ADVERTISEMENT

‘ഞങ്ങള്‍ ഈ ജീപ്പ് കോംപസ് എടുത്ത സമയം. വയനാട് ഒരു ഷോ കഴിഞ്ഞ് സ്‌റ്റേ അറേഞ്ച് ചെയ്ത സ്ഥലത്തേക്ക് ഏതോ ഉള്‍ഗ്രാമത്തിലൂടെ പോകുകയാണ്. ജിപിഎസ്‌വച്ചാണ് ഞാന്‍ ഡ്രൈവു ചെയ്യുന്നത്. കുറെ ചെന്നപ്പോള്‍ മുന്നില്‍ റോഡ് എന്നൊരു സാധനമേ കാണാനില്ല! കുറെ കൂര്‍ത്ത കല്ലുകളും ആഴത്തില്‍ ഒരു കുഴിയും മാത്രം. ഞങ്ങളെ ഓവര്‍‌ടേക്ക് ചെയ്ത് വലിയ ഏതോ ഒരു വണ്ടി കയറിപ്പോയി. നമ്മുടെ വണ്ടി ചവിട്ടിപ്പിടിച്ച് എന്തുചെയ്യും എന്നാലോചിച്ച് ഇരിക്കുകയാണ് ഞാന്‍.

അത്രയുംനാള്‍ ഐ10 ഓടിച്ചു ശീലിച്ചതാണല്ലോ. ചെറിയൊരു സംശയം.  ഇത് ഏതായാലും എസ്‌യു‌വി ആണല്ലോ, എന്തും വരട്ടെ, ചുമ്മാ പോയിനോക്കാം എന്നൊക്കെ വിചാരിച്ചു മുന്നോട്ടെടുത്തു. നമ്മുടെ ജീപ്പ് വളരെ സ്മൂത്തായി അതാ കയറിപ്പോകുന്നു! ചെറിയ വണ്ടികള്‍ ഓടിച്ച എന്നെ സംബന്ധിച്ച് അതു വല്ലാത്തൊരു അടിപൊളി മൊമെന്റ് ആയിരുന്നു. ഈ വണ്ടിക്ക് ഇത്രയും ചെയ്യാം എന്നു ജീപ്പിനുമേലെ കോണ്‍ഫിഡൻസ് വന്ന ആദ്യത്തെ സംഭവം അതായിരുന്നു. ഈ വണ്ടിയുടെ കപ്പാസിറ്റി ശരിക്കു മനസ്സിലായത് അന്നാണ്.’ ഇലക്ട്രിഫയിങ് ലൈവ് ഷോകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ പെര്‍ഫോമര്‍, കംപോസര്‍, ലിറിസിസ്റ്റ് ഗൗരി ലക്ഷ്മി ജീപ്പ് കോംപസ് നല്‍കിയ കോണ്‍ഫിഡന്‍സിനെക്കുറിച്ചു പറഞ്ഞുതുടങ്ങി. 

ലോങ്, നൈറ്റ് ഡ്രൈവ്‌സ് 

ഞങ്ങളുടെ യാത്രകളെല്ലാം മിനിമം അഞ്ച്-ആറ് മണിക്കൂര്‍ ഡ്രൈവ് വരുന്നതാണ്. ഹാങ്ങിങ് ഔട്ട് ടൈപ് ആളുകള്‍ ആയതുകൊണ്ടല്ല. മിക്കവാറും എല്ലാ ഷോകള്‍ക്കും ഈ വണ്ടിയില്‍ ഞങ്ങള്‍‌തന്നെ ഡ്രൈവ് ചെയ്താണ് പോകാറുള്ളത്. ഒരു ദിവസം വടകര ആണെങ്കില്‍ അടുത്ത ഷോ ചിലപ്പോള്‍ കൊല്ലത്തായിരിക്കും. അങ്ങനെ ഓട്ടംതന്നെ. ഭക്ഷണം കഴിക്കാന്‍ മാത്രം ഗ്യാപ്പിട്ട് അഞ്ചാറു മണിക്കൂര്‍ ഒറ്റ സ്‌ട്രെച്ചിലൊക്കെ ഡ്രൈവ് ചെയ്യാറുണ്ട്. അതില്‍ കൂടുതലാണെല്‍ ഗണേഷും ഞാനും മാറിമാറി ഓടിക്കും. പതിമൂന്നു പതിനാല് മണിക്കൂറൊക്കെ ലോങ് ആണെങ്കിൽ ഫ്ലൈറ്റോ ട്രെയിനോ നോക്കും.

gowri-lakshmi-1

ഷോ കഴിഞ്ഞ് തിരിച്ചുള്ളതെല്ലാം നൈറ്റ് ഡ്രൈവുകളായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇങ്ങനെ പോയിട്ടുണ്ട്. വയനാട്ടിലും ഇടുക്കിയിലുമൊക്കെ ഷോസ് കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ കാട്ടിലൂടെയുള്ള യാത്രകള്‍ ശരിക്ക് എന്‍ജോയ് ചെയ്യും. ഫ്രണ്ട് മുതല്‍ ബാക്ക് വരെ സണ്‍റൂഫുണ്ട് വണ്ടിക്ക്. കാട്ടിലൂടെയാകുമ്പോള്‍ കവറിങ് മാറ്റി ഓടിക്കാന്‍ നല്ല രസമാണ്. ഹില്‍സ്‌റ്റേഷനിലൂടെ ഓടിക്കാനാണ് ഈ വണ്ടി ഏറ്റവും സുഖമായി തോന്നിയത്.

ഫുഡ് ഡെസ്റ്റിനേഷന്‍സ് തേടിയും ഇടയ്ക്കു യാത്ര ചെയ്യാറുണ്ട് ഞങ്ങള്‍. ഷോസിന്റെ ഇടയില്‍ ഫുഡ് പ്രാന്തും മാക്‌സിമം എക്‌സ്‌പ്ലോര്‍ ചെയ്യും. ഇപ്പോള്‍ത്തന്നെ ഇന്നലെ കണ്ണൂരായിരുന്നു പരിപാടി. തിരിച്ചു‌വരുമ്പോള്‍ വടകര താമസിച്ച് രാവിലെ അവിടത്തെ ഏറ്റവും ബെസ്റ്റ് റസ്റ്ററന്റ് തപ്പിയിറങ്ങി. തലശ്ശേരിയിലെ ആമീന്‍ എന്നൊരു ഹോട്ടലില്‍ നിന്ന് നെയ്പത്തിരിയും ബീഫും കഴിച്ചു. അടിപൊളി ടേസ്റ്റ്. എവിടെപ്പോയാലും അങ്ങനെയാണ്. ചെറിയ ചെറിയ കടകളായിരിക്കും അധികവും. അവിടെയാകും ഏറ്റവും ബെസ്റ്റ് ഫുഡ് കിട്ടുക. ഏതു സ്ഥലത്തുപോയാലും അവിടത്തെ ആളുകള്‍ കഴിക്കുന്ന ഭക്ഷണംതന്നെയാണ് ഞങ്ങള്‍ക്കും വേണ്ടത്. അടുത്തെവിടെയെങ്കിലുമൊക്കെ ഫുഡ് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റിയ സ്ഥലമുണ്ടോ എന്ന് ഷോ ബുക്കിങ് വരുമ്പോഴേ ചെക്ക് ചെയ്യും. ഉണ്ടെങ്കില്‍ ഉറപ്പായും പോയിരിക്കും. അങ്ങനെയും ഈ വണ്ടി കുറെ ഓടിയിട്ടുണ്ട്. കോയമ്പത്തൂര്‍ വരെയൊക്കെ ഷോയ്ക്ക് ഓടിച്ചു‌പോയിട്ടുണ്ട്. 

ഫുഡ് ട്രിപ്‌സ്

സെപ്റ്റംബറില്‍ ഞങ്ങള്‍ ബാലിയില്‍ പോയി. സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്തു പത്തു ദിവസം അവിടെ കറങ്ങി. ചില സ്ഥലങ്ങളിലെ ആളുകള്‍ക്ക് ഇംഗ്ലിഷ് അറിയില്ല. പന്നിയാണോ പോത്താണോ എന്നൊന്നും അറിയാന്‍‌പോലും വഴിയില്ല. ഇത് ഇത് എന്നു ഞങ്ങള്‍ ചൂണ്ടിക്കാണിക്കും. അവര് തരും. അത്രയ്ക്കും ഇഷ്ടമാണ് പുതിയ ഭക്ഷണം കഴിക്കാന്‍. ആദ്യം നോക്കുന്നത് ലോക്കല്‍ ഫുഡ് എവിടെക്കിട്ടും എന്നാണ്. നൂസ പെനിഡ എന്നൊരു ദ്വീപിലും പോയി. അവിടെ ഒരു മണിക്കൂറോളം ക്ലിഫ് ഇറങ്ങി വേണം ബീച്ചിലെത്താന്‍. കാലൊക്കെ ഉരഞ്ഞു തൊലിപോയി. ഇവിടത്തെപ്പോലെ ബാരിക്കേഡും പ്രൊട്ടക്‌ഷനും ഒന്നുമില്ല. രണ്ടും കല്‍പിച്ച് ഇറങ്ങി. എനിക്കു വലിയ ഇഷ്ടമായി.

അതിനുമുൻപ് തായ്‌ലന്‍ഡില്‍ പോയിരുന്നു. ബാങ്കോക്ക്, പട്ടായ മാത്രമേ പോയുള്ളൂ. രാവിലെ ഇറങ്ങും, ഭക്ഷണം തപ്പും. സ്‌പോട്ട് കിട്ടിയാല്‍ കഴിച്ച് അടുത്ത ഫുഡ് സ്‌പോട്ടിലേക്കു നടക്കും. അപ്പോള്‍ രാവിലെ കഴിച്ചതു ദഹിക്കും. ഇതുതന്നെയായിരുന്നു പണി. ഗണേഷിന് അണ്ടര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ്പോലുള്ളതൊക്കെ ഇഷ്ടമാണ്. കുറച്ചു സമയമെടുത്തു സമാധാനപരമായി ചെയ്യുന്ന ട്രക്കിങ്പോലുള്ളതൊക്കെയാണ് എനിക്കിഷ്ടം. ഇത്തിരി റിസ്‌കി ആണെങ്കിലും കുഴപ്പമില്ല. പെട്ടെന്നു മേലേക്കും താഴേക്കും എടുത്തുചാടുന്ന പരിപാടി പറ്റില്ല. പിന്നെ ആനകളുടെ സാങ്ച്വറിയില്‍ പോയി. ഫെസ്റ്റിവലുകളില്‍ നിന്നോ, പണിയിടത്തുനിന്നോ, സര്‍ക്കസില്‍നിന്നോ ഒക്കെ രക്ഷിച്ചുകൊണ്ടുവന്ന ആനകളാണ് അവിടെയുള്ളത്. 

gowri-lakshmi

കെട്ടിയിടില്ല. അതു രസമുള്ള അനുഭവമായിരുന്നു. ആനകള്‍ അവരുടെ ഇഷ്ടത്തിനു നടക്കും. യാത്രകളില്‍ ഇത്തരം കാര്യങ്ങള്‍ക്കൊക്കെ വളരെ കുറച്ചു സമയമേ ഞങ്ങള്‍ മാറ്റിവയ്ക്കൂ. പകുതിയിലേറെയും സമയം ഫുഡ് ഹണ്ട്‌തന്നെയാണ്. ദുബായ് ഷോസ് ആണെങ്കിലും ഭക്ഷണക്കാര്യം ഉപേക്ഷിക്കാറില്ല. ട്രാവലിങ്ങിനെക്കുറിച്ച് ഈയിടെയാണ് ഞങ്ങള്‍ കൂടുതല്‍ ചിന്തിച്ചു‌തുടങ്ങിയിരിക്കുന്നത്. അധികവും വീട്ടില്‍ അടങ്ങിയിരിക്കുന്നയാളാണ് ഞാന്‍. കുറെനാള്‍ കൂടുമ്പോള്‍ എവിടെയെങ്കിലും പോകാമെന്നേയുള്ളൂ. തുടര്‍ച്ചയായ ട്രാവല്‍ പറ്റില്ല. നോര്‍ത്ത് ഈസ്റ്റ് ഇതുവരെ പോയിട്ടില്ല. അടുത്ത ട്രിപ് പ്ലാന്‍ മേഘാലയ ആണ്. 

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, ടെസ്റ്റ് ഡ്രൈവില്‍ വീണു!

ഏഴു വര്‍ഷം മുൻപാണ് ഡ്രൈവു ചെയ്യാന്‍ തുടങ്ങിയത്. വണ്‍വേ‌തന്നെ അഞ്ചും ആറും മണിക്കൂർ ഡ്രൈവു വരുന്ന സാഹചര്യത്തില്‍ ഐ‌10 ഫിസിക്കലി കുറച്ചു ബുദ്ധിമുട്ടുകളുണ്ടാക്കാന്‍ ‌തുടങ്ങി. കുറച്ചുകൂടി സ്‌ട്രെയിന്‍ കുറഞ്ഞ വണ്ടികള്‍ നോക്കി. എനിക്ക് ഇഷ്ടങ്ങളൊന്നുമില്ലായിരുന്നു. ജീപ്പിനോട് വലിയ ഇഷ്ടമുള്ള ഗണേഷാണ് ജീപ്പ് കോംപസ് എന്ന പേര് ഡിസ്‌കഷനില്‍ കൊണ്ടുവന്നത്. നല്ല ഭംഗിയാണ്, നോക്കാം എന്നു പറഞ്ഞു. ആദ്യം സെക്കന്‍ഡ് ഹാന്‍ഡ് ആണ് നോക്കിയത്. ജീപ്പ് ഡീസല്‍ സെക്കന്‍ഡ് ഹാന്‍ഡ് ആരും കൊടുക്കുന്നില്ല. പെട്രോള്‍ ആണെങ്കില്‍ മുതലാവില്ല. ജീപ്പ് മാത്രമേ ടെസ്റ്റ് ഡ്രൈവ് ചെയ്തുള്ളൂ. കാണാന്‍ അടിപൊളി. കണ്ടപ്പോഴേ എനിക്ക് ഇഷ്ടമായി. അങ്ങനെയാണ് ടെസ്റ്റ് ഡ്രൈവിനു പോയത്. ഓടിച്ചുനോക്കിയപ്പോള്‍ നല്ല സുഖം!  വിടാന്‍ തോന്നിയില്ല. നല്ല തീരുമാനമായി. കോവിഡിനു മുൻപേതന്നെ കൊച്ചിയില്‍ നിറയെ ജീപ്പ് ഉണ്ടായിരുന്നു. ആ സമയത്തേ ങാ, ഇതു കൊള്ളാം എന്ന് ഞങ്ങള്‍ പറയുമായിരുന്നു. 

ലോഗോ സില്‍വറില്‍നിന്ന് മെറ്റല്‍ കളര്‍ ആക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നു. അതുമാത്രമേ ചെയ്തുള്ളൂ. ഞങ്ങളായിട്ട് വേറേ ഒരു മാറ്റവും പറഞ്ഞില്ല. പൊതുവെ സ്മൂത്താണ്. ഓട്ടമാറ്റിക് ഡീസല്‍. എല്ലാംകൂടി 35-36 ലക്ഷം ആയി. രാത്രി ധാരാളം ഓടിക്കുന്നതുകൊണ്ട് സേഫ്റ്റി വലിയൊരു കണ്‍സേണ്‍ ആയിരുന്നു. ആ കാര്യത്തില്‍ ജീപ്പ് 100% ഒകെ ആണ്. യു‌എസ് വണ്ടിയാണല്ലോ. നല്ല സെയ്ഫ് ആണ്. ഇതില്‍ കൂടുതല്‍ ഫീച്ചേഴ്‌സ് ഉള്ളതോ പത്തുലക്ഷം‌ രൂപവരെ കുറവുള്ള വണ്ടികളോ ഒക്കെ കിട്ടും. പക്ഷേ, ലുക്കും സേഫ്റ്റിയും ഇരിക്കാനും ഓടിക്കാനുമുള്ള സുഖവുമെല്ലാം നോക്കിയപ്പോള്‍ ഇതുതന്നെയാണ് നല്ലതായി തോന്നിയത്. സര്‍വീസും നല്ലതാണ്. ഒരിക്കല്‍ ഏതോ ലോങ്‌ഡ്രൈവ് കഴിഞ്ഞു വന്നശേഷം പിന്നെ ഓടിച്ചപ്പോള്‍ രണ്ടു‌തവണ ബാറ്ററി പ്രശ്‌നം വന്നു. വിളിച്ചപ്പോള്‍ വേഗം വന്ന് എടുത്തുകൊണ്ടുപോയി. അന്നത്തെ എന്റെ യാത്രയ്ക്ക് വേറേ കാറും ആളെയും വിട്ടുതരികയും ചെയ്തു. ജനറലി ഹാപ്പിയാണ്. ഒരു കൊല്ലമായി. മൈലേജ് വിചാരിച്ചതിലും കൂടുതല്‍ കിട്ടുന്നുണ്ട്. നല്ല റോഡാണെങ്കില്‍ 11-12 കിലോമീറ്റർവരെ കിട്ടും. ഇത്രയും ഓടിയിട്ടും ബോഡിയില്‍ സ്‌ട്രെയിന്‍ ഫീല്‍ ചെയ്യുന്നില്ല. 

മിനി കൂപ്പര്‍ ലവ് 

ഡ്രൈവിങ് സ്‌കൂളിലെ വണ്ടിയാണ് ഞാന്‍ ആദ്യമായി ഓടിച്ച ഫോര്‍വീലര്‍. കോളജ് സമയത്താണ് ലൈസന്‍സ് കിട്ടുന്നത്. ലൈസന്‍സ് കിട്ടി ഓടിച്ച ആദ്യത്തെ കാര്‍ മാരുതി ഓള്‍ട്ടോ. പിന്നെ ഐ10 കുറെ ഓടിച്ചു. രണ്ടും അച്ഛന്റെയായിരുന്നു. പിന്നെ ചേച്ചിമാര്‍ക്ക് മാരുതി ഒക്കെ ഉണ്ടായിരുന്നു. അതും അപ്പൂപ്പന്റെ സുസുക്കിയും ഓടിക്കാറുണ്ടായിരുന്നു. ടൂ വീലറില്‍ ആക്ടീവ ആണ് ആദ്യം ഓടിക്കുന്നത്. സ്വന്തമായി സ്‌കൂട്ടര്‍ ഇല്ല. ആവശ്യം വരുമ്പോള്‍ പേരെന്റ്‌സിന്റെ ടൂവീലര്‍ ഓടിക്കും. പഠിച്ചത് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലാണ്. കുറച്ചുനാള്‍ ഹോസ്റ്റലില്‍ നിന്നു. വീട്ടില്‍നിന്നു പോയിവരാന്‍ തുടങ്ങി. അപ്പോള്‍ വീട്ടില്‍നിന്നു തവണക്കടവ് പോയി, അവിടെനിന്ന് ബോട്ട് കയറി വൈക്കത്തു ചെല്ലും. അവിടെനിന്നു ബസ് കേറിയാണ് കോളജില്‍ എത്തിയിരുന്നത്.  

വലിയ കാര്‍‌കമ്പമൊന്നുമില്ലെങ്കിലും മിനി‌കൂപ്പര്‍ കണ്ടാല്‍ നോക്കി‌നില്‍ക്കും. അത്രയ്ക്ക് ഇഷ്ടമാണ്. ഓടിച്ചു‌നോക്കണം എന്നുണ്ട്. ഇപ്പോഴില്ല, ഇപ്പോള്‍ ഇതില്‍ സെറ്റാണ്. ഏതു വണ്ടിയായാലും കാണാന്‍ എങ്ങനെയുണ്ട് എന്നാണ് ആദ്യം നോക്കുക. അതുകഴിഞ്ഞേ ഉള്ളിലെ കാര്യങ്ങള്‍ നോക്കൂ. വോള്‍വോയുടെ ഇലക്ട്രിക് മോഡല്‍ ശ്രദ്ധിച്ചിരുന്നു. 

എന്റെ പാട്ടോ? റെയര്‍ ചാന്‍സ്

പോഡ്കാസ്റ്റുകള്‍ ആണ് യാത്രയില്‍ ഞങ്ങള്‍ കൂടുതലും കേൾക്കുന്നത്. രണ്ടുപേര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളാകും. ആരോഗ്യം, സ്‌പോര്‍ട്‌സ്, തെറപി, ആര്‍ക്കിയോളജി തുടങ്ങി പല പല ടോപ്പിക്കുകള്‍. രാത്രിയില്‍ ഉറങ്ങാതെ ഓടിക്കേണ്ടി വരുമ്പോള്‍ നമുക്ക് ഏറ്റവും പരിചയമുള്ള പാട്ടുകള്‍ കേള്‍ക്കും. മലയാളം ആയിരിക്കും കൂടുതലും. ഏതെങ്കിലും സംഗീതസംവിധായകന്റെ പേരിലുള്ള പ്ലേലിസ്റ്റുകള്‍ ഇടും. ഉഷാറായിരിക്കുന്ന സമയത്താണ് പുതിയ പാട്ടുകള്‍ കേള്‍ക്കുന്നത്. എന്റെ പാട്ടുകള്‍ കേള്‍ക്കുന്നതു വളരെ വളരെ കുറവാണ്. കറക്‌ഷന്‍ സമയത്തുമൊക്കെയായി ഓരോ പാട്ടും പത്തൻപതു പ്രാവശ്യമെങ്കിലും മിനിമം കേട്ടിട്ടുണ്ടാകും. 

അതുകൊണ്ടു പിന്നെ എന്റെ പാട്ട് കേൾക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നില്ല. പാട്ട് റിലീസിനു മുൻപ് ഫൈനല്‍ മിക്‌സ് ആകുമ്പോള്‍ പാട്ട് വിലയിരുത്താന്‍‌‌വേണ്ടി‌മാത്രം എന്റെ പാട്ട് കേള്‍ക്കും. ജീപ്പിലെ സ്പീക്കേഴ്‌സ് അടിപൊളിയാണ്. ഇതിലിട്ടു കേള്‍ക്കും. പാട്ട് റിലീസ് ആയി നമ്മുടെ ജോലി തീര്‍ന്നുകഴിഞ്ഞാല്‍ പിന്നെ അതിലേക്കു പോകുന്നതു വളരെ കുറവാണ്.  എന്റെ കവറുകളും പാട്ടുകളുമൊക്കെ ഞങ്ങള്‍ രണ്ടുപേരും പറച്ചിലും ഡിസ്‌കഷന്‍സും എല്ലാം കഴിഞ്ഞാണ് എടുക്കുന്നത്. എന്നെപ്പോലെത്തന്നെ അവനും മിക്‌സിങ് പോലുള്ള അവന്റെ ഏരിയകളില്‍ ഇടപെടുകയും കറക്‌ഷന്‍സ് പറയട്ടെ എന്നു ചോദിച്ചു പറഞ്ഞുതരികയും ചെയ്യും. വേറെ മ്യൂസിക് ഡയറക്ടര്‍ക്കു‌വേണ്ടി പാടുകയാണെങ്കില്‍ സാധാരണ‌പോലെ അഭിപ്രായങ്ങളും പ്രോഗ്രാമര്‍‌കൂടി ആയതുകൊണ്ട് പ്രോഗ്രാമിങ് അഭിപ്രായങ്ങളും പറയും. 

ജോയ്ഫുള്‍ ജേണീസ്

നിലമ്പൂരോ മറ്റോ ഷോ കഴിഞ്ഞ് ഒരിക്കല്‍ വയനാട് വെറുതെ കറങ്ങാന്‍പോയി. അധികം ആളുകളില്ലാത്ത വഴികളിലൂടെ കുറെനേരമങ്ങനെ ഡ്രൈവ് ചെയ്തു പോയ ആ യാത്രയാണ് ഏറ്റവും സമാധാനപരമായി ചെയ്ത, ഓര്‍മയില്‍ തങ്ങി‌നില്‍ക്കുന്ന യാത്ര. അതല്ലാതെ ഫ്രണ്ട്‌സ് വീട്ടില്‍‌വരുമ്പോള്‍ അവരെയും‌കൊണ്ടു ബീച്ചില്‍ പോകുന്നതും ഫുഡ് തേടി പോകുന്നതുമെല്ലാം ഞങ്ങള്‍ക്കു പ്രിയപ്പെട്ട യാത്രകളാണ്. പ്രിയപ്പെട്ടവര്‍ കൂടെയുള്ള എല്ലാ യാത്രകളും ബ്യൂട്ടിഫുള്‍ ആണല്ലോ. ചെന്നൈയിലുള്ള ഫ്രണ്ട്‌സും ഫാമിലിയും വരുമ്പോള്‍ അവരെ നാടുകാണിച്ചുകൊടുത്തും പറഞ്ഞുകൊടുത്തും കൊണ്ടുപോകുന്നതു രസമുള്ള നിമിഷങ്ങളാണ്.

വയലാറിലെ വീട്ടില്‍ അമ്മൂമ്മ ഒറ്റയ്ക്കാകുന്ന ചില ദിവസങ്ങളില്‍ ചേര്‍ത്തലയിലെ വീട്ടില്‍‌നിന്ന് ഞങ്ങള്‍ അമ്മൂമ്മയ്ക്ക് കൂട്ടുകിടക്കാന്‍ പോകും. ചിലപ്പോള്‍ അമ്മൂമ്മയെ കാണാന്‍ വെറുതെയും ഡ്രൈവ് പോകും. മറ്റു യാത്രകള്‍ എപ്പോഴും ആകെ ബഹളമാകുമല്ലോ. ഇതു പക്ഷേ, വീട്ടിലിരിക്കുന്ന കോലത്തില്‍ വളരെ ലിഷേര്‍ലി ആയിട്ടാണു പോകുക. സണ്‍റൂഫെല്ലാം തുറന്നിട്ട് തിരക്കില്ലാതെ യുള്ള കൂള്‍യാത്ര. ആരാണ് ഡ്രൈവ് ചെയ്യുക എന്നത് നമ്മുടെ മൂഡുപോലിരിക്കും.

ഉടനെ ഞങ്ങള്‍ കൊച്ചിയിലേക്കു മാറും. കൊച്ചിയിലെ ട്രാഫിക്കില്‍ ജീപ്പുമായി ഇറങ്ങുന്ന കാര്യം ആലോചിക്കാന്‍ വയ്യ. അതുകൊണ്ട് ഡെക്കാത്തലോണീന്നോ മറ്റോ രണ്ടുപേര്‍ക്കും ഓരോ സൈക്കിള്‍ വാങ്ങണം. പറ്റുന്ന സ്ഥലത്തേക്കെല്ലാം മാക്‌സിമം അതുംകൊണ്ടു പോകാം. ലോങ് ഡ്രൈവുകള്‍ പതിവുപോലെ ജീപ്പിലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com