ADVERTISEMENT

പുതിയതായി വിപണിയിലെത്തുന്ന കാറുകളുടെയും ബൈക്കുകളുടെയുമൊക്കെ ഫ്യുവ‍ൽ ലിഡിനു പുറത്തോ അകത്തോ  ഇ-20 എന്ന് എഴുതിയിരിക്കുന്നതു കാണാം. എന്താണ് ഇ-20? ഇന്ധനവുമായി ബന്ധപ്പെട്ട എന്തോ സംഗതിയാണെന്നേ പലർക്കും അറിയൂ. ഇ–20യിലെ ഇ എന്നത് എഥനോളിന്റെ (Ethanol) ചുരുക്കെഴുത്താണ്. 20% എഥനോൾ കലർന്ന പെട്രോൾ എന്നർഥം. എന്തിനാണ് പെട്രോളിൽ എഥനോൾ ചേർക്കുന്നത്? ഇതുകൊണ്ടു ഗുണമെന്ത്? ദോഷമുണ്ടോ? പഴയ വാഹനങ്ങളിൽ ഇതുപയോഗിച്ചാൽ തകരാറുണ്ടാകുമോ? ഇ–20 ഇന്ധനത്തിനു വില കൂടുമോ തുടങ്ങിയ സംശയങ്ങൾക്കുള്ള മറുപടികൂടിയാണ് ഈ ലേഖനം.

എന്തുകൊണ്ട് എഥനോൾ...?

രാജ്യത്തുവേണ്ട ക്രൂഡ് ഓയിൽ 85 ശതമാനത്തിലേറെ ഇറക്കുമതി ചെയ്യുകയാണ്.ഇതിനാവശ്യമായ ഭീമമായ ചെലവു കുറയ്ക്കുന്നതിനാണ് ഇന്ധനത്തിൽ നിശ്ചിത ശതമാനം എഥനോൾ അഥവാ ഈതൈൽ ആൽക്കഹോൾ ചേർക്കുന്നത്. 2001ലാണ് ഇതിനായുള്ള നീക്കം തുടങ്ങിയത്. 2003ൽ ഒൻപതു സംസ്ഥാനങ്ങളിൽ (ഇ–5) 5% എഥനോൾ ചേർത്ത ഇന്ധനം ലഭ്യമായി. 2006ൽ BIS (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്) ഇത് അംഗീകരിച്ചു. പിന്നാലെ 10 സംസ്ഥാനങ്ങൾകൂടി ഇ–20 ഇന്ധനം സ്വീകരിച്ചു. 2019 ഏപ്രിൽ ഒന്നിനാണ് എല്ലാ പെട്രോളിയം കമ്പനികൾക്കും ഇ–10 വിപണനം ചെയ്യാൻ അനുവാദമായത്. 2022 ജൂണിൽ രാജ്യമൊട്ടാകെ ഇ-10 ഇന്ധനം ലഭ്യമാണെന്ന പ്രഖ്യാപനമുണ്ടായി. 2025 നകം 20% എഥനോൾ ചേർത്ത ഇ-20 ഇന്ധനം മാത്രമാകും ലഭിക്കുകയെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Image Source: Jidev jidu photography | Shutterstock
Image Source: Jidev jidu photography | Shutterstock

പരിസ്ഥിതി സൗഹാർദം; മലിനീകരണം കുറവ്

കരിമ്പിലും മധുരക്കിഴങ്ങിലുമുള്ള പഞ്ചസാര, ചില ധാന്യങ്ങളിലുള്ള അന്നജം എന്നിവ പുളിപ്പിച്ചാണ് എഥനോൾ ഉൽപാദിപ്പിക്കുന്നത്. ഓക്സിജന്റെ ഒരു തന്മാത്രയുള്ളതിൽ നല്ല ജ്വലനശേഷിയുണ്ട് എഥനോളിന്. അതുകൊണ്ട് ഇത് ഇന്ധനത്തോടൊപ്പം ചേർത്ത് ആന്തരിക ദഹന (IC) എൻജിനുകളിൽ ഉപയോഗിക്കാം. ഓക്സിജനുള്ളതിനാൽ ജ്വലനക്ഷമത കൂടും. മലിനീകരണത്തിന്റെ തോതു കുറയും. എന്നാൽ സാധാരണ ഇന്ധനത്തിൽ (ഉദാ: പെട്രോൾ) എഥനോളിന്റെ അളവു കൂടുന്നതിനനുസരിച്ച് എൻജിന്റെ പ്രവർത്തനശേഷിയും വ്യത്യാസപ്പെടും. കാർബുറേറ്റർ, മാനിഫോൾഡ് ഇൻജക്‌ഷൻ തുടങ്ങിയവ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളിൽ പ്രകടനത്തിലും ഇന്ധനക്ഷമതയിലും കുറവുണ്ടായേക്കാം. ഇവയിലെ കുറഞ്ഞ കംപ്രഷൻ അനുപാതവും എഥനോൾ ചേർത്ത പെട്രോളിന് അനുയോജ്യമല്ല. എന്നാൽ, ഡയറക്ട് ഇൻജക്‌ഷനുള്ളതും ഉയർന്ന കംപ്രഷൻ അനുപാതമുള്ളതുമായ ആധുനിക എൻജിനുകളിൽ മലിനീകരണം കുറയും. 

കുറഞ്ഞ വില, കൂടുതൽ മൈലേജ്; 10 ചെറു ഡീസൽ കാറുകൾ

പഴയ വാഹനങ്ങൾക്ക് എട്ടിന്റെ പണി!

ബിഎസ് VI നിബന്ധനകൾ പാലിക്കുന്ന എൻജിനുകൾ ഇ-10 ഇന്ധനം സ്വീകരിക്കുന്നതിനു രൂപകൽപന ചെയ്തവയാണ്. ഇ-20 ആയാൽപോലും അവയുടെ പ്രവർത്തനത്തിൽ പ്രത്യക്ഷമായി മാറ്റങ്ങളുണ്ടാകാനിടയില്ല. എന്നാൽ പഴയതും പുതിയതുമായ എല്ലാ വാഹനങ്ങളെയും ബാധിക്കാനിടയുള്ള ചില പ്രശ്നങ്ങളുണ്ട്. എഥനോളിന്റെ ചില പ്രത്യേകതകളാണ് ഇ-20 പെട്രോളിനു വിനയാകുന്നത്. അന്തരീക്ഷത്തിൽനിന്ന് ഈർപ്പം വലിച്ചെടുക്കുന്ന സ്വഭാവം എഥനോളിനുണ്ട്. തന്മൂലം പമ്പുകളുടെ സംഭരണികൾതൊട്ട് വാഹനത്തിന്റെ ഇന്ധനടാങ്കുവരെ എവിടെയും പരിധിക്കപ്പുറം ജലാംശം ഉണ്ടാകാനിടയുണ്ട്. ഇത് എൻജിനെ ദോഷകരമായി ബാധിക്കും. ഡീസൽ എൻജിനുകളിൽ തേയ്മാനം വർധിക്കുകയും അടിക്കടി അറ്റകുറ്റപ്പണികൾ ആവശ്യമാകുകയും ചെയ്യാം. പ്രത്യേകം  രൂപകൽപന ചെയ്തവയൊഴികെ എല്ലാ വാഹനങ്ങളിലും പരിപാലനച്ചെലവു വർധിച്ചതായാണ് 1931മുതൽ എഥനോൾ മിശ്രിതം ഉപയോഗിക്കുന്ന ബ്രസീലിൽനിന്നുള്ള റിപ്പോർട്ടുകൾ. 

Image Source: Comdas | Shutterstock
Image Source: Comdas | Shutterstock

റബർ, പ്ലാസ്റ്റിക്, ഫൈബർ വാഹനഘടകങ്ങളെയും എഥനോൾ പ്രതികൂലമായി ബാധിക്കും. റബർ സീലുകൾ, ഹോസുകൾ എന്നിവ ഉറഞ്ഞ് വിള്ളലുകൾ ഉണ്ടാകാനിടയുണ്ട്. പ്ലാസ്റ്റിക് ഘടകങ്ങളും ഫൈബർ ടാങ്കുകളും വഴക്കം നഷ്ടപ്പെട്ട് പൊട്ടാനും ചോർച്ചയുണ്ടാകാനും സാധ്യതയുണ്ട്. ഇതൊക്കെ ഇ-10ൽനിന്ന് ഇ-20യിലേക്കെത്തുമ്പോൾ വാഹന ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. 


വില 10 ലക്ഷത്തിൽ താഴെ; ഓട്ടമാറ്റിക്: ഗിയർ മാറ്റേണ്ടാത്ത ജനപ്രിയർ ഇവർ

പഴയ വാഹനങ്ങൾ മാറ്റിയെടുക്കാമോ?

പഴയ വാഹനങ്ങൾ ഇ-20യ്ക്ക് അനുയോജ്യമാക്കിയെടുക്കുക ചെലവേറിയതും അപ്രായോഗികവുമാണ്.  ഇ-20യ്ക്ക് അനുയോജ്യമല്ലാത്ത വാഹനങ്ങൾക്ക് അടിക്കടി അറ്റകുറ്റപ്പണി വേണ്ടിവരികയും ചെയ്യും. രാജ്യമൊട്ടാകെ 2025ഓടെ ഇ-20 ആക്കിയാലും തിരഞ്ഞെടുത്ത പമ്പുകളിൽ സാധാരണ ഇന്ധനംകൂടി ലഭ്യമാക്കും എന്നാണ് വാർത്തകൾ. പക്ഷേ, എത്ര പമ്പുടമകൾ ഇതിനുവേണ്ടി അധിക സംവിധാനങ്ങളൊരുക്കുമെന്നു കണ്ടറിയണം. 

petrol-4pg

വെല്ലുവിളികൾ ഒട്ടേറെ

രണ്ടു വർഷംകൊണ്ടു രാജ്യമൊട്ടാകെ ഇ-20 ലഭ്യമാക്കുന്നതിനു പല വെല്ലുവിളികളുമുണ്ട്. ഒന്നാമത് എഥനോൾ ഉൽപാദനം പെട്ടെന്നു വർധിപ്പിക്കാനെളുപ്പമല്ല.  നിലവിൽ കരിമ്പിൽനിന്നാണ് പരമാവധി ഉൽപാദനം. പഞ്ചസാരവിപണിയുടെ പ്രവണതകൾക്ക് ആനുപാതികമായി എഥനോൾ വിലയിലും ഏറ്റക്കുറച്ചിലുണ്ടാകാം. സാധാരണ ഇന്ധനത്തെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇ-20 വിൽക്കുന്നത് എപ്പോഴും സാധ്യമാകണമെന്നില്ല. ചില ധാന്യങ്ങളിൽനിന്ന് എഥനോൾ ഉൽപാദിപ്പിക്കാൻ അനുവാദമുണ്ട്. ഭക്ഷ്യസുര

ക്ഷയെ ബാധിക്കാനിടയുള്ളതിനാൽ  ഈ നീക്കവും എളുപ്പമല്ല. ബ്രസീലിലും അമേരിക്കയിലും ഇന്ധനവും എഥനോളും വെവ്വേറെ പമ്പിലെത്തിച്ചാണ് മിശ്രിതം തയാറാക്കുന്നത്. എന്നാൽ ഇവിടെ പെട്രോളിയം കമ്പനികൾ മിശ്രിതം തയാറാക്കി പമ്പുകളിൽ എത്തിക്കുകയാണ്. ഇങ്ങനെയാകുമ്പോൾ ജലാംശം കലരാനും തന്മൂലം പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കാനും സാധ്യത ഏറെയാണ്. 

വേണ്ടത് പ്രായോഗിക നടപടികൾ

പെട്രോളും എഥനോളും ഏത് അനുപാതത്തിലും ഉപയോഗിക്കാവുന്ന ഫ്ലെക്സ് എൻജിനുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുകയാണ് പ്രായോഗിക പോംവഴി. അതോടൊപ്പം പമ്പുകളിൽ പ്രത്യേകം എഥനോൾ ടാങ്കുകളും ഡിസ്പെൻസറുകളും സ്ഥാപിക്കണം. ഫ്ലെക്സ് എൻജിനുള്ള വാഹനങ്ങൾക്ക് ഏത് ഇന്ധനം വേണമെങ്കിലും ഉപയോഗിക്കാം. ഇ-20 യ്ക്ക് അനുയോജ്യമായവയ്ക്ക് ആ അനുപാതത്തിൽ മിശ്രിതം നൽകാം.  ഫ്ലെക്സ് എൻജിൻ വാഹനങ്ങളുടെ അനുപാതം കൂടുന്നതിനനുസരിച്ച് എഥനോൾ ലഭ്യതയും കൂട്ടിയാൽ മതി. മലിനീകരണവും ഇറക്കുമതിയും കുറയ്ക്കുന്നതിനും ഇതു സഹായിക്കും.

English Summary:

What is Ethanol blending petrol & India's E20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com