ADVERTISEMENT

എല്ലാ പ്രളയകാലത്തും നിരവധി കാറുകളാണ് വെള്ളത്തിനടിയിലാവുന്നത്. ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതോടെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി പോയ കാറുകളില്‍ വലിയൊരു പങ്കും വില്‍പനക്കെത്തും. പുതിയ കാര്‍ വാങ്ങാന്‍ പണം തികയാതെ പഴയതുകൊണ്ടു തൃപ്തിപ്പെടാന്‍ എത്തുന്ന ആരുടെയെങ്കിലും കൈയിലായിരിക്കും ഈ കാറുകൾ എത്തുക.

ഉള്ളില്‍ വെള്ളം കയറിപ്പോയ കാറുകളില്‍ വലിയൊരു പങ്കും പഴയ നിലയിലേക്കെത്തിക്കുക അസാധ്യമാണ്. കാറിനുള്ളിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളും വയറിങ്ങുമെല്ലാം വെള്ളം നാശമാക്കും. ഇതിനു പുറമേ എന്‍ജിനിലോ ഗിയര്‍ ബോക്‌സിലോ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ അറിയണമെന്നില്ല. എന്നാല്‍ അധികം വൈകാതെ കാര്‍ പണി മുടക്കി തുടങ്ങുകയും ചെയ്യും. പ്രളയത്തില്‍ പെട്ട കാര്‍ തിരിച്ചറിയാനും ഒഴിവാക്കാനും എന്തൊക്കെ ശ്രദ്ധിക്കണം?

തുരുമ്പു പിടിക്കുന്നതും ദ്രവിക്കുന്നതും കാറിന്റെ ആയുസിനെ ബാധിക്കും. ഉപ്പുകാറ്റടിക്കുന്നതും കടല്‍ വെള്ളവുമായി സമ്പര്‍ക്കം വരുന്നതുമായ തീര പ്രദേശങ്ങളിലെ കാറുകള്‍ക്ക് ഇതിന്റെ അളവ് കൂടുതലാണ്. തീരപ്രദേശത്ത് വെള്ളപ്പൊക്കം കൂടി വന്നാല്‍ ഉള്ളു ദ്രവിച്ച നിലയിലാവും കാറുകള്‍. അതുകൊണ്ട് ബോണറ്റ് തുറന്ന് വിശദമായി പരിശോധന നടത്തണം. ഡാഷ് ബ്രാക്കറ്റിന്റെ അടിഭാഗം, ബോഡിയുടെ അടിഭാഗം, ബോണറ്റിന്റെ ജോയിന്റ് എന്നിങ്ങനെ പെയിന്റ് എത്താത്ത ഭാഗങ്ങള്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണം. ഇതില്‍ എവിടെയെങ്കിലും ഉയര്‍ന്ന തോതില്‍ തുരുമ്പു പിടിച്ച നിലയിലുണ്ടെങ്കില്‍ ആ കാര്‍ ഒഴിവാക്കണം.

കാറിന്റെ പുറത്തു മാത്രമല്ല ഉള്ളിലും ദ്രവിച്ച ഭാഗങ്ങളുണ്ടോയെന്ന് പരിശോധിക്കാം. പ്രത്യേകിച്ച് മുന്‍ സീറ്റുകളുടെ റെയിലുകളും സ്‌ക്രൂകളും പരിശോധിക്കണം. ശരിയായ രീതിയില്‍ വെച്ച സ്‌ക്രൂകളും പുതിയ സ്‌ക്രൂകളും അടുത്തകാലത്ത് സീറ്റുകള്‍ അഴിച്ച് വൃത്തിയാക്കാന്‍ നടത്തിയ ശ്രമത്തിന്റെ തെളിവുകളാവാം. 

കയറി ഇറങ്ങി പോയ വെള്ളം തന്നെ ചില അടയാളങ്ങള്‍ വാഹനങ്ങളില്‍ അവശേഷിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് കാറിന്റെ മുന്നിലേയും പിന്നിലേയും ലൈറ്റുകള്‍ക്കുള്ളില്‍ വെള്ളം ഉണ്ടോയെന്നോ വെള്ളം കെട്ടി നിന്നതിന്റെ വരയുണ്ടോ എന്നും നോക്കാവുന്നതാണ്. വെള്ളത്തിന്റെയും ചെളിയുടേയും അവശേഷിപ്പുകളുണ്ടോയെന്ന് ബോണറ്റ് തുറക്കുമ്പോഴും പിന്നിലെ ബൂട്ട് സ്‌പേസില്‍ പരിശോധിക്കുമ്പോഴും നോക്കാം. സ്‌പെയര്‍ വീലുകള്‍ പരിശോധിച്ചാലും ചെളിയുടെ സാന്നിധ്യം അറിയാം. 

എത്രയൊക്കെ വൃത്തിയാക്കിയാലും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി പോയ കാറുകള്‍ക്കുള്ളില്‍ ഒരു മണം ഉണ്ടാവും. വളരെ ഉയര്‍ന്ന അളവില്‍ എയര്‍ ഫ്രഷ്‌നര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഈ മണത്തെക്കുറിച്ചുള്ള ആശങ്കയാവാം കാരണം. എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കിയാലും മോശം മണമുണ്ടെങ്കില്‍ അറിയാനാവും. 

കാറിനുള്ളില്‍ കുടുങ്ങി പോയ വെള്ളം പുറത്തേക്കു കളയാനാണ് ഡ്രെയിന്‍ പ്ലഗുകള്‍ ഉപയോഗിക്കുന്നത്. അടുത്ത് എപ്പോഴെങ്കിലും ഈ പ്ലഗുകള്‍ തുറന്ന് അടച്ചതിന്റെ സൂചന നല്‍കുന്ന എന്തെങ്കിലും ഡ്രെയിന്‍ പ്ലഗുകളില്‍ ഉണ്ടോ എന്ന് നോക്കാവുന്നതാണ്. സീറ്റ്‌ബെല്‍റ്റ്, ക്ലച്ച്, ഹാന്‍ഡ് ബ്രേക്ക്, സ്റ്റിയറിങ് എന്നിവയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണം. ക്ലച്ച് ചവിട്ടുമ്പോള്‍ കടുപ്പം തോന്നുന്നുണ്ടെങ്കില്‍ അത് വെള്ളത്തില്‍ പെട്ടതിന്റെ സൂചനയാവാം. 

കാറിന്റെ ഇലക്ട്രിക്കല്‍ സംവിധാനം പൂര്‍ണമായും പരിശോധിക്കണം. കാബിന്‍ ലൈറ്റും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും മുതല്‍ മുന്നിലേയും പിന്നിലേയും ലൈറ്റുകളുടെ വരെ പ്രവര്‍ത്തനക്ഷമത ഉറപ്പിക്കണം. ഇവ പ്രവര്‍ത്തിപ്പിക്കുമ്പോല്‍ ഡാഷ്‌ബോര്‍ഡില്‍  സിഗ്നല്‍ ലഭിക്കുന്നുണ്ടോ എന്നും നോക്കണം. ഇല്ലെങ്കില്‍ വാഹനത്തിന്റെ ഇലക്ട്രിക്കല്‍ ഭാഗത്തുള്ള പ്രശ്‌നങ്ങളാവാം കാരണം. 

നമ്മള്‍ എത്രയൊക്കെ വാഹനങ്ങളെക്കുറിച്ച് ധാരണയുള്ളയാളാണെങ്കിലും ഒരു മെക്കാനിക്ക് പരിശോധിക്കുന്നതു പോലെ നോക്കാനാവില്ല. അതുകൊണ്ട് വിശ്വസ്ഥനായ ഒരു മെക്കാനിക്കിനെകൊണ്ട് വാങ്ങാനുദ്ദേശിക്കുന്ന കാര്‍ അടി മുടി നോക്കുന്നത് നല്ലതാണ്. അവരുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷം മാത്രം കാര്‍ വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

English Summary:

How to identify and avoid buying a flood damaged car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com