ADVERTISEMENT

ജീവന്റെ സൂക്ഷ്മ സ്പന്ദനങ്ങളിൽ തുടങ്ങിയ ലോകത്തിന്റെ ചലനാത്മകത, കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് താണ്ടിയത് എത്രയെത്ര പരിണാമങ്ങൾ!

പുരോഗതിയുടെ ആണിക്കല്ലായും അളവുകോലായും ഈ പ്രതിഭാസം പിന്നീട് ലോകത്തെത്തന്നെ മാറ്റിമറിക്കാൻ തുടങ്ങി. സമയവും ദൂരവും തമ്മിലുള്ള പോരാട്ടത്തിലൂടെ, ചലനാത്മകതയ്ക്ക് വേഗത്തിന്റെ മോഹിപ്പിക്കുന്ന പരിവേഷം ലഭിച്ചു. മെല്ലെ, മനുഷ്യന്റെ ഞരമ്പുകളിൽ വേഗം ഒരു ലഹരിയായി പടരുകയായിരുന്നു.

വിനോദങ്ങളിലും വേഗത്തിന്റെ വിത്തുകൾ വീണ്, പൊട്ടി മുളച്ച് പടർന്നു പന്തലിച്ചു. കാറോട്ട മത്സരങ്ങളുടെ എവറസ്റ്റ് കൊടുമുടിയായ ഫോർമുലാ വണ്ണിൽ എത്തിയപ്പോൾ, വേഗത്തിന്റെ വിശ്വരൂപം നാം കണ്ടു. മുക്കാൽ നൂറ്റാണ്ടോടടുത്ത എഫ് വണ്ണിന്റെ ചരിത്രത്തിൽ വേഗത്തിന്റെ ഉയരങ്ങൾ നിരന്തരം മാറ്റി വരയ്ക്കപ്പെട്ടുകൊണ്ടിരുന്നു.

ഒരു എഫ് വൺ കാർ കൈവരിച്ച ഏറ്റവും ഉയർന്ന വേഗം ഹോണ്ട ആർഎ 106 ന്റെതാണ്. ലാന്റ് സ്പീഡ് റെക്കോഡുകൾക്ക് പേരുകേട്ട, അമേരിക്കയിലെ ബോണവിൽ ഉപ്പുപാടങ്ങളായിരുന്നു വേദി. മണിക്കൂറിൽ 400 കിലോമീറ്റർ എന്നതായിരുന്നു ലക്ഷ്യം. പക്ഷെ, ഹോണ്ടയ്ക്ക് 397.36 കിലോമീറ്റർ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ, റേസിൽ കുറിച്ച ഉയർന്ന വേഗം ഇതിലും കുറവാണ്. 2016 ലെ മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ വൽട്ടേരി ബോട്ടാ സാണ് ഈ നേട്ടത്തിനുടമ. മണിക്കൂറിൽ 372. 5 കിലോമീറ്ററായിരുന്നു ബോട്ടാസിന്റെ വേഗം. വില്യംസ് എഫ് ഡബ്ല്യൂ 38 ആയിരുന്നു വേഗരഥം. സമുദ്രനിരപ്പിൽന്ന് 7500 അടി ഉയരത്തിലുള്ള ഈ സർക്യൂട്ടിന്റെ അന്തരീക്ഷത്തിലെ കുറഞ്ഞ മർദ്ദം അനുകൂല ഘടകമാണ്. 1200 മീറ്റർ നീളത്തിലുള്ള ഇവിടത്തെ മെയിൻ സ്ട്രെയിറ്റും കാറുകളെ ആവേശത്തോടെ കുതിക്കാൻ പ്രേരിപ്പിക്കും.

honda-ra106
ഹോണ്ട ആഎ106

ടോപ് സ്പീഡ് വളരെ കൂടുതലായിരുന്നിട്ടും എഫ് വൺ കാറുകൾ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗമാർജിക്കാൻ ശരാശരി 2.6 സെക്കന്റെടുക്കുന്നത് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്. പക്ഷെ, പ്രായോഗിക തലത്തിൽ ഇതാണ് യാഥാർത്ഥ്യം. എയ്റോഡൈനാമിക്സ് പരിമിതികളാണ് കാരണം.

ഇറ്റാലിയൻ, ജർമ്മൻ നിർമാതാക്കൾ ആധിപത്യം പുലർത്തിയ, ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദശകത്തിൽ ഫ്രണ്ട് എൻജിൻ കാറുകളായിരുന്നു തുടക്കത്തിൽ മത്സരിച്ചിരുന്നത്. 1957 ൽ ഇതിനൊരു മാറ്റവുമായി ബ്രിട്ടീഷ് ടീമായ കൂപ്പർ രംഗത്തെത്തി. പ്രകടനം മെച്ചപ്പെടുന്ന തരത്തിൽ വെയിറ്റ് ഡിസ്ട്രിബ്യൂഷൻ സാധ്യമായി എന്നതായിരുന്നു റിയർ മൗണ്ടഡ് എൻജിൻകൊണ്ടുണ്ടായ ഗുണം.  ഫലമോ, 1959 ൽ  ഓസ്ട്രേലിയക്കാരനായ ജാക്ക് ബ്രാബം, കൂപ്പർ ടീമിന് ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തു. ടി 51 കാറിൽ മണിക്കൂറിൽ 180 മൈൽ വരെ വേഗമാർജിക്കാൻ ജാക്കിന് കഴിഞ്ഞു. ഇതായിരുന്നു 1950 കളിലെ എഫ് വൺ ടോപ് സ്പീഡ് . പിന്നീടങ്ങോട്ട് റിയർ മൗണ്ടഡ് എൻജിൻ കാറുകളുടെ വിഹാര വേദിയായി എഫ് വൺ ട്രാക്കുകൾ മാറുന്നതാണ് കണ്ടത്.

lotus-type-49
ലോട്ടസ് 49, ചിത്രം: ലോട്ടസ്

1968ൽ ഗ്രഹാം ഹില്ലിന് തന്റെ രണ്ടാമത്തെയും അവസാനത്തെയും ലോക കീരീടം നേടിക്കൊടുത്ത ലോട്ടസ് 49 ആയിരുന്നു തൊട്ടടുത്ത ദശകത്തിലെ വേഗതാരകം. എഫ് വൺ കാറുകളുടെ ഇന്നത്തെ ഡിസൈൻ ഭാഷയുടെ ആദ്യ രൂപങ്ങളും ഈ കാറിൽ കാണാം. വിഖ്യാതമായ ഫോർഡ് വി8 എൻജിൻ, ലോട്ടസ് 49 നെ മണിക്കൂറിൽ 200 മൈൽ എന്ന മാന്ത്രികാതിർത്തി കടത്തി.

1978 ൽ മരിയോ ആന്ദ്രേറ്റി എന്ന അമേരിക്കൻ റേസറെ ചാമ്പ്യനാക്കിയ ലോട്ടസ് 78 എന്ന കാർ, ഡിസൈൻ ജീനിയസ്സായ കോളിൻ ചാപ്മാന്റെ മികവുറ്റ സൃഷ്ടികളിലൊന്നായിരുന്നു. പീറ്റർ റൈറ്റ് എന്ന എൻജിനയറുടെ സഹായത്തോടെ, ഗ്രൗണ്ട് ഇഫക്ട് എന്ന പ്രതിഭാസമുപയോഗിച്ച്, കാറിന്റെ ഫ്ലോർ ഡിസൈൻ ചാപ്മാൻ പൊളിച്ചെഴുതി. എഫ് വൺഎയ്റോ ഡൈനാമിക്സിൽ ഒരു പുതിയ വഴിത്തിരിവായി ഗ്രൗണ്ട് ഇഫക്ടിന്റെ വരവ്. മണിക്കൂറിൽ 200 മൈൽ വേഗത്തിന് മുകളിലായിരുന്നു ലോട്ടസ് 78ന്റെ കുതിപ്പ്. 1982 ൽ ഗ്രൗണ്ട് ഇഫക്ട് എഫ് വണ്ണിൽ നിരോധിച്ചെങ്കിലും 2022 ൽ കൂടുതൽ ശക്തമായി ഇത് നിയമാവലിയിൽ ഉൾപ്പെടുത്തി. അനിവാര്യമായതിനെ ആർക്കും തടുക്കാനാവില്ലല്ലോ...

അലൻ പ്രോസ്റ്റും അയർട്ടൺ സെന്നയും ഉൾപ്പെട്ട മാരക കോമ്പിനേഷനിലൂടെ മക്‌ലാറൻ എൺപതുകളുടെ തമ്പുരാനായപ്പോൾ, എംപി 4 - 4 ആയിരുന്നു കാറുകളുടെ രാജാവ്. മണിക്കൂറിൽ 207 മൈൽ എന്ന ടോപ് സ്പീഡുമായി കുതിക്കുന്ന മക് ലാറൻ എംപി 4 - 4, 1988 ൽ 16 ൽ 15 റേസുകളിലും വിജയക്കൊടി പാറിച്ചു. ഹോണ്ടയുടെ വി6 ടർബോ എൻജിനായിരുന്നു ഈ കാറിന്റെ കരുത്ത്. 1988 ആയിരുന്നു ടർബോ എൻജിനുകളുടെ അവസാന എഫ് വൺ സീസൺ. തൊണ്ണൂറുകളുടെ തുടക്കത്തിൽ പാഡിൽ ഷിഫ്ടുകളോടുകൂടിയ സെമി - ഒട്ടോമാറ്റിക് ഗിയർബോക്സുകളും ട്രാക്ഷൻ കൺട്രോൾ ഉൾപ്പെടെയുള്ള ഡ്രൈവർ എയ്ഡുകളും എഫ് വണ്ണിൽ അവതരിച്ചു. മണിക്കൂറിൽ 200 മൈലിനുമേൽ ടോപ് സ്പീഡുള്ള വില്യംസ് എഫ് ഡബ്ല്യൂ 14 ബി ആയിരുന്നു ഈ ദശകത്തിൽ വേഗത്തിൽ മുന്നിട്ടു നിന്നത്. ആക്ടീവ് സസ്പെൻഷൻ ഈ കാറിന്റെ മികവിന് മാറ്റുകൂട്ടി.

senna
അയർടൺ സെന്ന‌

21-ാം നൂറ്റാണ്ടിന്റെ ആദ്യദശകം ചുവപ്പൻ ഫെരാരികളുടെ തേരോട്ടം കണ്ടു. ഫെരാരിയുടെ എഫ് 2004 നെ ഈ ഘട്ടത്തിൽ പ്രത്യേകം വാഴ്ത്തേണ്ടതുണ്ട്. മോൺസ (ഇറ്റലി), ഷാങ്ഹായ് (ചൈന), ആൽബർട്ട് പാർക്ക് (ഓസ്ട്രേലിയ) എന്നീ സർക്യൂട്ടുകളിൽ ഈ കാർ സ്ഥാപിച്ച ലാപ് റെക്കോഡുകൾ ഇന്നും അജയ്യം. വി10 എൻജിന്റെ അപാരമായ കരുത്തിന്റെ പിൻബലം ഈ കാറിനുണ്ടായിരുന്നു. ഈ എൻജിൻ എഫ് വണ്ണിൽ നിന്ന് പിന്നീട് പുറത്താക്കപ്പെട്ടത് എഫ് 2004 ന്റെ മേൽപ്പറഞ്ഞ റെക്കോഡുകൾക്ക് അനുഗ്രഹമായെന്ന് പറയാം. ഫോർമുലാ വൺ ഇതിഹാസം മൈക്കേൽ ഷൂമാക്കറിന്ന് തുടർച്ചയായ അഞ്ചാം ലോക കിരീടവും ഫെരാരിക്ക് തുടർച്ചയായ ആറാം കൺസ്ട്രക്ടേഴ്സ് ചാമ്പ്യൻഷിപ്പും നേടിക്കൊടുത്തതും ഈ കാർ തന്നെ. അടുത്ത ദശകത്തിൽ റെഡ് ബുൾ ആർബി - 7 എഫ് വൺ സർക്യൂട്ടുകൾ കീഴടക്കാനെത്തി. മണിക്കൂറിൽ 200 മൈൽ വേഗത്തിൽ അനായാസം പറക്കുന്ന ഈ കാർ സെബാസ്റ്റ്യൻ വെറ്റലിനെ നാലാം ലോക കിരീടത്തിൽ മുത്തമിടാനും സഹായിച്ചു. ബ്ലോൺ ഡിഫ്യൂസറിന്റെ സഹായത്തോടെ ഡൗൺ ഫോഴ്സ് വർധിപ്പിക്കുന്ന സംവിധാനമായിരുന്നു ഈ കാറിന്റെ ഒരു പ്രധാന സവിശേഷത. മെഴ്സിഡസിന്റെ കോവിഡ് കാർ എന്നറിയപ്പെട്ട ഡബ്ല്യൂ 11, 2020 ൽ ലൂയിസ് ഹാമിൽട്ടന് ഏഴാം ലോക ചാമ്പ്യൻപട്ടം നേടിക്കൊടുത്തു. മണിക്കൂറിൽ 200 ലേറെ മൈൽ സഞ്ചരിക്കാൻ ഈ കാറിന് നിഷ്പ്രയാസം സാധിക്കും. ഫ്രണ്ട് വീലുകളുടെ അലൈൻമെന്റിൽ ഡ്രൈവർക്ക് മാറ്റം വരുത്താൻ സഹായിക്കുന്ന ഡ്യുവൽ ആക്സിസ് സിസ്റ്റമാണ് ഇതിന്റെ പ്രത്യേകത. മുൻ - പിൻ ഭാഗങ്ങളെ ഒരേ തലത്തിൽ നിർത്തുന്ന ലോ റേക്ക് സംവിധാനവും ഈ കാറിനുണ്ടായിരുന്നു. മറ്റു മികച്ച കാറുകളിൽ പലതും ഉയർന്ന റേക്ക് സംവിധാനത്തെയാണ് അവലംബിച്ചിരുന്നത് എന്നതും ശ്രദ്ധേയം. 2021 ലെ പുതിയ നിയമങ്ങൾ വന്നപ്പോൾ, ഡ്യുവൽ ആക്സിസ് സിസ്റ്റത്തിനും ലോ റേക്ക് സംവിധാനത്തിനും നിയന്ത്രണമായി. എന്തായാലും, എട്ടാം കിരീടം എന്ന സ്വപ്നം ഹാമിൽട്ടന് സാക്ഷാത്കരിക്കാൻ പിന്നീട് ഇതുവരെ കഴിഞ്ഞിട്ടില്ല.

formula-one-3
മെഴ്സിഡീസ് ബെൻസ് ഫോർമുല വൺ കാർ, ചിത്രം: മെഴ്സിഡീസ് ബെൻസ് എഫ് വൺ

2021 - 23 കാലഘട്ടം റെഡ് ബുള്ളിന്റെയും മാക്സ് വെഴ്സ്റ്റപ്പൻ്റെയും അധീനതയിലായിരുന്നു. ഏറ്റവും പുതിയ സീസണിന് ബഹ്റിനിൽ ഫെബ്രുവരി 29 ന് കാഹളമുയരും. ഇതേ സർക്ക്യൂട്ടിൽ ഫെബ്രുവരി 21 മുതൽ മൂന്ന് ദിവസമാണ് പ്രീ -സീസൺ ടെസ്റ്റിങ്. ഇക്കുറി ആകെ 24 റേസുകൾ ഉണ്ടാവും. ഡ്രൈവർ ലൈനപ്പിൽ ഒരു മാറ്റവുമില്ല. നിയമാവലിയിലുംകാര്യമായി മാറ്റം കൊണ്ടുവന്നിട്ടില്ല. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ, റെഡ് ബുള്ളിന്റെ ആധിപത്യം തുടരാനാണ് സാധ്യത; വെഴ്സ്റ്റപ്പന്റെയും. പക്ഷെ, ആരാധകലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം തികച്ചും പുതിയ സീസണാണ് മുന്നിലുള്ളത്. കഴിഞ്ഞ സീസണിന്റെ നേട്ടങ്ങളും നഷ്ടങ്ങളും ഇനി ഓർമകളിൽ മാത്രം. വരാതിരിക്കുന്നത് വിജയാരവങ്ങളുടെ, കണക്കുതീർക്കലുകളുടെ,തീ പാറുന്ന പോരാട്ടങ്ങളുടെ ദിനങ്ങൾ. ഉന്മാദത്തിൻ്റെ കൊടുമുടിയിലേക്ക് നയിക്കുന്ന എകാഗ്രമായ ഒരു ധ്യാനം പോലെ, ഫോർമുലാ വൺ എന്ന വികാരം ഉണരുകയായി...

റിവേഴ്സ് ഗിയർ: വർഷങ്ങൾക്കു മുൻപ്, നോയിഡയിലെ ബുദ്ധ് സർക്യൂട്ടിൽ പ്രഥമ ഇന്ത്യൻ എഫ് വൺ ഗ്രാൻ്റ് പ്രീ അരങ്ങേറിയപ്പോൾ, ഫൈനൽ റേസിനു ശേഷം ഗ്രാന്റ് പ്രീ വേദിയിൽ നിന്നുതന്നെ ഒരു ടി.വി. ചാനൽ ചർച്ചയിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. നാടിനും നാട്ടുകാർക്കും ഇതുകൊണ്ട് എന്ത് പ്രയോജനം? നികുതിയിളവ് പോലുള്ള പ്രോത്സാഹനങ്ങൾ ഇത്തരം പരിപാടികൾക്ക് നൽകേണ്ടതുണ്ടോ? ചർച്ച ഇങ്ങനെ നീണ്ടു. ഇത്തരം സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചർച്ച തുടരാം...

English Summary:

History Of Speed, Formula One

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com