ADVERTISEMENT

പ്രിമിയർ പത്മിനി മുതൽ അംബാസഡർ വരെയുള്ള ടാക്സികൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ പത്മിനിയും അംബാസഡറുമെല്ലാം പുറത്തിറങ്ങുന്നതിനു മുൻപ്, കാറുകൾ വിരളമായിരുന്നു കാലത്ത്, ടാക്സിയായിരുന്ന ഒരു കാറിനെ പരിചപ്പെട്ടാലോ. അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വരെ സഞ്ചരിച്ച ഒരു അപൂർവ കാർ പാലക്കാട്ടുണ്ട്. പാലക്കാട് സ്വദേശി രാജേഷ് അംബാളിന്റെ ഉടമസ്ഥതയിലുള്ള ആ കാറിന്റെ കഥ അറിയാം.

1939 ൽ അമേരിക്കയിൽ നിർമിച്ച ഷവർലെ മാസ്റ്റർ ഡീലക്സ് കാറാണ് ഇത്. 20 ാം നൂറ്റാണ്ടിൽ ലോകത്തെതന്നെ ആഡംബര കാറുകളിലൊന്നായിരുന്ന ഷവർലെ മാസ്റ്റർ ഡീലക്സിനെ ഇന്ത്യയിലെത്തിച്ചത് പൊള്ളാച്ചിയിലെ എബിടി ഗ്രൂപ്പാണ്. ഇന്ത്യയിൽ ടാക്സി സർവീസ് നിലവിലില്ലാതിരുന്ന അക്കാലത്ത് എബിടി ഗ്രൂപ്പ് ഈ കാർ വാടകയ്ക്കു നൽകിയിരുന്നു.

chevrolet-master-deluxe-1

പാലക്കാട് മദ്രാസിന്റെ ഭാഗമായിരുന്ന കാലത്ത്, 1950 കളിൽ ഡാം നിർമാണവുമായി ബന്ധപ്പെട്ട് മലമ്പുഴ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നെഹ്റു മദ്രാസ് മുഖ്യമന്ത്രി കാമരാജിനൊപ്പം സഞ്ചരിച്ചത് ഈ മാസ്റ്റർ ഡീലക്സിലായിരുന്നു. പിൽ‌ക്കാലത്തു പുതിയ കാറുകളുടെ പ്രഭാവത്തിൽ മങ്ങിപ്പോയ ഈ കാറിനെ വീണ്ടും റോഡിലിറങ്ങാൻ പ്രാപ്തനാക്കിയത് രാജേഷ് അംബാളാണ്. ഉപയോഗശൂന്യമായിപ്പോയ ഈ കാർ എബിടി ഗ്രൂപ്പിൽനിന്നു വാങ്ങി പൂർണമായും പുതുക്കിപ്പണിയുകയായിരുന്നു രാജേഷ്.

‘‘ഞാൻ കാണുമ്പോൾ ഈ കാർ ഉപയോഗശൂന്യമായിരുന്നു. വാങ്ങാൻ ആഗ്രഹിച്ചെങ്കിലും അന്നത്തെ ഉടമസ്ഥർ വിസമ്മതിച്ചു. അൻപതു വർഷത്തോളം ഈ മാസ്റ്റർ ഡീലക്സ് വെറുതെ കിടന്നു. പിന്നീട് മറ്റൊരാൾ വഴി ഞാൻ ഈ വാഹനം സ്വന്തമാക്കുകയായിരുന്നു. 2020 ലാണ് ഈ ക്ലാസിക് മോഡൽ എന്റെ കയ്യിൽ കിട്ടുന്നത്. ഒൻപതു മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് വീണ്ടും നിരത്തിലിറക്കിയത്. പാർട്സ് ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും ഓൺലൈനായും വിദേശത്തു നിന്നുമെല്ലാം എത്തിച്ചു പണി പൂർത്തിയാക്കുകയായിരുന്നു.’’

chevrolet-master-deluxe-2
കാറിന്റെ പഴയ രൂപം

പഴയകാല സെഡാനുകളിലൊന്നായ ഈ മാസ്റ്റർ ഡീലക്സിനു രൂപത്തില്‍ മാത്രമല്ല പ്രത്യേകതകൾ. ചവിട്ടി വേണം സ്റ്റാർട്ടാക്കാൻ. പെഡൽ സ്റ്റാർട്ട് എന്നാണ് ഇതിനു പറയുന്നത്. അതുപോലെ ഇരുവശത്തേക്കും തുറക്കാവുന്ന സൂയിസൈഡ് ഡോറുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. 3 ലീറ്റർ, സ്ട്രൈറ്റ് 6 സിലിണ്ടർ ഒഎച്‌വി എൻജിനും 3 സ്പീഡ് ഗിയർ ബോക്സുമാണ് ഈ വാഹനത്തിലുള്ളത്.

ആദ്യം ഇറങ്ങിയപ്പോഴുണ്ടായിരുന്ന രൂപത്തിൽത്തന്നെ കാറിനെ നിലനിർത്തിയിട്ടുണ്ട്. അതിനു സഹായിച്ചത് രാജേഷിന്റെ ഗരാജിലെ തൊഴിലാളികളാണ്, സ്വന്തം വാഹനങ്ങൾക്കായിട്ടാണ് ഗരാജ് ആരംഭിച്ചതെങ്കിലും ഈ വാഹനങ്ങൾ കണ്ട് പല വാഹന പ്രേമികളും രാജേഷിനെ സമീപിക്കാറുണ്ട്. ഇന്ന് വിന്റേജ് വാഹനപ്രേമികളുടെ പ്രിയ സ്ഥലങ്ങളിലൊന്നാണ് പാലക്കാട്ടെ ആർആർ വിന്റേജ് ഗരാജ്.

English Summary:

Vintage Garage Chevrolet Super Deluxe In Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com