ADVERTISEMENT

വെള്ളത്തിലും കരയിലും ഓടിക്കുന്ന വാഹനങ്ങൾ പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ അതുപോലൊരു വാഹനം കണ്ടവരുണ്ടോ? ഇല്ലെന്ന് തന്നെ ഉറപ്പായും പറയാം. എന്നാൽ അങ്ങനെ വെള്ളത്തിലോടുന്ന ഒരു 'ഒമ്നി' നിർമിച്ചിരിക്കുകയാണ് പെരുമ്പാവൂർ കാഞ്ഞൂർ സ്വദേശി ജെയിൻ രാജ്.
 

omni-3

പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന 'സുമ എർത്ത് മൂവേഴ്സ്' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജെയിന്‍. ചെറുപ്പം മുതൽ മിനിയേച്ചർ വാഹനങ്ങൾ നിർമിക്കാൻ  ജെയിന് ഇഷ്ടമായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കും വേണ്ടി ആ മോഹം മാറ്റി വയ്ക്കുകയായിരുന്നു. ലോറിയിൽ ഡ്രൈവറായി ജോലി ആരംഭിച്ച ജെയിൻ പിന്നീട് ‍ജെസിബി ഓപ്പറ്ററായി. ഇപ്പോൾ സ്വന്തമായി പത്തോളം ടിപ്പറുകളും മണ്ണുമാന്തികളുമുണ്ട്.
 

omni-2

പ്രളയ കാലത്ത് തോന്നിയ ആശയം
 

കരയിലും വെള്ളത്തിലും ഓടിക്കുന്ന വാഹനം എന്ന ആശയം തോന്നിയത് പ്രളയ കാലത്ത് രക്ഷാ ദൗത്യങ്ങളിൽ പങ്കെടുത്തിരുന്നപ്പോഴാണ്. കൊറോണ കാലത്ത് ലോക്ഡൗണിൽ വീട്ടിലി‍രുന്നപ്പോഴാണ് തിരക്കിനിടയിൽ മറന്ന തന്റെ ഇഷ്ടമായ മിനിയേച്ചർ വാഹനങ്ങളിലേക്ക് വീണ്ടും ശ്രദ്ധ തിരിഞ്ഞത്. ആദ്യം ചെറിയ ഒരു ജീപ്പ് നിർമിച്ചു. പൾസർ 220 ബൈക്കിന്റെ എൻജിൻ ഉപയോഗിച്ചു നിർമിച്ച 4 വീൽ ‍ഡ്രൈവ് വാഹനമായിരുന്നുവത്. പിന്നീട് ഒരു എയര്‍ ബോട്ടാണ് നിർമിച്ചത്. കാറ്റിന്റെ ശക്തിയിൽ നീങ്ങുന്ന ഈ ബോട്ടിന്റെ ഫൈബർ ബോഡിയും പ്രൊപ്പല്ലറുമെല്ലാം ജെയിൻ സ്വന്തമായി നിർമിക്കുകയായിരുന്നു.

boat

കരയിലോടുന്ന ജീപ്പും വെള്ളത്തിലോടുന്ന ബോട്ടും നിർമിച്ചു കഴിഞ്ഞപ്പോൾ അടുത്ത ചിന്ത കരയിലും വെള്ളത്തിലും ഓടിക്കാൻ കഴിയുന്ന ഒരു വാഹനം എങ്ങനെ നിര്‍മിക്കാം എന്നതായിരുന്നു. ഒരുപാട് ആളുകളുമായി ഇതിനെകുറിച്ചു സംസാരിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ഒരു വാഹനം നിർമിച്ചു പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.അങ്ങനെയാണ് ഈ ഒമ്നിയിലേയ്ക്കെത്തിയത്.

omni-1

ടില്ലറിന്റെ വീലുകൾ സെൻ കാറിന്റെ എൻജിൻ
 

omni

"ആദ്യം ഒരു പഴയ ഒമ്നി വാൻ വാങ്ങി അതിന്റെ പാർട്സുകളെല്ലാം മാറ്റി, വാനിന്റെ താഴ്ഭാഗം മുഴുവൻ സ്റ്റീൽ ഉപയോഗിച്ചു വെൾഡ് ചെയ്തു. ഡോറിന്റെ ഭാഗവും മറ്റും സീൽ ചെയ്തു വാട്ടർ പ്രൂഫ് ആക്കി. ഒമ്നിയുടെ വീലുകൾ മാറ്റി ടില്ലറിന്റെ വീലുകളാക്കി, ചെളിയിലൂടെ അനായാസം ഓടിക്കാൻ ഈ വീലുകൾ സഹായിക്കും. വാഹനത്തിലുണ്ടായിരുന്ന എൻജിൻ മാറ്റി സെൻ കാറിന്റെ എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ പെർഫോമൻസ് കിട്ടാൻ വേണ്ടിയാണിത്. അതുപോലെ തന്നെ വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സീറ്റുകൾ മാറ്റി ഫൈബർ സീറ്റുകളാക്കി, റൂഫ് കട്ട് ചെയ്തു ഓപ്പൺ റൂഫ് ആക്കിമാറ്റി, പെയിന്റിങ് ഒഴികെയുള്ള എല്ലാ ജോലികളും ഞാൻ തന്നെയാണ് ചെയ്തത് വർക്ക്‌ഷോപ്പിൽ ഇങ്ങനെ ഒരു വാഹനം നിർമിക്കുന്നത് അവർക്കു സമയനഷ്ടമാണ്, അതുകൊണ്ട് തന്നെ മെക്കാനിക്കുകൾ ആരും ഈ ജോലി ഏറ്റെടുക്കാൻ തയാറായില്ല, എന്‍ജിനും മറ്റു പാട്സുമെല്ലാം വാഹന മേഖലയിൽ പ്രവർത്തിച്ചുള്ള പരിചയം വച്ചാണ് ഫിറ്റ് ചെയ്തത്. എൻജിനിൽ നിന്നു ഡയറക്ട് പ്രൊപ്പല്ലർ കണക്ട് ചെയ്തിരിക്കുകയാണ് 65 എച്പി പ്രൊപ്പലർ ആണ് ഘടിപ്പിച്ചിരിക്കുന്നത്. അതുമാറ്റി വാട്ടർ ബൈക്കുകളിൽ ഉപയോഗിക്കുന്ന ജെറ്റ് പമ്പ് പിടിപ്പിക്കാനൊരുങ്ങുകയാണ്. അതുവഴി ഈ വാഹനത്തിനു കൂടുതൽ പെർഫോമൻസ് ലഭിക്കുമെന്നു ജെയിൻ പറയുന്നു.
 

പത്താം ക്ലാസിൽ വച്ചു പഠനം അവസാനിപ്പിക്കേണ്ടി വന്ന ‍ജെയിൻ ഒരു മെക്കാനിക്കൽ എന്‍ജിനിയറിന്റെ പാടവത്തോടെ ഈ ഉഭയ വാഹനം നിർമിച്ചത്. തൊഴില്‍ മേഖലയിൽ നിന്നു ലഭിച്ച പരിചയമാണ് ജെയിനിന്റെ സമ്പത്ത്. പ്രത്യേകിച്ചു മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ നിർമിച്ചതുകൊണ്ട് പല തവണ വെള്ളത്തിലിറക്കി പരാജയപ്പെടുകയും പിന്നീട് ആ പിഴവ് പരിഹരിച്ച് വീണ്ടും വെള്ളത്തിലൂടെ ഓടിക്കുകയുമായിരുന്നു.
 

നിലവിൽ ഇതൊരു പരീക്ഷണ വാഹനമായതിനാൽ റോഡിൽ ഓടിക്കാനുള്ള അനുമതിയില്ല. എന്നാൽ നിയമപരമായി റോഡിൽ ഇറക്കാനും ഈ മോഡൽ മികച്ച രീതിയില്‍ പരിഷികരിച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ ഈ ചെറുപ്പക്കാരൻ ആരംഭിച്ചുകഴിഞ്ഞു. വെള്ളത്തിലും കരയിലുമോടുന്ന ഈ കൗതുക വാഹനത്തിന്റെ വാർത്തയറിഞ്ഞ് ഒരുപാട് കാഴ്ചക്കാരും ഇവിടെയെത്തുന്നുണ്ട്.

English Summary:

Onmi That Can Run On Water and Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com