ADVERTISEMENT

മകൾ ചോദിച്ചു.. പിന്നെ എന്തിനാണ് കേണലിനെ ഭാര്യ ഉപേക്ഷിച്ചത്? കേണൽ ജോണി നീലക്കാടൻ പഴയ ഇരട്ടക്കുഴൽ തോക്ക് എടുത്ത് എണ്ണയിട്ടു മിനുക്കി. എന്നിട്ട് മകളുടെ നേരെ ഉന്നം പിടിച്ചു. മകൾ മുന്നോട്ടു നീങ്ങി നിന്ന് വെല്ലുവിളിച്ചു... ഉണ്ടയുണ്ടോ, കേണലിന് പൊട്ടിക്കാൻ ! കേണൽ പറഞ്ഞു... മകളേ, നിനക്ക് എല്ലാം അറിയാവുന്നതല്ലേ! അവൾക്ക് ഇഷ്ടം ഹിന്ദുസ്ഥാനി സംഗീതം, എനിക്ക് മിലിറ്ററി ബാൻഡിന്റെ ആസുരം. അവൾ കഴിക്കുന്നത് അരിക്കൊണ്ടാട്ടം, ഞാൻ ബീഫ് ഫ്രൈ. അവൾ തുളസിച്ചെടി, ഞാൻ ഈട്ടിത്തടി.

മകൾ ഇടപെട്ടു.. മതി, മതി. ഇത് എപ്പോഴും പറയുന്നതാണ്. ഇന്നലെ വൈകുന്നേരം എന്റെ അമ്മ, അതായത് കേണലിന്റെ ഭാര്യ പ്രഫ. അരുന്ധതീദേവി ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ കാരണമെന്താണ് എന്നു മാത്രം പറഞ്ഞാൽ മതി. കേണൽ തോക്കുതാഴെ വച്ചു. എന്നിട്ട് സോഫയിൽ ഇടതുകാൽ കയറ്റിവച്ചിരുന്നിട്ട് മകളോടു ചോദിച്ചു... നീ നോക്കൂ, എന്റെ കാലിൽ ഒരു തരി പൊടിയെങ്കിലും ഉണ്ടോ? ഇല്ലല്ലോ. പിന്നെ എന്തിന് ഈ കാലിനോട് പിണങ്ങി അവൾ വീടുവിട്ടു പോയി? മകൾ ചിരിച്ചു.. വണ്ടി ഓട്ടോമാറ്റിക് ആയതിന്റെ കുഴപ്പം. കാൽ സീറ്റിൽക്കയറ്റി വച്ച് ഓടിച്ച് ശീലമായിപ്പോയി. ഇപ്പോൾ  കസേരയിലും അങ്ങനെയേ ഇരിക്കൂ. ബാഡ് ബോയ്. 

കേണൽ കഥ പറഞ്ഞു തുടങ്ങി... ഇന്നലെ രാത്രി വൈകിയാണ് ഞാൻ നമ്മുടെ പുലിമട എസ്റ്റേറ്റിൽ നിന്ന് വീട്ടിൽ വന്നത്.  അവൾ മുറ്റം നിറയെ കോലം വരച്ചുവച്ചിരുന്നു. ഞാൻ അതു കണ്ടില്ല. കാറിന്റെ ഹെഡ് ലൈറ്റ് തറയിൽ കിട്ടില്ലല്ലോ. കോലത്തിന്റെ നേരെ നടുക്കാണ് കാർ നിർത്തിയത്. മകൾ പറഞ്ഞു... അമ്മ അതിരാവിലെ ഉണർന്ന് കുളിച്ച് ഈറനോടെ മുറ്റത്തു വന്ന് കോലം വരയ്ക്കുന്നത് കേണലിന് കാറോടിച്ച് കയറ്റാനാണോ? അതുമാത്രമായിരിക്കില്ല കാരണം. മുഴുവൻ സംഭവങ്ങളും പോരട്ടേ..കാർ നിർത്തുന്നതുകണ്ട് ആരു ഓടി വന്നു. അവളുടെ വരവു കണ്ട ആവേശത്തിൽ ഞാൻ ഡോർ തുറന്നു പുറത്തുചാടി. എസ്റ്റേറ്റിൽ നിന്നുള്ള വരവല്ലേ, ജംഗിൾ ബൂട്ടായിരുന്നു. അറിയാതെ കോലം വരച്ചതിൽ ചവിട്ടി. 

കേണൽ മാത്രമല്ലല്ലോ, ജിമ്മിയും ചവിട്ടിയില്ലേ?എസ്റ്റേറ്റിൽ നിന്ന് പോരുമ്പോൾ കാറിന്റെ ബാക്ക് സീറ്റിൽ ജിമ്മിയുമുണ്ടായിരുന്നു. ആരുവിനെ കണ്ട ആവേശത്തിൽ അവൻ പുറത്തേക്കു ചാടി. അതായത് കേണൽ മാത്രമല്ല, കേണലിന്റെ വളർത്തു നായ ലാബ്രഡോറും അമ്മ വിശുദ്ധമായി കരുതുന്ന കോലത്തിൽ ചവിട്ടി അശുദ്ധമാക്കി. ആരുവിന്റെ ദേഷ്യം മാറ്റാൻ ഞാൻ കാർ റിവേഴ്സെടുത്തു. അതോടെ കോലം മൊത്തം കുളമായി. അപ്പോഴാണ് കാറിന്റെ റൂഫിലിരുന്ന ഗ്ളാസ് ആരു കണ്ടത്. 

അതിൽ നിറയെ റമ്മായിരുന്നു, അല്ലേ ? റം ആർക്കു വേണം. വിസ്കി. നല്ല ചില്ലായിരുന്നു ഇന്നലെ മൂന്നാറിൽ. ഞാൻ രണ്ടു മഗ് ബീയർ കഴിച്ചിട്ടാണ് എസ്റ്റേറ്റിൽ നിന്നു കാറെടുത്തത്. ആറാംമൈൽ കഴിഞ്ഞപ്പോൾ മൂത്രമൊഴിക്കാൻ കാർ നിർത്തി.  മഞ്ഞാണ്. ഡ‍ിസംബറാണ്. എവിടെ നിന്നോ കാരൾ കേൾക്കുന്നുണ്ട്. ഞാനെന്റെ ബാല്യം ഓർമിച്ചു. 

മകൾ ചിരിച്ചു... കാരൾ കേട്ടതോടെ കരളലിഞ്ഞു. കാറിന്റെ ഉള്ളിൽ നിന്ന് കുപ്പിയെടുത്തു.നിനക്കെന്നെ നന്നായി മനസ്സിലാകും. പക്ഷേ ആരുവിന് മനസ്സിലാകുന്നില്ല. അതാണ് സങ്കടം... കേണൽ കുട്ടികളെപ്പോലെ കരയാൻ തുടങ്ങി. മകൾ അടുത്തു ചെന്ന് അച്ഛന്റെ നിറുകയിൽ ഒരുമ്മ കൊടുത്ത് ആശ്വസിപ്പിച്ചിട്ടു പറഞ്ഞു... ബാക്കി കഥ പോരട്ടേ. ഞാനില്ലേ കൂടെ. റോഡരികിൽ നിർത്തി ഒരു ഡ്രിങ്ക് കഴിക്കാൻ തുടങ്ങുകയായിരുന്നു ഞാൻ. ഗ്ളാസിലേക്ക് ഒഴിച്ചതേയുള്ളൂ. ദൂരെ ഒരു ചുവന്ന വെളിച്ചം. പാമ്പനാർ എസ്ഐയാണ്. ഞാൻ പെട്ടെന്ന് കാറെടുത്തു. മകൾ പറഞ്ഞു... പട്ടാളത്തിനു പൊലീസിനെ പേടിയോ? മോശം !

ആർക്കുപേടി! ആ എസ്ഐ പെട്രോൾ ടാങ്കാണ്. കണ്ടാൽ എന്റെ കാറിലെ കുപ്പി മുഴുവൻ കാലിയാക്കും.  പാതി നിറച്ച വിസ്കി ഗ്ളാസ് വെപ്രാളത്തിന് കാറിന്റെ മുകളിൽ വച്ചിട്ടാണ് ഞാൻ ഡ്രൈവിങ് തുടങ്ങിയത്. പൊലീസ് വണ്ടി പിന്നാലെയുണ്ട്.  4 ഹെയർപിൻ ! ഹെയർപിന്നോ?! അമ്മയറിയാതെ ലേഡീസ് ആരെങ്കിലും..?യൂ ഇഡിയറ്റ്. ഹെയർപിൻ എന്നാൽ റോഡിലെ വളവ്, കർവ്. സത്യങ്ങളെ വളച്ചൊടിക്കരുത്. പിന്നെ രണ്ടു കയറ്റം, ഒരു ഇറക്കം. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഗ്ളാസ് അതുപോലെ വണ്ടിയുടെ മുകളിലുണ്ട്. അനങ്ങിയിട്ടില്ല. 

ഏതായിരുന്നു വണ്ടി? നമ്മുടെ പുത്തൻ വോൾവോ എക്സ് സി 90. അവൾ ഗ്ളാസ് കണ്ടു. അത് നിറഞ്ഞു തുളുമ്പി നിൽക്കുകയായിരുന്നു. മകൾ പറഞ്ഞു... കള്ളം. ഡ്രൈവിങ് തുടങ്ങുമ്പോൾ പാതി ഗ്ളാസ്. വീട്ടിലെത്തുമ്പോൾ ഫുൾ. കേണൽ ഇടയ്ക്കു വീണ്ടും കാർ നിർത്തിക്കാണും.ഇല്ല മോളേ, ഡിസംബറല്ലേ, മഞ്ഞുതുള്ളി വീണു വീണ് നിറഞ്ഞതാണ്.  ആ ഗ്ളാസ് എടുത്ത് അവൾ മുറ്റത്തേക്ക് ഒറ്റയേറ്.  ബാഡ് ലക്ക് മൈ ഗേൾ, അതു ചെന്നു വീണത് കോലത്തിന്റെ നടുവിൽ. 

മകൾ പറഞ്ഞു... പിന്നെ വഴക്കായി. കേണലിന്റെ പ്രിയ ഭാര്യ ആരു ഇന്നലെ രാത്രിയിൽ കാറെടുത്ത് ഫാംഹൗസിലേക്കു പോയി. യുദ്ധം തോറ്റ കേണൽ ജോണി നീലക്കാടൻ ബംഗ്ളാവിൽ തനിച്ചായി. എന്നിട്ട് ഭാര്യയെ ഫോണിൽ തിരിച്ചുവിളിച്ചോ?വിളിച്ചില്ല. വിളിച്ചാലും അവൾ എടുക്കില്ല മോളേ, എന്റെയല്ലേ ഭാര്യ!

കേണൽ ഒന്നു കേണാൽ മതി. ആൾ തിരിച്ചു വരും. എപ്പോഴേ റെഡിയെന്നു പറഞ്ഞ് കേണൽ ആദ്യമിറങ്ങി. മകൾ കാറെടുത്തു. ഡിസംബർ രാത്രി. മഞ്ഞിൽ നനച്ച നിലാവിന്റെ അരിപ്പൊടി കൊണ്ട് ആകാശമാകെ ആരു വരച്ചു ഈ കോലം !

English Summary:

Coffee Brake Daughter Father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com