ADVERTISEMENT

വെയിലത്തു പാര്‍ക്കു ചെയ്ത കാറില്‍കയറി ഇരുന്ന 'പൊള്ളുന്ന അനുഭവം' എല്ലാവര്‍ക്കുമുണ്ടാവും. തണുപ്പുള്ളരാജ്യങ്ങളില്‍ തണുപ്പില്‍ മരവിച്ചു പോയ സീറ്റുകളാണ് പ്രശ്‌നം. വാഹനത്തെ തണുപ്പിക്കാനും ചൂടാക്കാനും എസികള്‍ മതിയെങ്കിലും അതിനു വേണ്ടി വരുന്ന ചെലവ് ഭീകരമാണ്. ഇന്ധനക്ഷമത 24 ശതമാനം വരെ കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ 120 ശതമാനം വര്‍ധിപ്പിക്കാനുമെല്ലാം അമിതമായ എസിയുടെ ഉപയോഗം കാരണമാകും. ഈ പ്രതിസന്ധികള്‍ക്കുള്ള പരിഹാരമായാണ് ഹീറ്റഡ്, കൂള്‍ഡ്, വെന്റിലേറ്റഡ് സീറ്റുകളുടെ വരവ്. ഏതു യാത്രയിലും യാത്രാസുഖം ഉറപ്പിക്കാന്‍ സഹായിക്കുന്ന ഈ സീറ്റുകളുടെ സവിശേഷതകളും പ്രവര്‍ത്തന രീതിയും അറിയാം.

വെന്റിലേറ്റഡ് സീറ്റ്

യാത്രകളില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ അനുഗ്രഹമാണ്. കാറിന് അനുയോജ്യമായ രീതിയില്‍ സീറ്റുകളുമുണ്ടെന്ന് ഉറപ്പാക്കാന്‍ വെന്റിലേറ്റഡ് സീറ്റുകള്‍ സഹായിക്കും. കാര്‍ബണ്‍ പുറന്തള്ളലിനെ വര്‍ധിപ്പിക്കുകയോ ഇന്ധനക്ഷമതയെ കുറയ്ക്കുകയോ വെന്റിലേറ്റഡ് സീറ്റുകള്‍ ചെയ്യുന്നില്ലെന്നതാണ് പ്രധാന ഗുണം. പല കാര്‍ നിര്‍മാതാക്കളും വെന്റിലേറ്റഡ് സീറ്റുകള്‍ ഫീച്ചറായി അവതരിപ്പിക്കുന്നുണ്ട്. സീറ്റുകളിലൂടെ വായു സഞ്ചാരം ഉറപ്പിക്കുകയാണ് വെന്റിലേറ്റഡ് സീറ്റുകൾ ചെയ്യുന്നത്. അതിനായി സീറ്റിനുള്ളിൽ ചെറിയ ഫാനോ അല്ലെങ്കിൽ വായു വലിച്ചെടുക്കുന്ന സംവിധാനമോ ഉണ്ടാകും. തണുപ്പിക്കുന്ന സീറ്റുകള്‍ക്കാണ് ചൂടാക്കുന്ന സീറ്റുകളെ അപേക്ഷിച്ച് ആവശ്യക്കാര്‍ കൂടുതല്‍.

ഹീറ്റഡ് സീറ്റ്

പൊതുവില്‍ ആഡംബരകാറുകളിലാണ് ഹീറ്റഡ് സീറ്റുകള്‍ കാണപ്പെടാറ്. ചൂടു പുറത്തെടുക്കുന്ന വാട്ടര്‍ഹീറ്റര്‍, എയര്‍ ഡ്രൈയര്‍ പോലുള്ള ഉപകരണങ്ങളില്‍ നിന്നു കാര്യമായ വ്യത്യാസമില്ല ഹീറ്റഡ് സീറ്റുകള്‍ക്ക്. അതേസമയം വെന്റിലേറ്റഡ്, കൂള്‍ഡ് സീറ്റുകളില്‍ നിന്നു വ്യത്യാസവുമുണ്ട്. ഈ സീറ്റുകളില്‍ റസിസ്റ്ററായി പ്രവര്‍ത്തിക്കുന്ന ഒരു വസ്തുവുമുണ്ടാവും. ഇതുവഴി വൈദ്യുതി പ്രവഹിക്കുമ്പോള്‍ അത് ചൂടായി മാറുകയും ഇരിപ്പിടങ്ങളെ ചൂടാക്കുകയും ചെയ്യുന്നു. പുറംവേദനയുള്ളവർക്ക് ഇത്തരം സീറ്റുകള്‍ അനുഗ്രഹമായി മാറും.

ഹീറ്റഡ് സീറ്റുകളുടെ പ്രധാന പ്രശ്‌നം ദീര്‍ഘ നേരം ഇതു പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായാല്‍ സീറ്റ് നല്ല പോലെ ചൂടാകാനിടയുണ്ട്. ചെലവേറിയ ഫീച്ചറാണെന്നതും ലെതര്‍ സീറ്റുകള്‍ക്ക് യോജിച്ചതല്ലെന്നതും കുറവുകളാണ്.

കൂള്‍ഡ് സീറ്റ്

യാത്രികര്‍ക്കും ഡ്രൈവര്‍ക്കും അനുയോജ്യമായ താപനിലയില്‍ ഇരിക്കാന്‍ കൂള്‍ഡ് സീറ്റുകള്‍ സഹായിക്കുന്നു. കടുത്തവേനലില്‍ യാത്രക്കൊടുവില്‍ കാറില്‍ നിന്നു എഴുന്നേല്‍ക്കുമ്പോള്‍ സീറ്റില്‍ വിയര്‍പ്പുകൊണ്ടുള്ള പാടുകള്‍ അവശേഷിക്കാറുണ്ട്. കൂള്‍ഡ് സീറ്റുകളുള്ള കാറുകളില്‍ ഇതുണ്ടാവില്ല. സീറ്റുകളില്‍ മൊത്തത്തിലുള്ള തണുത്ത വായുവിന്റെ സാന്നിധ്യം ഈ സീറ്റുകള്‍ ഉറപ്പിക്കുന്നു. വെന്റിലേറ്റഡ് സീറ്റുകളേക്കാള്‍ സീറ്റുകളെ തണുപ്പിക്കാന്‍ കൂള്‍ഡ് സീറ്റുകള്‍ക്കാവും. 

താരതമ്യേന ചെലവു കുറവാണെന്നതാണ് കൂള്‍ഡ് കാര്‍ സീറ്റുകളുടെ ഒരു ഗുണം. കാറിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉറപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. സാധാരണ ലെതര്‍ സീറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ സമയമെടുത്താണ് കൂള്‍ഡ് സീറ്റുകള്‍ ഡ്രൈ ആവുക. തുടര്‍ച്ചയായ ശ്രദ്ധയും പരിപാലനവും വേണമെന്നതും ദോഷമാണ്.

പ്രവര്‍ത്തനം താരതമ്യം

വൈദ്യുതിയെ ഊഷ്മാവാക്കി മാറ്റുകയാണ് ഹീറ്റഡ് സീറ്റുകള്‍ ചെയ്യുക. അതേസമയം കൂള്‍ഡ് സീറ്റുകളില്‍ ചെറിയ ഫാനുകളാണ് ഇരിപ്പിടങ്ങളെ തണുപ്പുള്ളതാക്കി മാറ്റുക. വെന്റിലേറ്റഡ് സീറ്റുകളില്‍ വായു സമ്പര്‍ക്കം കൂട്ടാനും ചൂടു കുറക്കാനുമുള്ള സൗകര്യങ്ങളുണ്ട്. വെന്റിലേറ്റഡ് സീറ്റുകളിലും ഫാനുകളാണ് ജോലി ചെയ്യുന്നത്. തണുത്ത കാലാവസ്ഥയില്‍ ഹീറ്റഡ് സീറ്റുകളാണ് ഗുണം ചെയ്യുക. അതേസമയം ചൂടുള്ള കാലാവസ്ഥയില്‍ കൂള്‍ഡ് സീറ്റുകളും വെന്റിലേറ്റഡ് സീറ്റുകളും അനുഗ്രഹമാവും.

English Summary:

Auto News, Ventilated Seats vs. Cooled Seats: What's the Difference?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com