ADVERTISEMENT

എന്‍ജിനില്‍ നിന്നുള്ള പവര്‍ മോട്ടോര്‍സൈക്കിളിന്റെ പിന്‍ചക്രത്തിലെത്തുന്നത് ചെയിന്‍ വഴിയാണ്. വാഹനത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിട്ടു കൂടി പലപ്പോഴും മോട്ടോര്‍സൈക്കിള്‍ ചെയിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭിക്കാറില്ല. വാഹന ഉടമകള്‍ മാത്രമല്ല ചിലപ്പോഴെങ്കിലും സര്‍വീസ് സെന്ററുകളും ചെയിന്‍ വൃത്തിയാക്കുന്നത് പണവും സമയവും ലാഭിക്കാന്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഈ ലാഭം മോട്ടോര്‍സൈക്കിളിന്റെ നഷ്ടമായിത്തീരുകയാണ് പതിവ്. മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മോട്ടോര്‍സൈക്കിള്‍ ചെയിന്‍ നമുക്കും വൃത്തിയാക്കാനും ലൂബ്രിക്കേറ്റ് ചെയ്യാനും സാധിക്കും.

മോട്ടോര്‍ സൈക്കിള്‍ ആദ്യമായി കൃത്യമായ പൊസിഷനില്‍ വയ്ക്കുകയാണ് വേണ്ടത്. അതിനായി വാഹനം സെന്റര്‍ സ്റ്റാന്‍ഡില്‍ ഇടണം. ചെയിന്‍ ആന്‍ഡ് സ്‌പ്രോക്കറ്റ് എളുപ്പം വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ഇങ്ങനെയുള്ള പൊസിഷന്‍. മാത്രമല്ല ഈ പൊസിഷനില്‍ ചെയിന്‍ എളുപ്പം തിരിക്കാനും സാധിക്കുമെന്നതും വൃത്തിയാക്കുന്നത് വേഗത്തിലും കാര്യക്ഷമവുമാക്കും. ചില ബൈക്കുകളെങ്കിലും സെന്റര്‍ സ്റ്റാന്‍ഡില്ലാതെ വരാറുണ്ട്. അങ്ങനെയുള്ളവയെ പാഡോക് സ്റ്റാന്‍ഡില്‍ വച്ചു വേണം ക്ലീനിങ് ആരംഭിക്കാന്‍. 

ചെയിനില്‍ വെള്ളം അടിച്ച് പരമാവധി അഴുക്കു കളയുന്നതോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. പൊടി നിറഞ്ഞ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിലൂടെ ഓടുന്ന മോട്ടോര്‍ സൈക്കിളുകളിലെ ചെയിനുകളില്‍ വലിയ തോതില്‍ അഴുക്കും മണ്ണും പറ്റി പിടിക്കുന്നത് സ്വാഭാവികമാണ്. പല ബൈക്കുകളും ചെയിന്‍ കവറുകളോടെയാണ് എത്തുന്നത്. ഇത് ഒരു പരിധി വരെ ചെയിനില്‍ അഴുക്കു പറ്റുന്നത് തടയാന്‍ സഹായിക്കും. കൂടുതല്‍ സ്‌പോര്‍ട്ടിയായ മോഡലുകളില്‍ ചെയിനുകള്‍ക്ക് കവറുകള്‍ കാണാറില്ല. ഇത്തരം മോട്ടോര്‍ സൈക്കിളുകളുടെ പ്രകടനത്തെ ചെയിനിലെ അഴുക്ക് ബാധിക്കാറുണ്ട്.

ചെയിന്‍ വെള്ളം അടിച്ചു കഴുകി കഴിഞ്ഞാല്‍ ഡബ്ല്യുഡി 40 പോലുള്ള ക്ലീനര്‍ സ്‌പ്രേ ഉപയോഗിക്കണം. ശക്തിയില്‍ വെള്ളം അടിച്ച ശേഷവും പറ്റി പിടിച്ചിരിക്കുന്ന അഴുക്കിനെ ചെയിനില്‍ നിന്നു വേര്‍പെടുത്താന്‍ ഇത് സഹായിക്കും. ഈ സമയത്തെല്ലാം ചെയിന്‍ തിരിയുന്നുണ്ടെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ എല്ലാ ഭാഗവും വൃത്തിയാക്കാന്‍ സാധിക്കൂ എന്ന കാര്യവും ഓര്‍മ വേണം. ക്ലീനര്‍ സ്‌പ്രേ ചെയ്ത ശേഷം ഏതാനും മിനിറ്റു കഴിഞ്ഞിട്ട് ബ്രഷ് ഉപയോഗിച്ച് ചെയിന്‍ വൃത്തിയാക്കുക. ഇതോടെ ആദ്യഘട്ടം കഴുകിയ ശേഷവും പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകള്‍ ഇളകി പോകുകയും ചെയിന്‍ പുത്തനാകുകയും ചെയ്യും. ഡബ്ല്യുഡി 40 പോലുള്ള ക്ലീനറുകള്‍ ഉപയോഗിച്ച ശേഷം വീണ്ടും വൃത്തിയാക്കാന്‍ മറക്കരുത്.

അവസാനത്തേയും മൂന്നാമത്തേയും ഘട്ടമാണ് ലൂബ്രിക്കേറ്റുകള്‍ ചെയിനില്‍ നല്‍കുകയെന്നത്. ഇത് ചെയിനിന്റെ പ്രവര്‍ത്തനം എളുപ്പമാക്കും. ലൂബ്രിക്കന്റ് സ്‌പ്രേയുടെ നോസില്‍ ചെയിനിനോട് ചേര്‍ത്തു വെച്ച ശേഷം വേണം ഉപയോഗിക്കാന്‍. ഇത് ചെയിനിന്റെ ഓരോ ഭാഗത്തും ലൂബ്രിക്കന്റ് എത്തിയെന്ന് ഉറപ്പിക്കാന്‍ സഹായിക്കും. ചെയിന്‍ തിരിച്ചുകൊണ്ട് എല്ലാ ഭാഗത്തും ലൂബ്രിക്കന്റ് എത്തിയെന്ന് ഉറപ്പിക്കുകയും കൂടി ചെയ്യുന്നതോടെ നിങ്ങളുടെ വാഹനത്തിന്റെ ചെയിന്‍ ക്ലീനിങ് അവസാനിച്ചു. അമിതമായി ലൂബ്രിക്കന്റ് ചെയിനില്‍ ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ലൂബ്രിക്കന്‍ അമിതമായാല്‍ വാഹനത്തിന്റെ പിന്നിലെ ചക്രം റോഡില്‍ വഴുതി പോവാനുള്ള സാധ്യത കൂടുതലാണ്.

English Summary:

Auto News, How To Clean and Lubricate Motorcycle Chain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com