എക്സ്യുവി 300, എക്സ്യുവി 3എക്സ്ഒ; മാറ്റങ്ങൾ എന്തൊക്കെ?
Mail This Article
മഹീന്ദ്രയുടെ എക്സ്യുവി 300 അടിമുടി മുഖം മിനുക്കിയെത്തിയ മോഡലാണ് അടുത്തിടെ പുറത്തിറങ്ങിയ എക്സ്യുവി 3എക്സ്ഒ. രൂപകല്പനയിലും ഇന്റീരിയറിലും ഫീച്ചറുകളിലും മാത്രമല്ല പവര്‍ട്രെയിനില്‍ വരെ മഹീന്ദ്ര മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പഴയ എക്സ്യുവി 300നെ അപേക്ഷിച്ച് പുതിയ എക്സ്യുവി 3 എക്സ്ഒയ്ക്കുള്ള മാറ്റങ്ങളും സവിശേഷതകളും എന്തെല്ലാം? വിശദമായി നോക്കാം.
രൂപകല്പന
മുന്നിലും പിന്നിലും രൂപത്തില്‍ അടിമുടി മാറ്റങ്ങളോടെയാണ് മഹീന്ദ്ര എക്സ്യുവി 3 എക്സ്ഒയെ അവതരിപ്പിച്ചിരിക്കുന്നത്. ചതുര രൂപത്തിലായിരുന്ന ഹെഡ്ലാംപുകള് കൂടുതല്‍ സ്റ്റൈലിഷായ ഹെക്സാഗണല് രൂപത്തിലേക്കു മാറിയിട്ടുണ്ട്. പ്രധാന ഹെഡ്ലാംപില് തന്നെയാണ് ഫോഗ് ലാംപുമുള്ളത് സി രൂപത്തിലുള്ളവയാണ് എല്‍ഇഡി ഡിആര്‍എല്ലുകള്‍. വൈദ്യുത കാറുകള്‍ക്ക് സമാനമായ രീതിയില്‍ ക്രോം ഇന്സര്ട്ടുകളുടെ സംരക്ഷണമുള്ളതാണ് ഗ്രില്‍. കൂടുതല്‍ എയര്‍ ഇന്‍ടേക്കിന് സഹായിക്കുന്നതാണ് ബംപര്‍ ഡിസൈന്‍.
വശങ്ങളിലേക്കു വരുമ്പോള്‍ ആദ്യ ശ്രദ്ധ 17 ഇഞ്ച് അലോയ് വീലിനായിരിക്കും ലഭിക്കുക. പിന്നിലെ ടെയില്‍ ഗേറ്റും പുതിയതാണ്. ടെയില്‍ ലാംപുകളെ ബന്ധിപ്പിച്ചുകൊണ്ട് എള്‍ഇഡി ലൈറ്റ് ബാര്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സില്‍വര്‍ ഇന്‍സര്‍ട്ടുകള്‍ ഉള്ളതാണ് പിന്നിലെ ബംപര്‍. കൂടുതല്‍ ലളിതമായ രൂപമാണ് പുതിയ മോഡലിന്.
ഇന്റീരിയറും ഫീച്ചറുകളും
ഉള്ളിലേക്കു വരുമ്പോഴും എക്സ്യുവി 300 ഉം എക്സ്യുവി 3 എക്സ്ഒയുംതമ്മില് മാറ്റങ്ങള്‍ പ്രകടമാണ്. ഡാഷ് ബോര്‍ഡില്‍ കൂടുതല്‍ നിലവാരമുള്ള സോഫ്റ്റ് ടച്ച് മെറ്റീരിയല്‍സാണ് നല്‍കിയിട്ടുള്ളത്. എക്സ്യുവി 400നോടാണ് ഇന്റീരിയറില്‍ എക്സ്യുവി 3 എക്സ്ഒക്ക് സാമ്യം കൂടുതല്‍. 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീനുള്ള വാഹനത്തിലെ HVAC കണ്ട്രോളുകള് അടിമുടി പുതിയതാണ്. റീഡിസൈന്‍ ചെയ്ത സെന്‍ട്രല്‍ കണ്‍സോളില്‍ വയര്‍ലെസ് ചാര്‍ജറും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എക്സ്യുവി700ലെ 10.25 ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എക്സ്യുവി 3 എക്സ്ഒയിലുണ്ട്.
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഇസിം ബേസ്ഡ് കണക്ടഡ് കാര്‍ ടെക്, പനോരമിക് സണ്‍ റൂഫ്, 360 ഡിഗ്രി ക്യാമറ, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, 6 സ്പീക്കര്‍ ഹര്മന് സൗണ്ട് സ്സിറ്റം, സെഗ്മെന്റിലെ തന്നെ ആദ്യത്തെ ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. എക്സ്യുവി 300ന് 259 ലീറ്ററായിരുന്നു ബൂട്ട് സ്പേസെങ്കില് 295 ലീറ്റര്‍ ബൂട്ട് സ്പേസുമായി എക്സ്യുവി 3 എക്സ്ഒ അവിടെയും മുന്നിലുണ്ട്.
എന്ജിന്
117 എച്ച്പി, 300എന്‍എം, 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍, 111 എച്ച്പി, 200 എന്‍എം, 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിവക്കു പുറമേ കൂടുതല്‍ കരുത്തുള്ള 131എച്ച്പി, 230എന്‍എം, 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ഡയറക്ട് ഇന്ജക്ഷന് ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് എക്സ്യുവി 3 എക്സ്ഒയിലുമുള്ളത്. വ്യത്യാസമുള്ളത് ഗിയര്‍ ബോക്സ് ഓപ്ഷനുകളിലാണ്.
111എച്ച്പി ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ എഎംടി ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. 6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റാണ് കൂടുതല്‍ കരുത്തുള്ള 131 എച്ച്പി ടര്‍ബോ പെട്രോള്‍ എന്‍ജിനിലുള്ളത്. ഓട്ടമാറ്റിക് ഗിയര്‍ബോക്സ് എന്ന ഓപ്ഷന് ഈ എന്‍ജിനില്‍ ഇല്ല. ഡീസല്‍ എന്‍ജിനില്‍ എഎംടി ഗിയര്‍ ബോക്സ് തുടരുകയാണ് എക്സ്യുവി 3 എക്സ്ഒയില്‍ മഹീന്ദ്ര ചെയ്തിരിക്കുന്നത്.