ADVERTISEMENT

ചെന്നൈ നഗരത്തേയും സമീപ ജില്ലകളിലെ പല ഭാഗങ്ങളേയും വെള്ളത്തിനടിയിലാക്കിയാണ് മിഷോങ് ചുഴലിക്കാറ്റ് കടന്നു പോയത്. മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ പലരുടെയും വാഹനങ്ങൾ  ഒഴുക്കിൽപ്പെട്ടു. പ്രളയം മാത്രമല്ല, അശ്രദ്ധമായി വെള്ളക്കെട്ടിലൂടെ ഡ്രൈവ് ചെയ്യുന്നതും വാഹനങ്ങൾ കേടുവരുന്നതിനിടയാക്കും. എന്തൊക്കെ ശ്രദ്ധിച്ചാല്‍ നമ്മുടെ കാറുകളെ പ്രളയത്തിനിടയിലും സുരക്ഷിതമാക്കാമെന്നു നോക്കാം. 

വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയെന്നതാണ് വാഹനം സുരക്ഷിതമാക്കാനുള്ള ആദ്യ മാര്‍ഗം. ഇനി മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ മാത്രം വാഹനം ഓടിക്കുക. അപ്പോഴും സുരക്ഷിതമായ വേഗത്തില്‍ മാത്രം വാഹനം ഓടിക്കാൻ ശ്രദ്ധിക്കണം. വെള്ളം മൂടിക്കിടക്കുന്ന വഴികളിലെ കുഴികളും മറ്റും തിരിച്ചറിയാനായെന്നുവരില്ല. അത് അപകടമാണ്. പരിചിതമല്ലാത്ത വഴികളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണം. 

റോഡിന്റെ വശങ്ങളിലൂടെ വാഹനം ഓടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. റോഡു ഇടിഞ്ഞ് കൂടുതല്‍ വെള്ളക്കെട്ടിലേക്ക് കാര്‍ പതിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് റോഡിന്റെ മധ്യഭാഗത്തു കൂടെ തന്നെ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. ഒപ്പം പരമാവധി വെള്ളം കുറവുള്ള ഭാഗം തന്നെ തിരഞ്ഞെടുക്കുന്നതും യാത്ര സുരക്ഷിതമാക്കും. 

റോഡിന്റെ വശങ്ങളില്‍ വെള്ളം കെട്ടി കിടക്കുന്നത് കാണുമ്പോള്‍ അതിനു മുകളിലൂടെ ഒന്നു കാറോടിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്. വെറുതേ തമാശക്കു വേണ്ടി അങ്ങനെ ചെയ്യുന്നത് പലപ്പോഴും വലിയ അപകടത്തിലായിരിക്കും കലാശിക്കുക. അതിവേഗത്തില്‍ പോകുന്ന വാഹനം ഒരുഭാഗത്തേക്കു മാത്രം തെന്നി പോകാന്‍ സാധ്യത ഏറെയാണ്. വെള്ളപ്പൊക്കമില്ലാതെ തന്നെ സാധാരണ മഴക്കാലത്തു പോലും ഇത്തരം അപകടങ്ങള്‍ സംഭവിച്ചേക്കാം. 

വാഹനം എത്ര മികച്ചതാണെങ്കിലും ടയറിനു മുകളിലേക്ക് വെള്ളമുണ്ടെങ്കില്‍ വാഹനം തന്നെ വെള്ളത്തില്‍ പൊങ്ങാനും നിയന്ത്രണം നഷ്ടമാകാനും ഇടയുണ്ട്. വെള്ളക്കെട്ടിലൂടെ പോകേണ്ടി വന്നാല്‍ പരമാവധി ബ്രേക്ക് പിടിക്കാതിരിക്കാനും ആക്സിലേറ്ററിൽ നിന്ന് കാൽ എടുക്കാതിരിക്കാനും നോക്കണം. വെള്ളം എൻജിന് അകത്തേക്ക് വരാനുള്ള കാരണമായേക്കാം. 

കാറിന്റെ പുകക്കുഴലിനു മുകളില്‍ വെള്ളമുണ്ടെങ്കില്‍ ഏറെ ശ്രദ്ധിക്കണം. എത്ര പതുക്കേ പോകേണ്ടി വന്നാലും ആക്‌സിലേറ്ററില്‍ നിന്നും കാലെടുക്കരുത്. അങ്ങനെ ചെയ്താല്‍ പുകക്കുഴലിലേക്കു വെള്ളം കയറാനും വാഹനം നിന്നു പോകാനുമുള്ള സാധ്യത വര്‍ധിക്കുന്നു. വെള്ളപ്പൊക്കം കഴിഞ്ഞാല്‍ പല കാറുടമകളും ചെയ്യുന്ന ഏറ്റവും വലിയ വിഡ്ഢിത്തമാണ് വാഹനം സ്റ്റാര്‍ട്ടു ചെയ്തു നോക്കുന്നത്. വിദഗ്ധരായ മെക്കാനിക്കുകളെ കൊണ്ടുവന്ന് പരിശോധിപ്പിച്ച ശേഷം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വാഹനങ്ങള്‍ സ്റ്റാര്‍ട്ടു ചെയ്യുക.

English Summary:

Tips for driving through flooded roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com