ADVERTISEMENT

കാര്‍ വാങ്ങണമെന്ന് തീരുമാനിച്ചാൽ ഏതു വേണമെന്നത് അല്‍പം കുഴപ്പം പിടിച്ച ചോദ്യമാണ്. വിപണിയിലെത്തുന്ന ഓരോ കാറിനും അതിന്റേതായ മികവുകളും ഗുണങ്ങളുമുണ്ട്. നമുക്ക് യോജിച്ചവാഹനമാണോ അതെന്നു കണ്ടെത്തണമെങ്കില്‍ അല്‍പം പ്ലാനിങ്ങിന്റേയും പഠനത്തിന്റേയും ആവശ്യമുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു വേണം പുതിയ കാര്‍ വേണോ വാടകക്കെടുത്താല്‍ മതിയോ യൂസ്ഡ് കാര്‍ വേണോ എന്നു പോലും തീരുമാനിക്കാന്‍. നിങ്ങള്‍ക്കനുയോജ്യമായ കാറിനടുത്തേക്കെത്താന്‍ ഇനി പറയുന്ന ഏഴു വഴികള്‍ സഹായിച്ചേക്കും. 

പ്രതീകാത്മക ചിത്രം. Image Source: Handemandaci | iStock
പ്രതീകാത്മക ചിത്രം. Image Source: Handemandaci | iStock

1. എന്താണ് ആവശ്യം?

ഒരു കാറില്‍ നിന്ന് നിങ്ങളെന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത്? എന്തൊക്കെ ആവശ്യങ്ങളാണുള്ളത്? എന്നൊക്കെ സ്വയം തിരിച്ചറിയുകയാണ് ആദ്യമേ വേണ്ടത്. ഇതിനായി കുറച്ചു ചോദ്യങ്ങള്‍ സ്വയം ചോദിക്കണം. 

∙ എത്ര ആളുകൾ സ്ഥിരമായുണ്ടാവും? എത്ര സീറ്റ് വാഹനം വേണം?

∙ ഹൈവേ, നഗര-ഗ്രാമ യാത്രകള്‍, ഓഫ് റോഡ് എന്നിങ്ങനെ ഏതു തരം വഴികളിലൂടെയാണ് ഡ്രൈവിങ്? ഓള്‍ വീല്‍ ഡ്രൈവ് വേണോ?

∙ ദീര്‍ഘദൂരയാത്രകളുടെയാളാണോ? ഇന്ധനക്ഷമത പ്രധാനമാണോ?

∙ ബാക്ക് അപ്പ് ക്യാമറ, ലെതര്‍ സീറ്റ്, ആപ്പിള്‍ കാര്‍പ്ലേ... എന്നിങ്ങനെ പോവുന്ന ഫീച്ചറുകളില്‍ നിങ്ങള്‍ക്ക് വേണ്ടത് എന്തൊക്കെയാണ്?

∙ എത്രത്തോളം സുരക്ഷിതമാവണം വാഹനം? സുരക്ഷാ ഫീച്ചറുകള്‍.

∙ എത്രമാത്രം ചരക്കു കൊണ്ടുപോവാന്‍ സാധിക്കണം?

∙ നിങ്ങള്‍ക്ക് എത്രമാത്രം പാര്‍ക്കിങ് സ്‌പേസ് ഉണ്ട്?

1354262266

2. ബജറ്റ്

കാര്‍ വാങ്ങാനായി ചിലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക എത്രയെന്ന ധാരണ ആദ്യം തന്നെ നിങ്ങള്‍ക്കുവേണം. വായ്പയായിട്ടാണ് എടുക്കുന്നതെങ്കില്‍ പ്രതിമാസം എത്ര അടക്കേണ്ടി വരും? പൊതു തത്വം നിങ്ങളുടെ വരുമാനത്തിന്റെ 15 ശതമാനത്തില്‍ കൂടുതല്‍ കാര്‍ വായ്പ ആവരുതെന്നാണ്. യൂസ്ഡ് കാര്‍ വാങ്ങാന്‍ നോക്കുമ്പോഴും ഇത് ശ്രദ്ധിക്കണം. ഇനി പ്രതിമാസ വാടകക്ക് കാര്‍ എടുക്കാന്‍ നോക്കിയാല്‍ മാസ വരുമാനത്തിന്റെ പത്തു ശതമാനത്തില്‍ കൂടരുത്. പ്രതിമാസ വരുമാനത്തിന്റെ ഏഴു ശതമാനത്തില്‍ കൂടുതല്‍ ഇന്ധന ചിലവും ഇന്‍ഷൂറന്‍സ് ചിലവും പാടില്ല. 

3. വാങ്ങണോ അതോ വാടകയോ? 

കാര്‍ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. വാഹനം വാടക്കെടുക്കുമ്പോള്‍ കുറഞ്ഞ ചിലവു മാത്രമാണ് വരിക. എന്നാല്‍ നിങ്ങള്‍ക്ക് കാര്‍ ഉപയോഗിക്കാനാവുക വാടക കാലാവധി മാത്രമായിരിക്കും. അതേസമയം സ്വന്തമായി കാര്‍ വാങ്ങുന്നത് ചിലവേറിയതാണ്. എങ്കിലും ഒരിക്കല്‍ പണം മുടക്കി കഴിഞ്ഞാല്‍ നിങ്ങളുടെ കാര്‍ ദീര്‍ഘകാലം നിങ്ങള്‍ക്കൊരു മുതലായിരിക്കും. 

Image Source: PIKSEL | iStock
Image Source: PIKSEL | iStock

4. എല്ലാ മോഡലുകളും നോക്കണം

കാര്‍ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ പ്രത്യേകിച്ചൊരു കാര്‍ മോഡല്‍ പലരുടേയും മനസിലുണ്ടാവും. ഏറ്റവും കുറഞ്ഞ പക്ഷം ഈ മോഡലിന്റെ വിപണിയിലെ എതിരാളികളായ മോഡലുകള്‍ കൂടി പരിശോധിക്കണം. അത്യന്തം മത്സരക്ഷമമായ ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയ മോഡലുകള്‍ എപ്പോഴും ഇറങ്ങുമെന്ന കാര്യം മറക്കരുത്. സമീപ ഭാവിയില്‍ ഇറങ്ങാനിരിക്കുന്ന മോഡലുകളേയും പരിഗണിക്കണം. 

5. പരിപാലന ചിലവുകള്‍

ചില കാറുകള്‍ കുറഞ്ഞ വിലയില്‍ കിട്ടുമെങ്കിലും പരിപാലന ചിലവ് കൂടുതലായിരിക്കും. ഇനി ഒരേ വിലയുള്ള കാറുകളില്‍ പോലും പരിപാലന ചിലവ് വ്യത്യസ്തമായിരിക്കും. ദീര്‍ഘകാല ഓണര്‍ഷിപ് കോസ്റ്റ് ഏതു കാര്‍ വാങ്ങുമ്പോഴും കണക്കുകൂട്ടണം. വാഹനത്തിന്റെ വിലയിലുണ്ടാവുന്ന കുറവ്, ഇന്‍ഷൂറന്‍സ്, മെക്കാനിക്കല്‍-ഇന്ധന ചിലവുകള്‍ എല്ലാം കണക്കിലെടുക്കണം. 

Image Source: blackCAT | iStock
Image Source: blackCAT | iStock

6. ടെസ്റ്റ് ഡ്രൈവ്

നിങ്ങള്‍ക്ക് എത്ര ഇഷ്ടപ്പെട്ട കാറാണെങ്കിലും ഒരു ടെസ്റ്റ് ഡ്രൈവ് പോലും ചെയ്യാതെ തീരുമാനമെടുക്കരുത്. പെട്ടെന്നു കാണാത്ത പ്രായോഗികമായ പ്രശ്‌നങ്ങള്‍ ടെസ്റ്റ് ഡ്രൈവിനിടെ തെളിഞ്ഞു വന്നേക്കാം. കുറഞ്ഞത് മൂന്നു മോഡലുകളെങ്കിലും ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കിയ ശേഷം മാത്രം തീരുമാനമെടുക്കുക. നിങ്ങള്‍ സാധാരണ കാര്‍ ഓടിക്കുന്ന രീതിയിലായിരിക്കണം ടെസ്റ്റ് ഡ്രൈവ് നടത്തേണ്ടത്. വളവുകളും ബംപുകളും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമെല്ലാം ടെസ്റ്റ് ഡ്രൈവിനിടെ പരീക്ഷിക്കണം. പിന്‍ സീറ്റില്‍ ഇരുന്നു നോക്കാന്‍ മറക്കരുത്. സമയമെടുത്ത് സാവധാനത്തില്‍ ഓരോ ഭാഗങ്ങളായി നോക്കണം. പാട്ട് ഓഫാക്കിയ ശേഷം എന്‍ജിന്‍ ശബ്ദം എത്രയുണ്ടെന്ന് നോക്കണം. 

7. കാറിന്റെ തെരഞ്ഞെടുപ്പ്

കുറച്ചു ടെസ്റ്റ് ഡ്രൈവുകള്‍ക്കു ശേഷവും ഏതു കാര്‍ വേണമെന്നകാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാനാവില്ലെങ്കില്‍ കൂടുതല്‍ സമയമെടുക്കുക. ഇന്നത്തെ കാറുകള്‍ സുരക്ഷയുടെ കാര്യത്തില്‍ എക്കാലത്തേക്കാളും മുന്നിലാണ്. ബജറ്റ് കാറുകളിലും ഫീച്ചറുകള്‍ക്ക് കുറവില്ല. സെയില്‍സ്മാന്‍ പറയുന്നതു മാത്രം വിശ്വസിക്കാതെ സ്വന്തമായി പഠിച്ചുറപ്പിച്ച ശേഷം മാത്രം ഇഷ്ട വാഹനം തെരഞ്ഞെടുക്കുക. എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ അതു സമയമെടുത്തു പരിഹരിച്ച ശേഷം മാത്രം തീരുമാനമെടുക്കുക. 

English Summary:

Seven Questons To Answer Before Buying New Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com