ADVERTISEMENT

കാര്‍ വാഷിങിനൊപ്പം കാര്‍ ഡീറ്റെയിലിങ് കൂടി നടത്തിയാല്‍ ഇരട്ടി ഭംഗിയാണ് വാഹനങ്ങള്‍ക്ക്. വീട്ടില്‍ നിന്നും കാറുകള്‍ കഴുകുന്നവര്‍പോലും പലപ്പോഴും കാര്‍ ഡീറ്റെലിങിന് മിനക്കെടാറില്ല. എന്നാല്‍ ഒന്നു ശ്രമിച്ചാല്‍ നമ്മുടെ കാറും എളുപ്പം പളപളപ്പുള്ളതാക്കി മാറ്റാനാവും. കാര്‍ ഡീറ്റൈലിങിന് കൊടുക്കുന്നതിന്റെ പേരില്‍ കീശയിലെ പണം അധികം പോവുകയുമില്ല. 

ആദ്യം തന്നെ കാര്‍ വാഷിങിനും ഡീറ്റൈലിങിനും വേണ്ടി വരുന്ന സാധനങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. ഒരുബക്കറ്റും കപ്പും, രണ്ട് മൈക്രോ ഫൈബര്‍ തുണികള്‍, ഒരു വാഷ് മിറ്റന്‍, കാര്‍ ഷാംപൂ, ക്ലേ ബാര്‍, കാര്‍ പോളിഷ്, കാര്‍ വാക്‌സ്, അപ്ലിക്കേറ്റര്‍ പാഡ്, ടയര്‍ ഷൈന്‍, പൈപ്പ് എന്നിവയാണ് പട്ടികയിലെ സാധനങ്ങള്‍. കാര്‍ ഡീറ്റെയിലിങ് പ്രൊഫഷണലായി ചെയ്യുന്നതിന് സമാനമായിരിക്കില്ല നമ്മള്‍ തന്നെ ചെയ്യുന്നത്. എങ്കിലും വളരെ കുറഞ്ഞ ചിലവില്‍ നമ്മുടെ കാറും എളുപ്പത്തില്‍ സുന്ദരമാക്കാന്‍ പറ്റിയ വഴിയാണിത്. 

കാര്‍ വാഷ്

കാര്‍ ഡീറ്റൈലിങിലേക്കു കടക്കും മുമ്പ് ആദ്യം നല്ല വൃത്തിയില്‍ വെള്ളമൊഴിച്ച് കാറു കഴുകണം. കാര്‍ തിളങ്ങണമെങ്കില്‍ ഈ അടിസ്ഥാന ഘട്ടം നല്ല രീതിയില്‍ പൂര്‍ത്തിയാക്കണം. കാര്‍ നല്ല പോലെ വെള്ളം ഒഴിച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകണം. ഈ സമയം കാറു വൃത്തിയാക്കാന്‍ മൈക്രോ ഫൈബർ ക്ലോത്തും ഉപയോഗിക്കാം. കാറിന്റെ പുറം ഭാഗത്തുള്ള പൊടിയും ചെളിയുമൊക്കെ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

ക്ലേ ബാര്‍

വെള്ളം ഒഴിച്ചു കഴുകി ഷാംപൂവിട്ട ശേഷം പിന്നെ ക്ലേ ബാര്‍ ഉപയോഗിച്ച് കഴുകണം. ഇത് കാറില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കുകള്‍ വിട്ടു പോവാന്‍ സഹായിക്കും. ക്ലേ ബാര്‍ ഇതിന് വളരെയധികം സഹായിക്കും. സോപ്പു പതയുള്ള സമയത്തു മാത്രമേ ക്ലേബാര്‍ കാറില്‍ ഉപയോഗിക്കാവൂ എന്നതും സൂക്ഷിക്കണം. 

പോളിഷ്

ചെറിയ സ്‌ക്രാച്ചുകളുള്ള ഭാഗങ്ങളില്‍ പോളിഷ് ചെയ്താല്‍ നല്ല ഗുണം ലഭിക്കും. മൈക്രോഫൈബര്‍ തുണികള്‍ പോളിഷ് ചെയ്യാനായി ഉപയോഗിക്കാം. പതുക്കെ വൃത്താകൃതിയില്‍ വേണം പോളിഷ് ചെയ്യാന്‍. ഇതു ചെറിയ സ്‌ക്രാച്ചുകളെ പോലും പരിഹരിക്കാനും നല്ല തിളക്കം വാഹനത്തിന് നല്‍കാനും സഹായിക്കും.  

കാര്‍ വാക്‌സ്

ഏതാനും മാസങ്ങള്‍ വരെ കാറിന്റെ തിളക്കം കാത്തു സൂക്ഷിക്കാന്‍ നല്ല കാര്‍ വാക്‌സിന് സാധിക്കും. കാറിന്റെ ബോഡിയിലേക്ക് നേരിട്ട് അഴുക്കു പറ്റാതിരിക്കാനും കാര്‍ വാക്‌സ് സഹായിക്കും. കാറിന്റെ ഓരോ ഭാഗങ്ങളായി വേണം കാര്‍ വാക്‌സ് പൂര്‍ത്തിയാക്കാനെന്നതും ശ്രദ്ധിക്കണം. കാര്‍ വാക്‌സും പോളിഷ് ചെയ്യുന്നതു പോലെ വൃത്തകൃതിയില്‍ വേണം ചെയ്യാന്‍. വാക്‌സിങ് പൂര്‍ത്തിയാക്കിയശേഷം മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് അധിക വാക്‌സ് തുടച്ചു മാറ്റുകയും വേണം. 

English Summary:

Auto Tips, Basic Car Washing & Car Detailing Can Be Done at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com