‘മമ്മൂക്ക എന്തു കലക്കനായിട്ടാ വണ്ടി ഓടിക്കുന്നേ, എന്തൊരു ക്രെയ്‌സ്! ’
Mail This Article
‘പൊലീസ് വേഷങ്ങള്‍ കുറെ ചെയ്തു. കണ്ണൂര്‍ സ്‌ക്വാഡി’ലെ ആ ഡിഫറന്റ് ലുക്കും ഗെറ്റപ് ചെയ്ഞ്ചും ഒക്കെ മെയ്ക്കപ്പ് ആർട്ടിസ്റ്റ് റോണക്‌സ് തന്നതാണ്. ഇനി കുറച്ചൊന്നു വിട്ടുപിടിക്കണം. പൊലീസ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ പക്ഷേ, ഒരു ഗുണമുണ്ട്. റഫ് വണ്ടികള്‍ ഓടിക്കാം. അതു നല്ല രസമാണ്. അങ്ങനെ കുറെ വണ്ടികള്‍ ഓടിച്ചു. കണ്ണൂര്‍ സ്‌ക്വാഡി’ലെ ആ വെളുത്ത ടാറ്റാ സുമോ റഫ് ആയി ഓടിക്കുന്ന സീനുകളൊക്കെ ശരിക്കും ആസ്വദിച്ചു ചെയ്തതാണ്. മമ്മൂക്ക എന്തു കലക്കനായിട്ടാ വണ്ടി ഓടിക്കുന്നേ! എന്തൊരു ക്രെയ്‌സ്! അസീസും ശബരിയും ഞാനും ആ സുമോ ഓടിക്കുന്നുണ്ട്. പൊക്കിപ്പറയുകയല്ല, സത്യമായിട്ടും മമ്മൂക്ക കഴിഞ്ഞാല്‍ ഞങ്ങള്‍ മൂന്നുപേരില്‍ ബെസ്റ്റ് ഡ്രൈവര്‍ ഞാനാണെന്നാണ് എന്റെ ഒരു ഇത്...’ സിനിമയിലെ ഡ്രൈവിങ് അനുഭവവും റേറ്റിങ്ങുംവച്ച് ഡോ. റോണി ഡേവിഡ് രാജ് പറഞ്ഞുതുടങ്ങി.
പ്രതിയെ കിട്ടാതെ ഞങ്ങള്‍ വിട്ടുകളയും എന്നൊരു സ്റ്റേജില്‍, ചെയ്‌സ് ചെയ്ത്, ഒടുവില്‍ ആളെ പിടികിട്ടുന്ന ഒരു സീനുണ്ട്. കുറെ റോഡ് സീക്വന്‍സുകള്‍. ഹൈവേയിലായിരുന്നു ഷൂട്ട്. അതിന് തീയറ്ററില്‍ വമ്പന്‍ കയ്യടിയായിരുന്നു. അതെനിക്ക് ഇഷ്ടപ്പെട്ട സീനാണ്. റോബിയുടെ സംഭാവനയാണ് ആ സീന്‍. 15-20 മിനിറ്റു വരുന്ന ആക്‌ഷന്‍ സീനുകള്‍ മുഴുവൻ എഴുതിയത് റോബിയാണ്. ഛായാഗ്രാഹകനായതുകൊണ്ട് നമ്മുടെ ഭാവനയെക്കാള്‍ മുകളിലാകുമല്ലോ അവരുടെ ഭാവന. അതു നല്ല രീതിയില്‍ വര്‍ക്ഔട്ട് ആയി. 2019 ജൂണ്‍ മുതലുള്ള റിസര്‍ച്ചിന്റെ ഫലമാണ് ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ തിരക്കഥ. ഞാനും ഷാഫിയും ധാരാളം പൊലീസ് ഓഫിസര്‍മാരെയും ഫൊറന്‍സിക് വിദഗ്ധരെയും കണ്ട് കുറെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പതിനാലു വര്‍ഷത്തെ എന്റെ മെഡിക്കല്‍ അനുഭവങ്ങളും ഉപകാരപ്പെട്ടു.
‘ഇന്നലെവരെ’ എന്ന സിനിമയില്‍ പെപ്പെയുടെ വണ്ടി പൊലീസ് സ്റ്റേഷനിലേക്കു കയറിവരുമ്പോള്‍ എന്റെ വണ്ടി റിവേഴ്‌സെടുത്തു പുറത്തേക്കു പോകുന്ന സീന്‍ ഉണ്ട്. അതു ഞാന്‍തന്നെയാണ് ഡ്രൈവ് ചെയ്തത്. ചെറിയൊരു സ്റ്റണ്ട് സീനാണ്. സുസുക്കിയുടെ ഏതോ കാര്‍ ആയിരുന്നു എന്നാണ് ഓര്‍മ. ചെയ്‌സ് സീനുകളും ഉണ്ട്. രാത്രി 12-1 മണിക്കായിരുന്നു ഷൂട്ട്. അതു മുഴുവന്‍ ഓടിച്ചത് ഞാ ന്‍തന്നെയായിരുന്നു. മുഖം ഒന്നും അത്ര വ്യക്തമല്ല സീനില്‍. എന്നാലും ഞാന്‍ ചെയ്തതില്‍ മറക്കാനാവാത്ത ഡ്രൈവിങ് സീനാണത്.
വിശ്രമിക്കാന്‍ സിട്രോയെൻ സി5 എയർക്രോസ്
കുറച്ചു കാലം മുമ്പാണ് വണ്ടി ഒന്നുമാറി സിട്രോയെൻ സി5 എയർക്രോസ് എടുത്തത്. ഷൂട്ടിനിടയിലോ മറ്റോ ഒന്നു കിടക്കണമെന്നു തോന്നിയാല്‍, കാരവനില്‍ തിരക്കാണെങ്കില്‍ സീറ്റൊന്നു മറിച്ചിട്ടു കിടക്കാന്‍ പാകത്തിനൊരു വണ്ടിയാണ് നോക്കിയത്. അതാണ് സിട്രോയെൻ എടുക്കാന്‍ കാരണം. പൊതുവെ എനിക്കിഷ്ടം റോഡ്ബസ്റ്റര്‍ വണ്ടികളാണ്. അല്‍പം സ്പീഡില്‍ ഡ്രൈവ് ചെയ്യുന്നയാളാണ്. എന്നാലും പെട്ടെന്നു വളയ്ക്കുകയോ തിരിക്കുകയോ ചെയ്താലും വലിയ പ്രശ്‌നമുണ്ടാക്കാത്ത രീതിയിലേ ഓടിക്കൂ.
പിന്നെ റോഡിലിറങ്ങിയാല്‍ നമ്മളെ കോര്‍ണര്‍ ചെയ്യുന്ന പരിപാടിയുണ്ടല്ലോ നാട്ടില്‍. അതത്ര നല്ലതല്ല, ഇഷ്ടവുമല്ല. മറ്റാരും തന്റെ മുൻപില്‍ പോകണ്ട എന്നാണ് ചിലരുടെ ഭാവം. അപ്പോള്‍ നമ്മളും അറിയാതെ പ്രതികരിച്ചുപോകുന്നതാണ്. ഇങ്ങോട്ട് കോര്‍ണര്‍ ചെയ്താല്‍ തിരിച്ചും ചെയ്യുമായിരുന്നു നേരത്തെ. പക്ഷേ, കണ്ണൂര്‍ സ്‌ക്വാഡ് രൂപീകരിച്ച, ഇപ്പോഴത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് െഎപിഎസ് നയിച്ച മോട്ടര്‍ ബോധവല്‍ക്കരണ പരിപാടിക്ക് അടുത്തിടെ പോയതോടെ ഞാന്‍ മാറി ചിന്തിച്ചുതുടങ്ങി. ആ പരിപാടിയില്‍ പങ്കെടുത്തശേഷം റോഡ് റെയ്ജ് ഞാന്‍ കുറച്ചു. നമുക്കൊപ്പം നമ്മുടെ കുടുംബത്തെക്കൂടിയാണല്ലോ നമ്മള്‍ അപായപ്പെടുത്തുന്നത്. അങ്ങനെയുള്ള സീരിയസ് കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോഴാണ് റോഡില്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് എനിക്കും തോന്നിത്തുടങ്ങിയത്.
ടൈഗൂണില്‍ ഫാമിലി റോഡ് ട്രിപ്
ഫാമിലിയായിട്ട് ഡ്രൈവ് പോകാന്‍ ഒരുപാട് ഇഷ്ടമുള്ള ആളാണ്. 2022ൽ വെക്കേഷന് ഞങ്ങളൊരു ബ്യൂട്ടിഫുള്‍ ട്രിപ് പോയി. കൊച്ചി ടു വയനാട്, അവിടന്ന് മൈസൂര്‍, പിന്നെ ശ്രീരംഗപട്ടണം, ബെംഗളൂരു. അങ്ങനെ അഞ്ചു ദിവസത്തെ റോഡ് ട്രിപ്. അച്ഛന്റെ ടൈഗൂണിലായിരുന്നു യാത്ര. മൈസൂരില്‍ കുറെ ക്ഷേത്രങ്ങള്‍ കണ്ടു. മണിരത്‌നം സാറിന്റെ ഒരു ഫേവ്റിറ്റ് ലൊക്കേഷന്‍ ഉണ്ട്, ദളപതിയില്‍ ഒക്കെയുള്ള മേലുക്കോട്ടൈ ടെംപിള്‍. രജനി സാറിന്റെ ‘പടയപ്പ, മുത്തു’ സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമകളൊക്കെ കാണുമ്പോള്‍ പണ്ടേ മനസ്സില്‍ പതിഞ്ഞ സ്ഥലമായിരുന്നു അത്. ഞങ്ങള്‍ താമസിച്ച ഹോട്ടലിലെ പയ്യന്‍ ചോദിച്ചു, ‘സാര്‍ നീങ്ക മേലുക്കോട്ടൈ ടെംപിള്‍സ് പോറതില്ലിയാ’ എന്ന്.
അതെന്താണെന്നു ചോദിച്ചപ്പോള്‍ അവനാണു പറഞ്ഞ്, ഇത് ആയിരം കൊല്ലം പഴക്കമുള്ള ക്ഷേത്രമാണെന്ന്. മേലുക്കോട്ടൈ എന്നാല്‍ മുകളിലുള്ള കോട്ട എന്നര്‍ഥം. ഒരു കുന്നിന്റെ മേലെയാണീ ക്ഷേത്രങ്ങള്‍. ഓരോ ക്ഷേത്രങ്ങളോടും ചേര്‍ന്ന് ചെറിയ ചെറിയ തണ്ണീര്‍ത്തടങ്ങളൊക്കെയായി മനോഹരമായ സ്ഥലം.
‘ഗുരു’വിലെ ബര്‍സോരെ മേഘാ മേഘാ... പാട്ടിന്റെ തുടക്കത്തില്‍ ഐശ്വര്യറായി നില്‍ക്കുന്ന ആ പൊളിഞ്ഞ കല്‍മണ്ഡപം ഒക്കെ ഇവിടെയാണ്. മുഗളന്‍മാര്‍ ഇവിടം കീഴടക്കി എല്ലാം ഇടിച്ചുപൊളിച്ചതാണത്രേ. 50 മീറ്റര്‍ ഉയരത്തിലുള്ള നാല് കരിങ്കല്‍കാലുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. കുറച്ച് ആര്‍കിടെക്ചര്‍ ഭ്രാന്തും എനിക്കുണ്ട്. ഞാനറിയാതെ അങ്ങനെയൊരു അസുഖം തുടങ്ങിയത് ‘ആനന്ദം’ മൂവിയുടെ സെറ്റില്‍വച്ചാണ്. ഹംപിയില്‍ കുറെ ദിവസങ്ങള്‍ താമസിച്ചിരുന്നു. അവിടത്തെ അമ്പലങ്ങളും അതുമായി ബന്ധപ്പെട്ട കഥകളുമൊക്കെ നല്ല രസമാണ്. സിട്രോയെൻ എടുത്തതിനു പിന്നില്‍ അത്തരം യാത്രകള്‍ കുറച്ചുകൂടി കംഫര്‍ട്ടബിൾ ആയി പോകാമെന്നതുംകൂടിയുണ്ട്. നമുക്കിപ്പോള്‍ നല്ല കാലമാണെങ്കിലും സിട്രോയെന്നിന്റെ കാലക്കേടാണെന്നു തോന്നുന്നു, നമ്മളെ കൊണ്ടുപോകാനുള്ള യോഗം കിട്ടുന്നില്ല.
സിനിമ കൊണ്ടുപോയ പ്രീമിയര്‍ പദ്മിനി
ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ കാര്‍ പ്രീമിയര്‍ പദ്മിനി ആയിരുന്നു. അച്ഛന്‍ വാങ്ങിയ ആദ്യത്തെ കാര്‍. സിനിമയൊക്കെ എടുത്തുകഴിഞ്ഞപ്പോള്‍ പദ്മിനിയും കൂടെപ്പോയി. ഗ്രേയും അല്ല, ബ്ലൂവും അല്ല. അങ്ങനെയൊരു കളര്‍ ആയിരുന്നു അതിന്. അച്ഛന്‍ കുറെ അതോടിച്ചു. എവിടെ പോകുമ്പോഴും അതില്‍ത്തന്നെയായിരുന്നു. ഞങ്ങള്‍ അതില്‍ ഊട്ടിക്കു പോയത് ഓര്‍മയുണ്ട്. എനിക്ക് ആറോ ഏഴോ വയസ്സ്. റോബി അന്നു തീരെ കുഞ്ഞുകുട്ടിയായിരുന്നു. ഒന്നര വയസ്സോ മറ്റോ ഉണ്ടായിരുന്നുള്ളൂ. പദ്മിനി കഴിഞ്ഞ് മറ്റൊരു വണ്ടി വരാന്‍ പിന്നെ കുറച്ചു കാലമെടുത്തു. അമ്മയ്ക്ക് സർക്കാർ സർവീസിലായിരുന്നു ജോലി. ട്രാൻസ്ഫർ ആകുന്നതിനനുസരിച്ച് ഞങ്ങളും സ്ഥലങ്ങൾ മാറിമാറിയാണ് താമസിച്ചത്. തിരുവനന്തപുരത്തായിരുന്നു എന്റെ ഹൈസ്‌കൂൾകാലം. യാത്രകള്‍ മുഴുവനും ബിഎസ്എ എസ്എൽആർ സൈക്കിളില്‍ ആയിരുന്നു. വെള്ളയമ്പലംമുതല്‍ കേശവദാസപുരംവരെയും തിരിച്ചും ചവിട്ടോടു ചവിട്ട്. കോളജിലും സൈക്കിള്‍ തന്നെ.
അംബാസഡറും കൈനെറ്റിക് ഹോണ്ടയും
പദ്മിനി കഴിഞ്ഞ് ഒരിടവേളയ്ക്കുശേഷം വാങ്ങിയത് ഒരു അംബാസഡര്‍ ആയിരുന്നു. കറുത്ത അംബാസഡര്‍ ആണെന്നാണ് ഓര്‍മ. ഞാന്‍ മെഡിസിനു പഠിക്കുന്ന സമയമായപ്പോഴേക്കും പപ്പ ഒരു ഫോര്‍ഡ് ഐക്കണ്‍ എടുത്തു. അതു കൂടുതലും ഞാനാണ് ഓടിച്ചത്. മെഡിസിന്‍ പഠിക്കാന്‍ സേലത്തു പോയപ്പോള്‍ അഞ്ചരക്കൊല്ലം ഒരു കൈനെറ്റിക് ഹോണ്ട ആയിരുന്നു കൂട്ട്. തമിഴ്‌നാട്ടില്‍ റോഡുകളെക്കുറിച്ചു പറയേണ്ട കാര്യമില്ല. എക്‌സലന്റ് റോഡുകള്‍! മഴ കുറവാണ് എന്നതാകാം കാരണം. ഇവിടെ റോഡ് പൊളിയുന്നതിനു പറയുന്ന കാരണം അതാണല്ലോ. റോഡ് റെയ്ജ് കേരളത്തെക്കാള്‍ കുറവാണവിടെ. ഇവിടെയതു കൂടിക്കൂടിവരുന്നു.
പപ്പയുടെ ഫിലിം ഡിസ്ട്രിബ്യൂഷന്‍ ബിസിനസിന്റെ കാര്യങ്ങള്‍ക്കും തമിഴ് സിനിമയില്‍ എന്തെങ്കിലും ചാന്‍സ് കിട്ടിമോ എന്നു നോക്കാനുമൊക്കെവേണ്ടിയാണ് സേലത്തു പഠിക്കാന്‍പോയത്. അവിടെയും ഞങ്ങള്‍ക്കു പറയാന്‍ ബാക്കിയായത് പരാജയകഥകളാണ്. അങ്ങനെ കുറെ പരാജയങ്ങള്‍ക്കുശേഷം, 35 വര്‍ഷങ്ങള്‍ക്കുശേഷം ദൈവം തന്ന സമ്മാനമാണ് ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ വിജയം. അതു മമ്മുക്കയുടെ കൂടെത്തന്നെ ആയി എന്നത് അതിലും വലിയ സന്തോഷം. അഭിമാനം തിരിച്ചുപിടിച്ചു എന്ന ആശ്വാസം. ഇതെല്ലാമാണ് ഞങ്ങളിപ്പോള്‍ അനുഭവിക്കുന്നത്. ഏറ്റവും വലിയ സന്തോഷമെന്നത് അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍തന്നെ അവര്‍ക്കാ വിജയം കാണാന്‍ കഴിഞ്ഞതാണ്. ‘മഹായാനം’ നിര്‍മിച്ചശേഷം അച്ഛന്റെ ബിസിനസ് തകര്‍ന്നപ്പോള്‍ അമ്മ വല്ലാതെ വിഷമിച്ചതാണ്. നിങ്ങള്‍ക്കു പറ്റിയ പണിയല്ല സിനിമാ നിര്‍മാണം എന്നൊക്കെ അമ്മ അച്ഛനോടു പറഞ്ഞിരുന്നു. കാരണം അച്ഛന്‍ വളരെ സോഫ്റ്റായ ആളാണ്. കൊടുത്ത വാക്ക് മാറ്റുന്നതൊക്കെ വലിയ വിഷമമാണ്. സത്യത്തില്‍ അങ്ങനെ പറ്റിപ്പോയതായിരുന്നു ആ തകര്‍ച്ച.
ഗോള്‍ഡന്‍ സാന്‍ട്രോ, പോളോ
കല്യാണത്തിനുശേഷം ഞാനെടുത്ത ആദ്യത്തെ കാര്‍ ഒരു ഗോള്‍ഡന്‍ കളര്‍ സാന്‍ട്രോ ആയിരുന്നു. 2006 മുതല്‍ 2009 വരെ അതായിരുന്നു. സാന്‍ട്രോ ആയിരുന്നു പല ഘട്ടങ്ങളിലും എന്റെ ജീവന്‍ രക്ഷിച്ചത്. നല്ല റഫ് ഡ്രൈവര്‍ ആണ് ഞാന്‍. മൂന്നു തവണ വണ്ടി തട്ടി. രണ്ടു തവണയും ഞാന്‍ ഷൂട്ടു കഴിഞ്ഞു വരുമ്പോള്‍ ഉറങ്ങിപ്പോയതായിരുന്നു. അതിനുശേഷം പോളോയിലേക്കു മാറി. ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ആ കാലം, നല്ലപോലെ വെള്ളം കുടിച്ച സമയം. രാപകല്‍ വ്യത്യാസമില്ലാതെ ഓട്ടംതന്നെ ഓട്ടം. പന്ത്രണ്ടു വര്‍ഷത്തോളം ആ റെഡ് പോളോ ഉണ്ടായിരുന്നു. മുൻപിലിരിക്കാന്‍ നല്ല കിടിലന്‍ വണ്ടിയാണ് പോളോ.
ഏത് ഇടയിലൂടെയും കുത്തിക്കയറ്റി കൊണ്ടുപോകാം, മറിയില്ല. വണ്ടിക്കു കാര്യമായി ഒന്നും പറ്റുകയുമില്ല. പക്ഷേ, ഫാമിലിയായിട്ടു പോകാന്‍ പോളോ കംഫര്‍ട്ടബിൾ അല്ല. പ്രത്യേകിച്ച് വയസ്സായവര്‍ക്ക്. പിന്നെ ഒരു ഫോഗ്സ്‌വാഗൻ പോളോ ടിഎസ്െഎ എടുത്തു. അതുകഴിഞ്ഞ് ഇപ്പോഴാണ് വാഹനം മാറുന്നത്.
മകൻ നോഹ ഡേവിഡ് ഭയങ്കര മോട്ടര്‍ എന്‍ത്യൂസിയസ്റ്റ് ആണ്. സകല കാറുകളുടെയും ഡീറ്റെയില്‍സ് ഇന്റര്‍നെറ്റില്‍ തിരച്ചിലാണ് പണി. നമുക്കു പക്ഷേ, ഈ പ്രായത്തിലൊക്കെ നല്ലൊരു വണ്ടി വേണമെന്നേ ഉണ്ടായിരുന്നുള്ളൂ. ആകെ സുസുകി, ടൊയോട്ട വെഹിക്കിള്‍സ് മാത്രമേ ഞാന്‍ കണ്ടിട്ടും ശ്രദ്ധിച്ചിട്ടുമുണ്ടായിരുന്നുള്ളൂ. ഭാര്യയുടെ കസിനാണ് ജര്‍മന്‍ ബ്രാന്‍ഡായ ഫോക്സ്‌വാഗൺ പോളോയെക്കുറിച്ചു പറയുന്നത്. അത് ഉപയോഗിച്ചു പഴകിയശേഷം പിന്നെ കുറെ കാറുകളുടെ ടെസ്റ്റ് ഡ്രൈവിനു പോയി. പക്ഷേ, ഒന്നും ഇഷ്ടമാകുന്നില്ല. ബോഡി റോളിങ് വരുന്ന വണ്ടികള്‍ കുറെ ദൂരം യാത്രചെയ്യുമ്പോള്‍ നമുക്ക് അത്ര സുഖമാവില്ല. സിട്രോയെൻ അക്കാര്യത്തില്‍ അടിപൊളിയാണ്.
ഡ്രീം വെഹിക്കിള്‍
ബെന്‍സ് എനിക്ക് ഇഷ്ടമാണ്. എന്നാകും എന്നറിയില്ല. ഇനി പുതിയ കാര്‍ വാങ്ങുമ്പോള്‍ ഒരു ഇലക്ട്രിക് വെഹിക്കിള്‍ എടുക്കണമെന്നുണ്ട്. തല്‍ക്കാലം ഈ സിട്രോയെൻ കൊണ്ടു ഹാപ്പിയാണ്. ഭാര്യ അഞ്ജു സോം എന്നെ അരികിലിരുത്തി ഇടയ്‌ക്കൊക്കെ ഈ സിട്രോയെൻ ഓടിക്കും. പോളോ ആണ് അവള്‍ക്ക് കംഫര്‍ട്ടബിൾ. മൂത്ത മകള്‍ ജൊവാന്‍ സൂസന്‍ ഡേവിഡ് ആറിലും നോഹ മൂന്നിലും പഠിക്കുന്നു.