. വൈപ്പറും ചില്ലുമായുള്ള ഘർഷണം ഒഴിവാക്കാനും ഗ്ലാസിൽ പോറൽ വീഴുന്നത് ഇല്ലാതാക്കാനും ഇതുവഴി സാധിക്കും. വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ എപ്പോഴും വൈപ്പർ ഉയർത്തിവയ്ക്കുവാൻ ശ്രമിക്കുക. ഇത്തരത്തിൽ ചെയ്താൽ വൈപ്പറുകൾ ഏറെ നാള്‍ കേടാതിരിക്കുകയും ചില്ലുകൾക്ക് തകരാറുണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ഓരോ വർഷം കൂടുമ്പോഴും വൈപ്പർ മാറ്റുന്നതും വളരെ നന്നായിരിക്കും.

Image Source: Nejron Photo | Shutterstock
Image Source: Nejron Photo | Shutterstock

വിൻഡ് സ്ക്രീനും വിൻഡോയും ശ്രദ്ധിക്കാം, കനത്ത സാമ്പത്തിക നഷ്ടം ഒഴിവാക്കാം

കാറിന്റെ പരിപാലനത്തിൽ വിൻഡ് സ്ക്രീനും വിൻഡോയുമൊക്കെ സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്. കാഴ്ച സുഗമമാക്കുന്ന ചില്ലും ജനലുമൊക്കെ അവഗണിക്കുന്നതു കാറിലെ യാത്രക്കാരുടെ സുരക്ഷിതത്വത്തിനു തന്നെ വെല്ലുവിളി സൃഷ്ടിച്ചേക്കാം; പോരെങ്കിൽ അശ്രദ്ധ മൂലം ഗ്ലാസ് തകരാറിലാവുന്നതു കനത്ത സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും. 

പരിപാലിക്കാനുള്ള ചില നിർദേശങ്ങൾ:

∙ പാർക്കിങ്ങിനു സുരക്ഷിത മേഖല: പ്രശ്നം വന്ന ശേഷം പരിഹരിക്കുന്നതിലും ബുദ്ധി പ്രശ്മുണ്ടാവാതെ നോക്കുകയാണ്. തുറന്ന പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ചില്ലുകൾക്കു ഗുരുതര തകരാർ സംഭവിക്കാം. കഴിവതും കെട്ടിടങ്ങൾക്ക് വളരെ അരികിലായി വാഹനം നിർത്തിയിടരുത്; മുകൾ നിലകളിലെ താമസക്കാർ അശ്രദ്ധമായി വലിച്ചെറിയുന്ന വസ്തുക്കൾ വീണു ചില്ല് പൊട്ടാൻ സാധ്യതയുണ്ട്. ഒപ്പം തെങ്ങ് പോലെ തേങ്ങയും ഓല മടലുമൊക്കെ വീഴാൻ സാധ്യതയുള്ള മരങ്ങളുടെ ചുവട്ടിലെ പാർക്കിങ്ങും ഒഴിവാക്കണം.

∙ സുരക്ഷിത അകലം പാലിക്കൽ: മുമ്പേ പോകുന്ന വാഹനത്തിനു തൊട്ടു പിന്നാലെ പോകുന്നതു കഴിവതും ഒഴിവാക്കുക. കാരണം മുന്നിൽ പോകുന്ന വാഹനത്തിന്റെ ടയറിൽ നിന്നു കല്ലും കട്ടയുമൊക്കെ തെറിച്ചു വന്നു നിങ്ങളുടെ വാഹനത്തിന്റെ ചില്ല് തകരാൻ സാധ്യതയുണ്ട്. മുന്നിൽ സഞ്ചരിക്കുന്ന വാഹനത്തിൽ നിന്ന് അശ്രദ്ധമായും അലക്ഷ്യമായും വലിച്ചെറിയുന്ന പാഴ്വസ്തുക്കളും നിങ്ങളുടെ വിൻഡ്ഷീൽഡിന് ഭീഷണി സൃഷ്ടിച്ചേക്കാം. ഇതൊക്കെ പരിഗണിച്ച് മുന്നിലുള്ള വാഹനത്തിൽ നിന്നു സുരക്ഷിത അകലം എപ്പോഴും പാലിക്കുക.

∙ കട്ടിയായ അഴുക്ക് സ്വയം നീക്കുക: വാഹനങ്ങളുടെ വിൻഡ് സ്ക്രീനും ജനൽ ചില്ലുകളുമൊക്കെ വൃത്തിയാക്കാനുള്ള മികച്ച ഉപാധി നനഞ്ഞ പത്രക്കടലാസാണ്. ഗ്ലാസിലെ പൊടിയും പാടും കറയുമൊക്കെ അകറ്റുന്നതിനു പുറമെ പോളിഷിങ് പേപ്പറിന്റെ ഗുണം കൂടി പത്രക്കടലാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലാസുകൾ വിശദമായി തുടച്ചു വൃത്തിയാക്കിയ ശേഷം ബാക്കിയാവുന്ന ജലം വൈപ്പർ ഉപയോഗിച്ചോ ഉണങ്ങിയ പത്രക്കടലാസ് കൊണ്ടോ നീക്കാവുന്നതാണ്.

∙ വാതിൽ വലിച്ചടയ്ക്കരുത്: വാഹനത്തിന്റെ വാതിൽ അടയ്ക്കാൻ വലിച്ചടയ്ക്കുന്ന രീതി ഉപേക്ഷിക്കുക. പുതുതലമുറ കാറുകളുടെ വാതിലുകൾ മൃദുവായി അടച്ചാൽ തന്നെ ധാരാളമാണ്. വാതിൽ വലിച്ചടയ്ക്കുമ്പോൾ ചില്ലുകൾ പ്രകമ്പനം കൊള്ളാനും ക്രമേണ നേരിയ വിള്ളൽ വീണു പൊട്ടാനും തകരാനുമൊക്കെ സാധ്യതയുണ്ട്. തുടർച്ചയായി വാതിൽ വലിച്ചടയ്ക്കുന്നതിനൊത്ത് ഈ വിള്ളലും വളരും; ഒടുവിൽ ചില്ല് തന്നെ പൊട്ടിത്തകരാനുമിടയുണ്ട്.

∙ തണലത്താവട്ടെ പാർക്കിങ്: ഇന്ത്യയുടെ മിക്ക ഭാഗത്തും പകൽ — രാത്രി താപനിലയിൽ ഗണ്യമായ അന്തരമുണ്ട്. പകൽ സമയത്തെ ഉയർന്ന ചൂടും രാത്രികാലത്തെ തണുപ്പും തുടർച്ചയായി അഭിമുഖീകരിക്കുന്നതു വാഹനത്തിന്റെ വിൻഡ് സ്ക്രീനിലും ജനൽ ചില്ലിലുമൊക്കെ സൂക്ഷ്മമായ വിള്ളൽ സൃഷ്ടിച്ചേക്കാം. ഡൽഹി പോലെ കൊടും ചൂടുള്ള നഗരങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ വിൻഡോയിൽ നേരിയ വിടവ് നൽകുന്നത് അഭികാമ്യമാണ്; വാഹനത്തിനുള്ളിൽ ചൂടു വായുവിനു പുറത്തുകടക്കാനുള്ള മാർഗമാണിത്. അമിതമായ ചൂടിൽ ചില്ലിലെ സൂക്ഷ്മ വിള്ളലുകൾ വികസിക്കുകയും ഒടുവിൽ ചില്ല് തന്നെ പൊട്ടുകയും ചെയ്തേക്കാം.

English Summary:

Auto Tips, How To Clean Vehicle Windscreen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com